RSS
Container Icon

അവള്‍



വിരൽതുമ്പുകൾ കണ്ടെടുത്ത 
പ്രണയത്തിൻ 
കൂട്ടുകാരീ,
എന്നോട് മത്സരിക്കാൻ 
മാത്രമായ് 
എന്റെ പേര് പോലുമിനിയും 
നിനക്ക് മുന്നിൽ
വെളിപ്പെടുത്തിയില്ലല്ലോ !!


ചമഞ്ഞു നിന്നപ്പോഴെല്ലാം
വരികൾക്കിടയിൽ
വിടര്‍ന്നു നിന്ന നിന്‍റെ
കണ്ണുകളോടല്ലേ ഞാന്‍
മിണ്ടിയത് !!
ഒന്ന് തൊട്ടു നിന്നെ
അലോസരപ്പെടുത്താൻ പോലും
തുനിഞ്ഞില്ലല്ലോ പെണ്ണെ !

മുഖപുസ്തക താളുകളില്‍
മറഞ്ഞിരുന്ന
നീ മൂകയായൊരു
പ്രണയിനിയെ മാത്രമാണ്
കാണിച്ചു തന്നത് !!

അന്ന്
ഒരു മുഖം മൂടിയുടെ മറവില്‍
ഒളിച്ചിരുന്ന നീ
എനിക്കപരിചിതയായിരുന്നു
ഇന്നീ പൊയ്മുഖങ്ങളെ
താങ്ങുന്ന നിന്റെ കൈകൾ
അത്,
നീ തന്നെയെന്ന്‍
വീണ്ടും വീണ്ടും
ഓര്‍മ്മിപ്പിക്കുന്നതെന്ത് !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ക്രിസ്തുമസ് 2013


വാനിലെ നക്ഷത്രങ്ങൾ 
ഇളം കാറ്റിലാടിയാടി 
ഭൂമിയിലിറങ്ങി 
പല വർണ്ണ കൂടുകളിൽ

ഉണര്‍വിന്‍ 
പുതുവഴിയില്‍
പഴയ താളത്തില്‍
കരോൾ ശീലുകൾ

ഓര്മ്മകളുടെ ചുരുൾ
നിവര്‍ത്തവേ
പാതിരാ കുർബാനയുടെ
നിലാ വെളിച്ചം

ഹൃദയങ്ങളിലേക്ക്
സമന്വയിക്കുന്ന
മാൻ പേടകളുടെ
ചലനവേഗം

ചുവപ്പിനും
വെളുപ്പിനുമിടയില്‍
ചിരി മൂടിയ
സമ്മാനങ്ങള്‍

വീണ്ടുമതേ ദിനം
നിന്റെ സ്നേഹത്തില്‍
ചരിക്കുന്ന ചുണ്ടുകള്‍
ഒരു താരാട്ടിലൂടെ....

നിന്നിലേക്കുള്ള
മടക്കയാത്രയില്‍
ഞാന്‍ വീണ്ടും
ജനിച്ചിരിക്കും

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
"ക്രിസ്തുമസ് ആശംസകള്‍ "

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മഞ്ഞു പെയ്യും... ഈ ഡിസംബറിൽ..!




എന്റെ ചില്ലു ജാലകങ്ങൾ 
ഒപ്പിയെടുത്ത മഞ്ഞുകണങ്ങള്‍ 
ഈ വിരൽതുമ്പിനൊരു, 
കുളിര് പകരം നല്കാതെ, 
ഒരു പുകമറയിലേക്ക് 
നഷ്ടമാകുന്നുവല്ലോ !
ഓ അനുരാഗമേ
എന്നിൽ പ്രതിഫലിക്കും
നിന്റെ വെളിച്ചത്തിൽ
ഒരിക്കലെങ്കിലും
കൈകളെ വിരിച്ച്
ആ മാറിൽ മുഖമുയർത്തി
നിന്‍റെ നിശ്വാസമേറ്റുലയുമെൻ
മുടിയിഴകൾക്കൊപ്പം
സ്വതന്ത്രമാവണമെനിക്കും..
നീയപ്പോൾ,
വീണ്ടുമെന്നെ വായിക്കുകയും
പലകുറി എഴുതി മായ്ച്ച
എന്റെ പേര്
നിന്റെ ചുണ്ടിനാലെന്നിൽ
എഴുതുകയും ചെയ്യും...
അന്ന്,
ഒരു മഞ്ഞുമഴയാല്‍
ഈ ഭൂമി നിറയും !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഈ ശിശിരമെൻ പ്രണയം



ചിരിച്ചു തീരും മുന്നേ 
കരയിക്കുന്നൊരു 
പ്രണയമാണെന്നെ നയിച്ചിരുന്നത് 
വിശ്രമിക്കാൻ മടിച്ചോടിയെത്തിയ 
ഉറക്കത്തിനുനേരെ തിരിച്ച 
അവന്റെ മുഖം എനിക്ക്,
സുപരിചിതമായിരുന്നു

സ്നേഹത്തിന്റെ നിറമുള്ള
കണ്ണുകൾക്കിന്നും
രാത്രിയുടെ ഭംഗിയുണ്ട്
പക്ഷെ,
ഇരുളുമറിയാ ആഴങ്ങളിലേക്കിറങ്ങി
വീര്പ്പുമുട്ടിക്കുമവയുടെ കുസൃതി
മോഷ്ടിച്ചതാരാണ് ?
കാലം തുഴയെറിഞ്ഞതിന്‍ ബാക്കിപത്രം പോലെ
ഉയര്ന്ന നെറ്റിയിൽ വെള്ളിനൂലുകൾ
വീണു കിടക്കുന്നു

അവന്റെ
ഇരിപ്പിടത്തിന്നൊരു കോണിൽ
നോവുന്ന ശൂന്യതയിലേക്ക്
സൂര്യന്റെ ചിരിയേറ്റു നിലം പതിക്കുന്ന
ചുവന്ന ഞരമ്പുള്ള
മഞ്ഞ ഇലകൾ

അവനിലൊരു ചിരിയുണ്ടായിരുന്നുവോ?
ഇതാവാം അവൻ പറഞ്ഞത് ,
ഒരു ലോകവും നിന്നേക്കാൾ വലുതല്ല
നിന്നിലേക്കുള്ള വഴിയിലൂടലക്ഷ്യമായി പാഞ്ഞ്
ഇനിയൊരു തകര്‍ന്ന സ്വപ്നമാകും മുന്നേ,
നിന്റെ ശരീരം കടന്ന് ആത്മാവിലേക്ക് ..............

ആയുസ്സിനു
കാലം നല്‍കിയ കണക്കുകള്‍ തിരുത്തി
ഒരു പുതു ജീവനിലേക്കെന്നപോലെ
ഇടയ്ക്കിടെ ഊർന്നു വീഴുന്ന ഇലകൾ
ആ നെഞ്ചോട് ചേരുന്നത്
സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നാളെയുടെ നാള്‍ വഴിയെ





ഒരു ശോകഗാനത്തിൻറെ
ഈരടികളിൽ പുതച്ചുറങ്ങുന്ന
ഈ ഇരുട്ടിൽ ലയിക്കുമ്പോഴാണ്
പിരിയാൻ മടിച്ചെന്നോട്
പിണങ്ങി നിന്നയീ  ദിനത്തെ
ഞാനിഷ്ട്പ്പെട്ട് പോവുന്നത്

വീണ്ടുമൊരു തിരിച്ചു പോക്ക്
പലകുറി മിഴിയിലും
മനസ്സിലും പതിഞ്ഞ
ഈ രംഗങ്ങളിൽ
നീ മാത്രം എങ്ങിനെയാണ്‌
അപരിചിതമാം വിധം
വ്യത്യസ്തനാകുന്നത്

ഇന്നിന്‍റെ പുതപ്പില്‍
നാളെയിലേക്കുറങ്ങുന്ന കണ്‍കളിൽ
പേര് മറന്നു പോയ
അനേകനക്ഷത്രങ്ങൾ,
നിറഞ്ഞ മൌനം പോലെ
നാളെയുടെ ഏടുകളില്‍










  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അഴക്





സ്വപ്നത്തിലെന്നപോൽ
ഒടുക്കം കണ്ടെത്തിയതാണ് നിന്നെ.
പാഴ്വള്ളികൾ ചുറ്റിവരിഞ്ഞ്
പടര്‍ന്നൊരീ പൊറ്റയിൽ
കുപ്പിവള ചീളുകള്‍ക്കിടയിൽ
എന്നെ നീ പ്രതീക്ഷിച്ചിരുന്നുവോ???

അറിഞ്ഞിരുന്നില്ല
നിന്റെ കാത്തിരിപ്പിന്റെ
എണ്ണമറ്റ ദിനരാത്രങ്ങള്‍
അതാവാം ഒരു നോക്കിൽ,
ഞാനൊന്നു   തൊട്ട മാത്രയിൽ
കനത്ത മേഘം കിലുങ്ങി
പരിഭവനാളമേറ്റുലഞ്ഞടര്‍ന്നു
വീണിതിതളുകൾ
എന്നെ അമ്പരിപ്പിച്ചത്!!!    

തെളിഞ്ഞ സിരകളിൽ
നിന്റെ നിശ്വാസതാളം,
എന്റെ ചുണ്ടുകളുടെ ദാഹമറിയവേ
ഒരു തുമ്പി പോൽ പാറുന്നു പിന്നെയും
ആ നിമിഷത്തിന്റെ പതർച്ചയിൽ
വസന്തമായ്‌ നീ തഴുകിയോ
ഞാനുണർന്നു നിത്യസുഗന്ധിയായത്???



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സൗഹൃദങ്ങൾ വിൽപ്പനയ്ക്ക്




ഇപ്പോൾ,
സൗന്ദര്യം ഒട്ടുമില്ല പോലും.....
പൊയ്മുഖങ്ങളുടെ
പൊരുളറിയാപ്പൊയ്കയിൽ
മനസ്സ് മുങ്ങിപ്പൊങ്ങുന്നത്  കണ്ട്
വെറുതെ കരയുന്നതെന്തേ ?

കറുത്തതെന്തോ
അത്, കരൾ ആണെന്നും
ചുവന്ന ചായം പുരട്ടിയ വാക്കുകൾ
കോടിയൊതുങ്ങുന്നതൊരു
ചിരിയിലേക്കെന്നും
തലങ്ങും വിലങ്ങും
തളച്ചിട്ട മഞ്ഞ തലകൾ
പറയാതെ പറയുന്നുവത്രേ ....

കഥയറിയാതെ കാതോർത്തെന്നോ
ഒരു നോക്കിൽ മൊട്ടിട്ട്
മറു നാളിൽ വില പേശും
കയ്ക്കുന്ന കപട സൗഹൃദം
മുഖപുസ്തക കൽബെഞ്ചുകളിൽ
മൊത്തമായും ചില്ലറയായും
വില്പ്പനയ്ക്കെന്ന് ......



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മോഹശലഭം


ഇതാ
പകലുകൾ പിൻവാങ്ങുന്നു
തണുത്ത കാറ്റിനകമ്പടിയായ്
എത്ര കാലടികളാണ് കടന്നുപോവുന്നത്
ഇന്നലെയും നീ പറഞ്ഞു
ഒരു സായാഹ്നം
എന്നിലൂടെ നടന്നു നീങ്ങണമെന്ന്
ആ മോഹത്തിൻ കൈപിടിച്ച്
ഞാനെത്ര ദൂരം
പിന്നിട്ടെന്നോ !

നഷ്ടമായൊരു പകലറുതിയുടെ
വ്യഥയുണ്ട് ഈ കാറ്റിനു
എവിടേക്കെന്നില്ലാതെ  തൊടുത്തു
താളം തെറ്റി തകർന്ന
ഒരു വിരസയാത്ര !

ഈ ദിവസങ്ങളിൽ
നിഴൽ പകുത്ത മോഹവീഥിയിലൂടെ
നിനക്കൊപ്പം നിലം തൊടാൻ
നിനച്ചയീ സ്വപ്‌നങ്ങൾ
പരിഭവച്ചരടിലെന്നെയും കൊരുത്ത്
നിന്നിലേക്ക് പറക്കുന്നു



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദേവപഥം



അറിഞ്ഞിരുന്നില്ല,
നിൻ മിഴിയൊളി കണവുമായ്‌
വഴി പിരിയവേ,  
നമ്മുടെ സമാന്തര പാതകൾ
ഒരനിശ്ചിത  ബിന്ദുവിൽ
ഒന്ന് ചേരുമെന്ന്!

എത്ര തടുത്താലും
നീ എന്നരികിലെത്തുമെന്ന്
അകലങ്ങളിൽ നിന്നും
ഒഴുകിയെത്തി
നിനയാതെയെന്നെ തൊട്ടുണർത്തുമെന്ന്

എന്നിലൂടെ,
നീ കടന്നുപോയ യുഗങ്ങളിൽ
ഓരോ മനോഹര പ്രഭാതത്തിലും
വെള്ളികെട്ടിയ മേഘക്കീറിൽ
വിസ്മയത്തിൻ വെളുപ്പുണ്ടായിരുന്നു!

ഏകാന്തതയിൽ,
നീ ചിലപ്പോൾ
എന്റെ കണ്ണുകളോട് മത്സരിക്കാറുണ്ട്
അസ്വസ്ഥനായ ഒരു പോരാളിയെ പോലെ.
നീയറിയുന്നുവോ,
നിനക്ക് ജയിക്കാനായി
ഞാനിപ്പോൾ
ഇരുട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിഴല്‍ക്കാഴ്ച്ച



വേര്‍പിരിയാനാവാത്ത വിധം അടുത്തെങ്കിലും
സ്നേഹിക്കപെടുന്ന നിമിഷങ്ങളുടെ ധാരാളിത്തം
കേള്‍ക്കാതെ പോകുന്ന സൗഹൃദത്തിന്‍റെ
അവസാന നിസ്വനങ്ങള്‍
പെയ്തൊഴിഞ്ഞ വേനല്‍മഴ പോലെ
അറിഞ്ഞും അറിയാതെ..

വാക്കുകള്‍ വരച്ചിടുന്ന അറിയാ വഴികള്‍
യൌവനത്തിന്റെ യാത്രകളിലെ
അരുതുകളുടെ അതിരുകളില്‍
നിന്നിലേയ്ക്ക് തല ചായ്ച്ച്
പലവട്ടം കയറുവാനാഞ്ഞ
ശൂന്യതയുടെ ചവിട്ടു പടികള്‍..

നനഞ്ഞ തീരങ്ങളില്‍
തിരയെടുത്ത ചുവപ്പില്‍
നിലാവ് ചാലിച്ച സന്ധ്യകള്‍
എന്നിലേക്കും പിന്നെ നിന്നിലേക്കും
പറന്നു വീഴുന്ന നേരമൊക്കെയും
നിലയ്ക്കാതെ നിന്റെ വിരലുകള്‍...

പിന്നെ ഏതോ യാമത്തില്‍
നിനക്ക് രൂപമില്ലെന്നും
ച്യുതിയുടെ നിഴലില്‍
മറഞ്ഞിരിക്കുന്ന എന്റെ ഹൃദയം
തിരിച്ചറിയുന്നുവെങ്കിലും
നീ എന്നെയും ഞാന്‍ നിന്നെയും
തിരഞ്ഞു കൊണ്ടേയിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തീരം തേടുന്ന താരം



മേഘങ്ങളോട് കളി പറഞ്ഞ്
പുഴയും വയലും  കടന്നൊഴുകുന്ന
ഇരുട്ടിലെഴുതിയ കീര്‍ത്തനങ്ങള്‍,
പ്രഭാതത്തിലേക്ക് പറന്നടുക്കുന്ന
ശലഭങ്ങള്‍ പരിണയം ചെയ്യുന്ന
പൂക്കളെക്കുറിച്ചായിരുന്നു..

വയലറ്റ് നിറമുള്ള ആകാശത്തിനു കീഴെ
അതിവര്‍ഷത്തില്‍ കവിഞ്ഞ കണ്ണാടിയിൽ
പകല്‍ വിഴുങ്ങി മരിച്ചുമടയാതെ
ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...

നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ക്ഷണികം എല്ലാം....... ക്ഷമിക്കൂ !!



അപൂര്‍ണ്ണമായ കഥകളിൽ 
മാറ്റമില്ലാതെ മാറും മണല്ക്കൂനകൾ 
കണ്‍കളിൽ സ്വപ്നത്തിൻ തരികളെറിഞ്ഞു 
മണ്മറഞ്ഞ ആത്മാവുകൾ 
ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം 
ശാഖകൾ തളിര്ക്കുകയും 
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് .

ഇതെന്റെ മനസ്സാണ്
നിന്റെ രൂപരേഖയിൽ പൂര്‍ത്തിയാവുകയും
അഹന്തയെ അലങ്കരിക്കുകയും ചെയ്യുന്ന
ഭാഷയില്ലാത്തൊരു മന്ത്രം
ത്യജിക്കാൻ കഴിയാത്തതും
ആളിക്കത്തി ദിനങ്ങൾ
അണഞ്ഞു പോവുകയും ചെയ്യുന്നത് .

നീലനിറമുള്ള
മിനുമിനുത്ത പരവതാനികൾ
ചിത്രത്തുന്നലുകളുള്ള ജന്നൽവിരികൾ
നീ മറക്കുന്ന അവസാന നിമിഷം വരെ
ജീവിച്ചിരിക്കുന്ന സുന്ദരമായ പ്രാണൻ
ഇത്രയേ ഉള്ളു
അന്ത്യം വരെ ദർശിക്കാവുന്നതും
എങ്കിലോ നിനക്കും എനിക്കും
ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മൗനം, ശരി ദൂരം



ഒരു ക്ഷണത്തില്‍ 
ജനിച്ചോരെന്‍ കോപത്തില്‍ 
അകലം വളരുന്നതറിയാതെ,
തളര്‍ന്ന സ്നേഹവുമായി
ഞാനിന്നും നിന്നില്‍ തന്നെയാണ്.

മോചനം നേടിയ വാക്കുകള്‍
സംശയം മാത്രം ശേഷിപ്പിച്ച്
എവിടേയ്ക്കാണ്‌ നടന്നകന്നത് !
കഥയറിയാത്ത കണ്ണുകളിന്നും‍,
കാലം മറന്നു
നിന്‍റെ വാക്കിന്‍ വക്കുകള്‍
തേച്ചു മിനുക്കുകയാണ് .

ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്
ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന്‍ മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?

നീയെന്‍റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മനസ്സ് തോരുമ്പോൾ


കണ്ട മഴയത്രയും 
ഹൃദയത്തിന്നടിത്തട്ടിൽ 
കുഞ്ഞോളങ്ങൾ തീർത്ത് 
ഒരു താളിലും ചായാതെ 
തിടുക്കപ്പെട്ട് 
യാത്രക്കൊരുങ്ങി 

ഏറ്റ കുളിരത്രയും
ജാതിയും റബ്ബറും മറച്ച
കുരിശുപള്ളിയെയും,
അഴിഞ്ഞപുടവപോൽ
അലസമായ പാതകളെയും കാണാതെ
കുഞ്ഞുപൂക്കളെ ചുംബിച്ച്
മഴക്കാറ്റിൽ ലയിച്ചു

മയിൽക്കാടുകൾ കടന്ന്,
പച്ചപ്പിന്റെ സമൃദ്ധിയിൽ നിന്നും
മോചിതയാവാതെ
മിഴികൾ ഉടഞ്ഞു ചിതറിയപ്പോഴും,
നീണ്ട കാത്തിരിപ്പിനൊടുവിൽ
എനിക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നത്
സമുദ്രങ്ങളുടെ അധിനിവേശത്തെ അതിജീവിച്ച
മണൽത്തിട്ടിൽ കുറിച്ചിട്ട
ഒളിമങ്ങാത്ത പ്രണയചിന്ത മാത്രമായിരുന്നു.

മണലിൽ കൊതിച്ച്
മനസ്സില് പെയ്ത്
മതിയാവാതെ........

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വേദനയാവുന്ന വാര്‍ദ്ധക്യം



ഒരിക്കൽ ഓര്മ്മയാകുന്ന മിടുപ്പുകളിൽ
മൊഴിയില്ലാത്ത ഭാഷകൾ
വ്യർത്ഥമായ കാഴ്ചകൾ
മറവിയുടെ മൂടുപടത്തിൽ
ചോരുന്ന വിഷാദം
ഈറനണിയുന്ന ഇമകളിൽ
ഓടിയൊളിക്കുന്ന വേദന
ഈ ജന്മതീരങ്ങളിൽ
വലിച്ചെറിയപ്പെടുന്ന വാര്ദ്ധക്യം
ആരുടെ ഹിതമാണ്
നേരില്ലാത്ത ബന്ധങ്ങളുടെ
നിയോഗമറിയാൻ നാരായവുമായ്
അലയുകയാണൊരു നോവ്‌
വഴികൾ നഷ്ടപ്പെട്ട ആത്മാവുകൾ
കുടികൊള്ളുമൊരു പ്രാണനിൽ
ബാക്കിയാക്കിയ മോഹങ്ങള്‍
ശൂന്യതയിൽ മറച്ചു വച്ച മഞ്ഞും മഴയും
കണ്ടു കിട്ടും വരെ
ശരീരം പൊതിയുന്നൊരു തണുപ്പ് കടന്ന്
എപ്പോഴാണ് പുത്തന്‍ പ്രതീക്ഷകള്‍
അവരെ തൊടുക എന്നറിയാന്‍
യാത്ര തുടങ്ങുമൊരു കവിത  !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഈ മഴയില്‍ ഞാനേകയായ്.....


ഈ യാത്രയിൽ നിറയെ
ഒറ്റപ്പെടുന്ന എന്റെ മനസ്സിന്റെ 
ആകുലമായ ചിന്തകളാണ്... 
അങ്ങകലെ കര്ക്കിടക കാറില്‍ 
നമ്മൾ നനയാഞ്ഞ,മഴയുടെ
കുളിരാര്‍ന്ന കുടവട്ടങ്ങളുണ്ട്...
തുടി കൊട്ടും മനം തുറന്ന
മിഴികള്‍ ചാരുമിളവെയില്‍ തുമ്പികൾ
പാറുമൊരു മേടുണ്ട്...
മുഖം മറച്ച മൌനമൊഴുകുന്ന
ഒരു ചെറു വാക്കിൽ
കര കവിയുമൊരു പുഴയുണ്ട്...
ഈറനണിഞ്ഞ കഥകളിൽ
ഇടതൂര്ന്ന മരങ്ങൾ
മഞ്ഞപ്പൂക്കളമെഴുതിയ മുറ്റമുണ്ട്...
എങ്കിലും സ്നേഹമേ,
നിന്നിലലിയാത്ത സന്ധ്യകൾ
എന്നില്‍ വിലപിച്ചു കൊണ്ടേയിരിക്കും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്വപ്നങ്ങളിലേക്കിറങ്ങി......



മനസ്സിന്റെ കയങ്ങളില്‍
തോരാതെ പെയ്യുന്ന മഴയുടെ തണുപ്പാവാം
എന്നിലേക്കിപ്പോള്‍ അരിച്ചിറങ്ങുന്നത്
ശാന്തമാവാതെ അലയുമീ
രാത്രിയുടെ മടക്കുകളില്‍
അകലങ്ങളില്‍ തേഞ്ഞു പോവുന്ന
വേഴാമ്പലിന്‍ തേങ്ങല്‍ കേള്‍ക്കാം
വിദൂരങ്ങളില്‍
ഒരു സാന്ത്വനമായ് കൂട്ടുകൂടുവാന്‍
നിന്നെ തിരഞ്ഞിറങ്ങുന്നതിന്നും
തിരിച്ചറിയാതെ,
മൗനം പിന്നെയും
ചിത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു
സ്വപ്നങ്ങളിലെവിടെയോ
നിന്നിലേക്ക്‌ കോര്‍ത്തിട്ട കണ്ണികള്‍
തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു
നിദ്രയെ കവര്ന്നുള്ള യാത്രകള്‍ക്കൊടുവില്‍
ഏകാകിയായ്‌ എന്നിലേക്ക് തന്നെ
മടുത്ത് മടങ്ങവേ
എവിടെയാണ് നിന്നെ നഷ്ടമായത്?


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മണമുള്ള മഴപൂവ്


അരിമുല്ലകൾ പൂത്തൊരു നാളിലാണ് 
അതിരാവിലെ ഞാനുണർന്നത് 
പുതുമഴ പെയ്ത പുലരിയൊന്നിൽ 
വിരൽ തേടി ചെറുവള്ളികൾ 
വേലിയെല്ലാം പടര്ന്നു കയറി 
ഇളവെയില്‍ തൊടും മുന്നേ 
ഇടവഴിയിലവള്‍  ഇണങ്ങി നിന്നു
ഒന്ന് തൊട്ടു തലോടിയാ മേനി നോവാതെ 
നുള്ളിയെടുത്തെന്‍റെ സ്വന്തമാക്കി 
പൂക്കൂടയിൽ നിന്നും വാരിയെടുത്തു 
കറുത്ത മുടിയിഴകളിൽ പടര്ത്തിയ സുഗന്ധം 
ചന്തം തിരഞ്ഞെൻ കണ്ണാടിയരുകത്ത് നിന്നു 
ഉലഞ്ഞുവാടാതെ മിഴികളിൽ കുളിർന്ന് 
പകലിനീറൻ മോഹങ്ങൾ 
അവന്റെ മുന്നിലിരുന്നു ......

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിന്നിലേക്ക്‌ തിരിയുമ്പോള്‍



ഒറ്റചിന്തയിൽ 
എന്നിലേക്കടർന്നു വീണ ഇന്നലെകളേ 
നിങ്ങളോടെനിക്കൊന്നും ഒളിക്കാനില്ലല്ലോ 
ഇണങ്ങാൻ മടിച്ച
ആ യാത്രാമൊഴികളുടെ കുടിയിരുപ്പില്‍ 
അമ്പരന്നു പോയെന്‍ ദിനങ്ങളെ 
ഓര്മ്മയാക്കിയത് നീയല്ലേ

ഒരിക്കലും അകലാതെ
കനവിനു കാവലായ്
ഇന്നിനും നാളേക്കുമിടയിൽ
നെഞ്ചകം പേറ്റിയുരുകി വീഴുന്നതും നിന്നിലല്ലേ
പറയാത്ത പരിഭവമെല്ലാം
എവിടെയോ പെയ്തൊരു പ്രണയമഴയിൽ
ചോര്‍ന്നു നിന്നില്‍ ചേര്‍ന്നതല്ലേ

നേരിൻ ജാലകങ്ങള്‍
നിഴലുകളില്ലാത്ത ചിത്രങ്ങളില്ലാത്ത
ജീവിതം വ്യർത്ഥമെന്നോതിയേനെ
എല്ലാം, എഴുതപ്പെടാതെ ദ്രവിച്ചുവെങ്കിലും
അവശിഷ്ടങ്ങളിൽ നിന്നുയിർത്തു
ഒരു തുടർക്കഥയായി മാറുന്നതും
നീ മാത്രമല്ലേ ....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നീലക്കുറിഞ്ഞികള്‍ പൂക്കാതെയായത്




ആഴിയും ആകാശവും
അലസമായ് വരച്ചിട്ട  ചിത്രം പോലെ
സ്നേഹനിറമുള്ള നീലക്കുറിഞ്ഞികള്‍
സുഗന്ധ നാളമായ്  വിരുന്നു വന്നു...

ആടിയുലഞ്ഞൊരു
മഴയ്ക്കും വേനലിനുമൊടുവിൽ
സൌന്ദര്യം പുതച്ചിറങ്ങുന്ന ഗിരിനിരകളിൽ
കാലത്തിന്റെ ദിക്കുകൾ താണ്ടി
പൂത്തിറങ്ങിയ ഒരു  സ്വപ്നം  പോലെ...

മോതിരവിരല്‍ തഴുകിയെന്‍
ഹൃദയത്തിന്‍ മിടിപ്പറിഞ്ഞു,
മുഗ്ദ്ധമധരങ്ങളെ പൊള്ളിച്ച്,
ഇരു കണ്ണുകളെയും കടമെടുത്തു...

ഇറുകെപുണര്‍ന്ന നിദ്രയുടെ കോണിലവ
കളയാതെ സൂക്ഷിച്ച നിറങ്ങള്‍ നെയ്തു
ഇമയറിയാതെ, ഇരവിന്നിതളറിയാതെ
എപ്പൊഴോ ഉറങ്ങിപ്പോയി...









  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മരം പറയാഞ്ഞത്

ഞാവൽ പൊഴിഞ്ഞു കൊണ്ടേയിരുന്നു.. 
വേനൽ വറുതിയിൽ ചിതറിത്തെറിച്ച 
ലാവണ്ടർ നിറമുള്ള പഴങ്ങളിൽ 
ഒരു ചുവപ്പ് പടരുന്നുവോ? 
തന്നെ ചുറ്റിനടന്നൊരു കൊച്ചുപയ്യന് 
ചില്ലകളിൽ ചാടിക്കേറി തൂങ്ങിയാടി 
കരുത്തറിയിച്ച ഇന്നലെകളിലെ അവധിക്കാലങ്ങളുടെ
ഓർമ്മകൾ വർഷിക്കുന്നു രക്തബിന്ദുക്കൾ..

ഞാൻ പൂക്കാൻ മറന്ന ഒരു വസന്തത്തിലാണോ
ഇലപ്പഴുതിലൂടെയവനെ പ്രണയം തൊട്ടത്
എന്റെ ചുമലിൽ ചാരിയവൻ കോറിയിട്ട
ശീതള സല്ലാപങ്ങളും തേൻ നുറുങ്ങുകളും
വിരഹവും കണ്ണീരും ഞാനും അറിഞ്ഞതല്ലേ
പുതുവസ്ത്രമണിഞ്ഞ് പള്ളിമേടയിൽ തന്റെ
പ്രേയസിക്കൊപ്പം അവൻ നടന്നു നീങ്ങിയപ്പോഴും
പുതുജീവന് അവകാശിയായപ്പോഴും
മൂകയായ് അവനായ് ഞാനിലകൾ പൊഴിച്ചുകൊണ്ടേയിരുന്നു.

ഇന്നെന്റെ ധമനികൾ ത്രസ്സിച്ച് തകരുന്ന വേദനയിൽ
തളിർ ഇലകൾ പോലും കരഞ്ഞു വീഴുന്നു
കൂട്ടമണികൾ ഒച്ചവച്ച് വിറങ്ങലിച്ച ആ ജീവൻ
എന്നെ വല്ലാതെ തളർത്തുന്നു
മരിക്കുവാൻ വയ്യ,
ഓരോ ഋതുവിലും ഞാൻ നിന്നെ തൊടും
ഓരോ ഇളം കാറ്റും നിന്നിലെത്തിക്കും
കാണാൻ ബാക്കി വച്ച സ്വപ്ങ്ങൾ
എന്നിൽ വല്ലികളായ് പടര്ന്നു കയറുന്നത്
ഒരുണര്ച്ചയുടെ ഭംഗമില്ലാതെ നീ കാണും

ഒടുവിൽ നിന്റെ പ്രിയപ്പെട്ടവർക്ക് നീ
ഒരോർമ പോലുമല്ലാതാവുമ്പോഴും
ഞാനിവിടെയുണ്ടാകും ഒരു തേങ്ങലായ്..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അപ്പൂപ്പന്‍ താടി പോല്‍




മങ്ങിയ ചിരാതുകൾ എന്തിനോ 
ഇരുട്ടിന്റെ മരവിച്ച കവിൾ 
തൊടുന്നത് കണ്ടിരിക്കുമ്പോഴാണ് 
നീ എന്റെ നഷ്ടങ്ങളെകുറിച്ച് ചോദിച്ചത്

കരൾ കീറിയെത്തിയ മിന്നൽപ്പിണരിലും 
നിശബ്ദം ഒഴുകിയിറങ്ങിയ രാത്രിമഴയെ
തൊട്ടറിയുമ്പോഴാണ് എന്റെ മോഹഭംഗങ്ങളുടെ
പട്ടികയിൽ നീ നിന്നെ തിരഞ്ഞത്

അനിവാര്യതയില്‍ മരണം കവര്ന്നവരും
അവിവേകത്തിലവനെ പുണര്ന്നവരും
നിഴലുകളായെന്നെയുണർത്തിയപ്പോഴാണ്
ഞാൻ നിനക്ക് ആരെന്ന് അറിഞ്ഞത്.

കാഴ്ചയും കണ്ണീരും ആത്മാവും മിടിപ്പുകളും
സര്‍വവ്യാപിയാമവന്‍‍ നിയന്ത്രിക്കുവതറിയവെയാണ്
പ്രണയവും സ്പര്ശവും മൗനവും
നിത്യസംഗീതമായ് എന്‍ പ്രാണനിൽ നിറഞ്ഞത്‌..

ബാല്യത്തില്‍ കൈമോശം വന്ന മഞ്ചാടി മണികള്‍ പോലെ
വിസ്മ്രുതിയിലേക്കുരുണ്ട് പോകുന്ന
മുറിവേറ്റ ഇന്നലെകള്‍ മാത്രമാണ് ഇന്ന്‍ നീയെനിക്ക്..
നീ എന്റെ നഷ്ടമാകുന്നതെങ്ങിനെ?
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മേഘാരൂഢന്‍




ഒരിക്കൽ , ഒരു തലോടലിൽ
ഉരുകിതീരുന്ന ഭൂമിയുടെ കാതിൽ 
കിന്നരിക്കുന്ന നിന്റെ 
വിറങ്ങലിച്ച ചുണ്ടുകൾ 
പറയാതെ പറഞ്ഞതെല്ലാം 
എന്നെക്കുറിച്ചായിരുന്നു .
കരഞ്ഞുറങ്ങിയ ഇന്നലെകളിൽ
അലസമായ് പടര്ന്നൊരു
പ്രണയചിന്തയിൽ
ആയുസ്സിന്റെ പകുതിയും
അടർത്തിയെടുത്തതും നീയാണ്.
എപ്പോഴോ,
എഴുത്ത് വേരോടാൻ
മടിച്ചു നിന്ന എന്നിൽ
ഹൃദയവർഷത്താൽ ഒരു
തൂലിക മുളപ്പിച്ചതും നീയാണ്..
കാലങ്ങൾക്കിപ്പുറം
ആത്മപീഡനമുടച്ച വഴിയിൽ
എന്റെ പ്രാണനെ വീണ്ടെടുക്കുവാനോ
ഇരുണ്ടു മൂടിയ മേഘങ്ങളായ്
വരുന്നത് പിന്നെയും നീ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഉന്മാദപർവ്വം



എന്നോ ചതിയുടെ ചിരിയിൽ
ചിതറിതൂവിയ അരിമുല്ലക്കാടുകളിലൊന്നിൻ
മറവിലെ കൊഴിഞ്ഞുണങ്ങിയ
ഇതളുകൾ പെറുക്കി മുടിയിലണിഞ്ഞു
കാത്തിരിക്കുകയാണവൾ..

പണ്ടേയ്ക്ക് പണ്ടേ
പ്രണയമെന്ന ഭ്രാന്തിൽ
കാലം തളച്ചിട്ട ചങ്ങലയിലൊരടർന്ന
കണ്ണി കിലുങ്ങിത്തളർന്നതാണീ ചിരിയെന്നു
മറന്നിരിക്കുന്നവൾ..

പ്രണയം വിറ്റ കൽബെഞ്ചുകളിൽ
വെളിപ്പെടാത്ത നിരത്തുകളിൽ
ഇരിപ്പിടമൊരുക്കി തിരയുകയാണ്
നിമിഷങ്ങളുടെ നിറം നഷ്ടപെട്ട
അനുരഞ്ജനത്തിൻ നാണയത്തുട്ടുകൾ !

മൗനം  പ്രഹരമേല്പ്പിച്ച പാടുകൾ  കാണാം,
എങ്കിലും അവൻ അധരം ചേർത്ത്
നുകര്ന്ന പ്രണയകഥയുടെ
ബാക്കിയായ്  അവളുടെ
സിരകളിൽ കത്തുന്ന ലഹരി !

വിളറിയ പുസ്തകച്ച്ചുരുളുകൾ
അലറിയടുക്കുന്ന കാറ്റിനു നല്കാതെ
അവൾ ചിരിച്ചുകൊണ്ടേയിരുന്നു
സൌന്ദര്യം നഷ്ടപെട്ട ഒരു ഹൃദയം
ഇതാ ഇവിടെ എന്നവളാർക്കുന്നുണ്ടായിരുന്നു..


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

1208-D



എത്ര ചേർത്ത് പിടിച്ചാലും 
ഒരിക്കൽ, നഷ്ട്മാവുമീ നാട്!
ഇന്നലെകളിലെന്നെ കരുതുകയും 
നാളെ മറ്റൊരു ഹൃദയത്തിൻ ചൂടിലെന്നെ 
മറക്കുകയും ചെയ്യുന്ന വെറും ചുവരുകൾ!

കാത്തിരിപ്പിന്റെ ആശങ്കകളും
സ്നേഹനൊമ്പരങ്ങളുടെ മങ്ങിയ
വെളിച്ചവും പങ്കു വച്ച ജാലകചില്ലുകൾ;
മോഹവിരലുകളിൽ കുസൃതികൾ നിറച്ച
നിറഞ്ഞ നിനവിന്നിടനാഴികൾ!

ഒരിക്കൽ ഈ പ്രവാസത്തിനൊടുവിൽ
പെയ്യാനിരിക്കുന്ന ഏതോ മഴകൾ നനയാൻ
ഇനിയും നടാത്ത വൃക്ഷത്തൈകൾ
ഒരു പൂവാടിയും ചെറുമുറ്റവും
വീടെന്ന ചിത്രം വരയ്ക്കുന്ന ഓർമകൾ!

അധരങ്ങളില്‍ പണിയുകയും
ഹൃദയത്തില്‍ ഉയരുകയും
ഭാവിയുടെ ഞാണില്‍ വീണും വീഴാതെയും
ആടിത്തളരുന്ന ജീവിതങ്ങളുടെ
തീരാനഷ്ടമായ് മേൽവിലാസങ്ങൾ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്മാര്‍ത്തം




ഹൃദയത്തിൽ പടര്‍ന്ന വേരുകൾ
വിദൂരം, ഏതോ ദേശങ്ങളില്‍
തൂലിക തുമ്പിൽ ഭാരമായ്, വാക്കുകളായ്
അവരിൽ ജനിച്ചുവീണു .

ഇടറിയ പാദങ്ങള്‍ ദൃഡമായ്,
ഞെരിച്ചമര്‍ത്തിയ ദുഖത്തിന്‍  അവസാന
ഞരക്കങ്ങളവര്‍ കേട്ട് തുടങ്ങിയതും
അന്ന് മുതല്‍ക്കാണ്.

അകലമകതാരുകള്‍ കൂട്ടിയിണക്കിയ
വഴികളില്‍ കാലടികളും കാഴ്ചകളും
ഇല്ലാതിരുന്നിട്ടും ചിന്തകളൊന്നു ചേര്‍ന്നതിനെ
പാപമെന്നു വിളിച്ചത് ആരാണ്??


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നീറുന്ന മൗനം



വിഷാദം പൂണ്ട ദിക്കുകൾ,
കലഹം വിതച്ച മൗനം പോലെ 
ഞൊടിയിടയിൽ തീര്ന്നു പോയ 
കാത്തിരിപ്പിൽ 
സന്തോഷമണിയാതെ 
ഒരു അസ്തമനം !

ഒറ്റപ്പെടൽ കാണുക വയ്യാതെ
കണ്ണടച്ചു പിടിച്ച നിമിഷങ്ങളെ
ചവിട്ടിമെതിച്ചും ശബ്ദത്തെ ജയിച്ചും
തീരാതെ ഉഴറുന്ന വെറുപ്പ്;
ക്ഷയിക്കുന്ന കേള്വിക്കുമപ്പുറം
തുളച്ചു കയറുന്ന 
അവജ്ഞ  ;
അപരിചിതരെ പോലെ മുറുമുറുത്ത്
ആശ്രയമില്ലാതെയീ സ്നേഹം
നിലം പതിച്ചതെവിടെ ?

ഉലയൂതുന്ന കാറ്റില്‍,
വിലപിക്കുന്ന ഇരുട്ട്
കിഴക്ക് നീളും നിദ്രയുടെ ചുരുളുകളില്‍
മനസ്സേ ,
നിന്നെ ചേർത്ത് ഞാൻ മടുത്തിരിക്കുന്നു.
ഉള്ളു നീറി, പുകയാതെ
ഒഴിഞ്ഞിറങ്ങിയും തീരുന്നില്ലേ,
നിന്റെ നീറ്റൽ !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നീയറിയാതെ പോകുന്നത്




ഒരുറക്കത്തിൽ അകന്നുപോകുമൊരു
മായിക ജാലം !
ഉണര്ന്നും
തങ്ങി നിന്ന നുറുങ്ങോർമ്മകൾ
മെനഞ്ഞെടുത്ത മോഹം,
എന്റെ സ്വപ്‌നങ്ങള്‍ !
അതെ, അവ ഇന്നലെയാണ്
എന്നെ കളിയാക്കി ചിരിച്ചത് !

ചില ഓര്‍മ്മതെറ്റുകള്‍ പോലെ
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
നിന്നെ കണ്ടെത്തിയപ്പോള്‍
ഒരു മൗനത്തില്‍ എന്നിലേക്ക് -
വലിച്ചടുപ്പിച്ചത് ഞാനാണോ?
പറയാതെ അറിയാതെ
തെളിഞ്ഞ കാഴ്ച്ചകളൊക്കെ
തീവ്രമാക്കിയ വിശ്വാസം,
നിന്റെ സ്നേഹമേറ്റല്ലേ വളര്‍ന്നത് !

എന്നിട്ടും,
ഇന്നീ പാതിവഴിയില്‍
എന്നെ തനിച്ചാക്കി,
നമ്മുടെ സ്വപ്നങ്ങളെ മറക്കുന്നതെന്തിന് !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചുരക്കാത്ത മനസ്സുകള്‍



ഒരു 
തളിർ ചുണ്ടിൽ 
പതിക്കാനിറ്റു മധുകണമീ 
മാറിടം തിങ്ങിനിറയുമ്പോഴും 
ചെറുവയർ തേടുമൂഷ്മള 
പാല്ക്കുടങ്ങൾ-ചുരത്താതെ
നൊന്തു കൊഴുക്കുന്നുവല്ലോ
വന്ധ്യതാശാപമേല്ക്കാതെ
കാത്തൊരാ-
ദൈവസ്നേഹം മറക്കുന്ന
ചിലരാൽ...

ചെന്നിനായകവും റബ്ബർഞ്ഞെട്ടും
അമ്മ മണം ആയയിൽ തേടും
കുരുന്നുകളും,
ആകാരത്തിന്നായ് ആഹാരമകറ്റും
ആധുനിക അമ്മ നിഷേധങ്ങളും,
വളർത്തുന്നൂ..

അമ്മിഞ്ഞയിൽ
അമ്മയെ കാണാത്ത ,
മരിച്ച മുലകളിൽ കാമമൂറ്റുന്ന ,
കഴുകൻ കുഞ്ഞുങ്ങളെ !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പെയ്തൊഴിയാതെ ...



ശിശിരം നീങ്ങിയ ഈ പുലരിയിൽ 
എന്റെ കണ്ണുകളിൽ ഒരു 
ചുംബ്നമായ്‌ പതിച്ചതെന്ത് ?
ഇതാ 
ഞാനെന്റെ ഇന്നലെകൾ മറന്നിരിക്കുന്നു.

ദിനങ്ങളുടെ ഭാഗധേയമല്ലാതെ
ഊഴത്തിനു കാതോര്ത്ത്
നിശബ്ദം വഴിയരികെ നിന്ന കിനാക്കൾ
ആകാശം നൂലിട്ട ഓര്‍മകളിലെന്നെ കൊരുത്തിട്ടു
ഒരത്ഭുത കണം അടരുന്നതും കാത്തു
വിധിയെ പിന്തുടരുന്നു

ഇരുളണയവേ
ഉതിർന്നുലഞ്ഞ മൗനമായ്
മരണം കാമിച്ച വീര്പ്പായ്
ഇടയ്ക്കിടെ നീയെന്നെ തൊടുമ്പോൾ
ഒരൊന്നു ചേരലിൽ നഷ്ടമാവാൻ
ഞാനും കൊതിച്ചു പൊകുന്നു.

എന്റെ നൊമ്പരമാണ്
നിന്നിലൂടെ പെയ്യുന്നതെങ്കിൽ,
എന്റെ പ്രണയമേ നീയെന്നെ മറക്കുക
ഒടുവിൽ എന്റെ സ്വപ്നങ്ങളെ കവര്ന്നു
ഒരു ചിരി ധരിച്ചു മടങ്ങും മുൻപ്
കറുത്ത് വിങ്ങുന്ന നിന്നെ
എന്റെ ഹൃദയമൊന്നു തൊട്ടോട്ടെ !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഒരു വേനലില്‍ പെയ്ത പ്രണയം



വേനൽ ചൂടിൽ ചോരതുപ്പുന്ന -
വാകയുടെ തണലിൽ 
നിരത്തുകൾ നിഴൽ കൂത്ത് നടത്തുമ്പോൾ 
യാത്ര പറച്ചിലിന്റെ കൈവീശലുകളിൽ 
ബസ്സുകൾ നിരങ്ങി നീങ്ങുന്നു. 
അപ്പോഴും 
ആഴ്ന്നിറങ്ങിയ മൌനത്തിനു
പിടികൊടുക്കാതെ ,
ആരുമറിയാതെ
നമ്മൾ പരസ്പരം നോക്കി നിന്നു .
പൂത്തുലഞ്ഞ പാതയോരം
ഞാനെന്റെ പ്രണയം തിരിച്ചറിയുമ്പോൾ
വാക്കുകൾ സ്വപ്നങ്ങളിൽ വാരിയെറിഞ്ഞ്
എന്റെ കണ്ണുകളിൽ നോക്കാതെ
നീയെങ്ങോ പോയ്‌മറഞ്ഞു
പിന്നെ,
യാന്ത്രികമായ നീക്കങ്ങളിൽ
ഞാനുമെന്റെ കൂടണയുമ്പോൾ
എങ്ങും പതിക്കാത്ത ഇമകൾക്ക് നേരെ
തുറന്നിട്ട ജനലോരം ചിതറിക്കേറിയ മഴയിൽ
നിന്നോടുള്ള പ്രണയവും കലർന്നുപോയി .
പിന്നീടുള്ള ഓരോ മഴയിലും
വിരഹം നനഞ്ഞു ഞാൻ നിന്നു . 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നീ വരുവോളം



ഒരിള വെയില്‍ ചുംബനമേറ്റ് 
പാതി നനഞ്ഞൊരു താഴ്വരയുടെ 
നിഴലിൽ മറഞ്ഞിരിപ്പുണ്ട് 
കുഞ്ഞിച്ചിറകുള്ളോരെൻ സ്വപ്നം !

തെളിഞ്ഞും മറഞ്ഞും
തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നിന്റെ മുഖമാണ്.
ഒരു പ്രണയമഴയിൽ ജനിച്ചു വീഴുമവളെ
ആര്ക്കാണ് മറക്കാനാവുക !

ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ
ഉയിര്‍ക്കുന്ന നീഹാരം
എന്റെ മിഴികളിൽ പെയ്യുമൊരു പ്രഭാതം,
അതെന്റേതു മാത്രം !

മിന്നി മറയുന്ന തലോടലിലെല്ലാം,
എന്നെ തിരയുന്നു ഒരു ചെറുപുഞ്ചിരി
ഇതാ, ഞാനാ പ്രകാശത്തിലേക്ക്
തുളുമ്പി തൂവുമെന്‍ ഹൃദയം നിനക്കായ് !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഇന്നില്‍ തീരുമൊരു ചിത്രം



വാക്കുകളില്‍ നീയില്ലാതെ 
ചിന്തകളില്‍ 
നിന്നെ വിളിക്കാതെ 
അടരുമൊരു ദിനത്തിന്‍ 
ചുവന്ന സന്ധ്യയും 
നിലാവിന്റെ ശോഭയും 
നക്ഷത്ര തിളക്കത്തില്‍
തെളിയുമെന്‍
ഇത്തിരിവട്ടത്തെ
മുറ്റത്തിരുന്ന്
നീയാല്‍ മറയാതെയെന്‍
കണ്ക്ളില്‍ പകര്‍ത്തണം
പിന്നെ
വീണ്ടുമൊരു മടക്കം
കൊതിക്കാതെ,
നീ തന്ന കുഞ്ഞുനൊമ്പരത്തിന്‍
കൈപിടിച്ച്
സ്വപ്നം ഉണര്‍ത്താത്ത
നിദ്രയിലീ കണ്ണുകളടക്കണം !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നീയില്ലാത്ത ഞാന്‍



പേരിടാ നൊമ്പരമായീടാന്‍ മാത്രമായ്- 
എന്തിനു നീയെന്നെ സ്വന്തമാക്കി 
പറയാതെ പരിഭവം പതിവായൊളിപ്പിച്ച് 
പ്രിയനേ നീയെന്നെ മറന്നതെന്തേ ?

ചൊരിയുമെൻ മിഴികളാൽ നനയുമീ സന്ധ്യയും 
മൊഴിയാതെ മായുന്ന ശരികള്‍ തന്‍ മുള്ളിലും
അറിയാതെ തഴുകുന്ന കലപില കാറ്റിലും
പടരുവാനാവാതെ നീറുന്ന നാളമായ് !

തളരാതെ നില്ക്കുവാൻ നീ തന്ന സ്വപ്‌നങ്ങൾ,
നിഴൽ പകുത്തോരോർമ്മകൾ തിരയുന്നുവിന്നും
വെറുതെ ഉയിർത്തിന്നെയൊന്നു ചേര്‍ത്തോരാ-
നനവുള്ളോധരമെന് നെറ്റിയിലമർത്തിയില്ല..



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വേനൽ പൂവ്


വേനല്‍ ചൂടില്‍ വരണ്ടു നീറിയ മണ്ണിന്‍ 
നെഞ്ചിലൊരു കുഞ്ഞുപൂവിന് 
മയങ്ങാനിറ്റു പാല്‍ക്കണം മോഹിച്ച
മുല്ലവള്ളിയാണ് ഞാന്‍ !
ചുടുകണ്ണീര്‍ക്കടലില്‍ തിരയെടുത്തു
ചുഴി വലച്ചു കരള്‍ വിറച്ചു മുങ്ങിത്താഴും
എനിക്ക് നീയൊരു ആശാമരക്കൊമ്പ് ...
കുളിര്‍ പടര്‍ന്ന കൂട്ടില്‍
തുടി കൊട്ടിയ മനസ്സില്‍ പിറന്നു
ഹൃദയത്തില്‍ കൊരുത്ത ഓരോ പൂവിനും
പുതു മഴ നനഞ്ഞ സുഖം ...
നീ തഴുകി ഉണര്‍ത്തിയ മോഹങ്ങള്‍ക്കും
വിസ്മൃതിയിലേക്ക് വിലയം ചെയ്ത കിനാക്കള്‍ക്കും
ഇന്ന് പുതുജീവന്റെ സുഗന്ധം !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കിനാവറ്റ കുറിമാനം




മരവിച്ച മനസ്സുമായി 
ഏകാന്തതയുടെ തടവറയിൽ 
നിലാവിന്റെ ചിരാതുകൾ 
തെളിയുന്നതും കാത്ത് .
ആത്മാവ് നഷ്ടപെട്ട 
ഒര്മകളെ പൊതിഞ്ഞ് 
ജീവനില്ലാത്ത കുറിമാനങ്ങൾ !

വിരൽതുമ്പ് കുടഞ്ഞെറിഞ്ഞ
മുറിവുകൾക്കിന്ന് വേദന
കുറഞ്ഞിരിക്കുന്നു.
മാഞ്ഞും വേര്പെടാൻ മറന്ന്
കണ്ണീർ മായ്ച്ച അക്ഷരങ്ങൾ
ദുഖബിംബങ്ങള്ക്ക് കാവലിരിക്കുന്നു!

സ്വപ്നങ്ങള്ക്ക് കാഴ്ച നല്കി
പകലിലും പുഞ്ചിരി തൂകിയനേകം
നക്ഷത്രങ്ങൾ ചിരിക്കുമ്പോൾ
പൊടിപിടിച്ചുറങ്ങുന്ന
കിനാവറ്റ കടലാസു കീറുകളുടെ
സ്ഥാനം എവിടെ ആയിരിക്കും?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആദ്യ പ്രണയം



നിലയ്ക്കാത്ത പ്രവാഹത്താല്‍ 
സ്നേഹം സത്യമെന്ന് 
നീ പഠിപ്പിച്ചു !
ചിരിക്കും കരച്ചിലിനുമിടയിൽ 
നമ്മെ അറിഞ്ഞതും 
പ്രണയം വളര്ന്നതും
നീ പറഞ്ഞ അത്ഭുതമായിരുന്നു!
നിലം തൊടാതെ ,
ശൂന്യതയിൽ തൂങ്ങിയാടുന്ന
ചിന്തകളില്‍ ജീവൻ നിറച്ച
രൂപം മാത്രമായി ഞാൻ !
തോന്നലുകൾ പലപ്പോഴും
സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി
ഞാൻ പ്രണയത്തിലാണെന്ന് !
വേനൽ വന്നതും
നിലാവ് മാഞ്ഞതും ഞാനറിഞ്ഞില്ല
നീ വരുന്നതും സ്വപ്നം പകുത്തു തരുന്നതും
കിനാവ്‌ കണ്ടു ഞാനിരുന്നു !
ഹൃദയം തുറന്നു രഹസ്യം പുറത്തെടുത്ത
നീയെന്നരികിൽ ഇല്ലാതിരുന്നപ്പോഴെല്ലാം
കാതോര്‍ക്കുന്ന സംഗീതമായും
വിടര്ന്ന മിഴികളിന്‍ തിളക്കവുമായും
ഞാന്‍ നിന്നെയറിഞ്ഞു !
അറിയാതെ വിടരുന്ന ചൊടികളും
അകതാരില്‍ നിറയുന്ന മൗനവും
നിന്നെ സ്നേഹിക്കുന്നു
എന്നു പറയാന്‍
വാക്കുകൾ തിരഞ്ഞുപോവുന്നു. !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...