RSS
Container Icon

മറവി മറന്നുവച്ച നീലക്കണ്ണുകള്‍



ഒടുവില്‍ ഹിമാംശു,
വിലാസവതിയായ നിശയ്ക്ക് 
പൂര്‍ണ്ണമായും കീഴടങ്ങിയിരിക്കുന്നു.. 
താരകങ്ങള്‍, തടഞ്ഞു നിര്‍ത്തിയ സുഖദനിദ്രയെ 
ആലസ്യമിഴികളാല്‍ കടാക്ഷിക്കുന്നു.. 
അഭൂതവേദനം നിന്നോര്‍മ്മകള്‍..
ഏതു നിരാശകുന്ധത്തില്‍ നിന്നുമുയിര്‍പ്പിക്കാന്‍ പോന്നത്!
കനത്ത കരങ്ങളാല്‍ കമ്പിളി പുതപ്പിച്ചു നീ 
കാതിലോതിയത്, ചുവടു തെറ്റാതെ പട വെട്ടി 
തോല്‍ക്കാനരുതാതെ തളര്‍ന്നു വീണിരുവരും ജയിച്ച, 
യുദ്ധങ്ങളുടെ കഥകള്‍.. 
കണ്ഠത്തില്‍ നിന്നുമുയരുന്ന 
രാഗത്തിന്റെ ആരോഹണാവഹരോഹണങ്ങള്‍ക്ക്, 
പിന്‍കഴുത്തില്‍ പതിയെയുരസ്സുന്ന താടിയെല്ലിന്‍റെ ചലനങ്ങള്‍ക്ക്, 
കടലിളക്കാന്‍ പോന്ന കൊടുങ്കാറ്റിന്റെ താളമായിരുന്നു.
ഇനി അരുണോദയകിരണങ്ങള്‍ 
അതിലോലം ഒരപ്സരസ്സിന്നഴകാര്‍ന്നു 
ഈ വാതായനങ്ങളിലൂടൊഴുകിയിറങ്ങിത്തുടങ്ങും...
പിന്നെ പതിവ് തന്ത്രങ്ങളുമായ് 
അവള്‍ ഈ ഇമ്പതല്‍പ്പത്തിലേക്കിഴഞ്ഞു കയറും.. 
കണ്ണടയ്ക്കാനും കരളുറങ്ങാനും മറന്നു തുടങ്ങവേ 
അധരങ്ങളില്‍ നിന്നും അവധിയെടുത്ത് പോകുന്ന 
ഓരോ ചുടുനിശ്വാസത്തിലും 
എന്റെ മുറിയിലെ അന്ധകാരത്തിന്‍റെ അതിര്‍വരമ്പുകള്‍ 
ഒന്നൊന്നായി മുറിച്ചെറിയപ്പെടും.. 
പക്ഷെ, നീ ഒരിക്കലും അറിയുകയില്ലല്ലോ 
ആ നീലക്കണ്ണുകളെ,
ഞാനെവിടെയാണ് മറച്ചു വച്ചതെന്ന്...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്‍റെ നിഴല്‍



എനിക്കുമുണ്ടൊരു നിഴല്‍ 
എന്റെ ചെയ്തികളെല്ലാമനുകരിക്കും 
എനിക്ക് സദൃശ്യയായൊരുവള്‍
എല്ലാ പുലരികളിലും 
എന്നുമെന്‍ സന്ധ്യയിലും 
എന്നിലും കിളരം പൂണ്ടു നടപ്പവള്‍ 

ഉച്ചനേരം ഉഷ്ണമുച്ചിയിലിറങ്ങവേ
ഉണ്ടാകുമൊരു കൊച്ചുകുഞ്ഞിനെപ്പോലവള്‍
അതിശയമുണ്ടിതെന്തു നിന്നിരുണ്ടമേനി
അമിതമായ് ഭയക്കുവതെന്ത് വെളിച്ചത്തെ

കുറുമ്പോടെ കറങ്ങി നടന്നീടുമെങ്കിലും
കാല്‍കളില്‍ നിന്നും പിടി വിടാറില്ലവള്‍
മറക്കാതെയെന്നുമൊരുമാത്രമുന്‍പേയെന്‍
മെത്തമേലേറി കിടക്കാറുമുണ്ടവള്‍.... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വായിക്കപ്പെടാത്തത്...



അക്ഷരങ്ങള്‍ എനിക്കായ് 
ഒരു നഷ്ടവും പേറുന്നില്ല. 
ഹൃദയത്തില്‍ കോറിയ, 
പൊള്ളിയടരുന്ന, 
നാമധേയങ്ങള്‍ ഒന്നുമില്ല ... 
ഇന്നിന് വിരഹമില്ല 
ഈ നിമിഷങ്ങളില്‍ 
എനിക്കുമാ 
മിഴികള്‍ക്കുമിടയില്‍
വെറുതെ വിങ്ങും, 
മൗനം തീര്‍ക്കുമൊരു 
മാത്രനൊമ്പരം മാത്രം..... 
മറുനിമിഷം എന്റേതെന്നു 
വിരലുകള്‍ വരച്ചിടുന്ന 
വിലോല വിസ്മയം, 
വേഗമിഴയുന്ന സമയത്തില്‍ 
വേറിടാത്ത സ്പന്ദനങ്ങള്‍ 
കേള്‍വിക്കുമപ്പുറം
നിറയുന്ന സംഗീതം, 
തുടര്‍തെന്നലായ് 
തഴുകുന്ന ജീവിതം !! 
അതെ, ഇരു ഹൃദയങ്ങള്‍ 
പങ്കുവയ്ക്കുന്നത്‌ ഇതാണ്.... 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മഴ നനഞ്ഞ മലര്‍




സാമീപ്യം കൊണ്ട് ഉച്ഛസ്ഥായിയിലാവുന്ന 
സ്പന്ദനങ്ങളുടെ താളക്കൊഴുപ്പില്‍ 
ഹൃദയങ്ങള്‍ നൃത്തമാടുന്നതും 
സ്നേഹത്തിന്‍റെ പ്രകാശവേഗങ്ങളില്‍
മിഴികള്‍ അന്ധമാകുന്നതും 
അവര്‍ക്കിടയില്‍ ഒരത്ഭുതമായിരുന്നില്ല.. 
സമാനതകളില്ലാത്ത 
സമര്‍പ്പണം മാത്രം മതിയായിരുന്നു 
എല്ലാ ആശങ്കകളെയും ദൂരീകരിക്കാന്‍.. 
അപ്പോള്‍ 
പ്രണയത്തിന്‍റെ മാലാഖമാര്‍ 
മനസ്സിന്‍റെ മണിയറവാതില്‍ മലര്‍ക്കെ തുറന്നു 
അനുഭൂതിയുടെ അനന്തവിഹായസ്സിലേക്ക്‌ 
അവരെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോകും..    
അവിടെ അവന്‍ മഴയും അവള്‍ മലരുമാവും..
കണ്ണുകള്‍ കൊണ്ട് പ്രണയിക്കാനും 
മനസ്സ് കൊണ്ട് മന്ദഹസിക്കുവാനും 
അവര്‍ പ്രതിജ്ഞയെടുക്കും.. 
ആത്മാവുകള്‍ ആവാഹിച്ച 
ഒരു ചൊരിമണല്‍ ഘടികാരത്തിനുള്ളില്‍  
അവര്‍ അവരുടെ നാഴികകളെ മറന്ന് വെക്കും.. 
സ്നേഹത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാകും.. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വെറുമൊരു സ്വപ്നജീവി




"നിന്‍റെ യുദ്ധമല്ലിത്" എന്ന് 
ഉള്ളിലിരുന്നു ആരോ പറയുന്നുണ്ട്..
ആവര്‍ത്തനങ്ങളുടെ അഗാധതകളില്‍ നിന്ന് 
ഉപരിതലത്തിന്‍റെ അപാരതയില്‍ വന്നു 
കുറച്ചു ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 
കണ്‍‌തുറന്നു നോക്കുമ്പോള്‍
ആകാശത്തിന്‍റെ ഏതു കോണിലേക്കാണ്
പറക്കേണ്ടത് എന്ന് തീരുമാനിക്കും..
എനിക്ക് ചിറകുകള്‍ ഇല്ലെന്നും
ഞാന്‍ ഒരു കുഞ്ഞു മത്സ്യമാണെന്നും
അപ്പോള്‍ ഞാന്‍ മറക്കും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഞാന്‍ =നീ ?



പിണക്കം..
തൊടിയിലെ കരിയിലക്കലപിലകളില്‍ ഞാന്‍ 
തിരഞ്ഞും കേള്‍ക്കാതെ പോകുന്ന എന്‍റെ പേര്..

മൌനം..
എന്നോ നിന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി നോക്കി 
എന്നെ കണ്ട എന്നില്‍ നഷ്ടമായ മൊഴികള്‍..

വേദന..
വിരല്‍ത്തുമ്പുകള്‍ കോറിയ ഒരു വിരസചിത്രത്തില്‍
വിരഹം മനസ്സിലവശേഷിപ്പിച്ച ഒരു ചുവന്ന വര..

കാലം..
എനിക്കും നിനക്കും മനസ്സിലാവാത്ത അളവുകോലുകള്‍
എന്തിനെന്നറിയാതെ തിട്ടപ്പെടുത്തുന്ന നാളുകള്‍..

ഞാന്‍..
ഇഷ്ടമാണെന്നും അല്ലെന്നും ചൊല്ലി നീ അടര്‍ത്തിയ
ഇതളുകള്‍ക്കൊടുവില്‍ ബാക്കിയായ ഒറ്റയിതള്‍..
നീ..
കൈ നിറയെ പൂത്ത പ്രണയപ്പൂവാകയുടെ നിഴലില്‍
കാറ്റെടുത്ത ഒരു പൂവിനെ കാത്തു നില്‍ക്കുന്നവന്‍..

ഞാന്‍..
ഇരുളിന്‍റെ മറവില്‍ പുഴയിലേക്ക് അലിയാന്‍
ഇന്ദ്രിയങ്ങളെയൊരുക്കി എന്നും കാത്തിരുന്നവള്‍..
നീ..
ഒരു ചേമ്പിലക്കുമ്പിളില്‍ പ്രിയമോടെ തടഞ്ഞു നിര്‍ത്തി
ഒരു വെയില്‍നാളത്താല്‍ എന്നില്‍ തിളക്കം നിറച്ചവന്‍..

ഞാന്‍..
ഒടുവിലെ മെഴുകുതിരിയില്‍ നിന്നുരുകിയ തുള്ളികളില്‍
ഒരിറ്റു മിഴിനീര്‍ കലര്‍ത്തി നിന്നെ കുളിര്‍പ്പിച്ചവള്‍..
നീ..
പതറാത്ത ചുവടുകള്‍ വച്ചു എന്നെ നെഞ്ചോടു ചേര്‍ത്തു
പതിയെ പുലരിവെളിച്ചത്തിലേക്ക് നടന്നു കയറിയവന്‍..

ഞാനും നീയും..
പരശ്ശതം ബിംബങ്ങളില്‍ കാലാതീതം പ്രേമത്തിന്‍റെ
പരസ്പര പൂരകങ്ങള്‍ ആയി നിലകൊള്ളേണ്ടവര്‍ 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

“ഇത് എന്‍റെ മഴ – നിനക്കായ്”





ഓരോ മഴയും  നിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്
ആ ഓര്‍മ്മകളില്‍ ഒരായിരം കിളിനോവുകളില്‍ 

അനസ്യൂതം എന്നെ ആഗിരണം ചെയ്യുന്ന 
ഈ മഴത്തുള്ളികളില്‍... 
ഇടയ്ക്കിടെ, നനഞ്ഞൊട്ടിയ ചിറകുകളില്‍
പ്രിയമുള്ള ഒരു കൊക്കുരുമ്മുന്ന സുഖം!!
എനിക്ക് ചുറ്റും കനത്ത
നിശ്ശൂന്യ നിശബ്ദത
നീ കൊണ്ട് വന്നത്
നിനക്കായ് പൊഴിച്ചെങ്ങോ നഷ്ടമായെന്നു
ഞാന്‍ കരുതിയൊരു വര്‍ണ്ണത്തൂവല്‍!!
അറിയാമെനിക്കു...
നിനക്ക് കൂട്ടിനു കന്യയാം മരുഭൂമിയും
പതിതയാം കടലും തപ്തനിശ്വാസങ്ങളും ഉണ്ടെന്ന്..
മുറിയാത്ത മഴനൂലുകളില്‍ 
ഞാന്‍ കൊരുത്ത് അയച്ചോരീറന്‍ കൊഞ്ചലുകള്‍
നിന്‍റെ മാനം കുലുക്കി മനസ്സുലച്ച്
പെയ്യട്ടെ വിരഹമഴയായ്!!
ആ മഴയില്‍, ഇലഭാരത്തില്‍ 
കുനിഞ്ഞ് പോയൊരു ചില്ലയുടെ തുമ്പത്തെ
ഇത്തിരിപ്പൂവിന്റെ നെഞ്ചില്‍
കരുതി വയ്ക്കാം നിനക്കായ്
എന്റെ മഴ..
പ്രണയം ചിതറുന്ന തൂലികത്തുള്ളികളില്‍
നിന്‍ മിഴിയൊളി തെളിയിക്കുന്ന ഓര്‍മ്മവില്ല്!!
ഊഷരതയിലും വസന്തം വിരിയിക്കുന്ന
നിന്‍റെ മായാജാലം.. 
അതിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്
പ്രാണന്‍ കൊളുത്തുന്ന വേദനയിലാണ്
നിന്‍റെ വാക്കുകള്‍ അപൂര്‍ണ്ണമാകുന്നതും
എന്നിലേതോ ആഴങ്ങളിലേക്ക്
ഒരു അശ്രവ്യ മുഴക്കമായ്
അതലിഞ്ഞു പോകുന്നതും!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...