RSS
Container Icon

അലസമനോവ്യാപാരങ്ങള്‍


ഇല്ല, ഇനി വയ്യ !
നീയറിയാതെ പോവുന്ന
കാത്തിരുപ്പുകളില്,‍ ‌
എന്നെ തൊട്ടും തലോടിയും
അവശയായ ഒരു
ദിവസത്തിന്റെ പാതിയില്‍
കണ്തുറന്ന കിനാക്കള്‍ക്ക് കൂട്ടിരിക്കാന്‍ !

ഒടുവില്‍ ഇരുള്‍ വിഴുങ്ങുമീ നിശബ്ദതയില്‍
നീറുന്ന യാഥാര്‍ത്യങ്ങളെന്നില്‍ ഭാരപ്പെടെ
ആത്മാവിനെ മുണ്ഡനം ചെയ്ത്
അനാഥമാക്കിയ ദേഹിയില്‍ നിന്നും
നിന്റെ ഓര്‍മകളെ
കഴുകിക്കളയാന്‍ കഴിഞ്ഞെങ്കില്‍ !

കണക്കു കൂട്ടലുകള്‍ക്കൊടുവില്‍,
നിര്‍ണ്ണയിക്കാന്‍ കഴിയാത്ത
സ്നേഹം ബാദ്ധ്യതയാണ് ;
പിറക്കേണ്ടാത്ത ചിന്തകള്‍ ഇനിയുമുണ്ട്;
ചിതല്‍ മൂടിയ മനസ്സുകള്‍
ഒന്നാണെന്ന മിഥ്യയെ വെല്ലു വിളിക്കെ;
മുന്നില്‍ രണ്ടായി വഴിമാറുന്ന
ചില സത്യങ്ങള്‍!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മറുജന്മം






അതിരുകളില്ലാത്ത അസ്വസ്ഥതകളില്‍
എന്റെ ചിന്തകള്‍ ചലനമറ്റിരിക്കുന്നു
അളന്നു തിട്ടപ്പെടുത്തിയ
ആറടിമണ്ണില്‍
എനിക്കു മുന്‍പും പിന്‍പും
വന്നു വീഴുന്ന അപരിചിതര്‍ക്കിടയില്‍
കണ്ണും കാഴ്ചയും
ഹൃദയവും പ്രണയവും
അഹങ്കാരവുമാത്മാവുമില്ലാതെ ഞാനും.!
ജനിമൃതികളുടെ കണക്കും
ഒരു പേരും കുറിച്ചെന്‍ ജീവിതത്തെ
ഉണങ്ങിയ പനിനീര്‍ദലങ്ങളാല്‍
അലങ്കരിക്കേണ്ട.!
പിതൃക്കള്‍ സ്നേഹവാത്സല്യങ്ങളൂട്ടി
വളര്‍ത്തിയ മാവും, പ്ലാവും, പേരയും
തളിര്‍ക്കുകയും
കായ്ക്കുകയും ചെയുന്ന
മുറ്റത്തിന്റെ ഒരു കോണില്‍
ചോരത്തുള്ളികള്‍ ചിതറിയപോല്‍
പൂവിട്ട പനിനീര്‍ ചെടിയുടെയും
മണം മറന്ന സുന്ദരിയാം കാട്ടു മുല്ലയുടെയും
വേര് വന്നു തൊടുമകലത്തില്‍
എന്നെ മറവു ചെയ്ക,
എന്നെ മറക്കുക !
ഒരു പൂവായ് വീണ്ടും ജനിക്കാനനുവദിക്കുക !



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്‍റെ നക്ഷത്രമാണ് നീ






എന്‍ മിഴിത്തിളക്കമാകാന്‍
രാത്രിയുടെ അപാരതയില്‍
വേറിട്ടു നില്‍ക്കുകയും
പിന്നെ എപ്പൊഴോ
മൂകമായി പൊലിയുകയും
ചെയ്ത വെണ്നക്ഷത്രമാണ് നീ.
പ്രഭാതത്തിന്റെ ചിറകു ധരിച്ച്
കാഴ്ച്ചയുടെ ഓടാമ്പലുകള്‍ നീക്കി
പറന്നുയര്‍ന്ന ധൂളിയിലെങ്ങും
നിന്‍റെ ചാരം തിരഞ്ഞിറങ്ങി.
ഉടലെടുത്ത തിളക്കങ്ങളെന്നെ
വലയം ചെയ്ത് കണ്ണ് മഞ്ഞളിപ്പിച്ചു
അധരങ്ങളില്‍ പതറിയ രാഗവും
പദങ്ങളിടറിയ നൃത്തവും
ആത്മാവിലലിഞ്ഞ നിന്നോര്‍മകളാല്‍
ദുഖത്തിന്‍ തളം തീര്‍ത്തു.
ഇനിയും എത്ര നാള്‍?
മേഘങ്ങള്‍ സാന്ദ്രമാവുമ്പോഴും
ഓരോ ആസുര വര്‍ഷത്തിനൊടുവിലും
നീ വീണ്ടും വരുമെന്നും
എന്നില്‍ പ്രകാശം പരത്തുമെന്നും
ഞാന്‍ പ്രതീഷിച്ചു.
മഞ്ഞു പൊഴിയുമിരവുകളില്‍
ഈ ഗഗനവീഥി നിഷ്പ്രഭം!
വിരഹത്തിന്‍ കനം തൂങ്ങി
തളര്‍ മിഴിചാരി നിദ്ര പുതയ്ക്കും വരെ
ഞാന്‍ നിന്നെ കാത്തിരിക്കും !!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നോവിന്‍റെ തീരം





എന്‍റെ മിഴിനീര്‍ മഴയില്‍
കണ്ണീര്‍വാര്‍ത്ത്
ഒരു ചെറുപുഞ്ചിരിയാലെന്‍-
കരം ഗ്രഹിച്ച്
വെളുക്കെ ചിരിക്കും
നിരത്തുകളെ നോക്കി
എന്നോടൊപ്പം നീയുമിരുന്നു!!
വിരലുകളുടെ
മാസ്മരികതയില്‍
ഊര്‍ന്നുപോവുന്ന
അനുസരിക്കാത്ത
മണല്‍ത്തരികള്‍ കൊണ്ട്
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ചുവരുകളാക്കി,
നമ്മള്‍ തീര്‍ത്ത വീട് !!!
കണ്ണീരും കലഹവും
വേര്തിരിക്കാത്ത
സ്വപ്നങ്ങളുടെ തീച്ചൂളയില്‍
വെന്തുരുകാത്ത
ദുരന്തഭൂമിയുടെ ചിത്രങ്ങള്‍
പതിക്കാത്ത
മോഹങ്ങള്‍ക്ക് വിലയിട്ട്
അതിര്‍ത്തികള്‍ തിരിക്കാത്ത 
ഒരു തിരയിളക്കത്തില്‍
നിന്നിലേക്ക്‌ മടങ്ങുമ്പോഴും
വേദനിക്കാതെ
വീണ്ടുമുയരുമൊരു കുടീരം!!!
ഒരു വിട പറച്ചിലിനി വയ്യ,
ഋതുക്കള്‍ മരവിക്കും മുന്നേ,
നിണം വാര്‍ന്ന് നിളയൊടുങ്ങും മുന്നേ
പ്രഹരങ്ങള്‍ ഏല്‍ക്കാത്ത,
വേനല്‍ചൂടില്‍ വരണ്ടുപോവാത്ത
ആഴങ്ങളുടെ മറവില്‍ ഒളിക്കാം!
അവിടെ
എനിക്ക് നിര്‍വാണം!!








  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രണയ വര്‍ണ്ണങ്ങള്‍



സ്നേഹത്തിന് ഗന്ധമേറ്റാല് 
ജീവന്‍വെക്കുമാറ് എങ്ങും 
സ്വര്‍ണ്ണ -വൈര- പവിഴം 
പതിച്ച കുഞ്ഞുഹൃദയങ്ങള്.‍ ‍ 
നിഴല്‍പോലെ മായുമീ ദിനത്തിന് 
നീയിട്ട പേരോ 
വാലെന്റിനസ് ♥

പ്രേമ വൈവിധ്യങ്ങളെ കുറിക്കാന്‍
ഏറെ വര്‍ണങ്ങളില്‍ പനിനീര്‍പ്പൂക്കള്‍.
ഒരു നോക്കില് ഹൃദയം കവരും
പ്രണയത്തിനൊരു ലാവെണ്ടര്‍!. !!!!!!!.
സ്നേഹസൌന്ദര്യാരാധനയില്
ധൈര്യമുള്‍ക്കൊണ്ട് കടും ചുവപ്പു.
ഞാന്‍ നിനക്ക് വിലപെട്ടതെന്നോതി
നിഷകളങ്കതയുടെ വെളുത്ത പൂക്കള്‍
വിശ്വസ്തതയുടെ ചെണ്ടുകളില്‍
ബന്ധിച്ച റോസ് ദലങ്ങള്‍
പുതിയ തുടക്കത്തിന്റെ വാഗ്ദാനവും
കരുതലുമായി മഞ്ഞ പൂക്കള്‍ ‍

മധുരം മറന്ന ചുണ്ടുകളിലെ
വാക്കുകള്‍ക്കൊപ്പം
കാത്തിരിപ്പിന്റെ
സ്നേഹത്തിന്റെ
വിരഹത്തിന്റെ
സഹനത്തിന്റെ
വര്‍ണ്ണ നാടകള്‍ കെട്ടിയ ഒരാല്‍മരം
ഓര്‍മകളില്‍ പന്തലിക്കുന്ന
എന്റെ പ്രണയവസന്തം.

വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം
ആത്മാര്‍ത്ഥ പ്രണയം തേടുന്നത്
സ്നേഹത്തിന്‍ നിറം ചാലിച്ച
നിന്റെ ഹൃദയ പുഷ്പം!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഇത്തിരി വെട്ടം






ഈ വഴി
ഇനി എത്ര ദൂരം!
മറക്കേണ്ട കനവുകള്‍ 
കണ്ണീരിറ്റി;
തെളിയാത്ത ചിത്രങ്ങള്‍ 
മാറോട് ചേര്‍ത്ത്
നനവുള്ള സ്വപ്നങ്ങളില്‍
ഇരുട്ടിനെ ഭയന്ന
എന്റെ കണ്ണുകള്‍!
വിശാല വിഹായസ്സില്‍
ഉഴലുന്ന ചിന്തകള്‍
ദുര്‍ബലപ്പെട്ടടരുന്നു
തുഷാര മഴയായ്!
ഉറഞ്ഞു നെഞ്ചിലെ
പ്രാണനെ തീണ്ടി
രക്തം കിനിഞ്ഞു
അണഞ്ഞോരെന്‍ പ്രണയമേ
ഉരുവിടും പ്രാര്‍ത്ഥനകളില്‍
വിങ്ങിയും തിങ്ങിയും
പിന്നെയുമൊരു നാളമായ്‌,
തെളിഞ്ഞുയരുന്നതെന്തേ??

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പുത്ര ദുഖം



ആ വിളി മറന്നിരിക്കുന്നു! 
എന്‍ നേര്‍ക്ക്‌ നീളാത്ത കനത്ത ശബ്ദം,
പറയുന്നുണ്ട് നീ വളര്‍ന്നെന്ന്!
ആകാശം നിറയെ മിന്നുന്ന 
നക്ഷത്രങ്ങള്‍ കണ്ട് എന്റെ 
കണ്ണുകള്‍ മങ്ങുന്നു.
അവിടെ അമ്പിളി അമ്മാവനുവേണ്ടി-
കരഞ്ഞ വികൃതി കുട്ടി
അനുസരിക്കാതെ പിടഞൊഴുകുന്നു !
പരിത്യക്തന്റെ മുഖം,
അത് നിനക്ക് ചേരുന്നില്ല
നീയണിയിച്ചയീ മൗനം ഭേദിച്ചത് പറയ്യ വയ്യ!
മറവിയിലാഴും മുന്നേ
എന്റെ മുഖമൊന്നുയര്‍ത്തുക,
ആടിയുലഞ്ഞ് പടിയിറങ്ങും
വാര്‍ദ്ധക്യമേല്പ്പിച്ച ക്ഷതങ്ങള്‍-
മറച്ചു നിന്നെയൊന്നു കാണാന്‍!
ഒരിക്കല്‍ കൂടി നീയെന്നില്‍ ചായുക-
ഊഴം കാത്തുകിടക്കുന്ന-
തെക്കേ മാവിന്റെ ചില്ലയില്‍
എന്റെ വേദനകള്‍ വടം തീര്‍ത്തോരൂഞ്ഞാലില്‍
ഒന്നുയര്‍ത്തിയാട്ടിയെന്നെ ചിരിപ്പിക്കുക,
നിലയ്ക്കും ചിരിക്കുമുന്നെ
ശ്രമപെട്ടെന്നെ വിളിക്കരുത്
ഒരു വിളിയിലുയിര്‍ക്കാനുള്ള വ്യഗ്രതയില്‍
കേള്‍ക്കാന്‍ കൊതിച്ച നിന്റെ നാവില്‍-
ഞാനെന്നേ ഈ ലോകം വെടിഞ്ഞെന്നറിയുക!
മൗനം , നമുക്കിടയിലെ വ്യഥ മാത്രം. !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അന്യമായ ബാല്യം




കളികള്‍ പറമ്പുകള്‍ പുഴകള്,‍ ഓര്‍മകളില്‍ 
ഓട്ടവും ചാട്ടവും അന്യമാവുന്ന ബാല്യം
ബെന്‍ടെനും മിസ്റ്റര്‌ ബീനും തളര്ത്തുന്നു 
കണ്ണും ചിന്തയും കാര്‍ന്നു തിന്നുന്ന വിഡ്ഢിപെട്ടികള്‍ 

കടങ്കഥകള്‍ ഇന്ന് പഴങ്കഥകള്‍ 
ഐ പാഡില്‍ അതിവേഗം ചലിച്ച്-
കുസൃതി ചോദ്യങ്ങളില്‍ കുട്ടിത്തം മറന്ന് -
അക്ഷമയുടെ വിളര്‍ത്ത ബാല്യം.

കഥകള്ക്കിടയില്‍,
കണ്ണുപൊത്തി തിരഞ്ഞുപോയെന് ബാല്യം
മച്ചിന്‍പുറത്തെയും മാവിന്‍ കൊമ്പിലെയും
ഒളിവിടങ്ങളിലെ വിളിയൊച്ച ഇന്നും ഞാന്‍ ‍ തേടുന്നു.

‍മണ്ണപ്പം ചുട്ടും ഇലക്കറിയുണ്ടും
വയറു നിറച്ച സൌഹൃദങ്ങള്‍
അരിക്കും ഉപ്പിനുമിടയില്‍ വിയര്‍ക്കെ
ജീവിതം കളിയല്ലെന്ന് തിരിച്ചറിയുന്നു.

കെട്ടിതീര്ന്ന കളിവീടില്‍ ഉണരാന്‍ മറന്ന്
ഇടക്കെപ്പോഴോ, അരികു കീറിയ പായയുടെ
ഓരം തിരഞ്ഞെന്‍ കൈകളില്‍
ദുസ്വപ്ങ്ങളില്‍ തളര്‍ന്ന‍ ബാല്യം?

ഇനി ഉണരാം,
ഭാഗ്യരേഖകള്‍ മായും മുന്നേ
ഒരു കുറത്തിയോടെന്‍ ‍ ഭാവിതേടാം
ഉഷ്ണകാറ്റിലും വാടാത്ത ഓര്‍മകളില്‍
ചിരിവിടര്‍ത്തുമൊരു ബാല്യവും തിരയാം !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അഴിയിട്ട ആകാശം




പ്രത്യാശ ഹരിതം നിന്‍ മിനുത്ത ദേഹം.
ചോദ്യചിഹ്നം പോലെ- 
തന്നിലേക്കിറങ്ങും ചെഞ്ചുണ്ടുകള്‍.,
ഇത്തിരി വട്ടത്തില്‍ കടുകുമണി കണ്ണുകള്!‍
അഴികള്‍ക്കിടയിലൂടെ നീളും 
കൃഷ്ണവര്‍ണ്ണമാര്‍ന്ന കഴുത്ത്.
നീയൊരഭൗമ സൌന്ദര്യം !

ആത്മവിശ്വാസമരിഞ്ഞെടുത്ത നിന്‍ ചിറകുകള്‍,
ഓരോ വിഫലശ്രമത്തിന്റെയും പാഴ്ച്ചിറകടികള്‍.
നിന്നെ കുരുക്കിയ വലയും,
നീ വാഴും കൂടും,
നീ വലിച്ചിട്ട ചീട്ടും,
നിന്റെ സ്വാതന്ത്ര്യം വിറ്റ നാണയവും,
എന്നെ പൊള്ളിക്കുന്നു !

മൂഡനാം മനുഷ്യന്റെ-
ഭാവി വിഹ്വലതകളെ
നീ നിയന്ത്രിക്കുന്നു!!
അവന്റെ സങ്കുചിത വിശ്വാസങ്ങള്‍-
നിന്നില്‍ നിക്ഷിപ്തം !

നിന്റെ മുന്നില്‍ നിരത്തിയ ചീട്ടുകളില്,‍
നീ കാണുന്നതെന്ത്?
ആശയറ്റ നിന്റെ ഭാവിയോ?
അതോ ആശ്വാസം തേടിയെത്തിയേതോ ഒരു,
പഥികന്റെ തപ്ത വിലാപങ്ങളോ?
ആത്മാവില്‍ അഞ്ജത നിഴലിട്ടോര്‍ക്കായ്,
നീ വീണ്ടും ജീവിക്ക
നീ വീണ്ടും ജീവിക്ക!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...