RSS
Container Icon

പെയ്തൊഴിയുമ്പോള്‍...



കൌമാരം സാഹസിക നിറങ്ങളാല്‍ സമൃദ്ധമായിരുന്നു.. 
അദൃശ്യമായ ആകാശങ്ങളിലേക്ക് ചിറകുകള്‍ വിരിച്ചു പറക്കാന്‍ ഭയക്കാത്ത, 
നെഞ്ചില്‍ നെറികേടിന്‍റെ ഭാരമില്ലാതെ, 
തല ചായ്ക്കാന്‍ ചുമലുകള്‍ തേടാത്ത, 
താന്‍പോരിമയുടെ, തളര്‍ച്ചയറിയാത്ത എന്‍റെ കാലം.. 
താഴ്ന്ന മരച്ചില്ലകളും തണുത്തുറഞ്ഞ ഭൂമിയിലെ തീപ്പെട്ടിക്കൂടുകളും 
എന്‍റെ കാഴ്ചയില്‍ നിന്നും അകന്നു തന്നെ നിന്നിരുന്നു.. 
സമാനമായ ഭ്രാന്തുകള്‍ ഉള്ള ചില പറവകള്‍ ഒറ്റ തിരിഞ്ഞു എന്‍റെ വിഹായസ്സില്‍ വന്നുപോയിരിക്കാം..
എങ്കിലും മേഘഗുഹകളിലേക്ക് പറന്നു കയറാന്‍ ഉള്ള ധൈര്യം 
അവര്‍ക്കില്ലാതെ പോയത് കൊണ്ടാവാം ഞാന്‍ ഏകാകിയായ് പോയത്.. 
അറിവിന്‍റെ വെളിച്ചമില്ലാത്തിടത്തു മദിച്ചു നടക്കുമ്പോള്‍ എന്തിനെ ഭയക്കണം.. 
മരണം എന്തെന്ന് ഞാന്‍ അറിയുന്നത് അവന്‍ എന്‍റെ ശബ്ദത്തില്‍ കരഞ്ഞപ്പോഴാണ്.. 
അപ്പോള്‍ എന്നില്‍ ജനിച്ചു വീണ ഭയം അത് കണ്ടു ചിരിച്ചു.. 
ഹിമപാളികളില്‍ ഞാന്‍ കണ്ട മിഴിനാളം തണുപ്പ് പ്രസരിപ്പിച്ചു.. 
അതില്‍ നിന്നും ഒരു മഞ്ഞുതുള്ളി അടര്‍ന്നു വീണു.. 
ഘനീഭവിച്ച ഒരു കണ്ണ്നീര്‍ത്തുള്ളി.. തൊട്ട മാത്രയില്‍ ഞാനും ഒരു മഞ്ഞുകട്ടയായ്‌ മാറി.. 
കാറ്റിന്‍റെ ചിറകില്‍ ആ മേഘശകലം പെയ്തൊഴിയുമ്പോള്‍ ഞാനും പെയ്തു.. 
എന്നോ ഉപേക്ഷിച്ച കൂട്ടിലും എന്നെ മറന്ന കാട്ടിലും.. 
ഏതോ അറിയാതിലക്കുമ്പിളില്‍ ഞാന്‍ തളര്‍ന്നു കിടക്കുമ്പോള്‍ 
എന്നില്‍ പതിക്കുന്നുണ്ട് 
മേഘഗുഹകള്‍ ലക്‌ഷ്യം വച്ചു പറക്കുന്ന പേരറിയാപ്പക്ഷിയുടെ നിഴല്‍.. 
നീ പെയ്യുമ്പോഴേക്കും ഞാന്‍ ഒരു പുഴയായ്‌ മാറിയിരിക്കും.. 
ഒരു പക്ഷെ വിരഹത്തിന്‍റെ ഉപ്പ് നീറ്റിയ ഒരു കടല്‍..


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...