RSS
Container Icon

ഞാന്‍ = ഉപേക്ഷിക്കപ്പെട്ടവള്‍



മിഴികള്‍ മധുരമായ് കൂമ്പി ഇനിയൊരുങ്ങുക മറ്റൊരു വിരുന്നിനായ് 
മറന്നേക്കൂ മധുപനവനീ മരണത്തെ നോക്കി ചിരിക്കുന്നതും ഹിതം
വരണ്ട തൊണ്ടക്കുഴിയിലേക്കൊരിറ്റു സ്മരണജലകണിക കൊതിച്ചതോ 
ഒരുങ്ങിയില്ലിനിയുമവളൊരു യാത്രയിതു തുണയാരുമില്ലെന്നറിയാത്തതോ
പകരുന്ന മധുരമതില്‍ പ്രിയമെന്ത്? പന്തിയില്‍ പലവുരു പറഞ്ഞതും 
പ്രിയനറിയാതെ, പറയാതെ പൊയ്പ്പോയതെന്തിനിയും നീയറിയുവാന്‍
അടുത്തു വരൂ, അലിവിന്നിരു മിഴികളടച്ചവസാനമായ് നിന്നധരം തരൂ
അറിയാം അവിടെ നീയുണ്ട് അതിനിഗൂഢമൊരു വര്‍ണ്ണചിത്രമിന്നുമതില്‍
അറിവിന്‍റെ സീമകള്‍ക്കപ്രാപ്യമായ് അവിടവിടെ അഴകിന്നരുണ തലങ്ങള്‍
അലസഗമനമതില്‍ ആത്മാവിലിവളറിയാതെയവഗണിച്ച വന്യമധുരങ്ങള്‍
ഉപേക്ഷിക്കപ്പെട്ടവളാണ് ഞാന്‍; ഉയിരൂര്‍ന്നു പോകുമുടലിടങ്ങള്‍ പേറി
ഉന്മാദം പൂണ്ടലറുമീ മൌനത്താല്‍ മുറിവേറ്റു ബധിരയായ്പ്പോയവള്‍
മൃതമാം പനിനീര്‍പ്പൂക്കളാലൊരുക്കുക മഞ്ചമെനിക്കതില്‍ കരിനീല പേറി,
മൃദു മന്ത്രണങ്ങള്‍ വിറച്ചു മരിച്ചതാമിതളുകള്‍ പൊഴിഞ്ഞു കാണേണം
കണ്ടില്ലകം നിറയെ നീയെനിക്കായ്പ്രണയ, കണ്ടകങ്ങള്‍ കൊണ്ട് നിറച്ചത്
കൊണ്ടറിഞ്ഞതിനിണ്ടലുണ്ടത് കാരീയം വെന്തെരിഞ്ഞിടിലുമന്തമാകുമോ
അതിനാലെന്‍ പ്രിയനേ വരിക നീ, എന്നാത്മാവിനെയെരിക്കുവാനിന്ന്
അലിവേതുമില്ലാതെ എന്നെ ഉപേക്ഷിക്കുക, ഒരിക്കല്‍ക്കൂടി മാത്രം... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...