RSS
Container Icon

വഴി മറന്ന വസന്തം




കുസൃതിയാമൊരു ചിത്രശലഭത്തെപ്പോല്‍ പാറിയിരുന്നു മനസ്സ്. 
വസന്തം അതിന്‍റെ പൂവല്‍ക്കിടക്കയില്‍ നിന്നുമെന്നെ ഉണര്‍ത്തി ആനയിച്ചതാ  നൃത്തവേദിയിലേക്ക്.. 
കിളികള്‍ പിന്നണി പാടി രജനി തിരശ്ശീല നീക്കി ഇനി ആടാതെ വയ്യ.. 
ഇന്ന്, 
വയലില്ല വേലയുമില്ലയെങ്കിലും വറുതിയില്ലെനിക്ക് വസന്തമേ വാക്കുകള്‍ തരിക നീ.. 
എഴുതാം പ്രകൃതിയിലലിഞ്ഞു മറഞ്ഞു പോകേണമെനിക്ക് എടുത്തു കൊള്‍കെന്നെ 
ചിതറിയോടുമീ അക്ഷരക്കൂട്ടങ്ങളെ നിന്നേഴു നിറങ്ങളും നിറച്ചു നിരത്തൂ നല്‍വാക്കുകള്‍ ആയെന്നെ.. 
നിനക്ക് മാത്രമിരു മറന്ന വാക്കുകള്‍ ഒതുക്കി വയ്ക്കാമവ എടുത്തു വായിക്കുക.. 
അടര്‍ന്നു വീണ ചുടുമിഴിമുത്തുകള്‍ കൊണ്ട് പടര്‍ന്നു പോയ്‌ 
ഇനിയാര്‍ക്കും വായിക്കുവാന്‍ വയ്യാതെ കണ്ടു തളര്‍ന്നു പോയ വാക്കുകള്‍.. 
അതില്‍ നിറങ്ങള്‍ മാത്രം പറന്നു പൊങ്ങി നിന്‍ മനസ്സിലെങ്ങു വഴി മറന്നു നില്‍പ്പൂ.. 
നീ കേള്‍ക്കുന്നില്ലേ.. ഹൃദയ താളമല്ലത്
ജാലകവിരി നീക്കിയും അപരിചിതയാക്കപ്പെട്ടു വാതില്‍ക്കല്‍ നില്‍ക്കുമെന്‍ അവസാന ശ്രമങ്ങളാണ്..    


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

“ഹൃദയങ്ങള്‍ മുളയ്ക്കുമ്പോള്‍ ”



സൂചനാതീത സാഹചര്യങ്ങളില്‍  
ജീവിതം എന്തെന്നറിയാന്‍ 
ഭാഷ പോലും അശക്തമാണ് . 
ശുഭപ്രതീക്ഷകള്‍ നിറച്ച വരികളില്‍
തുണ വരുന്ന ഭാഗ്യവും ദൈവവും..  
ആഘോഷങ്ങള്‍ക്ക് വിലങ്ങണിഞ്ഞ്   
നിസ്സഹായത പറയുന്ന കഥയോ വിധി?

മനസ്സ് തൊടുന്ന ഒരു കുഞ്ഞുചിരി, 
നനഞ്ഞു ചിതറാനൊരു നെഞ്ചകം, 
മനസ്സ് മറന്നോടിയെടുക്കാന്‍ 
മധുരിതമൊരു കുടന്ന സ്നേഹം, 
ഒടുവിലെല്ലാമേകുന്നത് നിരാശ മാത്രം 
പകര്‍ന്നു നല്‍കാത്ത പ്രകാശം 
സ്വന്തമെന്നു എന്തിന് അഹങ്കരിക്കുന്നു? 

നിരര്‍ത്ഥക വ്യക്തിബന്ധങ്ങള്‍, 
കളങ്കിത ചിന്തകള്‍, ചകിതരാക്കി, യവ    
നമ്മെ നിശ്ശബ്ദം കീഴ്പ്പെടുത്തുന്നു. 
മറിഞ്ഞു പോയ താളുകളിലെ വെറും 
പേരുകള്‍ മാത്രമായ് നാം മാറും മുന്നെ 
ഹൃദയത്തിന്‍റെ സ്ഥാനത്തു നല്ലൊരു 
ഹൃദയം തന്നെ ഉള്ള ഒരു അപൂര്‍വത 
അങ്ങിനെയും ഒന്ന് സംഭവിച്ചേക്കാം..  

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

യുദ്ധം.....ബാക്കിയാവുന്നത്



പ്രലപനങ്ങളില്‍ മതി മറന്ന് 
ഏകാന്തമായിരുന്നാത്മാവിന്നൊരു 
ഗതി മറന്ന തിര പോലെ
സ്തവങ്ങളില്‍ അരുണിമയാര്‍ന്നു
ഒരു നവോഢയെപ്പോലെ അവള്‍
അവന്‍റെ പാദങ്ങളില്‍
തിരഞ്ഞത് നിഴല്‍പ്പുഞ്ചിരി.
ഒന്നൊഴിയാതെ  കണ്‍കളില്‍
വന്നു വീണു തിളങ്ങുകയാണ്
ഇന്നോളം വിണ്ണില്‍ ഒളിച്ചു കളിച്ച
വെണ്‍താരകപ്പൂക്കളെല്ലാം..

നീലനിഴല്‍നൂലില്‍ കൊരുത്തൊരു
ചാരുനിലാഹാരമണിഞ്ഞവള്‍
നിടിലമതിലലസമെങ്കിലും ആ 
കുറുനിരയോടേറ്റു തളര്‍ന്നു
നമ്രമുഖിയായ് മന്ദമാരുതനും.
അധീശത്വം ഉറപ്പിക്കാനുതകും 
ആ പുരികക്കൊടികളേതു 
കരുത്തിലും കനലുടലിലും..

പരശ്ശതം നിശ്വാസങ്ങളില്‍ 
പലവുരു പ്രണയം ഉലയൂതിക്കാച്ചിയ
പടവാള്‍ നീട്ടിയവളുരച്ചു
"പ്രിയനേ ഇത് നിനക്ക്.. 
പടയോട്ടം കഴിഞ്ഞു 
വിജിഗീഷുവായ് നീ വരും നാള്‍
അശ്മകവുമുയിര്‍ക്കും അനുരാഗം 
എന്നില്‍ കൊരുക്കും മിഴിത്തിളക്കം..
അത് മതിയെനിക്ക്"

അവനി അനന്തതയിലലിയുന്ന   
ഈ ചുവന്ന പരവതാനി
ഇവിടെ എനിക്ക് അവന്‍റെ 
സാമീപ്യം തിരിച്ചറിയാം..
വിജനതയില്‍ കാതരയാകവെ 
വേദനയുടെ യാഥാര്‍ഥ്യം 
എന്നെ വാരിപ്പുണരുന്നു

യുദ്ധത്തിന്‍റെ ഇരമ്പം .. 
വിവേചനമില്ലാത്ത പൈശാചികത
ഖഡ്‌ഗങ്ങള്‍ ദ്വാരങ്ങളിട്ട
അസ്ഥികളുപകരണങ്ങളായ്‌  
അകമ്പടിയേകും വിലാപ ഗാനം 
ശാദ്വലങ്ങളും ശൈലങ്ങളും കടന്നു 
അത് എന്നിലേക്കെത്തുന്നുണ്ട്  
ഇരുള്‍മഴയില്‍ ഇന്ദ്രിയങ്ങള്‍, അറിയാതെ 
കൊതിക്കുമിരുമിഴിത്തിളക്കം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കടല്‍ കാണേ....


കടല്‍തീരങ്ങള്‍, 
എപ്പോഴും കണ്ണുകളെ അതിശയിപ്പിക്കുന്നു 
നോക്കി നില്‍ക്കേ
രണ്ട് ലോകങ്ങള്‍ ഒന്നുചേരുമിടം

കാലങ്ങളോളം 
മനുഷ്യന്‍റെ അസ്തിത്വത്തെ 
അഹംഭാവത്തെ 
ചോദ്യം ചെയ്യുന്ന അതിര്‍ത്തികള്‍

രണ്ടു ധ്രുവങ്ങള്‍ 
ജലരേഖയുടെ ചാഞ്ചാട്ടത്തില്‍
കൈകോര്‍ക്കാന്‍ ശ്രമിക്കുന്ന മാന്ത്രിക കാഴ്ച

തികച്ചും വ്യത്യസ്തമായ 
കരയുടെ നിയമങ്ങളെ 
കടല്‍ അനുസരിക്കുമിടം

എണ്ണമറ്റ അതീന്ദ്രിയ ശക്തികള്‍ 
ഒന്നാകുന്ന വൈകാരിക തലം 
അവിടെ 
നമ്മളും നിസ്സാരതയുടെ നിശ്ചിതമായ 
ഒത്തുതീര്‍പ്പുകള്‍ക്ക് കീഴടങ്ങുന്നു. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അതിരുകള്‍.. മായ്ക്കപെടാന്‍ വേണ്ടി മാത്രം




അരങ്ങില്‍,
നയനങ്ങളുടെ നീളന്‍ ചരടുകള്‍
ചിലങ്കയെ ജയിക്കാതെയും
ചില നടനങ്ങള്‍!
പ്രദര്‍ശനശാലയിലെ തികച്ചും
വിരക്തമായ ഒരു ചിത്രം..
ഇതെല്ലാം വെറും നാട്യങ്ങളാണ്!

അറിയാതെ,
എറിഞ്ഞുകളഞ്ഞ ക്യാന്‍വാസിന്,
ഒരു മറുപുറമുണ്ടെന്നും
അതില്‍, രാഗവര്‍ണ്ണങ്ങളുണ്ടെന്നും
തിരിച്ചറിയുന്ന ഒരു നാളില്‍
നരച്ച നിറങ്ങള്‍ക്കിടയിലൂടെ, നീയാ
നിറഞ്ഞ മിഴിത്തിളക്കം കണ്ടെടുക്കും..

അന്ന്,
കാലങ്ങളുടെ കനല്‍ച്ചൂട് പേറും
കദനത്തിന്‍ മുത്തുകള്‍
കവര്‍ന്നെടുത്തൊരാ വിരലുകള്‍
ചക്രവാളത്തിന്‍റെ വിശാലതയിലേക്ക് നീളും...
സന്തോഷത്തിന്റെ വരവിനായ് മാത്രം
ഹൃദയവാതിലുകള്‍ തുറക്കും..

എങ്ങിനെയും,
ഉടഞ്ഞുപോകുമെന്നുള്ളത്
സ്ഫടികപ്പാത്രത്തിന്‍റെ ഭയമല്ല
മറിച്ച്, കരുതലോടെ
കൊണ്ടുനടക്കുമെന്ന വിശ്വാസമാണ്!
അബലയും അധീരയുമല്ലെന്നറിയിക്കാന്‍
അതിര്‍ത്തികള്‍ ഞാനൊന്നമര്‍ത്തിവരച്ചോട്ടെ...


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അറിയാത്ത പഥങ്ങള്‍



ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍
ഏറെ ദൂരെയല്ലാതെ നിന്നെ  കാണാം 
മനസ്സില്‍ അങ്ങിങ്ങായ്‌ നടത്തിയ 
ചില ഉളിമിനുക്കുകളൊഴിച്ചാല്‍ 
ഏറെ മാറ്റമൊന്നും പറയാനില്ല തന്നെ 
കാഴ്ചകള്‍ക്കപ്പുറമുള്ള 
ആ മാറ്റങ്ങളറിയാത്തവര്‍ക്ക് 
ഭിന്നരൂപങ്ങള്‍ കാണുകയുമില്ല.. 

ഇന്ന്, നാളെകളുടെ 
അവ്യക്തവും 
അതിനാ, ലാശ്രയിക്കാനാവാത്തതുമായ 
സൂചിക മാത്രമാണ്.. 
ചോദ്യമരുത് 
പൂര്‍ണ്ണമായും വിശ്വസിക്കാതെ തന്നെയാണ് 
ഏതിന്നലെകളുടെയും 
മുന്നിലേക്ക് 
നാമോടിക്കയറിയത്...  

ചിലപ്പോഴൊക്കെ, 
'നിന്നെ' മാറ്റി നിര്‍ത്തിക്കൊണ്ട് 
ആത്മാവറിഞ്ഞുതിരുന്ന 
ഹൃദയമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കവേ  
പ്രപഞ്ചത്തിന്റെ പ്രഹരങ്ങളില്‍ 
പ്രകൃതിയോടൊത്ത് 
ഞാനും ശാക്തീകരിക്കപ്പെടട്ടെ...

അഭേദ്യമായ
വലയങ്ങളിലകപ്പെടാതിരുന്നാല്‍  
അതിജീവനങ്ങള്‍
തെളിക്കുന്നത് ഒരു പക്ഷെ 
ആനന്ദത്തിന്റെ
അനന്തപഥങ്ങളാവാം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിറം, നിത്യസത്യം


ശരത്കാലത്തിന്‍ ഒപ്പീസുകള്‍ കേട്ട്  
ഹേമന്ത ശിശു കരഞ്ഞുണര്‍ന്നു 
ഭൂമിതന്‍ മാര്‍ ചുരന്നമൃത് പോല്‍ 
പനി പുതച്ചു പടലവും പുല്‍നാമ്പുകളും 
പൈതല്‍ മിഴി തുളുമ്പി വിതുമ്പിയുറങ്ങുമ്പോള്‍  
കനം തൂങ്ങിയ മിഴികള്‍ തുറന്നുമടച്ചും 
കാത്തിരുന്നാ നാളുമിങ്ങണഞ്ഞുവോ 

ഇത് തന്നെയോ ആ സ്ഥലം 
വസന്തത്തിനെയെതിരേല്‍ക്കാന്‍ 
ഞാന്‍ തിരഞ്ഞെടുക്കേണ്ടിടം
ഒരു തെളിഞ്ഞ പകലില്‍ നീല ക്യാന്‍വാസില്‍ 
കത്തിയെരിയുന്ന സൂര്യനെ നോക്കി
ഞാന്‍ തളര്‍ന്നു പോകേണ്ടിടം

എന്‍റെ അലസഗമനങ്ങള്‍ക്ക് ഹരിതാഭയേകാന്‍ 
എന്നും അവിടെയാ പുല്‍ത്തകിടിയില്‍ 
നീയുമുണ്ടാകുമോ? 
ഇളം മാരുതന്‍ ഇന്ദ്രിയങ്ങളെയുണര്‍ത്തി 
ഇവിടെയീ 
ചരല്‍പ്പാതകളില്‍ നിഴല്‍ വീഴ്ത്തിപ്പോകും വരെ?

ഹാ!
എന്‍റെ പേക്കിനാവുകളില്‍ അനന്തതയുടെ 
നിറമായ്‌ വന്നണഞ്ഞത് നീലയോ പച്ചയോ 
അതോ കണ്ണഞ്ചിപ്പിക്കുന്ന വെള്ളി വെളിച്ചമോ 
ഈ മൂന്നു നിറങ്ങളും ഇപ്പോള്‍ എനിക്ക് കാണാം 
ഇന്നാണ് ഞാന്‍ മരിക്കേണ്ടത്
നിറമേതില്‍ അലിയേണമെന്നറിയാതെ 
നില്‍ക്കുകയാണ് ഞാന്‍.. 
ഇനി നീ തീരുമാനിക്കുക, 
എന്‍റെ മരണത്തിന്‍റെ നിറം ഏതാവണമെന്ന്...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...