RSS
Container Icon

ഈ ശിശിരമെൻ പ്രണയം



ചിരിച്ചു തീരും മുന്നേ 
കരയിക്കുന്നൊരു 
പ്രണയമാണെന്നെ നയിച്ചിരുന്നത് 
വിശ്രമിക്കാൻ മടിച്ചോടിയെത്തിയ 
ഉറക്കത്തിനുനേരെ തിരിച്ച 
അവന്റെ മുഖം എനിക്ക്,
സുപരിചിതമായിരുന്നു

സ്നേഹത്തിന്റെ നിറമുള്ള
കണ്ണുകൾക്കിന്നും
രാത്രിയുടെ ഭംഗിയുണ്ട്
പക്ഷെ,
ഇരുളുമറിയാ ആഴങ്ങളിലേക്കിറങ്ങി
വീര്പ്പുമുട്ടിക്കുമവയുടെ കുസൃതി
മോഷ്ടിച്ചതാരാണ് ?
കാലം തുഴയെറിഞ്ഞതിന്‍ ബാക്കിപത്രം പോലെ
ഉയര്ന്ന നെറ്റിയിൽ വെള്ളിനൂലുകൾ
വീണു കിടക്കുന്നു

അവന്റെ
ഇരിപ്പിടത്തിന്നൊരു കോണിൽ
നോവുന്ന ശൂന്യതയിലേക്ക്
സൂര്യന്റെ ചിരിയേറ്റു നിലം പതിക്കുന്ന
ചുവന്ന ഞരമ്പുള്ള
മഞ്ഞ ഇലകൾ

അവനിലൊരു ചിരിയുണ്ടായിരുന്നുവോ?
ഇതാവാം അവൻ പറഞ്ഞത് ,
ഒരു ലോകവും നിന്നേക്കാൾ വലുതല്ല
നിന്നിലേക്കുള്ള വഴിയിലൂടലക്ഷ്യമായി പാഞ്ഞ്
ഇനിയൊരു തകര്‍ന്ന സ്വപ്നമാകും മുന്നേ,
നിന്റെ ശരീരം കടന്ന് ആത്മാവിലേക്ക് ..............

ആയുസ്സിനു
കാലം നല്‍കിയ കണക്കുകള്‍ തിരുത്തി
ഒരു പുതു ജീവനിലേക്കെന്നപോലെ
ഇടയ്ക്കിടെ ഊർന്നു വീഴുന്ന ഇലകൾ
ആ നെഞ്ചോട് ചേരുന്നത്
സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നാളെയുടെ നാള്‍ വഴിയെ





ഒരു ശോകഗാനത്തിൻറെ
ഈരടികളിൽ പുതച്ചുറങ്ങുന്ന
ഈ ഇരുട്ടിൽ ലയിക്കുമ്പോഴാണ്
പിരിയാൻ മടിച്ചെന്നോട്
പിണങ്ങി നിന്നയീ  ദിനത്തെ
ഞാനിഷ്ട്പ്പെട്ട് പോവുന്നത്

വീണ്ടുമൊരു തിരിച്ചു പോക്ക്
പലകുറി മിഴിയിലും
മനസ്സിലും പതിഞ്ഞ
ഈ രംഗങ്ങളിൽ
നീ മാത്രം എങ്ങിനെയാണ്‌
അപരിചിതമാം വിധം
വ്യത്യസ്തനാകുന്നത്

ഇന്നിന്‍റെ പുതപ്പില്‍
നാളെയിലേക്കുറങ്ങുന്ന കണ്‍കളിൽ
പേര് മറന്നു പോയ
അനേകനക്ഷത്രങ്ങൾ,
നിറഞ്ഞ മൌനം പോലെ
നാളെയുടെ ഏടുകളില്‍










  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അഴക്





സ്വപ്നത്തിലെന്നപോൽ
ഒടുക്കം കണ്ടെത്തിയതാണ് നിന്നെ.
പാഴ്വള്ളികൾ ചുറ്റിവരിഞ്ഞ്
പടര്‍ന്നൊരീ പൊറ്റയിൽ
കുപ്പിവള ചീളുകള്‍ക്കിടയിൽ
എന്നെ നീ പ്രതീക്ഷിച്ചിരുന്നുവോ???

അറിഞ്ഞിരുന്നില്ല
നിന്റെ കാത്തിരിപ്പിന്റെ
എണ്ണമറ്റ ദിനരാത്രങ്ങള്‍
അതാവാം ഒരു നോക്കിൽ,
ഞാനൊന്നു   തൊട്ട മാത്രയിൽ
കനത്ത മേഘം കിലുങ്ങി
പരിഭവനാളമേറ്റുലഞ്ഞടര്‍ന്നു
വീണിതിതളുകൾ
എന്നെ അമ്പരിപ്പിച്ചത്!!!    

തെളിഞ്ഞ സിരകളിൽ
നിന്റെ നിശ്വാസതാളം,
എന്റെ ചുണ്ടുകളുടെ ദാഹമറിയവേ
ഒരു തുമ്പി പോൽ പാറുന്നു പിന്നെയും
ആ നിമിഷത്തിന്റെ പതർച്ചയിൽ
വസന്തമായ്‌ നീ തഴുകിയോ
ഞാനുണർന്നു നിത്യസുഗന്ധിയായത്???



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സൗഹൃദങ്ങൾ വിൽപ്പനയ്ക്ക്




ഇപ്പോൾ,
സൗന്ദര്യം ഒട്ടുമില്ല പോലും.....
പൊയ്മുഖങ്ങളുടെ
പൊരുളറിയാപ്പൊയ്കയിൽ
മനസ്സ് മുങ്ങിപ്പൊങ്ങുന്നത്  കണ്ട്
വെറുതെ കരയുന്നതെന്തേ ?

കറുത്തതെന്തോ
അത്, കരൾ ആണെന്നും
ചുവന്ന ചായം പുരട്ടിയ വാക്കുകൾ
കോടിയൊതുങ്ങുന്നതൊരു
ചിരിയിലേക്കെന്നും
തലങ്ങും വിലങ്ങും
തളച്ചിട്ട മഞ്ഞ തലകൾ
പറയാതെ പറയുന്നുവത്രേ ....

കഥയറിയാതെ കാതോർത്തെന്നോ
ഒരു നോക്കിൽ മൊട്ടിട്ട്
മറു നാളിൽ വില പേശും
കയ്ക്കുന്ന കപട സൗഹൃദം
മുഖപുസ്തക കൽബെഞ്ചുകളിൽ
മൊത്തമായും ചില്ലറയായും
വില്പ്പനയ്ക്കെന്ന് ......



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മോഹശലഭം


ഇതാ
പകലുകൾ പിൻവാങ്ങുന്നു
തണുത്ത കാറ്റിനകമ്പടിയായ്
എത്ര കാലടികളാണ് കടന്നുപോവുന്നത്
ഇന്നലെയും നീ പറഞ്ഞു
ഒരു സായാഹ്നം
എന്നിലൂടെ നടന്നു നീങ്ങണമെന്ന്
ആ മോഹത്തിൻ കൈപിടിച്ച്
ഞാനെത്ര ദൂരം
പിന്നിട്ടെന്നോ !

നഷ്ടമായൊരു പകലറുതിയുടെ
വ്യഥയുണ്ട് ഈ കാറ്റിനു
എവിടേക്കെന്നില്ലാതെ  തൊടുത്തു
താളം തെറ്റി തകർന്ന
ഒരു വിരസയാത്ര !

ഈ ദിവസങ്ങളിൽ
നിഴൽ പകുത്ത മോഹവീഥിയിലൂടെ
നിനക്കൊപ്പം നിലം തൊടാൻ
നിനച്ചയീ സ്വപ്‌നങ്ങൾ
പരിഭവച്ചരടിലെന്നെയും കൊരുത്ത്
നിന്നിലേക്ക് പറക്കുന്നു



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദേവപഥം



അറിഞ്ഞിരുന്നില്ല,
നിൻ മിഴിയൊളി കണവുമായ്‌
വഴി പിരിയവേ,  
നമ്മുടെ സമാന്തര പാതകൾ
ഒരനിശ്ചിത  ബിന്ദുവിൽ
ഒന്ന് ചേരുമെന്ന്!

എത്ര തടുത്താലും
നീ എന്നരികിലെത്തുമെന്ന്
അകലങ്ങളിൽ നിന്നും
ഒഴുകിയെത്തി
നിനയാതെയെന്നെ തൊട്ടുണർത്തുമെന്ന്

എന്നിലൂടെ,
നീ കടന്നുപോയ യുഗങ്ങളിൽ
ഓരോ മനോഹര പ്രഭാതത്തിലും
വെള്ളികെട്ടിയ മേഘക്കീറിൽ
വിസ്മയത്തിൻ വെളുപ്പുണ്ടായിരുന്നു!

ഏകാന്തതയിൽ,
നീ ചിലപ്പോൾ
എന്റെ കണ്ണുകളോട് മത്സരിക്കാറുണ്ട്
അസ്വസ്ഥനായ ഒരു പോരാളിയെ പോലെ.
നീയറിയുന്നുവോ,
നിനക്ക് ജയിക്കാനായി
ഞാനിപ്പോൾ
ഇരുട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിഴല്‍ക്കാഴ്ച്ച



വേര്‍പിരിയാനാവാത്ത വിധം അടുത്തെങ്കിലും
സ്നേഹിക്കപെടുന്ന നിമിഷങ്ങളുടെ ധാരാളിത്തം
കേള്‍ക്കാതെ പോകുന്ന സൗഹൃദത്തിന്‍റെ
അവസാന നിസ്വനങ്ങള്‍
പെയ്തൊഴിഞ്ഞ വേനല്‍മഴ പോലെ
അറിഞ്ഞും അറിയാതെ..

വാക്കുകള്‍ വരച്ചിടുന്ന അറിയാ വഴികള്‍
യൌവനത്തിന്റെ യാത്രകളിലെ
അരുതുകളുടെ അതിരുകളില്‍
നിന്നിലേയ്ക്ക് തല ചായ്ച്ച്
പലവട്ടം കയറുവാനാഞ്ഞ
ശൂന്യതയുടെ ചവിട്ടു പടികള്‍..

നനഞ്ഞ തീരങ്ങളില്‍
തിരയെടുത്ത ചുവപ്പില്‍
നിലാവ് ചാലിച്ച സന്ധ്യകള്‍
എന്നിലേക്കും പിന്നെ നിന്നിലേക്കും
പറന്നു വീഴുന്ന നേരമൊക്കെയും
നിലയ്ക്കാതെ നിന്റെ വിരലുകള്‍...

പിന്നെ ഏതോ യാമത്തില്‍
നിനക്ക് രൂപമില്ലെന്നും
ച്യുതിയുടെ നിഴലില്‍
മറഞ്ഞിരിക്കുന്ന എന്റെ ഹൃദയം
തിരിച്ചറിയുന്നുവെങ്കിലും
നീ എന്നെയും ഞാന്‍ നിന്നെയും
തിരഞ്ഞു കൊണ്ടേയിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...