RSS
Container Icon

മണലാരണ്യത്തിലെ മഴവിരലുകള്‍



എത്ര തനിച്ചാണിന്നു ഞാന്‍.. 
ഒരു പാട്ടിനൊടുവില്‍ 
ഈണം തെറ്റി വീണൊരു 
പാതിരാമഴയില്‍ കൊഴിഞ്ഞ 
മാമ്പൂവിന്‍ തേങ്ങലാണ് 
ഈ മുറി നിറയെ!

വിറയ്ക്കുന്ന വിരല്‍ത്തുമ്പില്‍
നിന്നൂര്‍ന്നു വീണു മരിച്ച
അനാഘ്രാത കുസുമങ്ങള്‍ക്ക്
പറഞ്ഞു തീരാത്ത കഥകളുടെ
നൊമ്പരം നെഞ്ചിലേറ്റുന്ന
ശാഖിയുടെ മിഴിനീര്‍ തര്‍പ്പണം..

മരവിക്കുന്ന തണുപ്പില്‍ ഒരു
ഊഷ്മളമൃദു സ്പര്‍ശത്തിനെ
വരവേല്‍ക്കാന്‍ കാതോര്‍ത്ത
വാതില്‍പ്പാളികള്‍ക്കിടയിലൂടെ
ഇക്കിളിയിട്ടടര്‍ന്ന പോല്‍
പാറി നിറയുന്ന മഴപ്പാറ്റകള്‍..

എന്നിലും നിന്നിലുമായി
ഏറെ പങ്കുവയ്ക്കപ്പെട്ട
കുരുന്നോര്‍മ്മകളുടെ നനവില്‍
എന്നോ അന്യമായ ഗന്ധം തേടുന്നു
ഇന്നുമോരോ മഴവിരലും
ഈ മണല്‍ക്കാട്ടില്‍ പോലും ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഓര്‍മ്മയുടെ പടവുകള്‍




ഹൃദയം പിടയുമ്പോള്‍ മാത്രം 

ഉതിരുന്ന ചില സ്ഫടിക ചിരികളുണ്ട്; 
തിരികെ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ 
മാത്രമാവണം ചില 
നോവുകളുടെ ഉയരമറിയുന്നത്!

ഇടയ്ക്കിടെ 
കണ്ണാടി നോക്കി മിനുക്കി,
ചുംബിച്ച് മുഖം മൂടി അണിയിക്കുന്ന
ഭൂതകാലത്തിന്‍ പരിചിത പടവുകള്‍
ഓര്‍മ്മിപ്പിക്കുന്നതാവണം
നിന്റെ മനസ്സ്!
വന്ന വഴിയെ,
വ്യര്‍ത്ഥം ഓടിക്കയറുന്ന
ഭ്രാന്താവണം ചിന്തകള്‍!
ശ്വസിക്കുമ്പോള്‍ കത്തിപ്പടരുന്ന
ലഹരിയുടെ താഴ്‌വരയില്‍
മുന്തിരിവള്ളികള്‍ ചുരത്തുന്ന
വീഞ്ഞാവണം നീ!
മനപൂര്‍വ്വം ധിക്കരിച്ച്
നിന്നില്‍ നൃത്തം ചെയ്തു മദിക്കുന്ന
ചിലങ്കയിട്ട കാവ്യശില്‍പം
മാത്രമാവണം ഈ ക്ഷണികജീവിതം !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിലാക്കുറുമ്പി




ചിന്തകളും സ്വപ്നങ്ങളും 

ഒന്നിച്ചൊരു പൂവായ്‌ വിടരില്ലെന്ന്
അറിയുമ്പോഴും , 
ആശകളത്രയും 
നിശബ്ദതയുടെ ഇതളുകളില്‍

മായ്ച്ചു മായ്ച്ചെഴുതി 
നീറിക്കരഞ്ഞൊരു
പേരറിയാപ്പൂവ്..

വ്യഥയുടെ വേലിപ്പടര്‍പ്പില്‍
പരിഭവ പടവുകള്‍
ഒന്നൊന്നായ് ഇറങ്ങിയ വെളിച്ചം,
അവളെ തഴുകവേ
ഒരു ചിത്രശലഭം പോലുയിര്‍ത്ത്
പിന്നെ ചിറകൊതുക്കി
വീണ്ടും തിരഞ്ഞെത്തിയ
അതിഥിയുടെ മാറോടണഞ്ഞു..

കതിരവവിരലുകളവളെ
നിലാവിന്നിഴ ചേര്‍ത്ത
പുതപ്പാല്‍ മൂടി
ഹൃദയത്താല്‍ വിളിച്ചു
അര്‍ത്ഥമറിയാപ്പൂവേ,
നീ "നിലാക്കുറുമ്പി!"

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഈയാംപാറ്റകള്‍

എത്ര നിറങ്ങളാണീ
പ്രണയത്തിന്
പുലര്‍വെട്ടം തഴുകിയെന്‍ 
മനസ്സുണര്‍ന്നപ്പോള്‍ 
നിന്നെ മഴവില്ലെന്ന്‍
വിളിക്കണമെന്ന് തോന്നി! 
സ്നേഹിക്കപ്പെട്ട
നിമിഷങ്ങളിലൊന്നില്‍
പെറ്റ് പെരുകിയ
മയില്‍പ്പീലി കുഞ്ഞുങ്ങളെ
സ്വതന്ത്രമാക്കാതെ ചേര്‍ത്തുവച്ച
നിഷ്കളങ്കതയില്‍ നിന്നും
അനുയോജ്യ നിറമണിഞ്ഞു
അവസരങ്ങള്‍ക്കായ്
മനസ്സ് ഒരുങ്ങി നില്‍ക്കെ,
നിനക്കായ് തീറെഴുതിയ
ഈ ഹൃദയത്തിന്‍റെ ഇറയത്ത്‌
കണ്‍തടങ്ങളിലെ കറുപ്പിനും
നിന്റെ ചുവപ്പിനുമിടയില്‍
സ്നേഹപ്പാറ്റകള്‍ ചിരിച്ചു കൊണ്ട്
ഈ ഭൂമിയിലേക്ക്‌ പിറന്നു വീഴും!
പരസ്പരമവര്‍ ദാഹത്തോടെ
വിളിക്കും "എന്റെ വാലന്റൈന്‍!"
 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജ്വലനം,


നനഞ്ഞു കുതിര്‍ന്ന 
കൊച്ചു പിണക്കങ്ങളെ 
വീണ്ടും തൊട്ടു വിളിച്ച്
കണ്ണ്പൊത്തി, ആ കൗമാരം
ഓടിയൊളിക്കുന്നതെങ്ങോട്ടാണ്? 

സ്വപ്നങ്ങളെക്കുറിച്ച്
വാചാലമാകുമ്പോഴെല്ലാം
എന്തേ ആ കണ്ണുകളിലിത്ര വിഷാദമെന്ന്
വായിക്കാന്‍ ശ്രമിച്ചിരുന്നു.
എന്റെ തോന്നലുകളെയെല്ലാം
ഭ്രാന്തെന്നോതി തളച്ചിടുന്ന
നിന്നിലെ നിസ്സഹായത ഞാന്‍ തന്നെയോ?

കൈവെള്ളയില്‍ കോറിയിട്ട
ഏതോ അക്ഷരങ്ങളില്‍ ഒളിപ്പിച്ച
നിന്റെ ചിരിയില്‍
വേദന ചേര്‍ന്നിരുന്നു
നിന്നില്‍ നിന്നൊളിക്കുവാനോ
കണ്ണുകള്‍ ഇറുക്കിയടച്ചത്?

മുറിവേറ്റ നീര്‍ത്തുള്ളിയെ
തുടച്ചു നീക്കി
വെറുതെ നിന്നോടിനിയും
മനസ്സില്‍ വഴക്കിടുക വയ്യ !
ശബ്ദമില്ലെന്നറിഞ്ഞും
എന്താണ് ഞാന്‍
കേള്‍ക്കാന്‍ ശ്രമിക്കുന്നത്?

ഞാന്‍ എന്ത് ചെയ്യണം?
ഒരു കുറിപ്പ് പോലും
അവശേഷിപ്പിക്കാതെ,
സമാധാനത്തിന്റെ കൊമ്പില്‍
തൂങ്ങി മരിച്ച, ആ തണുത്ത
മുഖത്തെ തേടിപ്പോവണോ?

ഒരു അലസമായ തിരച്ചിലില്‍
കണ്ടെത്താതെ നഷ്ടമാക്കിയത്,
കാത്തിരുന്നു തളര്‍ന്ന വേളയില്‍
കാതുകളറിയാതെ പോയത്,
നിന്റെ പ്രേമനാദമൊളിഞ്ഞിരുന്ന
വെണ്ശംഖ് തന്നെയായിരുന്നോ??.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദിവ്യ പ്രണയം



പഴയ പുസ്തകക്കെട്ടുകളില്‍ 
വില്പ്പനക്കൊരുങ്ങിയ 
നിരയൊത്ത വരികളില്‍ 
നിര്‍മ്മലമായ നിന്റെ ഹൃദയവും, 
മോചനം നേടിയ എന്റെ 
സ്വപ്നങ്ങളും കണ്ടുമുട്ടുന്നു ....

ഞാനെഴുതുന്ന ഫലിതപംക്തിയിലെ
ആദ്യ തമാശയില്‍
നിന്റെ പേരാണ് ചേര്‍ക്കുക,
ദുരാഗ്രഹങ്ങള്‍ക്ക്‌ വില പറഞ്ഞ,
താടി വച്ച വിരഹ നായകന്‍റെ
മുഖം നിനക്ക് നന്നേ ഇണങ്ങുന്നുണ്ട്..

ഞാന്‍ നിന്നെ സ്നേഹിക്കുന്നു!
എന്റെ ആത്മാര്‍ത്ഥ
പ്രണയത്തിലേക്കുള്ള
ചിരിവഴിയില്‍
നിന്നോട് പറഞ്ഞ,
ഏറ്റവും മനോഹരമായ നുണ!
അത് കേള്‍ക്കെ ,
വസന്തനിബിഡമായ
വികാരങ്ങളില്‍ നിന്നുമുയിര്‍ത്ത്
ഒരിക്കലും നീയെന്നെ
ചുംബിക്കേണ്ടിയിരുന്നില്ല,
വളരുന്ന വര്‍ഷങ്ങള്‍
വാചാലമാക്കിയ ദിവ്യപ്രേമം
അന്യമായരോചകമായ്,
തകര്‍ന്നു വീണതന്നല്ലേ !

നീ എനിക്കാരായിരുന്നു?
സിനിമാ ഗാനരംഗങ്ങളിലെ
മരം ചുറ്റി പ്രേമി!!
ഹാ, അതാവും ഞാനിപ്പോള്‍
പാട്ടുകള്‍ പോലും വെറുക്കുന്നത്.
"നിന്നെ എനിക്കിഷ്ടമാണ്",
ഇന്നത്‌ എന്നോ കേട്ടൊരു കഥയിലെ
പ്രിയപ്പെട്ട ഒരു വരി മാത്രം,
വീണ്ടും ഒരു വേള,
അതെന്നിലേക്ക് നീളുമോയെന്നു ഭയന്ന്
കാതുകളടച്ച്, ഞാന്‍ അകന്നു നില്ക്ക്ന്നു !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്നേഹവള്ളം



ഞാന്‍ പറയട്ടെ ,
എന്നെ 
നിന്റെ ഹൃദയമെന്ന് വിളിക്കരുത്, 
കാരണം, 
മറു നിമിഷം 
അസ്ഥിരമായ ചിന്തയുടെ 
നെറുകയില്‍ ഞാന്‍ നിന്നെ
മറന്ന് വെച്ചാലോ?

ഒരു തരി വെളിച്ചത്തിൽ
മുഖം മിനുക്കും
രാത്രിയുടെ അലുക്കുകളില്‍
ഞാന്‍ മനസ്സിലാക്കി
നിന്റെ കണ്ണുകളില്‍
മാറി മാറി വരുന്ന
പകലിനും രാത്രിക്കുമാണ്
വാര്‍ദ്ധക്യം പിടിപെടുന്നതെന്ന് !

അത് പറഞ്ഞപ്പോള്‍,
എന്റെ ഭാവിയുടെ
പേരു പോലെ നീ ചിരിച്ചു ,
സ്വയമുരുകിയൊരു
തുള്ളിയായ്
ജീവിതവെളിച്ചമേകും
യൌവനമെന്നു പ്രവചിച്ചു..

ഇനി
നിനക്കെന്നെ
ഓർമ്മയെന്നു വിളിക്കാം
ചേർത്തു നിർത്താൻ തീരമില്ലാതെ
വെറുതെയൊഴുകുമൊരു
ഓര്‍മ്മ വള്ളം

അലകളിലാറാടി
നിന്നില്‍ നിന്നും
നിന്നിലേക്ക്‌
തെന്നി തെന്നി
ഒഴുകി ഒഴുകി
സ്നേഹസാഗരത്തിലേക്ക്.....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...