RSS
Container Icon

ഞാന്‍ =നീ ?



പിണക്കം..
തൊടിയിലെ കരിയിലക്കലപിലകളില്‍ ഞാന്‍ 
തിരഞ്ഞും കേള്‍ക്കാതെ പോകുന്ന എന്‍റെ പേര്..

മൌനം..
എന്നോ നിന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി നോക്കി 
എന്നെ കണ്ട എന്നില്‍ നഷ്ടമായ മൊഴികള്‍..

വേദന..
വിരല്‍ത്തുമ്പുകള്‍ കോറിയ ഒരു വിരസചിത്രത്തില്‍
വിരഹം മനസ്സിലവശേഷിപ്പിച്ച ഒരു ചുവന്ന വര..

കാലം..
എനിക്കും നിനക്കും മനസ്സിലാവാത്ത അളവുകോലുകള്‍
എന്തിനെന്നറിയാതെ തിട്ടപ്പെടുത്തുന്ന നാളുകള്‍..

ഞാന്‍..
ഇഷ്ടമാണെന്നും അല്ലെന്നും ചൊല്ലി നീ അടര്‍ത്തിയ
ഇതളുകള്‍ക്കൊടുവില്‍ ബാക്കിയായ ഒറ്റയിതള്‍..
നീ..
കൈ നിറയെ പൂത്ത പ്രണയപ്പൂവാകയുടെ നിഴലില്‍
കാറ്റെടുത്ത ഒരു പൂവിനെ കാത്തു നില്‍ക്കുന്നവന്‍..

ഞാന്‍..
ഇരുളിന്‍റെ മറവില്‍ പുഴയിലേക്ക് അലിയാന്‍
ഇന്ദ്രിയങ്ങളെയൊരുക്കി എന്നും കാത്തിരുന്നവള്‍..
നീ..
ഒരു ചേമ്പിലക്കുമ്പിളില്‍ പ്രിയമോടെ തടഞ്ഞു നിര്‍ത്തി
ഒരു വെയില്‍നാളത്താല്‍ എന്നില്‍ തിളക്കം നിറച്ചവന്‍..

ഞാന്‍..
ഒടുവിലെ മെഴുകുതിരിയില്‍ നിന്നുരുകിയ തുള്ളികളില്‍
ഒരിറ്റു മിഴിനീര്‍ കലര്‍ത്തി നിന്നെ കുളിര്‍പ്പിച്ചവള്‍..
നീ..
പതറാത്ത ചുവടുകള്‍ വച്ചു എന്നെ നെഞ്ചോടു ചേര്‍ത്തു
പതിയെ പുലരിവെളിച്ചത്തിലേക്ക് നടന്നു കയറിയവന്‍..

ഞാനും നീയും..
പരശ്ശതം ബിംബങ്ങളില്‍ കാലാതീതം പ്രേമത്തിന്‍റെ
പരസ്പര പൂരകങ്ങള്‍ ആയി നിലകൊള്ളേണ്ടവര്‍ 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

ajith said...

“ഞാനും നീയും“ എന്നതെന്തൊരു മനോഹരമായ ചേര്‍ച്ചയാണല്ലേ! ഇത്ര നല്ല കോംബിനേഷന്‍ പ്രപഞ്ചത്തില്‍ വേറെയുണ്ടാവില്ല!

ഡെയ്സി said...

സത്യമാണ് അജിത്തേട്ടാ... :)

Post a Comment

Related Posts Plugin for WordPress, Blogger...