RSS
Container Icon

സ്വപ്നം

എനിക്കും ഒരു കൂര വേണം.

എന്റെ കൈകളാല്‍ മെടഞ്ഞ ഓലയില്‍ തീര്‍ത്തൊരു കുടില്‍.

പച്ചനിറത്തില്‍ പ്രകൃതിയോടു ചേര്‍ന്നൊരു കൊച്ചുകുടില്‍. 

പകുക്കാത്ത മുറിയൊന്നില്‍ നമ്മുടെ കാഴ്ചകള്‍ ഒന്നാവണം

പേരറിയാത്ത, നിറമുള്ള പൂക്കളാലെന്റെ മുറ്റം വിരിയണം

പുല്‍ക്കൊടികളില്‍ മൊട്ടിട്ട മഞ്ഞുതുള്ളികളില്‍ നോക്കി മുഖം മിനുക്കണം,‍

നാലുപുറവും ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ-

സൂര്യനെയും, ചന്ദ്രനേയും, നക്ഷത്രങ്ങളെയും കാണണം,

ഉണങ്ങിയ ചില്ലകള്‍ ദ്രവിച്ചുപോവാതെ എനിക്ക് വേണം,

നിലാവുള്ള രാത്രികളില്‍ മിന്നാമിനുങ്ങിന്റെ തിളക്കം കണ്ട്-

അത്താഴത്തിന്‍ രുചി അറിയണം.

കത്തിതീരുന്ന താരങ്ങളെ നോക്കി എന്റെ സ്വപ്നങ്ങളെ പേരിട്ടു വിളിക്കണം!

ഇരുണ്ടുകൂടുന്ന കാര്‍മേഘങ്ങളില്‍ മിന്നലുകള്‍ മുഴങ്ങുമ്പോള്‍-

നിന്നില്‍ മുഖം ചേര്‍ത്തിരിക്കണം

ചോര്‍ന്ന കൂരയില്‍ ചൂട് പടരുമ്പോള്‍ തെളിയുന്ന മഴവില്ലില്‍ -

എന്റെ ഇഷ്ടനിറം ചേര്‍ക്കാനൊരു ശ്രമം നടത്തണം

ഈ മോഹങ്ങളില്‍ മടക്കുകള്‍ തീര്‍ത്ത് -ചെന്തെങ്ങിന്‍ ഓലയൊന്നു മെടഞ്ഞു തീരവേ,

കരച്ചിലോടെ, ഒരു കേരത്തിന്‍ മുളപൊട്ടുന്നു എന്റെ കുടിലിലും. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

Rainy Dreamz ( said...

സ്വപ്നങ്ങളുടെ മായിക വഴികളിലൂടെ ആണ് നമ്മുടെ പ്രയാണങ്ങള്...

അവസാനമേന്തെന്നോ ഏതെന്നോ അറിയാതെ...!

കൊതിയോടെ എന്തിനോ ഒഴുകി നീങ്ങുന്ന വെറും കുമിളകളായി നമ്മളിവിടെ ഇനിയും ..!

നന്നായിരിക്കുന്നു കേട്ടോ ആശംസകള്

നിസാരന്‍ .. said...

കൊള്ളാം.. കൂരയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍

വള്ളുവനാടന്‍ said...

കവിതയും ലെയൌട്ടും നന്നായിരിക്കുന്നു ...ഇങ്ങനെയുള്ള സ്വപ്പ്നങ്ങള്‍ എത്ര സുന്ദരമാണ് ...വീണ്ടും ഇതുപോലുള്ള കവിതകള്‍ക്കായി കാത്തിരിക്കാം ..

ajith said...

സ്വപ്നം കാണുമ്പോള്‍ എന്തിന് കുറയ്ക്കണം?
എന്തിന് കൂരയാക്കണം?
മേഘക്കൊട്ടാരങ്ങള്‍ സ്വപ്നം കാണൂ..!!

എഴുത്ത് കൊള്ളാം

THOMAS ANIMOOTTIL, HEADMASTER said...

പുല്‍ക്കൊടികളില്‍ മൊട്ടിട്ട മഞ്ഞുതുള്ളികളില്‍ നോക്കി മുഖം മിനുക്കുന്ന കൂട്ടുകാരീ,ഇനിയും സ്വപ്‌നങ്ങള്‍ കാണണം. കുളിര്‍മഴയായ്‌ പെയ്യണം. ആശംസകള്‍ .
എന്റെ സ്കൂളിന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ?

ഡെയ്സി said...

എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി

Unknown said...

ഇരുണ്ടുകൂടുന്ന കാര്‍മേഘങ്ങളില്‍ മിന്നലുകള്‍ മുഴങ്ങുമ്പോള്‍-
നിന്നില്‍ മുഖം ചേര്‍ത്തിരിക്കണം

മിന്നലുകള്‍ മുഴങ്ങുമോ..?ഇടിനാദം അല്ലെ മുഴങ്ങുക ? അവിടെ ഒന്ന് തിരുത്തിയാല്‍ നന്നകില്ലേ ...?

കവിത മനോഹരം....ആശംസകള്‍ ......

Post a Comment

Related Posts Plugin for WordPress, Blogger...