RSS
Container Icon

ഗണിത ചിഹ്നങ്ങള്‍ ÷ × + - ≠ .


പ്രണയത്തിന്‍റെ ബാല്യത്തിലെന്നാണ് നമുക്കിടയില്‍
ഈ ചിഹ്നങ്ങള്‍ കടന്നു വന്നത്?
കറുത്തു തടിച്ച കട്ടുറുമ്പുകള്‍ പോലെയത്
കടിച്ചു വേദനിപ്പിച്ചിട്ടുണ്ട് പലപ്പോഴും!!

ഒരു തീവണ്ടിയാത്രയുടെ ഓര്‍മ്മകളില്‍
എന്‍റെ മടിയില്‍ കിടന്നാണ്, നീ ആദ്യമായി
ഒരു ഹരണ ചിഹ്നത്തെ കുറിച്ച് പറഞ്ഞത്.
എന്‍റെ മിഴികള്‍ക്കിടയില്‍,
നാസികയിലൂടെ നീളത്തില്‍ വരച്ചു
ഹരം പിടിപ്പിച്ചു വരച്ച പ്രണയചിഹ്നം.

ലഹരി നുരയുന്ന മിഴികള്‍ നേരിടാനരുതാതെ
ദൂരെയെങ്ങോ മിഴി നട്ടു പനിമതി.
വിയര്‍ത്ത നാസികത്തുമ്പില്‍ നിന്നടര്‍ന്നൊരു
തുള്ളിയില്‍ തുളുമ്പിപ്പോയ ലോകം.
തീരാസുഖമത് തേടി പ്രിയമൊരു
തൂവല്‍ക്കിടക്ക തളര്‍ന്നു.
ജന്നല്‍ തുറന്നണഞ്ഞ മേഘപ്പറവ
ചിറകു കുടഞ്ഞു നനഞ്ഞ സുഖങ്ങള്‍.
പിന്നെയുമൊന്നായ മിഴിത്തിളക്കങ്ങളില്‍,
നാമിരുവരും മത്സരിച്ചു കണ്ടെത്തിയ
എത്രയെത്ര ഗുണന ചിഹ്നങ്ങള്‍..    

പ്രണയത്തിനായ്‌ വെടിഞ്ഞ ബന്ധങ്ങള്‍,
കേള്‍ക്കാന്‍ മടിച്ച സത്യങ്ങള്‍,
കാണാതെ പോയ ലോകം,
മറച്ചു വച്ച വികാരങ്ങള്‍,
എല്ലാം എഴുതിത്തള്ളിയ
ജീവിതത്തിന്‍റെ കണക്കു പുസ്തകം..

ചിഹ്നങ്ങള്‍ എന്നെ ഭയപ്പെടുത്തിത്തുടങ്ങിയോ?  
ശിഷ്ടത്തിന്‍റെ മുഖചിഹ്നങ്ങള്‍ ലാഭവും നഷ്ടവും
തിരിച്ചറിയാത്ത വണ്ണം മാറിക്കളിക്കുന്നു..
തുറന്നു നോക്കുവാന്‍ ഭയന്ന്,
വീണ്ടുമൊരിക്കല്‍ കൂടി ഞാന്‍ ആ പുസ്തകം അടച്ചു വയ്ക്കും
മനോഹരമായ ഒരു സ്വപ്നക്കടലാസ് കൊണ്ട്
ഞാന്‍ അതിന്റെ പുറംചട്ട പൊതിയും.
എന്‍റെ അലസവിരസ വിരല്‍ ചലനങ്ങളില്‍,
തൂലികത്തുമ്പ്‌ പോലുമറിയാതെ തീര്‍ക്കുന്ന പ്രാകൃത വരകളാല്‍,
അതിന്‍റെ മുഖം വികൃതമാക്കപ്പെടുമ്പോള്‍,
ഞാന്‍ വീണ്ടും അത് തുറന്നു നോക്കും.

അധികചിഹ്നം കണ്ടു മനം തുടിച്ചു നില്‍ക്കവെ,
അതില്‍ നിന്നും ഒരു ലംബരേഖ
എന്‍റെ മൂക്കിന്‍ തുമ്പിലേക്ക്‌ ചാടിക്കയറും..
നിഷേധത്തിന്റെ നേര്‍വരകള്‍ മാത്രം ബാക്കിയായ
ആ പുസ്തകം നിനക്ക് നേരെ ഞാന്‍
വലിച്ചെറിയുന്നത് അപ്പോഴൊക്കെയാണ് 
രണ്ടു നിഷേധങ്ങളെ ചേര്‍ത്തു വച്ച്
സമം ആക്കാമെന്ന് നീ പറഞ്ഞപ്പോഴാണ് പ്രിയനേ
നിന്നെ ഒന്ന് ചുംബിക്കണമെന്നു എനിക്ക് തോന്നിയത്
അതിനിടെ എന്‍റെ മൂക്കിന്‍ തുമ്പില്‍ നിന്ന്
പിടി വിട്ടു ചെരിഞ്ഞു വീഴുന്ന ആ രേഖ
നിന്‍റെ സമഭാവനകളില്‍ പതിക്കാതിരിക്കട്ടെ..

അല്ലെങ്കില്‍ തന്നെ ചിഹ്നങ്ങളെ മാത്രം
ഞാന്‍ തിരയുന്നതെന്തിനു?
കറുത്ത മിഴിവുള്ള ഉത്തരസൂചിക
മിഴികളില്‍ തെളിയുന്ന
നീ തന്നെയല്ലേ എന്റെ ഗണിതപുസ്തകം..
നെറുകയില്‍ നീ തൊട്ട ഒരു ദശാംശബിന്ദു,
അത് മാത്രം ചുവന്നു തന്നെയിരിക്കട്ടെ..
അത് എന്നും ചുവന്നു തന്നെയിരിക്കട്ടെ..   

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...