RSS
Container Icon

നമ്മള്‍ കാണുമ്പോള്‍



പൂക്കള്‍ എത്ര നിഷ്കളങ്കരാണ്.. 
നിരുപാധികമായ ആ സ്വീകാര്യത, 
അതെത്ര വശ്യമാണ്.. 
ഉരഗവേഗങ്ങളില്‍ ഒരു 
ഊഷ്മളഹൃദയത്തിന്‍റെ സൌന്ദര്യമാണ്, 
മൃദുലവികാരങ്ങളുടെ 
നിധിനിലവറവാതിലുകള്‍ തുറക്കുന്ന 
മന്ത്രങ്ങളാണ്.. 
സ്നേഹശയ്യയില്‍ എമ്പാടും വിതറിയ 
ചിത്രവര്‍ണ്ണങ്ങളാണ്. 
മഞ്ഞില്‍ തണുത്തു വിറച്ചുറങ്ങവേ 
മുഖത്തു വീഴുന്ന 
തണുത്ത വെള്ളത്തിലുണര്‍ന്നു 
മടിയാതെ ചിരിക്കുന്നവരാണ്.. 
മടുപ്പിക്കുന്ന മനുഷ്യ 
മാലിന്യങ്ങളണിഞ്ഞും 
സുഗന്ധികളായവരാണ്..

ഞെരിച്ചും കൊരുത്തും 
സങ്കരങ്ങള്‍ക്കായ് ഉടലറുത്തും 
പകുത്തുമിതെത്ര വട്ടം.. 
പതിവായുള്ള ചിരിയില്‍ 
പറയാത്തത് ഇനിയുമെത്ര...! 

കണ്ടെത്തിയാല്‍ 
ഞാന്‍ ഒരു വനപുഷ്പമാണ്.. 
ചെണ്ടുകള്‍ തീര്‍ക്കാന്‍ 
എന്നെ തിരഞ്ഞാരുമണഞ്ഞില്ലിത് വരെ.. 
ഏവര്‍ക്കും വേണ്ടത് 
ഒരു രക്തപനിനീര്‍ പുഷ്പം തന്നെയാവും .. 
പ്രിയനേ.. പ്രണയഗാനങ്ങള്‍ 
എനിക്കായ് എഴുതപ്പെടുമ്പോള്‍ 
ഞാനും പുഷ്പിക്കും... 
ശാഖികള്‍ നിറഞ്ഞ്... 
കാടിനെയും 
കാറ്റിനെയുമുന്മത്തരാക്കി.. 
വര്‍ണ്ണാന്ധത ബാധിച്ച നീ 
എങ്ങിനെ എന്നെ തിരിച്ചറിയും 
എന്നതാണ് ഇപ്പോഴെന്‍റെ ശങ്ക.. 
എന്നിലേക്കെത്തുവാന്‍ 
നിന്‍റെ നാസികത്തുമ്പ് 
ഏതെല്ലാം പൂക്കളില്‍ സുഗന്ധം തിരയും... 
കാട് കേറുമ്പോള്‍ നീ 
കാറ്റിനെ മാത്രം അഭയം പ്രാപിക്കുക... 
ഞാന്‍ തളര്‍ന്നു തളര്‍ന്നു 
കാറ്റിലലിയും മുന്‍പേ 
കണ്ടെത്തുക...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

സുധി അറയ്ക്കൽ said...

കൊള്ളാം.കാറ്റിലലിയും മുൻപേ കണ്ടെത്തട്ടെ!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയനേ.. പ്രണയഗാനങ്ങള്‍
എനിക്കായ് എഴുതപ്പെടുമ്പോള്‍
ഞാനും പുഷ്പിക്കും...
ശാഖികള്‍ നിറഞ്ഞ്...

Post a Comment

Related Posts Plugin for WordPress, Blogger...