RSS
Container Icon

എകാകി





വിടര്‍ന്ന മിഴികളില്‍
പുഞ്ചിരിതൂകും സ്വപങ്ങള്‍ തന്‍-
മര്‍മ്മരം മടുത്തൊരെന്‍ ജനലോരം
തേടിടുന്ന മൗനമേ !
മിഴിനീരകന്ന പ്രാണനിലെ
വിരഹത്തിന്‍ തേങ്ങലുകള്‍-
നിലയ്ക്കാത്ത ഹൃദയത്തിന്‍ ‍
പിടച്ചിലൊന്നു കാണുമോ നീ?
വരികളില്ലാത്ത പാട്ടിന്റെ -
വിതുമ്പുമീണത്തില്‍ കാറ്റിന്-
സിരകള്‍ തീര്‍ത്ത നൊമ്പര,
മഴയുമിന്നു വ്യര്‍ത്ഥമോ ?
നിദ്ര മറന്ന മിഴികള്‍ ‍
ഉതിര്‍ത്ത വ്യഥകളെ ‍
ഒറ്റച്ചരടില്‍ ബന്ധിച്ച പ്രണയമേ
നിന്റെ പേരോ ദുഃഖം ?!!!.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അളവറ്റ സ്നേഹം




ഓടികിതച്ച് വിയര്ത്തുവന്നൊരു ദിനം 
മറുപടിയില്ലാതെ പടിവാതില്‍ തൊട്ടുപോകെ,
സദാ ധ്യാനിച്ചിരുന്നൊരാത്മാവ്, 
ഇന്നും മൌനത്തിലാണ് !!
വിതുമ്പും നൊമ്പരങ്ങള്‍ നിന്‍ നെഞ്ചകം എല്ക്കെ-
ഒന്നു തലോടിയ മാത്രയിലിറ്റ് വീഴും കണ്ണുനീര്‍ -
കരഞ്ഞുറങ്ങവെയൊന്നു പിടയുന്നു,
ഞാന്‍ നിനക്ക് ആരെന്ന് ?
മഞ്ഞു പെയ്യുന്ന മലകള്‍ മൂടിയ താഴ്വാരങ്ങള്‍ -
കടും വെളിച്ചത്തില്‍ കണ്ണു പൊള്ളിക്കെ
മതിയാവാതെ പോയ ഒരു ഉത്തരത്തിന്നായ്,
വലിയ വാക്കുകള്‍ തിരഞ്ഞ് നീയെന്‍
നെറുകയില്‍ പടര്‍ത്തിയ കുങ്കുമ-
ചുവപ്പില്‍ വിടര്‍ന്ന വദനം മറച്ച്,
പിന്നെയുമൊരു മറുപടിക്ക് കാതോര്‍ത്തോ !!
ആലിപ്പഴം പൊഴിച്ചതും ദേവദാരു പൂത്തതും
ഇന്നും ഇന്നലേയുമെന്നപോലെ-
ഋതു മറന്നു ചോദ്യമുയര്‍ക്കുമൊരു കഥയില്‍
നീയെന്റെ സ്നേഹത്തെ വരച്ചു തുടങ്ങി!
ഒടുവില്‍, നമ്മുടെ നിയോഗം ഒന്നു ചേര്‍ന്ന,
പുഞ്ചിരിയില്‍ യാത്ര തുടരെ
നിരന്തരം അറിഞ്ഞ സ്നേഹത്തിന്നളവുകോല്‍
അതിന്നാഴം തിരഞ്ഞെന്നെ അസ്വസ്ഥമാക്കുന്നു !!!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നവവര്ഷം*




ഒരു യാത്രയുടെ അന്ത്യത്തില്‍ 
നിന്നെ ഈ വിധം കാണുക-
ദുഖമാണ്.
ഒരാണ്ടിന്റെ തീര്‍പ്പുകള്‍ക്കൊടുവില്‍ 
തളര്‍ന്ന നിന്നില്‍, 
മരിച്ചു മറഞ്ഞൊരാ വെണ്‍താരകങ്ങളും, 
നിനവിലെ വസന്തം വെണ്ണീറാക്കിയ മധുരസ്മൃതികളും
പന്ത്രണ്ടു ദളമുള്ള പൂവില്‍ -
കൊഴിഞ്ഞു വീണൊരു ഓര്‍മയാവുന്നു.
നിഷ്ക്രിയരുടെ മൌനത്തിന്നിടയിലും,
അനുചിതമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും,
നര വീഴാത്ത സ്വപ്നങ്ങളുടെ നിറവില്‍
യുവത്വത്തിന്റെ പ്രസരിപ്പിനാല്‍,
തേജസ്സുള്ള നിന്റെ പ്രതീക്ഷകള്‍
ഈ ലോകത്തെ വീണ്ടും നയിക്കട്ടെ

നിനക്കായ്....
വിരുന്നുശാലകള് ഒരുങ്ങുന്നു....
പൊന്നിന്‍ പാദസരങ്ങള്‍ ചിരിക്കുന്നു .....
കത്തുന്ന കരള്‍പൂവിന്‍ മണമുയരുന്നു.....
ഇവിടെങ്ങും കാലിടറാതെ,പുത്തന്‍ പ്രതീക്ഷകള്‍
ഒരു നവ വര്‌ഷത്തിനായ് ആര്‍പ്പുവിളിക്കുന്നു.....
എങ്കില്‍, ഞാനും ചേരട്ടെ നിന്നോടൊപ്പം,
നിറമുള്ള സ്വപ്‌നങ്ങളില്‍,
ഒരു ചുവന്ന പനിനീര്‌പൂവുമായ്.....

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍ !!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്വപ്നവീഥി






വിട പറയുന്ന സൂര്യന്റെ തളര്ന്ന രശ്മികള്‍
ചൂഴ്ന്നിറങ്ങിയൊരു പകലന്തിയിലാണ്
ഞാന്‍ നിന്നെ തിരഞ്ഞിറങ്ങിയത്.
ഉയിര്‍ക്കുന്ന ഓര്‍മകളിലമരുന്ന-
നെടുവീപ്പുകള്‍ കണക്കെ തിരകള്‍-
പിന്‍വാങ്ങുന്ന കടലിന്റെ മനസ്സുമായി.
ഈ തീരങ്ങളിഴചേര്‍ത്ത കാല്‍പ്പാടുകള്‍-
നിന്റെതാണെന്ന് ഞാനറിയുന്നു
കൂടണയാത്ത ചെറുകിളികള്‍ കൂട്ടം-
കൂട്ടമായ്‌ ആകാശത്ത് വട്ടമിട്ടു നീങ്ങുന്നു
ഒരു കാറ്റില്‍ ആടിയുലയാത്ത
പ്രളയം തൊട്ടു തകര്‍ക്കാത്ത
ഒരു കൊച്ചുപ്രതീക്ഷയുടെ നാളം-
തിരഞ്ഞുള്ളയീ ഉയര്‍ന്നു പറക്കല്‍
മുറിവേറ്റ മനസ്സിന്നാഴങ്ങളില്‍ പതിക്കെ
വിദൂരങ്ങളില്‍ വലിച്ചെറിഞ്ഞ നമ്മുടെ സ്വപ്നങ്ങള്‍-
യാത്രാമൊഴിയെകാതെ ഒന്നിച്ചു കൂടണയാന്‍-
പുതിയൊരാകാശം തിരയുന്നു.
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"മുദ്ര വച്ച നീരുറവ"




ഒരു ഡിസംബറിന്റെ കുളിരിലാണ്
എന്റെ പ്രണയമെന്നെ തിരഞ്ഞെത്തിയത് .
വെളുത്ത പൂക്കളില്‍  ചുവന്ന അക്ഷരങ്ങളാല്‍,
പറയാതെ പറഞ്ഞ ഇഷ്ട്ടം.

തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
പ്രണയപര്‌വത്തിന്നേകാന്തതയില്‍-
ദിവാസ്വപ്നങ്ങള്‍ പുഞ്ചിരി തൂവിയതുമന്നാണ്.

തിളങ്ങിതുളുമ്പും അരുവികളും
പാദസരം കിലുക്കിയുണര്ത്തിയ പുല്‍ക്കൊടിയും
തഴുകിതലോടിയ തെന്നലും തപ്തമായ എന്റെ-
ഹൃദയം തൊട്ടൊരു പ്രേമകാവ്യം രചിച്ചതുമന്നാണ്.

കുറുനിരകൊണ്ട് കവിള്‍ത്തടം  ചുവന്നതും
തേന്‍കുടം ഉടച്ചിട്ട സ്നേഹമന്ത്രങ്ങളാല്‍-
മിഴിപൂക്കള്‍ മറന്ന ചിത്രശലഭങ്ങള്‍,
ഹരിതശയ്യയില്‍ വീണമര്‌ന്നതുമന്നാണ്.

സ്നേഹാകുലയായ് അലിഞ്ഞുതീരുമാ മഞ്ഞിന്റെ-
തീരത്ത് ഞാനൊരു മണവാട്ടിയായി.
പ്രേമമുണര്ത്തിയ  മോതിരവിരലില്‍
ഒരു തരി മഞ്ഞിനാലവന്‍ ‍ മുദ്ര വച്ചതുമന്നാണ്.




  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"വീണ്ടും ഒരു ക്രിസ്തുമസ് "




തെരുവില്‍ പലവര്‍ണ്ണങ്ങളിലുള്ള-
നക്ഷത്രങ്ങള്‍ തിളങ്ങുമ്പോള്‍-
കരഞ്ഞുകലങ്ങിയ ആ കുഞ്ഞു-
കണ്ണുകളെനിക്കു കാണാം.

മദ്യത്തില്‍ മുങ്ങിയ ആഘോഷങ്ങളില്‍-
കലഹം വഴി ദുഖത്തിലാഴുന്ന മനസ്സുകള്‍.
അല്ലലില്‍ ആശകള്‍ പടിയിറങ്ങുന്ന പുലരികളില്‍,
ക്രിസ്തുമസ് കെട്ടടങ്ങുന്ന കുടുംബങ്ങള്‍!.

പാതിരാകുര്‍ബാനകളില്‍ കുഞ്ഞീശോയോടൊപ്പം,
ജനിക്കുന്ന പ്രതീക്ഷകളും പ്രാര്‍ഥനകളും
അവളോടൊപ്പം കാത്തിരുന്ന
കണ്ണുനീരൊഴിഞ്ഞ ഒരു ക്രിസ്തുമസ്!

അയല്‍വീട്ടിലെ നക്ഷ്ത്രവിളക്കില്‍-
കണ്ണുനട്ടിരിക്കുന്ന അവളില്‍
ക്രിസ്തുമസ് ഒരുക്കങ്ങള്‍ ഇന്നും
തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അമ്മമനസ്സ്



ഒരു കവിതയുണ്ടെന്റെ മനസ്സില്‍
അറിഞ്ഞു തുടങ്ങിയപ്പോള്‍ കാണാന്‍ മറന്നതും 
അറിഞ്ഞപ്പോള്‍ എഴുതിപ്പിടഞ്ഞതും 
അമ്മയെന്ന നിത്യ സത്യം 

യൗവ്വനത്തില്‍  അരുതുകള്‍-
അറിവാക്കി പിന്തുടര്‍ന്ന ശബ്ദം.
ആ അരുതിന്നാകുലതയില്‍-
വെറുപ്പ്‌ നീട്ടിയെറിഞ്ഞതെന്‍ വിഡ്ഢിപ്രായം

പ്രാര്‍ഥനാശീലുകളാല്‍  പൊതിഞ്ഞ മാറില്‍ നിന്നും
എന്നിലേക്കുള്ള വളര്‍ച്ചയില്‍,‍
ഒരു പോരാട്ടത്തിന്റെ മറവ്,അവിടെ
പരിഭവം വിളര്‍ത്തു നിന്ന തുറന്ന സ്നേഹം

വേറിട്ട ബന്ധങ്ങളില്‍ തട്ടിതടഞ്ഞപ്പോഴെല്ലാം
വാക്കുകള്‍ നിറഞ്ഞൊഴുകും മുന്നേ
കണ്ണീരൊപ്പി ചേര്‍ത്തെന്നെയെന്നും
ആശ്വസിപ്പിച്ചൊരാശാ കിരണം

പെണ്ണിന്റെ പൂര്‍ണ്ണതയില്‍-
ഞാനുമൊരു അമ്മയായപ്പോള്‍
നുറുങ്ങിയ വേദനകള്‍ ഒരു ചുമല്‍ തേടവേ,
ഇടറാതെയെന്നെ കാത്ത ആശ്രയം

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍-
ഒരായിരം തിരുത്തലുകള്‍ക്കിടയില്‍,
തിരുത്തപ്പെടാതെ ഒന്ന് വേണം,
എന്റെ അമ്മ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...