RSS
Container Icon

പരിണാമം


അവള്‍,
അധിനിവേശക്കാരുടെ പിന്മുറ..
സാംസണെ ചതിച്ച ദലീലയുടെ മകള്‍..
ഓര്‍മ്മത്തിരകളില്‍,
ഒരായിരം പകമുനകളേന്തിയ ശരവേഗം..
നിലാവഴകില്‍ ഇരുളുടലുകളൊന്ന് ചേര്‍ന്ന
പാപപുണ്യ സമ്മോഹനം..
അവളുടെ കരവലയത്തിലീ പ്രപഞ്ചമന്ത്രം,
പദങ്ങളില്‍, കുലുങ്ങിച്ചിരിയില്‍ തുളുമ്പുന്നു ലാവ..
അചുംബിതാധരങ്ങളോ അമൃതദലങ്ങള്‍
തുടുവിരല്‍ത്തുമ്പാല്‍ താരാപഥങ്ങള്‍ മായ്ച്ചവള്‍
ഇമകളടച്ചീയുലകിനെയിരുളിലാഴ്ത്തിയവള്‍
അളകങ്ങളലസമായെറിഞ്ഞു
അലകടലിനെയും വിറകൊള്ളിച്ചവള്‍
ഒരു നോക്കില്‍, തരിശുപാടങ്ങളില്‍
പൊന്‍കതിരുകളേന്തിയ ഹരിതഹസ്തങ്ങളുയിര്‍പ്പിച്ചവള്‍..
അവള്‍ വിഹായസ്സില്‍ വിരാജിത,
നിയതിയുടെ റാണി.
അവള്‍ തന്നെ ആദ്യഫലം,
അധികാരത്തിന്‍ മകുടത്തിലെ
തിളങ്ങുന്ന ഒറ്റക്കല്ല്..
അവളുടെ ഹിംസാവിനോദങ്ങളില്‍
ആയിരക്കിഴികളില്‍
അരചന്മാരുടെ ആജ്ഞകള്‍ അലറിച്ചിരിക്കുമ്പോള്‍
അധീശ്വത്തിന്‍ സമയരഥങ്ങളുരുളുന്നു
ഉയര്‍ന്ന തലകളെറിഞ്ഞ ചോരയിലൂടെ..
അവസാന ഗുഹ,
അതാണ്‌ അവരുടെ തുരുപ്പു ചീട്ട്.
അറുത്തെടുത്ത ഒരു തലയാല്‍
അതടയുമ്പോള്‍ അവര്‍ കളി നിര്‍ത്തിയേക്കാം.
അല്ലെങ്കില്‍,
മനോഹരമായ ഉപമകള്‍ കൊണ്ട്
ഇല്ലാഗുഹകള്‍ തീര്‍ത്ത്‌
അടിയാളരിലേക്കും വാള്‍ വീശിയേക്കാം..
ഒടുവില്‍,
ഉപേക്ഷിക്കപ്പെട്ട ഒരു വാതിലിലൂടെ
അവര്‍ പ്രാചീനതയിലേക്ക് നടന്നു കയറും..
അധികാരത്തിന്‍റെ അന്ധകാരമുനകള്‍
അന്യോന്യം വെട്ടി മരിക്കുന്ന കോമരങ്ങളായി
അടര്‍ന്നു വീണു കഴിയുമ്പോള്‍,
അഹങ്ങളുടെ കിരീടവും ചെങ്കോലും
മണ്‍മറഞ്ഞു കഴിയുമ്പോള്‍,
വംശീയവാള്‍ത്തിളക്കങ്ങളില്‍
അര്‍ദ്ധപ്രാണനായി അന്തരീക്ഷത്തിലുതിര്‍ന്നു പോയ
സ്നേഹസൂക്തങ്ങള്‍ ഒന്ന് ചേര്‍ന്ന്
ഒരു പുതിയ സൃഷ്ടിയുണ്ടാകും...
അവരുടെ കൂട്ടത്തെ നമുക്ക്
"മനുഷ്യര്‍" എന്ന് വിളിക്കാം...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

സുധി അറയ്ക്കൽ said...

അങ്ങനെ ഒരു കുട്ടമുണ്ടായി അതിനെ മനുഷ്യനെന്ന് വിളിക്കാനൊക്കെ കഴിയുമോ?

സുധി അറയ്ക്കൽ said...
This comment has been removed by the author.
ajith said...

സിംഹത്തെ തോല്പിച്ച സാംസൺ ദലീലേടെ മുന്നിൽ തോറ്റുപോയി. അപ്പ ആർക്കാ കൂടുതൽ ശക്തി? സിംഹത്തിനാണോ പെണ്ണിനാണോ!!!!!!!!!!!!

Post a Comment

Related Posts Plugin for WordPress, Blogger...