RSS
Container Icon

കാലങ്ങളില്‍... ഞാന്‍


എന്‍റെ ഇന്നലെകളില്‍ 
ഇഷ്ടപ്പെടാത്ത ഒരു പാട് നാളെകള്‍ ഉണ്ട്.. 
ഒരു മാര്‍ച്ചില്‍
വേനലവധിക്ക് മുന്‍പുള്ള 
അവസാനത്തെ പകലില്‍ നിന്നിലേക്ക്‌നടക്കവേ
ഞാന്‍ ബാക്കി വച്ച 'നാളെ'യില്‍ തുടങ്ങി
എന്‍റെ ചില്ല്ജാലകത്തില്‍ മഞ്ഞു തുള്ളികളാല്‍ നീ എഴുതി
പൂര്‍ണ്ണമാക്കാതെ വച്ച 'നാളെ'വരെ...
അങ്ങനെ, ഓര്‍ത്തെടുക്കുമ്പോള്‍
നേരാവുന്ന ഒരു 'നാളെ' ഇല്ല തന്നെ...

സമയത്തെ നീ
തള്ളവിരലിന്‍റെ തുമ്പില്‍ വച്ച്
ചൂണ്ടു വിരല്‍ കൊണ്ട് തെറിപ്പിച്ചു കളയുന്നത് കണ്ട്
ഞാന്‍ മിഴിച്ചു നിന്നിട്ടുണ്ട്..
അന്ന് അത് എന്നെയും കൂടെ പഠിപ്പിച്ചിരുന്നെങ്കില്‍ ...
ഘടികാരസൂചികള്‍ കൊണ്ട് മുറിവേറ്റ എന്‍റെ വിരലുകള്‍
ചുവന്ന നിറത്തില്‍ കരയുകയില്ലായിരുന്നു
കാലങ്ങളെ അറിയാത്ത മറവിയുടെ കടലിലേക്ക്‌ അത്
ഒഴുകിപ്പോകുമായിരുന്നുമില്ല....
അനന്തമായ ചങ്ങലകളാല്‍
നീയെന്നെ ജീവനില്‍ ബന്ധിച്ചിരിക്കുമ്പോള്‍
ഓടിയൊളിക്കുവതെവിടേക്ക്?

നാളെ..
മികവുറ്റ മിഴിവാര്‍ന്ന ഒരു സുന്ദരസ്വപ്നമാണ്.
ആകാശത്തിന്‍റെ അനന്തനീലിമയില്‍
ചെന്തീത്തളിക തൂവിയ വര്‍ണ്ണങ്ങള്‍
മേഘചിത്രങ്ങള്‍ തീര്‍ക്കുന്നത് കാണാന്‍..
നിറവോ ഒഴിവോ തിരഞ്ഞെടുക്കാന്‍,
മേഘങ്ങളെയോ സൂര്യനെയോ വരിക്കാന്‍,
ഒടുവില്‍.. ഇന്നിന്‍റെ ആത്മാവ്
ഒരു നീലവെളിച്ചമായ് മറയുന്നത് കാണാന്‍
നീയുമുണ്ടാവില്ലേ എന്‍റെ കൂടെ?

നിയതി ഒരു നുണയനാണ്
എന്‍റെ പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരത്തില്‍
താഴത്തെ നിലയില്‍ നിന്നും ചിരിക്കുന്ന രാജകുമാരനെ
വലിച്ചെടുക്കുന്ന പെരും നുണയന്‍..
അതറിഞ്ഞും.. ഇന്നലെകളിലേക്ക്
വാഗ്ദാനങ്ങള്‍ അടുക്കി വച്ച്
ഞാന്‍ അത് പണിതു കൊണ്ടേയിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

1 comments:

ajith said...

നാളെ മികവുറ്റ ഒരു സുന്ദരസ്വപ്നമാണ്!

Post a Comment

Related Posts Plugin for WordPress, Blogger...