RSS
Container Icon

മുട്ടുവിന്‍ തുറക്കപ്പെടും... പക്ഷെ...



പുഴയില്‍ വീണു മരിച്ച താരകം 
ആറ്റുവഞ്ചികള്‍ക്കിടയില്‍ പുനര്‍ജ്ജനിക്കുന്ന ഒരു നാള്‍
മറച്ചു വയ്ക്കുവാന്‍ ഒന്നുമില്ലാതെ വണ്ണം 
നീ നഗ്നനായിപ്പോകും.. 
കുറച്ചു കദനസൂക്തങ്ങള്‍ ഉരുവിട്ട് 
നിനക്ക് വേണമെങ്കില്‍
ഒരു വിശ്ശുദ്ധന്റെ മേലങ്കി അണിയാം.
നുണകളുടെ പെരുമഴ പോലും
വിഡ്ഢികളുടെ പുസ്തകത്തില്‍
പുതിയ ഒരു നിയമമായ്
എഴുതി ചേര്‍ക്കപ്പെടും.
സൂര്യനും ചന്ദ്രനും ഉദിക്കാത്ത ഒരു നാള്‍
ഗ്രഹങ്ങള്‍ നിനക്ക് ചുറ്റും ഭ്രമണം നടത്തും.
രക്ഷകന്‍റെ ചിരിയോടെ നീ
കാറ്റിനെ കൈവെള്ളയിലൊതുക്കും..
മഴമേഘങ്ങളെ പകുത്തു
മരുഭൂമിയില്‍ എറിയും..
ആത്മാവിന്‍റെ സ്വര്‍ണ്ണധൂളികള്‍
കാണാന്‍ അന്ധരോട് ആവശ്യപ്പെടും...
"ഞാന്‍.. ഞാന്‍ തന്നെയാണ് പരബ്രഹ്മം"
എന്ന് ഉറക്കെ പ്രഖ്യാപിക്കും..
രാശികളെ കീഴടക്കി
സ്വര്‍ഗ്ഗം വില്‍പ്പനയ്ക്ക് വയ്ക്കും..
ആര്‍ക്കും നല്‍കാത്ത ചില കുറിമാനങ്ങള്‍,
ദൈവവുമായുള്ള /ചെകുത്തനുമായുള്ള?
രഹസ്യസംവേദനങ്ങളുടെ അടയാളങ്ങള്‍,
നീ സൂക്ഷിച്ചു വയ്ക്കും.
ഇരുളില്‍ തളര്‍ന്നുറങ്ങുന്ന
ആയിരങ്ങളെ അറിയാതെ
നിന്‍റെ ആട്ടവിളക്കിനു ചുറ്റും
പലരും ഭക്തിനൃത്തം ചവിട്ടും...
വിശപ്പും ഉറക്കവും തമ്മിലുള്ള യുദ്ധത്തില്‍
മനം മടുത്ത ഒരു വൃദ്ധന്‍, അന്നും
തന്‍റെ കുടുംബവുമായി തെരുവിലേക്ക് ഇറങ്ങും..
വാതിലുകള്‍ ഇല്ലാത്ത നഗരത്തില്‍
അയാള്‍ പകച്ചു നില്‍ക്കും.
കുറുകിയ കണ്ണുകള്‍ എങ്ങിനെ
വിശാലമായ ചക്രവാളം കാണും?
ഹൃദയരക്തം നിറയ്ക്കാത്ത തൂലിക
എങ്ങിനെ വരികള്‍ക്ക് ജീവന്‍ നല്‍കും?
കാഴ്ചയുടെ അനന്തസാധ്യതകളെ
വിരലുകള്‍ വഞ്ചിക്കുക തന്നെ ചെയ്യും.
നിജമറിയും മുന്‍പ് നീ മരിച്ച പോയാല്‍
എന്നെ പഴിക്കരുത്. ..കാരണം,
മുട്ടുവാന്‍ ഈ നഗരത്തില്‍
വാതിലുകള്‍ ഇല്ല..
വാതിലുകള്‍ ഇല്ല....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജാലകങ്ങള്‍ പറയാതിരുന്നത്





മോഹം, 
കലാപകലുഷിതമായ തെരുവുകളിലൂടെ ഉള്ള 
ഒരു ഒരു സാഹസിക യാത്രയാണ്. 
മേഘങ്ങളിലേക്ക്,
പലായനം കൊതിച്ചു കാറ്റിനോടൊത്തു പോയ ഒരു തൂവല്‍. 
ശാപഗ്രസ്തമായ, നിലാവ് നിഷേധിക്കപ്പെട്ട നഗരത്തിന്‍റെ 
അവശിഷ്ടങ്ങളൊത്തു കടലിന്‍റെ ഇരമ്പമറിയുന്നു.. 
കാലികോപായങ്ങള്‍ ഒന്നും തന്നെ 
നിമജ്ജനത്തിന്‍റെ രഹസ്യങ്ങള്‍ അറിയുന്നതില്‍ 
നിന്നുമതിനെ അകറ്റുന്നില്ല.  

അസ്തമയങ്ങളെ അതിമനോഹരമാക്കുവാന്‍  
പുലരികളെ പ്രസന്നമാക്കുവാന്‍, നീ മതി. 
തീ പിടിച്ചു തിരിയിട്ടു കത്തുവാന്‍ 
തമസ്സിനീ സ്വേദകണങ്ങള്‍ മതി. 
വിറയാര്‍ന്ന ചുണ്ടുകള്‍ വിടര്‍ന്നു ചുവക്കാന്‍ 
വെറുതെ മൂളുമീരടികള്‍ മതി.
കത്തിയമര്‍ന്നെന്നു കരുതവേ 
സമയക്കനലുകള്‍ ഊതിത്തെളിച്ചു വീണ്ടും.. 
ഒരു കണ്ണാടിയില്‍, പിന്നോട്ടോടുന്ന സമയ വിരലുകള്‍.. 
ഒരു സുഖമുള്ള കുളിര് ബാക്കിയാക്കി, ഒടുവില്‍  
ഒരു കാറ്റ് പോലെ നീ യാത്രയാകുന്നു.. 

അനാഥമായ വീഥികളില്‍,
അപ്പോഴും മഴ  തുടരുന്നുണ്ടാകും..    
നെരിപ്പോടിന്‍റെ ഇളം ചൂടില്‍ 
ഒരു ജാലകച്ചില്ലിലൂടെ നീ 
ആ കാഴ്ച  തുടര്‍ന്നും ആസ്വദിക്കുക.. 
അനാവൃതമാക്കപ്പെടുന്ന കൈപ്പത്തികളില്‍, 
സിരകളില്‍ നിന്നുനിന്നാദ്യ തുള്ളി രക്തം 
ആ തെരുവിനെ കൂടുതല്‍ ചുവപ്പിക്കും വരെ.. 
അത് വരെ മാത്രം.. 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പതിരുകള്‍ കൊയ്യുമ്പോള്‍



ഒരു സമുദ്രഗര്‍ഭത്തില്‍ 
അജ്ഞാത ഏകാന്ത വാസത്തില്‍ 
ആത്മാക്കള്‍ സംവദിക്കുന്ന ഒരൂഷ്മാവുണ്ട്.. 
എനിക്ക് ഘനമില്ലാതാവുകയും 
നിന്നിലേക്കൊഴുകുകയും ചെയ്യാവുന്ന 
ഒരു തലം.. പിന്നെ,
വസന്തന്തിലേക്ക് പാഞ്ഞടുക്കവേ 
വീശിയെറിഞ്ഞ ചിറകുകളില്‍ 
വിതുമ്പിയുതിര്‍ന്ന ഉമ്മകളെത്ര 
മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടാവാം?

ഇന്ന്,
ഇരുളടഞ്ഞ ശൂന്യവീഥികളില്‍
മഴ നനയുന്ന മഴ, 
ഉപേക്ഷിക്കപെട്ട ഹൃദയത്തിന്‍റെ 
ഒഴിഞ്ഞ അറകളിലെ 
മിടിപ്പുകളുടെ പ്രതിധ്വനി പോലെ
വിട്ടു പോയ കണ്ണികള്‍ക്ക് വിട
വിങ്ങുന്ന മുറിപ്പാടുകള്‍ എന്‍റെ സ്വന്തം..
താങ്ങായ കൈകള്‍ക്കെന്റെ ജീവന്‍..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരിണാമം


അവള്‍,
അധിനിവേശക്കാരുടെ പിന്മുറ..
സാംസണെ ചതിച്ച ദലീലയുടെ മകള്‍..
ഓര്‍മ്മത്തിരകളില്‍,
ഒരായിരം പകമുനകളേന്തിയ ശരവേഗം..
നിലാവഴകില്‍ ഇരുളുടലുകളൊന്ന് ചേര്‍ന്ന
പാപപുണ്യ സമ്മോഹനം..
അവളുടെ കരവലയത്തിലീ പ്രപഞ്ചമന്ത്രം,
പദങ്ങളില്‍, കുലുങ്ങിച്ചിരിയില്‍ തുളുമ്പുന്നു ലാവ..
അചുംബിതാധരങ്ങളോ അമൃതദലങ്ങള്‍
തുടുവിരല്‍ത്തുമ്പാല്‍ താരാപഥങ്ങള്‍ മായ്ച്ചവള്‍
ഇമകളടച്ചീയുലകിനെയിരുളിലാഴ്ത്തിയവള്‍
അളകങ്ങളലസമായെറിഞ്ഞു
അലകടലിനെയും വിറകൊള്ളിച്ചവള്‍
ഒരു നോക്കില്‍, തരിശുപാടങ്ങളില്‍
പൊന്‍കതിരുകളേന്തിയ ഹരിതഹസ്തങ്ങളുയിര്‍പ്പിച്ചവള്‍..
അവള്‍ വിഹായസ്സില്‍ വിരാജിത,
നിയതിയുടെ റാണി.
അവള്‍ തന്നെ ആദ്യഫലം,
അധികാരത്തിന്‍ മകുടത്തിലെ
തിളങ്ങുന്ന ഒറ്റക്കല്ല്..
അവളുടെ ഹിംസാവിനോദങ്ങളില്‍
ആയിരക്കിഴികളില്‍
അരചന്മാരുടെ ആജ്ഞകള്‍ അലറിച്ചിരിക്കുമ്പോള്‍
അധീശ്വത്തിന്‍ സമയരഥങ്ങളുരുളുന്നു
ഉയര്‍ന്ന തലകളെറിഞ്ഞ ചോരയിലൂടെ..
അവസാന ഗുഹ,
അതാണ്‌ അവരുടെ തുരുപ്പു ചീട്ട്.
അറുത്തെടുത്ത ഒരു തലയാല്‍
അതടയുമ്പോള്‍ അവര്‍ കളി നിര്‍ത്തിയേക്കാം.
അല്ലെങ്കില്‍,
മനോഹരമായ ഉപമകള്‍ കൊണ്ട്
ഇല്ലാഗുഹകള്‍ തീര്‍ത്ത്‌
അടിയാളരിലേക്കും വാള്‍ വീശിയേക്കാം..
ഒടുവില്‍,
ഉപേക്ഷിക്കപ്പെട്ട ഒരു വാതിലിലൂടെ
അവര്‍ പ്രാചീനതയിലേക്ക് നടന്നു കയറും..
അധികാരത്തിന്‍റെ അന്ധകാരമുനകള്‍
അന്യോന്യം വെട്ടി മരിക്കുന്ന കോമരങ്ങളായി
അടര്‍ന്നു വീണു കഴിയുമ്പോള്‍,
അഹങ്ങളുടെ കിരീടവും ചെങ്കോലും
മണ്‍മറഞ്ഞു കഴിയുമ്പോള്‍,
വംശീയവാള്‍ത്തിളക്കങ്ങളില്‍
അര്‍ദ്ധപ്രാണനായി അന്തരീക്ഷത്തിലുതിര്‍ന്നു പോയ
സ്നേഹസൂക്തങ്ങള്‍ ഒന്ന് ചേര്‍ന്ന്
ഒരു പുതിയ സൃഷ്ടിയുണ്ടാകും...
അവരുടെ കൂട്ടത്തെ നമുക്ക്
"മനുഷ്യര്‍" എന്ന് വിളിക്കാം...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആദ്യ വരി, അവസാനിക്കാതെ



മദ്ധ്യാഹ്നാകാശത്തിന്റെ അവകാശികളായ മൊത്തം പറവകളും നിന്‍റെ ജന്നലരുകിലാണോ കലപില കൂട്ടുന്നത്‌? 
അനുനിമിഷം വളരുന്ന അക്ഷമ.. 
വന്യമായ തുടിപ്പുകള്‍ക്കൊടുവില്‍ തകര്‍ക്കാനൊന്നുമില്ലാതെ തേങ്ങി മരിക്കുന്ന കൊടുങ്കാറ്റ്... 
മഹാസാഗരങ്ങള്‍ താണ്ടാന്‍ മതിയാവോളമുണ്ട് നുറുങ്ങോര്‍മ്മകള്‍. 
നീ ഒരു നിത്യഹരിതകാവ്യപഥം. 
കൂട് കൂട്ടാന്‍, കുഞ്ഞിച്ചിറകുകള്‍ വീശി പറന്നകന്നലഞ്ഞു തളരുമ്പോളിളവേള്‍ക്കാന്‍ താങ്ങായവന്‍.... 
എന്‍റെ ഈണങ്ങളെ ശ്രുതിസമ്പുഷ്ടമാക്കിയെന്‍ ഗാനോന്മാദങ്ങള്‍ക്ക്‌ നിശ്ശബ്ദപ്രചോദനമായവന്‍.. 
പകര്‍ന്നാട്ടങ്ങളില്‍ അജയ്യനാകുവാന്‍ മുതിരാഞ്ഞവന്‍.. 
നീ.. നീയെന്‍റെ ഓര്‍മ്മയാണ്, പിടി തരാത്ത കൌശലമാണ്! 
ഇരുളടഞ്ഞ എന്‍റെ ഇന്നലകളിലേക്ക് വെളിച്ചമായിറങ്ങി കദനഭാരങ്ങളെ നൊടിയിലപ്രത്യക്ഷമാക്കിയ  മായാജാലക്കാരന്‍.. 
നിനക്കെല്ലാം നിസ്സാരമാണ്... 
വഴിതെറ്റി പറന്ന വാനമ്പാടിയുടെ തിരിച്ചു വരവും, 
കഴുത്തു ഞെരിക്കപ്പെടുന്ന കഴുകുകളുടെ കരച്ചിലും ഞാന്‍ കണ്ടതല്ലേ.. 
ഏകാന്തതയിലുരുകുന്ന മിഴികളില്‍ നിന്ന് വെളിച്ചം ചോര്‍ത്തി മെഴുതിരി തെളിച്ചവന്‍. 
കൈയ്യടുക്കലെത്തിയ മരണത്തില്‍ ജീവന്‍റെ പൊരുളും സുഗന്ധവും തിരഞ്ഞെടുത്തവന്‍.. 
ബാല്യകൌമാരങ്ങളുടെ എല്ലാ നന്മകളെയും പിന്നിലാക്കി 
അതിവേഗമൊരു ഇരുള്‍പ്പാതയിലേക്ക് പാഞ്ഞു കൊണ്ടിരുന്ന ഭ്രാന്തു പിടിച്ച തീവണ്ടിയുടെ നിയന്ത്രണമേറ്റെടുത്തവന്‍. 
നിന്‍റെ അലസശയന സ്ഥലികളിലെ ഗന്ധം, 
ഞെറി തെറ്റിയ വിരിവരകള്‍, 
എന്തിനു ആ അടക്കിയ ചിരി പോലും അലകളുണര്‍ത്തുന്നുണ്ട് എന്നില്‍.. 
നിന്‍റെ അഭാവത്തില്‍ 
ചതിയുടെ ചുഴിയില്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഏതോ നിലവിളിയാണ് അതിരുകളിലെ നിഴലനക്കങ്ങള്‍ പതിയാതെ 
ഒരാണിയില്‍ എന്നെയീ ചുവരുകളില്‍ തറയ്ക്കുന്നത്... 
ഉറങ്ങാതെ, 
ഈ ആകാശങ്ങള്‍ നരയ്ക്കുന്നതിനു മുന്നേ ഞാന്‍ എഴുതി നിര്‍ത്തിയിടത്തു ഒരു വരി കൂടെ എഴുതി ചേര്‍ക്കുന്നത്.... 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഞാന്‍ = ഉപേക്ഷിക്കപ്പെട്ടവള്‍



മിഴികള്‍ മധുരമായ് കൂമ്പി ഇനിയൊരുങ്ങുക മറ്റൊരു വിരുന്നിനായ് 
മറന്നേക്കൂ മധുപനവനീ മരണത്തെ നോക്കി ചിരിക്കുന്നതും ഹിതം
വരണ്ട തൊണ്ടക്കുഴിയിലേക്കൊരിറ്റു സ്മരണജലകണിക കൊതിച്ചതോ 
ഒരുങ്ങിയില്ലിനിയുമവളൊരു യാത്രയിതു തുണയാരുമില്ലെന്നറിയാത്തതോ
പകരുന്ന മധുരമതില്‍ പ്രിയമെന്ത്? പന്തിയില്‍ പലവുരു പറഞ്ഞതും 
പ്രിയനറിയാതെ, പറയാതെ പൊയ്പ്പോയതെന്തിനിയും നീയറിയുവാന്‍
അടുത്തു വരൂ, അലിവിന്നിരു മിഴികളടച്ചവസാനമായ് നിന്നധരം തരൂ
അറിയാം അവിടെ നീയുണ്ട് അതിനിഗൂഢമൊരു വര്‍ണ്ണചിത്രമിന്നുമതില്‍
അറിവിന്‍റെ സീമകള്‍ക്കപ്രാപ്യമായ് അവിടവിടെ അഴകിന്നരുണ തലങ്ങള്‍
അലസഗമനമതില്‍ ആത്മാവിലിവളറിയാതെയവഗണിച്ച വന്യമധുരങ്ങള്‍
ഉപേക്ഷിക്കപ്പെട്ടവളാണ് ഞാന്‍; ഉയിരൂര്‍ന്നു പോകുമുടലിടങ്ങള്‍ പേറി
ഉന്മാദം പൂണ്ടലറുമീ മൌനത്താല്‍ മുറിവേറ്റു ബധിരയായ്പ്പോയവള്‍
മൃതമാം പനിനീര്‍പ്പൂക്കളാലൊരുക്കുക മഞ്ചമെനിക്കതില്‍ കരിനീല പേറി,
മൃദു മന്ത്രണങ്ങള്‍ വിറച്ചു മരിച്ചതാമിതളുകള്‍ പൊഴിഞ്ഞു കാണേണം
കണ്ടില്ലകം നിറയെ നീയെനിക്കായ്പ്രണയ, കണ്ടകങ്ങള്‍ കൊണ്ട് നിറച്ചത്
കൊണ്ടറിഞ്ഞതിനിണ്ടലുണ്ടത് കാരീയം വെന്തെരിഞ്ഞിടിലുമന്തമാകുമോ
അതിനാലെന്‍ പ്രിയനേ വരിക നീ, എന്നാത്മാവിനെയെരിക്കുവാനിന്ന്
അലിവേതുമില്ലാതെ എന്നെ ഉപേക്ഷിക്കുക, ഒരിക്കല്‍ക്കൂടി മാത്രം... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചിറകോ ചിതയോ നിന്‍ ചിതമെന്ത്?



ഇരയുടെ വേഷം മടുത്തപ്പോഴാണ് 
അവള്‍ കളം മാറിച്ചവിട്ടിയത്!
രക്ഷക ഒരു മിഥ്യയായിരുന്നെന്ന്
സ്വയം തിരിച്ചറിഞ്ഞ ദിവസം.

ഇഹലോക വേദനകള്‍ 
അപരന്‍റെയെങ്കിലും
ഇമകള്‍ നീറുവതെ
നിന്‍ വരമെന്നറിയുക..

കാത്തിരുന്ന, കളഞ്ഞുപോയ 
ദിനങ്ങളെയോര്‍ത്ത് കരയേണ്ട 
കാലമേറെയുണ്ടാം  
കരുത്തോടെ  ഗമിക്ക  നീ....

ഒരിക്കലുമണയാത്ത 
അമാനുഷികതയെ കാക്കാതെ 
മാനുഷികമാവുക തന്നെയാണഭികാമ്യം 

ചിറകോ
ചിതയോ 
നിന്‍ ചിതമെന്ത് പെണ്ണേ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...