RSS
Container Icon

പ്രണയഖനികള്‍



മധുരമീ ലാസ്യമര്‍ദ്ദത്തിന്‍റെ ഇരയാണ് ഞാന്‍..
മറയാന്‍ മടിച്ചു നില്‍ക്കുന്ന നിന്റെ നിഴലിനു
മുന്‍പില്‍ കരുണയിരന്നു ഞാന്‍.. 
നിന്‍റെ ആ പഴയ കൊട്ടാരച്ചുവരുകളില്‍ 
നീലഞരമ്പുകള്‍ പോലെ പടര്‍ന്ന വള്ളികളില്‍ 
നിറയെ പൂത്തു നിന്ന ഊതവര്‍ണ്ണത്തിലുള്ള പൂക്കള്‍ 
നിത്യസുഗന്ധമായ് വളരുന്നുണ്ട്‌ എന്റെയുള്ളിലും.. 
കരി പൂശിയ ഈ കാഴ്ചമണ്ഡലത്തിലൂടെ
കാണാതെയെനിക്ക് നിന്‍റെ മുഖം വരച്ചെടുക്കാം.. 
മാന്ത്രികനൊരുവന്‍റെ കരവിരുതോടെ 
മെഴുകില്‍ നീ തീര്‍ത്ത പാവക്കുട്ടിക്ക് 
പ്രാണന്‍ സന്നിവേശിപ്പിച്ച ഈ രണ്ടു നീല രത്നങ്ങള്‍
പ്രണയമിഴികള്‍ക്ക് പകരം വയ്ക്കാം..
ആ നീലമിഴികളിലൂടെ എനിക്ക് 
ആരുമറിയാതെ നിന്നിലേക്ക്‌ നോക്കാം.. 
നിശ്വാസങ്ങളെ നിശ്ചലമാക്കി 
നിതാന്തമായ് അലിയാം.. 
എങ്കിലും.. നിന്‍റെയീ മൗനം പൊറുക്കപ്പെടില്ല..
എന്താണിത്?? മായയോ?
എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല.. 
ഏകാന്തത ഒഴുകിയിറങ്ങി തണുത്തുറയുമ്പോള്‍ 
എനിക്ക് മഞ്ഞുപാളികള്‍ ചിതറുന്നത്‌ പോലെ കരയാം 
എന്ന് നീ പറഞ്ഞത് ഞാനോര്‍ക്കുന്നു.. 
ഒരിക്കല്‍ ഞാന്‍ ഇതില്‍ നിന്ന് മുക്തി നേടും.. 
ഒരിക്കലുമുണരാത്ത മധുരതരമായ
ഒരുറക്കത്തിന്റെ സാന്ത്വനത്തില്‍;
ഒടുവില്‍ നമ്മുടെ പ്രണയം പുനര്‍ജ്ജനിക്കും വരെ ..
വാശിയോടെ കത്തിയെരിയുന്ന സൂര്യന്‍ 
വീണ്ടും ശൂന്യശയ്യയിലേക്ക് നോക്കി പൊട്ടിച്ചിരിക്കും 
ആ നീല രത്നങ്ങള്‍ രാത്രികളില്‍ വീണ്ടും തിളങ്ങും.. 
ആരും ചെത്തി മിനുക്കാത്ത ഒരു രത്നമാണ് ഞാനെന്നു നീ പറയും.. 
അന്ന് ഖനികളിലേക്ക് നിന്നെ ഞാന്‍ കൊണ്ട് പോകും... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

ajith said...

പ്രണയഖനിയിലെ രത്നങ്ങള്‍ക്കഴകുണ്ട്

സൗഗന്ധികം said...

മനനവും ഒരു തരത്തിലൊരു ഖനനം തന്നെ. തെളിയുന്നതെല്ലാം രത്ന-രജതമയങ്ങളാവട്ടെ...

കവിത നന്നായിരിക്കുന്നു.


ശുഭാശംസകൾ.....





Post a Comment

Related Posts Plugin for WordPress, Blogger...