RSS
Container Icon

മനസ്സ് നിറഞ്ഞ പ്രഭാതം



മഞ്ഞുതുള്ളികള്‍ നുകര്‍ന്നുറങ്ങിന്നിപ്പോഴും മരുക്കള്‍
മന്ദമാരുതന്റെ ഉണര്‍ത്തുപാട്ടുകള്‍ കേള്‍ക്കാതെ മിഴികളടച്ച്

മൗനമായ് പറന്നുപോകുന്നതാ ഒരു കിളിക്കൂട്ടം
മനോഹരിയീ പ്രകൃതിയെ കണ്ട് മൊഴികള്‍ മറന്നെന്ന പോല്‍

മരിച്ചുപോയ ഇന്നലെകളുടെ മറവിടങ്ങളില്‍
മഞ്ഞനിശ്വാസമുതിര്‍ത്തുണരുന്നു പൊന്‍പുലരി
 
മണലില്‍ മുത്തമിട്ടുണര്‍ത്തുന്നു ചെറുതിരകള്‍
മറക്കാനാക്കാത്ത മറ്റൊരു പ്രിയദിനത്തിന്നോര്‍മ്മകള്‍

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കാഴ്ച്ചപ്പാടുകള്‍ മാറുന്നത്



സ്വയം വിലയിരുത്തലുകളില്‍ 
പ്രത്യേകതകളില്ലാതെ 
കടന്നു പോകുന്ന ദിനങ്ങളിലും 
വ്യവസ്ഥിതികള്‍ കണ്ടെത്തുന്ന 
വ്യത്യസ്ത തലങ്ങള്‍ 
നമ്മെ അലോസരപ്പെടുത്തിയേക്കാം 

ചെയ്തികള്‍ 
നിര്‍ണ്ണായകം തന്നെയെങ്കിലും 
അടിസ്ഥാന വ്യാഖ്യാനങ്ങള്‍ ഇല്ലയെങ്കില്‍
വ്യര്‍ത്ഥം തന്നെ... 

അതിനാല്‍, 
അപ്രധാനമെങ്കിലും 
വിശദീകരണ യോഗ്യമായ ചെറുകാര്യങ്ങളില്‍
സന്തോഷം കണ്ടെത്താന്‍ കഴിയുമെങ്കില്‍ 
അത് തന്നെ മേല്‍...

ഫലങ്ങള്‍ 
വ്യാഖ്യാനങ്ങളേക്കാള്‍ 
മെച്ചമാണെന്നത് കൊണ്ടുതന്നെ... . 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പിന്‍വഴികളില്‍ നിന്നും പറന്നെത്തുന്നത്...



ഈ ആള്‍ക്കൂട്ടമെന്നെ  
അതിവേഗം പിന്നിലാക്കിക്കൊണ്ടിരിക്കുന്നു 
അനഭിലഷണീയമായ വഴിത്തിരിവുകളില്‍ 
ഒരിത്തിരി തിരക്കുകുറയാന്‍ 
ഈ ഗതിവേഗമെന്നെ സഹായിച്ചേക്കാം 
പരിത്യക്തമായ ഈ പാതകളില്‍ നിന്ന് 
ഭയം വഴിമാറുന്നതും 
സ്വീകാര്യമായ അവസരങ്ങളുടെ 
ദിശാസൂചികകളും ഞാന്‍ കണ്ടു 
കാത്തുനില്‍ക്കാം 
ഒരു നിഴല്‍പക്ഷിയണയും  
നീളന്‍ കാല്‍നഖങ്ങളി, ലെന്നെയുമെടുത്ത്‌
പറക്കും, ഒരു കടലിനും കൊടുക്കാതെ,  
ആ ഒറ്റത്തുരുത്തിലേക്ക്.... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്വപ്നങ്ങള്‍ അത്, നീ തന്നെയാവുമ്പോള്‍




ചിലപ്പോഴൊക്കെ
പ്രകാശമാനമായ പാതകളുപേക്ഷിച്ച്
നിഴല്‍ വഴികള്‍ താണ്ടേണ്ടി വന്നേക്കാം
അശാന്തിയുടെ ഒരു കരിമേഘതുണ്ട്
തലയ്ക്കു മീതേ തൂങ്ങി കിടക്കുന്നുണ്ടെന്നും
ഏതുനിമിഷവും, എല്ലാം
ഒരു വെള്ളിടിയില്‍ അവസാനിക്കുമെന്നും
രക്ഷാമാര്‍ഗം ഏതുമില്ലെന്നും
നമുക്ക്  തോന്നാം
പക്ഷെ...
സത്യത്തില്‍  അതൊരു
വികാരവിക്ഷോഭമുയിര്‍ക്കൊണ്ട
ദു:സ്വപ്നസഞ്ചാരമായിരിക്കാം
ഒരു നിലവിളി കുരുങ്ങിയുണരുമ്പോള്‍
ഇരുളിനോട് പടവെട്ടാതെ
ആ മിഴികളടയ്ക്കുക..  
വൈകാതെ
നേരം പുലരുമെന്നും
പുതിയ സൂര്യന്‍ നിനക്കായുദിക്കുമെന്നും
മേഘങ്ങള്‍ പെയ്തൊഴിയേണ്ടവയാണെന്നും
മനോഹരമായ
മഴവില്‍ക്കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടതാണെന്നും
മനസ്സിലാക്കുക!
ഹൃദയങ്ങള്‍ക്ക്‌ സ്വപ്നങ്ങളല്ലാതെ
മറ്റാരു കാവല്‍ ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വഴി മറന്ന വസന്തം




കുസൃതിയാമൊരു ചിത്രശലഭത്തെപ്പോല്‍ പാറിയിരുന്നു മനസ്സ്. 
വസന്തം അതിന്‍റെ പൂവല്‍ക്കിടക്കയില്‍ നിന്നുമെന്നെ ഉണര്‍ത്തി ആനയിച്ചതാ  നൃത്തവേദിയിലേക്ക്.. 
കിളികള്‍ പിന്നണി പാടി രജനി തിരശ്ശീല നീക്കി ഇനി ആടാതെ വയ്യ.. 
ഇന്ന്, 
വയലില്ല വേലയുമില്ലയെങ്കിലും വറുതിയില്ലെനിക്ക് വസന്തമേ വാക്കുകള്‍ തരിക നീ.. 
എഴുതാം പ്രകൃതിയിലലിഞ്ഞു മറഞ്ഞു പോകേണമെനിക്ക് എടുത്തു കൊള്‍കെന്നെ 
ചിതറിയോടുമീ അക്ഷരക്കൂട്ടങ്ങളെ നിന്നേഴു നിറങ്ങളും നിറച്ചു നിരത്തൂ നല്‍വാക്കുകള്‍ ആയെന്നെ.. 
നിനക്ക് മാത്രമിരു മറന്ന വാക്കുകള്‍ ഒതുക്കി വയ്ക്കാമവ എടുത്തു വായിക്കുക.. 
അടര്‍ന്നു വീണ ചുടുമിഴിമുത്തുകള്‍ കൊണ്ട് പടര്‍ന്നു പോയ്‌ 
ഇനിയാര്‍ക്കും വായിക്കുവാന്‍ വയ്യാതെ കണ്ടു തളര്‍ന്നു പോയ വാക്കുകള്‍.. 
അതില്‍ നിറങ്ങള്‍ മാത്രം പറന്നു പൊങ്ങി നിന്‍ മനസ്സിലെങ്ങു വഴി മറന്നു നില്‍പ്പൂ.. 
നീ കേള്‍ക്കുന്നില്ലേ.. ഹൃദയ താളമല്ലത്
ജാലകവിരി നീക്കിയും അപരിചിതയാക്കപ്പെട്ടു വാതില്‍ക്കല്‍ നില്‍ക്കുമെന്‍ അവസാന ശ്രമങ്ങളാണ്..    


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

“ഹൃദയങ്ങള്‍ മുളയ്ക്കുമ്പോള്‍ ”



സൂചനാതീത സാഹചര്യങ്ങളില്‍  
ജീവിതം എന്തെന്നറിയാന്‍ 
ഭാഷ പോലും അശക്തമാണ് . 
ശുഭപ്രതീക്ഷകള്‍ നിറച്ച വരികളില്‍
തുണ വരുന്ന ഭാഗ്യവും ദൈവവും..  
ആഘോഷങ്ങള്‍ക്ക് വിലങ്ങണിഞ്ഞ്   
നിസ്സഹായത പറയുന്ന കഥയോ വിധി?

മനസ്സ് തൊടുന്ന ഒരു കുഞ്ഞുചിരി, 
നനഞ്ഞു ചിതറാനൊരു നെഞ്ചകം, 
മനസ്സ് മറന്നോടിയെടുക്കാന്‍ 
മധുരിതമൊരു കുടന്ന സ്നേഹം, 
ഒടുവിലെല്ലാമേകുന്നത് നിരാശ മാത്രം 
പകര്‍ന്നു നല്‍കാത്ത പ്രകാശം 
സ്വന്തമെന്നു എന്തിന് അഹങ്കരിക്കുന്നു? 

നിരര്‍ത്ഥക വ്യക്തിബന്ധങ്ങള്‍, 
കളങ്കിത ചിന്തകള്‍, ചകിതരാക്കി, യവ    
നമ്മെ നിശ്ശബ്ദം കീഴ്പ്പെടുത്തുന്നു. 
മറിഞ്ഞു പോയ താളുകളിലെ വെറും 
പേരുകള്‍ മാത്രമായ് നാം മാറും മുന്നെ 
ഹൃദയത്തിന്‍റെ സ്ഥാനത്തു നല്ലൊരു 
ഹൃദയം തന്നെ ഉള്ള ഒരു അപൂര്‍വത 
അങ്ങിനെയും ഒന്ന് സംഭവിച്ചേക്കാം..  

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

യുദ്ധം.....ബാക്കിയാവുന്നത്



പ്രലപനങ്ങളില്‍ മതി മറന്ന് 
ഏകാന്തമായിരുന്നാത്മാവിന്നൊരു 
ഗതി മറന്ന തിര പോലെ
സ്തവങ്ങളില്‍ അരുണിമയാര്‍ന്നു
ഒരു നവോഢയെപ്പോലെ അവള്‍
അവന്‍റെ പാദങ്ങളില്‍
തിരഞ്ഞത് നിഴല്‍പ്പുഞ്ചിരി.
ഒന്നൊഴിയാതെ  കണ്‍കളില്‍
വന്നു വീണു തിളങ്ങുകയാണ്
ഇന്നോളം വിണ്ണില്‍ ഒളിച്ചു കളിച്ച
വെണ്‍താരകപ്പൂക്കളെല്ലാം..

നീലനിഴല്‍നൂലില്‍ കൊരുത്തൊരു
ചാരുനിലാഹാരമണിഞ്ഞവള്‍
നിടിലമതിലലസമെങ്കിലും ആ 
കുറുനിരയോടേറ്റു തളര്‍ന്നു
നമ്രമുഖിയായ് മന്ദമാരുതനും.
അധീശത്വം ഉറപ്പിക്കാനുതകും 
ആ പുരികക്കൊടികളേതു 
കരുത്തിലും കനലുടലിലും..

പരശ്ശതം നിശ്വാസങ്ങളില്‍ 
പലവുരു പ്രണയം ഉലയൂതിക്കാച്ചിയ
പടവാള്‍ നീട്ടിയവളുരച്ചു
"പ്രിയനേ ഇത് നിനക്ക്.. 
പടയോട്ടം കഴിഞ്ഞു 
വിജിഗീഷുവായ് നീ വരും നാള്‍
അശ്മകവുമുയിര്‍ക്കും അനുരാഗം 
എന്നില്‍ കൊരുക്കും മിഴിത്തിളക്കം..
അത് മതിയെനിക്ക്"

അവനി അനന്തതയിലലിയുന്ന   
ഈ ചുവന്ന പരവതാനി
ഇവിടെ എനിക്ക് അവന്‍റെ 
സാമീപ്യം തിരിച്ചറിയാം..
വിജനതയില്‍ കാതരയാകവെ 
വേദനയുടെ യാഥാര്‍ഥ്യം 
എന്നെ വാരിപ്പുണരുന്നു

യുദ്ധത്തിന്‍റെ ഇരമ്പം .. 
വിവേചനമില്ലാത്ത പൈശാചികത
ഖഡ്‌ഗങ്ങള്‍ ദ്വാരങ്ങളിട്ട
അസ്ഥികളുപകരണങ്ങളായ്‌  
അകമ്പടിയേകും വിലാപ ഗാനം 
ശാദ്വലങ്ങളും ശൈലങ്ങളും കടന്നു 
അത് എന്നിലേക്കെത്തുന്നുണ്ട്  
ഇരുള്‍മഴയില്‍ ഇന്ദ്രിയങ്ങള്‍, അറിയാതെ 
കൊതിക്കുമിരുമിഴിത്തിളക്കം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...