RSS
Container Icon

ചൂടാതെ പോയി നീ....



ഇവര്‍;
നിത്യവസന്തം തീര്‍ക്കും സുഗന്ധസൂനങ്ങള്‍
ഞെട്ടറ്റ മൊഴിയായ്
കൂടെ നടക്കുന്നവര്‍!
സ്വപ്നനങ്ങളുടെ കേള്‍വിക്കാര്‍... 
ചവുട്ടി മെതിച്ചാലും
വര്‍ദ്ധിത വീര്യത്തോടെ വീണ്ടും തഴയ്ക്കുന്നവര്‍
കത്തുന്ന വേനലിലും  
കൊടും ശൈത്യത്തിലും
നീറുന്ന വിരലിലെ 
പടരുന്ന ചോരയെ 
ദലങ്ങളില്‍ ആവാഹിക്കുന്നവര്‍. 
ഇരുണ്ട രഹസ്യങ്ങളെ 
ഇളംകാറ്റില്‍ താലോലിക്കുന്നവര്‍ 
ആയുധശേഖരത്തില്‍ 
ചതിയുടെ മുള്ളുകള്‍ പേറുമൊരു 'നിഷ്കളങ്ക'
ഒരേ സമയം 
സ്വാര്‍ത്ഥവും ത്യാഗിയുമാകുമൊരു നിത്യവിസ്മയം!
ഒരു മിന്നല്‍പ്പിണരില്‍ േഛദിക്കപ്പെടുമ്പോഴും 
മഴ മുകിലുമ്മകള്‍ തരും പോലെ, 
ഒരമാവാസിയില്‍ ഒതുക്കുകള്‍ താണ്ടാന്‍ കൂട്ട് വരുന്ന,
ഒരായിരം മിന്നാമിനുങ്ങുകളെ പോലെ,  
അമൂല്യമായത്...  
മദിപ്പിക്കുന്ന സാമീപ്യം കൊണ്ട് മടിയാറ്റുന്ന മാസ്മരികത!! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അശാന്തിയുടെ ചീട്ടുകൊട്ടാരങ്ങള്‍



മാലാഖമാര്‍ മരണപ്പെടുന്നതും
മഞ്ഞുതൂവല്‍ച്ചിറകുകള്‍ അരിയപ്പെടുന്നതും അവള്‍ക്കു കാണാം.
കാലൊടിഞ്ഞ ഒരു കുതിര, കരയുന്ന ഭൂമി?
ചത്ത മരത്തിന്‍റെ കൊമ്പുകളില്‍ തൂങ്ങിയാടുന്ന ചെറുത്തുനില്‍പ്പുകള്‍..
അനുശോചനപ്രകടനങ്ങളില്‍ മാത്രം ആശ്ലേഷിക്കപ്പെടുന്ന കുരുന്നുകള്‍..
കടലേ ഒരു കയ്യേറ്റത്തിന് നേരമായ്..
കഴുകിക്കളയുക ഈ കാപട്യങ്ങളുടെ ശേഷിപ്പുകള്‍..
ഈ അഴുക്ക്...  പകുതി കരിഞ്ഞ കളിപ്പാട്ടം,
അശാന്തിയുടെ പുക,
ചൂടാറാത്ത ജഡങ്ങളില്‍ ചേരുന്ന നിഴലുകള്‍,
എല്ലാം.. എല്ലാം നിനക്ക് സ്വന്തം..
പാപഗ്രസ്തമീ ലോകത്തില്‍ ഒരു ശാപശിലയായ്‌
അവള്‍ ഉറങ്ങിക്കൊള്ളട്ടെ..
മോക്ഷത്തിന്‍റെ പാദങ്ങളത്രയും വഴി മാറിപ്പോകുമ്പോള്‍,
കാത്തിരിപ്പിന്‍റെ കനല്‍ച്ചൂടില്‍
വിണ്ടു പോകാം ഈ വെറും കല്ല്‌..
പക്ഷെ അന്നതില്‍ നിന്ന് പിറക്കുന്നത്‌
കന്മദ ഗന്ധമുള്ള കവിതകള്‍ ആയിരിക്കും..
അത് കടലില്‍ അലകള്‍ തീര്‍ക്കുക തന്നെ ചെയ്യും

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രായം ചെന്ന ആ രാത്രിയില്‍...



അപ്രതീക്ഷിതമായ്...
എന്നെ ആലിംഗനം ചെയ്ത നിന്‍റെ ഓര്‍മ്മകളെ കുടഞ്ഞെറിഞ്ഞു ഞാനീ കടലിലേക്ക് ഊര്‍ന്നിറങ്ങുന്നു... ഉദ്വേഗസമ്പന്നമെങ്കിലും, ഈ അലസ സായാഹ്നത്തില്‍ നീ ഒരു ഗന്ധമായ് അവശേഷിക്കുക തന്നെ ചെയ്യും. ഈ നിഴലുകള്‍ക്കെല്ലാം അവിടവിടെ, നിന്‍റെ ഒരു ശപ്തരൂപസാമ്യം ഉണ്ട്. സമ്മതിക്കുന്നു, നിന്‍റെ ആശയങ്ങളുടെ ജ്വാലയും ആവിഷ്കാരത്തിലുള്ള ചിരിനുറുങ്ങുകളും നിദ്രയുടെ ആഴങ്ങളില്‍ പോലും എന്‍റെ പ്രാണവായുവാണ്!! അവസാനത്തെ മരത്തിന്‍, കത്തിയെരിയുന്ന ചില്ലകളില്‍ വച്ചാണ് നാം കാണുന്നത്... പക്ഷെ കടലില്‍ നിന്നുയര്‍ന്ന ഒരു മേഘം കടന്നു പിടിച്ചത് പോലെ ഞാന്‍ തണുത്തു വിറക്കുന്നുണ്ടായിരുന്നു... നിന്നിലെ മൗനം അത്......എന്റെ മൗനം! നിശബ്ദത! അലകള്‍.... അറിയാം, ഭ്രാന്ത് ചോദ്യങ്ങള്‍ അല്ലാതെ ഉത്തരങ്ങള്‍ ആവശ്യപ്പെടുന്നില്ലല്ലോ.. മനസ്സ് കോറിയതൊന്നും തിരകള്‍ തിരിച്ചു തരികയുമില്ലല്ലോ....


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുട്ടുവിന്‍ തുറക്കപ്പെടും... പക്ഷെ...



പുഴയില്‍ വീണു മരിച്ച താരകം 
ആറ്റുവഞ്ചികള്‍ക്കിടയില്‍ പുനര്‍ജ്ജനിക്കുന്ന ഒരു നാള്‍
മറച്ചു വയ്ക്കുവാന്‍ ഒന്നുമില്ലാതെ വണ്ണം 
നീ നഗ്നനായിപ്പോകും.. 
കുറച്ചു കദനസൂക്തങ്ങള്‍ ഉരുവിട്ട് 
നിനക്ക് വേണമെങ്കില്‍
ഒരു വിശ്ശുദ്ധന്റെ മേലങ്കി അണിയാം.
നുണകളുടെ പെരുമഴ പോലും
വിഡ്ഢികളുടെ പുസ്തകത്തില്‍
പുതിയ ഒരു നിയമമായ്
എഴുതി ചേര്‍ക്കപ്പെടും.
സൂര്യനും ചന്ദ്രനും ഉദിക്കാത്ത ഒരു നാള്‍
ഗ്രഹങ്ങള്‍ നിനക്ക് ചുറ്റും ഭ്രമണം നടത്തും.
രക്ഷകന്‍റെ ചിരിയോടെ നീ
കാറ്റിനെ കൈവെള്ളയിലൊതുക്കും..
മഴമേഘങ്ങളെ പകുത്തു
മരുഭൂമിയില്‍ എറിയും..
ആത്മാവിന്‍റെ സ്വര്‍ണ്ണധൂളികള്‍
കാണാന്‍ അന്ധരോട് ആവശ്യപ്പെടും...
"ഞാന്‍.. ഞാന്‍ തന്നെയാണ് പരബ്രഹ്മം"
എന്ന് ഉറക്കെ പ്രഖ്യാപിക്കും..
രാശികളെ കീഴടക്കി
സ്വര്‍ഗ്ഗം വില്‍പ്പനയ്ക്ക് വയ്ക്കും..
ആര്‍ക്കും നല്‍കാത്ത ചില കുറിമാനങ്ങള്‍,
ദൈവവുമായുള്ള /ചെകുത്തനുമായുള്ള?
രഹസ്യസംവേദനങ്ങളുടെ അടയാളങ്ങള്‍,
നീ സൂക്ഷിച്ചു വയ്ക്കും.
ഇരുളില്‍ തളര്‍ന്നുറങ്ങുന്ന
ആയിരങ്ങളെ അറിയാതെ
നിന്‍റെ ആട്ടവിളക്കിനു ചുറ്റും
പലരും ഭക്തിനൃത്തം ചവിട്ടും...
വിശപ്പും ഉറക്കവും തമ്മിലുള്ള യുദ്ധത്തില്‍
മനം മടുത്ത ഒരു വൃദ്ധന്‍, അന്നും
തന്‍റെ കുടുംബവുമായി തെരുവിലേക്ക് ഇറങ്ങും..
വാതിലുകള്‍ ഇല്ലാത്ത നഗരത്തില്‍
അയാള്‍ പകച്ചു നില്‍ക്കും.
കുറുകിയ കണ്ണുകള്‍ എങ്ങിനെ
വിശാലമായ ചക്രവാളം കാണും?
ഹൃദയരക്തം നിറയ്ക്കാത്ത തൂലിക
എങ്ങിനെ വരികള്‍ക്ക് ജീവന്‍ നല്‍കും?
കാഴ്ചയുടെ അനന്തസാധ്യതകളെ
വിരലുകള്‍ വഞ്ചിക്കുക തന്നെ ചെയ്യും.
നിജമറിയും മുന്‍പ് നീ മരിച്ച പോയാല്‍
എന്നെ പഴിക്കരുത്. ..കാരണം,
മുട്ടുവാന്‍ ഈ നഗരത്തില്‍
വാതിലുകള്‍ ഇല്ല..
വാതിലുകള്‍ ഇല്ല....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജാലകങ്ങള്‍ പറയാതിരുന്നത്





മോഹം, 
കലാപകലുഷിതമായ തെരുവുകളിലൂടെ ഉള്ള 
ഒരു ഒരു സാഹസിക യാത്രയാണ്. 
മേഘങ്ങളിലേക്ക്,
പലായനം കൊതിച്ചു കാറ്റിനോടൊത്തു പോയ ഒരു തൂവല്‍. 
ശാപഗ്രസ്തമായ, നിലാവ് നിഷേധിക്കപ്പെട്ട നഗരത്തിന്‍റെ 
അവശിഷ്ടങ്ങളൊത്തു കടലിന്‍റെ ഇരമ്പമറിയുന്നു.. 
കാലികോപായങ്ങള്‍ ഒന്നും തന്നെ 
നിമജ്ജനത്തിന്‍റെ രഹസ്യങ്ങള്‍ അറിയുന്നതില്‍ 
നിന്നുമതിനെ അകറ്റുന്നില്ല.  

അസ്തമയങ്ങളെ അതിമനോഹരമാക്കുവാന്‍  
പുലരികളെ പ്രസന്നമാക്കുവാന്‍, നീ മതി. 
തീ പിടിച്ചു തിരിയിട്ടു കത്തുവാന്‍ 
തമസ്സിനീ സ്വേദകണങ്ങള്‍ മതി. 
വിറയാര്‍ന്ന ചുണ്ടുകള്‍ വിടര്‍ന്നു ചുവക്കാന്‍ 
വെറുതെ മൂളുമീരടികള്‍ മതി.
കത്തിയമര്‍ന്നെന്നു കരുതവേ 
സമയക്കനലുകള്‍ ഊതിത്തെളിച്ചു വീണ്ടും.. 
ഒരു കണ്ണാടിയില്‍, പിന്നോട്ടോടുന്ന സമയ വിരലുകള്‍.. 
ഒരു സുഖമുള്ള കുളിര് ബാക്കിയാക്കി, ഒടുവില്‍  
ഒരു കാറ്റ് പോലെ നീ യാത്രയാകുന്നു.. 

അനാഥമായ വീഥികളില്‍,
അപ്പോഴും മഴ  തുടരുന്നുണ്ടാകും..    
നെരിപ്പോടിന്‍റെ ഇളം ചൂടില്‍ 
ഒരു ജാലകച്ചില്ലിലൂടെ നീ 
ആ കാഴ്ച  തുടര്‍ന്നും ആസ്വദിക്കുക.. 
അനാവൃതമാക്കപ്പെടുന്ന കൈപ്പത്തികളില്‍, 
സിരകളില്‍ നിന്നുനിന്നാദ്യ തുള്ളി രക്തം 
ആ തെരുവിനെ കൂടുതല്‍ ചുവപ്പിക്കും വരെ.. 
അത് വരെ മാത്രം.. 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പതിരുകള്‍ കൊയ്യുമ്പോള്‍



ഒരു സമുദ്രഗര്‍ഭത്തില്‍ 
അജ്ഞാത ഏകാന്ത വാസത്തില്‍ 
ആത്മാക്കള്‍ സംവദിക്കുന്ന ഒരൂഷ്മാവുണ്ട്.. 
എനിക്ക് ഘനമില്ലാതാവുകയും 
നിന്നിലേക്കൊഴുകുകയും ചെയ്യാവുന്ന 
ഒരു തലം.. പിന്നെ,
വസന്തന്തിലേക്ക് പാഞ്ഞടുക്കവേ 
വീശിയെറിഞ്ഞ ചിറകുകളില്‍ 
വിതുമ്പിയുതിര്‍ന്ന ഉമ്മകളെത്ര 
മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടാവാം?

ഇന്ന്,
ഇരുളടഞ്ഞ ശൂന്യവീഥികളില്‍
മഴ നനയുന്ന മഴ, 
ഉപേക്ഷിക്കപെട്ട ഹൃദയത്തിന്‍റെ 
ഒഴിഞ്ഞ അറകളിലെ 
മിടിപ്പുകളുടെ പ്രതിധ്വനി പോലെ
വിട്ടു പോയ കണ്ണികള്‍ക്ക് വിട
വിങ്ങുന്ന മുറിപ്പാടുകള്‍ എന്‍റെ സ്വന്തം..
താങ്ങായ കൈകള്‍ക്കെന്റെ ജീവന്‍..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരിണാമം


അവള്‍,
അധിനിവേശക്കാരുടെ പിന്മുറ..
സാംസണെ ചതിച്ച ദലീലയുടെ മകള്‍..
ഓര്‍മ്മത്തിരകളില്‍,
ഒരായിരം പകമുനകളേന്തിയ ശരവേഗം..
നിലാവഴകില്‍ ഇരുളുടലുകളൊന്ന് ചേര്‍ന്ന
പാപപുണ്യ സമ്മോഹനം..
അവളുടെ കരവലയത്തിലീ പ്രപഞ്ചമന്ത്രം,
പദങ്ങളില്‍, കുലുങ്ങിച്ചിരിയില്‍ തുളുമ്പുന്നു ലാവ..
അചുംബിതാധരങ്ങളോ അമൃതദലങ്ങള്‍
തുടുവിരല്‍ത്തുമ്പാല്‍ താരാപഥങ്ങള്‍ മായ്ച്ചവള്‍
ഇമകളടച്ചീയുലകിനെയിരുളിലാഴ്ത്തിയവള്‍
അളകങ്ങളലസമായെറിഞ്ഞു
അലകടലിനെയും വിറകൊള്ളിച്ചവള്‍
ഒരു നോക്കില്‍, തരിശുപാടങ്ങളില്‍
പൊന്‍കതിരുകളേന്തിയ ഹരിതഹസ്തങ്ങളുയിര്‍പ്പിച്ചവള്‍..
അവള്‍ വിഹായസ്സില്‍ വിരാജിത,
നിയതിയുടെ റാണി.
അവള്‍ തന്നെ ആദ്യഫലം,
അധികാരത്തിന്‍ മകുടത്തിലെ
തിളങ്ങുന്ന ഒറ്റക്കല്ല്..
അവളുടെ ഹിംസാവിനോദങ്ങളില്‍
ആയിരക്കിഴികളില്‍
അരചന്മാരുടെ ആജ്ഞകള്‍ അലറിച്ചിരിക്കുമ്പോള്‍
അധീശ്വത്തിന്‍ സമയരഥങ്ങളുരുളുന്നു
ഉയര്‍ന്ന തലകളെറിഞ്ഞ ചോരയിലൂടെ..
അവസാന ഗുഹ,
അതാണ്‌ അവരുടെ തുരുപ്പു ചീട്ട്.
അറുത്തെടുത്ത ഒരു തലയാല്‍
അതടയുമ്പോള്‍ അവര്‍ കളി നിര്‍ത്തിയേക്കാം.
അല്ലെങ്കില്‍,
മനോഹരമായ ഉപമകള്‍ കൊണ്ട്
ഇല്ലാഗുഹകള്‍ തീര്‍ത്ത്‌
അടിയാളരിലേക്കും വാള്‍ വീശിയേക്കാം..
ഒടുവില്‍,
ഉപേക്ഷിക്കപ്പെട്ട ഒരു വാതിലിലൂടെ
അവര്‍ പ്രാചീനതയിലേക്ക് നടന്നു കയറും..
അധികാരത്തിന്‍റെ അന്ധകാരമുനകള്‍
അന്യോന്യം വെട്ടി മരിക്കുന്ന കോമരങ്ങളായി
അടര്‍ന്നു വീണു കഴിയുമ്പോള്‍,
അഹങ്ങളുടെ കിരീടവും ചെങ്കോലും
മണ്‍മറഞ്ഞു കഴിയുമ്പോള്‍,
വംശീയവാള്‍ത്തിളക്കങ്ങളില്‍
അര്‍ദ്ധപ്രാണനായി അന്തരീക്ഷത്തിലുതിര്‍ന്നു പോയ
സ്നേഹസൂക്തങ്ങള്‍ ഒന്ന് ചേര്‍ന്ന്
ഒരു പുതിയ സൃഷ്ടിയുണ്ടാകും...
അവരുടെ കൂട്ടത്തെ നമുക്ക്
"മനുഷ്യര്‍" എന്ന് വിളിക്കാം...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...