അകലങ്ങളില്‍ ഇരുന്നു അറിയുവാന്‍ കൊതിക്കുന്ന,
ഓര്‍മ്മകള്‍ കൊണ്ട് ആര്‍ദ്രമാക്കുന്ന ആ പ്രതിഭാസം,
അത് പരസ്പരം തിരിച്ചറിയുന്ന അത്ഭുതം..
ഒരു ചെറു ഇലയനക്കം പോലെ
ഒരു ഹൃദയമര്‍മ്മരം പോലെ
ഒരു കുളിര്‍കാറ്റു പോലെ മൃദുവെങ്കിലും
കൊതിയോടെ കാത്തിരുന്ന എന്‍റെ മനസ്സ്
അവയെ തിരിച്ചറിയുന്നുണ്ട്..
ഞാന്‍ കരുതി വച്ച,
നീ പകര്‍ന്ന ഊര്‍ജ്ജമെല്ലാം
ഏതു ചാലകത്തിലൂടെ ഞാന്‍ നിന്നിലേക്കെത്തിയ്ക്കും?
നിഷ്കളങ്കരായ എന്‍റെ സഹവര്‍ത്തികള്‍,
അറിയാതെ
ആ ഊര്‍ജ്ജസ്ഫുലിംഗങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്,
അതിശയം കൂറുന്ന ചില മിഴികളില്‍
ഞാന്‍ അത് തിരിച്ചറിയുന്നുമുണ്ട്..
ദുര്‍ബ്ബലരായ ചിലര്‍ തകര്‍ന്നകന്നു പോകും മുന്നേ
പ്രസരണനഷ്ടം കൂടാതെ നീയിതു ഏറ്റു വാങ്ങുക..
കാരണം,
സ്വന്തമെന്നു കരുതി വച്ചതെല്ലാം
വലിച്ചെറിഞ്ഞു കളയാന്‍ എന്നെ പ്രേരിപ്പിക്കുന്ന
വിപ്ളവമാണല്ലോ നീ!













