RSS
Container Icon

മുട്ടുവിന്‍ തുറക്കപ്പെടും... പക്ഷെ...



പുഴയില്‍ വീണു മരിച്ച താരകം 
ആറ്റുവഞ്ചികള്‍ക്കിടയില്‍ പുനര്‍ജ്ജനിക്കുന്ന ഒരു നാള്‍
മറച്ചു വയ്ക്കുവാന്‍ ഒന്നുമില്ലാതെ വണ്ണം 
നീ നഗ്നനായിപ്പോകും.. 
കുറച്ചു കദനസൂക്തങ്ങള്‍ ഉരുവിട്ട് 
നിനക്ക് വേണമെങ്കില്‍
ഒരു വിശ്ശുദ്ധന്റെ മേലങ്കി അണിയാം.
നുണകളുടെ പെരുമഴ പോലും
വിഡ്ഢികളുടെ പുസ്തകത്തില്‍
പുതിയ ഒരു നിയമമായ്
എഴുതി ചേര്‍ക്കപ്പെടും.
സൂര്യനും ചന്ദ്രനും ഉദിക്കാത്ത ഒരു നാള്‍
ഗ്രഹങ്ങള്‍ നിനക്ക് ചുറ്റും ഭ്രമണം നടത്തും.
രക്ഷകന്‍റെ ചിരിയോടെ നീ
കാറ്റിനെ കൈവെള്ളയിലൊതുക്കും..
മഴമേഘങ്ങളെ പകുത്തു
മരുഭൂമിയില്‍ എറിയും..
ആത്മാവിന്‍റെ സ്വര്‍ണ്ണധൂളികള്‍
കാണാന്‍ അന്ധരോട് ആവശ്യപ്പെടും...
"ഞാന്‍.. ഞാന്‍ തന്നെയാണ് പരബ്രഹ്മം"
എന്ന് ഉറക്കെ പ്രഖ്യാപിക്കും..
രാശികളെ കീഴടക്കി
സ്വര്‍ഗ്ഗം വില്‍പ്പനയ്ക്ക് വയ്ക്കും..
ആര്‍ക്കും നല്‍കാത്ത ചില കുറിമാനങ്ങള്‍,
ദൈവവുമായുള്ള /ചെകുത്തനുമായുള്ള?
രഹസ്യസംവേദനങ്ങളുടെ അടയാളങ്ങള്‍,
നീ സൂക്ഷിച്ചു വയ്ക്കും.
ഇരുളില്‍ തളര്‍ന്നുറങ്ങുന്ന
ആയിരങ്ങളെ അറിയാതെ
നിന്‍റെ ആട്ടവിളക്കിനു ചുറ്റും
പലരും ഭക്തിനൃത്തം ചവിട്ടും...
വിശപ്പും ഉറക്കവും തമ്മിലുള്ള യുദ്ധത്തില്‍
മനം മടുത്ത ഒരു വൃദ്ധന്‍, അന്നും
തന്‍റെ കുടുംബവുമായി തെരുവിലേക്ക് ഇറങ്ങും..
വാതിലുകള്‍ ഇല്ലാത്ത നഗരത്തില്‍
അയാള്‍ പകച്ചു നില്‍ക്കും.
കുറുകിയ കണ്ണുകള്‍ എങ്ങിനെ
വിശാലമായ ചക്രവാളം കാണും?
ഹൃദയരക്തം നിറയ്ക്കാത്ത തൂലിക
എങ്ങിനെ വരികള്‍ക്ക് ജീവന്‍ നല്‍കും?
കാഴ്ചയുടെ അനന്തസാധ്യതകളെ
വിരലുകള്‍ വഞ്ചിക്കുക തന്നെ ചെയ്യും.
നിജമറിയും മുന്‍പ് നീ മരിച്ച പോയാല്‍
എന്നെ പഴിക്കരുത്. ..കാരണം,
മുട്ടുവാന്‍ ഈ നഗരത്തില്‍
വാതിലുകള്‍ ഇല്ല..
വാതിലുകള്‍ ഇല്ല....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

എന്നാലും നാം മുട്ടിക്കൊണ്ടേയിരിക്കുന്നു

ഡെയ്സി said...

അതങ്ങിനെ ആണല്ലോ അജിത്തേട്ടാ, കാണേണ്ടത് ദൈവത്തെയല്ലേ!!! =D

ഡെയ്സി said...

അതങ്ങിനെ ആണല്ലോ അജിത്തേട്ടാ, കാണേണ്ടത് ദൈവത്തെയല്ലേ!!! =D

Post a Comment

Related Posts Plugin for WordPress, Blogger...