RSS
Container Icon

മണലാരണ്യത്തിലെ മഴവിരലുകള്‍



എത്ര തനിച്ചാണിന്നു ഞാന്‍.. 
ഒരു പാട്ടിനൊടുവില്‍ 
ഈണം തെറ്റി വീണൊരു 
പാതിരാമഴയില്‍ കൊഴിഞ്ഞ 
മാമ്പൂവിന്‍ തേങ്ങലാണ് 
ഈ മുറി നിറയെ!

വിറയ്ക്കുന്ന വിരല്‍ത്തുമ്പില്‍
നിന്നൂര്‍ന്നു വീണു മരിച്ച
അനാഘ്രാത കുസുമങ്ങള്‍ക്ക്
പറഞ്ഞു തീരാത്ത കഥകളുടെ
നൊമ്പരം നെഞ്ചിലേറ്റുന്ന
ശാഖിയുടെ മിഴിനീര്‍ തര്‍പ്പണം..

മരവിക്കുന്ന തണുപ്പില്‍ ഒരു
ഊഷ്മളമൃദു സ്പര്‍ശത്തിനെ
വരവേല്‍ക്കാന്‍ കാതോര്‍ത്ത
വാതില്‍പ്പാളികള്‍ക്കിടയിലൂടെ
ഇക്കിളിയിട്ടടര്‍ന്ന പോല്‍
പാറി നിറയുന്ന മഴപ്പാറ്റകള്‍..

എന്നിലും നിന്നിലുമായി
ഏറെ പങ്കുവയ്ക്കപ്പെട്ട
കുരുന്നോര്‍മ്മകളുടെ നനവില്‍
എന്നോ അന്യമായ ഗന്ധം തേടുന്നു
ഇന്നുമോരോ മഴവിരലും
ഈ മണല്‍ക്കാട്ടില്‍ പോലും ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

കുട്ടനാടന്‍ കാറ്റ് said...

മണലാരണ്യത്തില്‍ ..തനിച്ചാണിന്നു ഞാന്‍..
ഉള്ളിൽ മഴഗന്ധം............

സൗഗന്ധികം said...

വിശക്കുന്നവന്റെ മുന്നിൽ ആഹാരം ദൈവത്തെപ്പോലെയാണെന്നാണല്ലോ.അതു പോലെ ചില സങ്കടനിമിഷങ്ങളിൽ,മഴയൊരു സാന്ത്വനമാവുന്നു. മിഴിനീരിനെയേറ്റു വാങ്ങി, തേങ്ങലുകളെ നനുത്ത ആരവങ്ങളിലാവഹിച്ചതങ്ങു പോവുന്നു.

നല്ല കവിത. നന്നായി എഴുതിയിരിക്കുന്നു.


ശുഭാശംസകൾ....

ajith said...

മണലാരണ്യത്തിലെ ഇല്ലാമഴവിരലുകള്‍

Harinath said...

മഴപെയ്ത് മാനംതെളിഞ്ഞ് ചക്രവാളത്തിൽ ചുവന്നപ്രകാശം പരക്കുന്ന സന്ധ്യകൾക്ക് എന്തുഭംഗിയാണ്‌...

ഡെയ്സി said...

സന്തോഷം, സ്നേഹം എല്ലാവരോടും. :)

Post a Comment

Related Posts Plugin for WordPress, Blogger...