RSS
Container Icon

ചിലന്തിയും ചിന്തയും



വിധവയായ കരിംചിലന്തി!
അതാണവള്‍.. 
അവളുടെ കണ്ണുകളില്‍ നീ കാണാന്‍ 
ആഗ്രഹിക്കുന്ന അഭൌമപ്രണയമില്ല..
ഇമയനക്കങ്ങളില്‍ തെളിയുന്നത് ചുടുരക്തമാണ്..
എന്തിനധികം, ഈ വല നെയ്യുമ്പോഴും
എഴുന്നു നില്‍ക്കുന്ന നിന്‍റെ ഞരമ്പുകള്‍
ആയിരുന്നു അവളുടെ മനസ്സില്‍..
തണുത്ത കണ്ണുകള്‍ കൊണ്ട്,
നിന്‍റെ സുതാര്യമായ ഏകാന്തതയെ
എന്നേ അവള്‍ നോട്ടമിട്ടിരുന്നു..
നിന്‍റെ മുതുകിലെ ചെറുനിണനിറങ്ങള്‍
നിന്നെ ഒറ്റു കൊടുത്തിരിക്കുന്നു..
ഇനിയൊരു തിരിച്ചു വരവില്ല..
നിന്‍റെ ആറു കാലങ്ങളും
ബന്ധനത്തിലായിക്കഴിഞ്ഞിരിക്കുന്നു..
ഇണചേരലിനൊടുവില്‍ നിന്നെയവള്‍
ഒരു വെളുത്ത പുതപ്പ് പുതപ്പിക്കും..
മരിക്കുന്നതിനു മുന്നേ!
അപ്പോള്‍ നീയറിയും
അവളുടെ അടിവയറ്റിലെ
ചുവന്ന നാഴികച്ചിരട്ടയില്‍
നീ കാണാതെ പോയത് 
അനേകമിണകളുടെ മരണസമയമാണ്..
എല്ലാം അവസാനിച്ചിരിക്കുന്നു 
മദം കൊണ്ട നിന്‍റെ തലയിലേക്ക്
വിഷമുനകളാഴുകയാണ്..
ഇനിയുള്ളത് നീയറിയാത്ത കഥ.. 
ദ്രവീകരിച്ച നിന്‍റെ ചിന്തകളെ,
നിന്‍റെ ജീവനെ,
അവള്‍ വലിച്ചു കുടിക്കും..
മറ്റാര്‍ക്കുമറിയാത്ത മോചനവഴിയിലൂടെ
അവള്‍ രക്ഷപ്പെടും..
കബന്ധങ്ങളുടെ മുകളിലൂടെ
ഒരഭ്യാസിയെപ്പോലെ
ചാടിക്കടന്ന് അവള്‍ പോകും..
വെളുത്ത നൂല്‍പ്പന്തിനുള്ളില്‍, 
അസംഖ്യം കുഞ്ഞുങ്ങളെപ്പേറുന്ന
പാടല വര്‍ണ്ണത്തിലുള്ള  മുട്ടകള്‍
അവള്‍ കാത്തു വയ്ക്കും..
ചതിയുടെ വരം പേറിപ്പിറന്ന
സന്തതികള്‍ പരസ്പരം കൊന്നു തിന്നും..
കൂടുതല്‍ വിഷമുള്ളവ മാത്രം ബാക്കിയാവും..
കൂടുതല്‍ വിഷം ഉള്ളവ മാത്രം.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...