ഒന്നു നനയാന്‍ കൊതിച്ച ഓര്‍മ്മകള്‍
ആകാശത്തു ഇടിമുഴക്കം തീര്‍ക്കുമ്പോഴും
ഞാന്‍ ഉറങ്ങുക തന്നെയായിരുന്നു..
പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി
ഭൂമിയെ തൊട്ടതിന്‍ മുഴക്കമെന്നെ ഉണര്‍ത്തി...
വിരഹത്തിന്‍റെ മിന്നല്‍ വെളിച്ചമകറ്റാന്‍
ഇറുകെ അടച്ച കണ്ണുകളെ
ഒരു കുഞ്ഞു മിന്നാമിനുങ്ങിന്‍റെ
ഇത്തിരി വെട്ടം മഞ്ഞളിപ്പിച്ചു
മഴയുടെ നിലയ്ക്കാത്ത താളങ്ങള്‍
എന്‍റെ കാതുകളെ ആര്‍ദ്രമാക്കുന്നു
നിര്‍വ്വചിക്കാന്‍ കഴിയാത്ത ആ താളത്തില്‍
നിറഞ്ഞു പെയ്യുന്ന വേനല്‍ മഴയുടെ കരുത്തില്‍,
ചൂടിന്‍റെ കണികകള്‍ പൊട്ടിപ്പടരുമ്പോള്‍
ഉയരുന്നു മണ്ണിന്റെ മണം;
ഒരു സ്നേഹപരിരംഭണത്തിനായ്
നെഞ്ചു തുടിച്ചു ഞാന്‍ എഴുന്നേല്‍ക്കുകയാണ്..
മഴ കനത്തു തുടങ്ങിയിരിക്കുന്നു..
കുളിരോര്‍മ്മകളില്‍ ഒരു തലയിണയുടെ പതുപതുപ്പിനു മേല്‍
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ ഉണര്‍ന്നു തന്നെ നില്‍ക്കുന്നു...
എന്‍റെ സ്നേഹമന്ത്രണങ്ങള്‍ വരികള്‍ തീര്‍ത്ത
മഴനൂലുകള്‍ താളമിട്ട ഒരു പ്രിയരാഗം ഞാന്‍ മൂളാം.. .
കാതോര്‍ത്താല്‍ നിനക്കതു കേള്‍ക്കാം..
ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍,
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..
അകലങ്ങളില്‍,
നിന്‍റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!!













