RSS
Container Icon

അദൃശ്യചാലകം



അകലങ്ങളില്‍ ഇരുന്നു അറിയുവാന്‍ കൊതിക്കുന്ന, 
ഓര്‍മ്മകള്‍ കൊണ്ട് ആര്‍ദ്രമാക്കുന്ന ആ പ്രതിഭാസം, 
അത് പരസ്പരം തിരിച്ചറിയുന്ന അത്ഭുതം.. 
ഒരു ചെറു ഇലയനക്കം പോലെ 
ഒരു ഹൃദയമര്‍മ്മരം പോലെ 
ഒരു കുളിര്‍കാറ്റു പോലെ മൃദുവെങ്കിലും 
കൊതിയോടെ കാത്തിരുന്ന എന്‍റെ മനസ്സ് 
അവയെ തിരിച്ചറിയുന്നുണ്ട്.. 
ഞാന്‍ കരുതി വച്ച, 
നീ പകര്‍ന്ന ഊര്‍ജ്ജമെല്ലാം 
ഏതു ചാലകത്തിലൂടെ ഞാന്‍ നിന്നിലേക്കെത്തിയ്ക്കും? 
നിഷ്കളങ്കരായ എന്‍റെ സഹവര്‍ത്തികള്‍, 
അറിയാതെ 
ആ ഊര്‍ജ്ജസ്ഫുലിംഗങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്, 
അതിശയം കൂറുന്ന ചില മിഴികളില്‍  
ഞാന്‍ അത് തിരിച്ചറിയുന്നുമുണ്ട്.. 
ദുര്‍ബ്ബലരായ ചിലര്‍ തകര്‍ന്നകന്നു പോകും മുന്നേ 
പ്രസരണനഷ്ടം കൂടാതെ നീയിതു ഏറ്റു വാങ്ങുക..  
കാരണം,
സ്വന്തമെന്നു കരുതി വച്ചതെല്ലാം 
വലിച്ചെറിഞ്ഞു കളയാന്‍ എന്നെ പ്രേരിപ്പിക്കുന്ന 
വിപ്ളവമാണല്ലോ നീ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

സൗഗന്ധികം said...

പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം ....

ഫിസിക്സ്‌ (ഭൗതികശാസ്ത്രം) മയമാണല്ലോ പുതിയ കവിത :) പിന്നെ വിപ്ലവവും. ഇപ്പൊ ശരിക്കും വൈരുധ്യാത്മക ഭൗതിക കവിതയായി !! ഹ..ഹ..ഹ..

പലപ്പോഴും, മനുഷ്യന്‌ മനസ്സിൽ നിന്നും വലിച്ചെറിഞ്ഞുകളയാനെളുപ്പമാ. അതു നന്മകളാണെങ്കിൽ. ഒരു തളിരു നുള്ളിക്കളയുന്നത്രയെളുപ്പം ! പക്ഷേ, തിന്മകളെ വലിച്ചെറിയാൻ / തടുത്തു നിർത്താൻ അത്ര എളുപ്പമല്ല. അതിനായി, മനസ്സിനു വലിയ തോതിൽ പോസിറ്റീവായ ഊർജ്ജം തന്നെ വേണം. ഒട്ടുമേ പ്രസരണനഷ്ടമില്ലാതെ, അതു നൽകുന്ന ഏക ജനറേറ്റിംഗ്‌ സ്റ്റേഷൻ ഈശ്വരൻ തന്നെയാണെന്നും, പ്രാർഥനയുടെ സുചാലകങ്ങൾ അവിടേക്ക്‌ നീളുമ്പോൾ, തിരികെ നന്മയുടെ, സ്നേഹത്തിന്റെ, കരുണയുടെ വൈദ്യുതിയൊഴുകിത്തുടങ്ങുമെന്നും, മനസ്സ്‌ സമാധാനത്താൽ പ്രകാശിതമാവുമെന്നൊക്കെയാ അനുഭവസ്ഥർ പറഞ്ഞറിയാൻ കഴിയുന്നത്‌.


കവിത നന്നായി എഴുതി :)



ശുഭാശംസകൾ........


ഡെയ്സി said...

ഹ ഹ ഹ....
പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം .... ഇതെല്ലാം അറിഞ്ഞു കൊണ്ടല്ല, അബദ്ധം പറ്റിയതാണ്.

പറയാന്‍ ശ്രമിക്കുന്നത്, എന്തോ, അത് ഇങ്ങിനെ പറഞ്ഞു കേള്‍ക്കുന്നതില്‍ വല്ലാത്തൊരു സന്തോഷം തരുന്നുണ്ട് :) നന്ദി

Post a Comment

Related Posts Plugin for WordPress, Blogger...