RSS
Container Icon

അഴക്





സ്വപ്നത്തിലെന്നപോൽ
ഒടുക്കം കണ്ടെത്തിയതാണ് നിന്നെ.
പാഴ്വള്ളികൾ ചുറ്റിവരിഞ്ഞ്
പടര്‍ന്നൊരീ പൊറ്റയിൽ
കുപ്പിവള ചീളുകള്‍ക്കിടയിൽ
എന്നെ നീ പ്രതീക്ഷിച്ചിരുന്നുവോ???

അറിഞ്ഞിരുന്നില്ല
നിന്റെ കാത്തിരിപ്പിന്റെ
എണ്ണമറ്റ ദിനരാത്രങ്ങള്‍
അതാവാം ഒരു നോക്കിൽ,
ഞാനൊന്നു   തൊട്ട മാത്രയിൽ
കനത്ത മേഘം കിലുങ്ങി
പരിഭവനാളമേറ്റുലഞ്ഞടര്‍ന്നു
വീണിതിതളുകൾ
എന്നെ അമ്പരിപ്പിച്ചത്!!!    

തെളിഞ്ഞ സിരകളിൽ
നിന്റെ നിശ്വാസതാളം,
എന്റെ ചുണ്ടുകളുടെ ദാഹമറിയവേ
ഒരു തുമ്പി പോൽ പാറുന്നു പിന്നെയും
ആ നിമിഷത്തിന്റെ പതർച്ചയിൽ
വസന്തമായ്‌ നീ തഴുകിയോ
ഞാനുണർന്നു നിത്യസുഗന്ധിയായത്???



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സൗഹൃദങ്ങൾ വിൽപ്പനയ്ക്ക്




ഇപ്പോൾ,
സൗന്ദര്യം ഒട്ടുമില്ല പോലും.....
പൊയ്മുഖങ്ങളുടെ
പൊരുളറിയാപ്പൊയ്കയിൽ
മനസ്സ് മുങ്ങിപ്പൊങ്ങുന്നത്  കണ്ട്
വെറുതെ കരയുന്നതെന്തേ ?

കറുത്തതെന്തോ
അത്, കരൾ ആണെന്നും
ചുവന്ന ചായം പുരട്ടിയ വാക്കുകൾ
കോടിയൊതുങ്ങുന്നതൊരു
ചിരിയിലേക്കെന്നും
തലങ്ങും വിലങ്ങും
തളച്ചിട്ട മഞ്ഞ തലകൾ
പറയാതെ പറയുന്നുവത്രേ ....

കഥയറിയാതെ കാതോർത്തെന്നോ
ഒരു നോക്കിൽ മൊട്ടിട്ട്
മറു നാളിൽ വില പേശും
കയ്ക്കുന്ന കപട സൗഹൃദം
മുഖപുസ്തക കൽബെഞ്ചുകളിൽ
മൊത്തമായും ചില്ലറയായും
വില്പ്പനയ്ക്കെന്ന് ......



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മോഹശലഭം


ഇതാ
പകലുകൾ പിൻവാങ്ങുന്നു
തണുത്ത കാറ്റിനകമ്പടിയായ്
എത്ര കാലടികളാണ് കടന്നുപോവുന്നത്
ഇന്നലെയും നീ പറഞ്ഞു
ഒരു സായാഹ്നം
എന്നിലൂടെ നടന്നു നീങ്ങണമെന്ന്
ആ മോഹത്തിൻ കൈപിടിച്ച്
ഞാനെത്ര ദൂരം
പിന്നിട്ടെന്നോ !

നഷ്ടമായൊരു പകലറുതിയുടെ
വ്യഥയുണ്ട് ഈ കാറ്റിനു
എവിടേക്കെന്നില്ലാതെ  തൊടുത്തു
താളം തെറ്റി തകർന്ന
ഒരു വിരസയാത്ര !

ഈ ദിവസങ്ങളിൽ
നിഴൽ പകുത്ത മോഹവീഥിയിലൂടെ
നിനക്കൊപ്പം നിലം തൊടാൻ
നിനച്ചയീ സ്വപ്‌നങ്ങൾ
പരിഭവച്ചരടിലെന്നെയും കൊരുത്ത്
നിന്നിലേക്ക് പറക്കുന്നു



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദേവപഥം



അറിഞ്ഞിരുന്നില്ല,
നിൻ മിഴിയൊളി കണവുമായ്‌
വഴി പിരിയവേ,  
നമ്മുടെ സമാന്തര പാതകൾ
ഒരനിശ്ചിത  ബിന്ദുവിൽ
ഒന്ന് ചേരുമെന്ന്!

എത്ര തടുത്താലും
നീ എന്നരികിലെത്തുമെന്ന്
അകലങ്ങളിൽ നിന്നും
ഒഴുകിയെത്തി
നിനയാതെയെന്നെ തൊട്ടുണർത്തുമെന്ന്

എന്നിലൂടെ,
നീ കടന്നുപോയ യുഗങ്ങളിൽ
ഓരോ മനോഹര പ്രഭാതത്തിലും
വെള്ളികെട്ടിയ മേഘക്കീറിൽ
വിസ്മയത്തിൻ വെളുപ്പുണ്ടായിരുന്നു!

ഏകാന്തതയിൽ,
നീ ചിലപ്പോൾ
എന്റെ കണ്ണുകളോട് മത്സരിക്കാറുണ്ട്
അസ്വസ്ഥനായ ഒരു പോരാളിയെ പോലെ.
നീയറിയുന്നുവോ,
നിനക്ക് ജയിക്കാനായി
ഞാനിപ്പോൾ
ഇരുട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിഴല്‍ക്കാഴ്ച്ച



വേര്‍പിരിയാനാവാത്ത വിധം അടുത്തെങ്കിലും
സ്നേഹിക്കപെടുന്ന നിമിഷങ്ങളുടെ ധാരാളിത്തം
കേള്‍ക്കാതെ പോകുന്ന സൗഹൃദത്തിന്‍റെ
അവസാന നിസ്വനങ്ങള്‍
പെയ്തൊഴിഞ്ഞ വേനല്‍മഴ പോലെ
അറിഞ്ഞും അറിയാതെ..

വാക്കുകള്‍ വരച്ചിടുന്ന അറിയാ വഴികള്‍
യൌവനത്തിന്റെ യാത്രകളിലെ
അരുതുകളുടെ അതിരുകളില്‍
നിന്നിലേയ്ക്ക് തല ചായ്ച്ച്
പലവട്ടം കയറുവാനാഞ്ഞ
ശൂന്യതയുടെ ചവിട്ടു പടികള്‍..

നനഞ്ഞ തീരങ്ങളില്‍
തിരയെടുത്ത ചുവപ്പില്‍
നിലാവ് ചാലിച്ച സന്ധ്യകള്‍
എന്നിലേക്കും പിന്നെ നിന്നിലേക്കും
പറന്നു വീഴുന്ന നേരമൊക്കെയും
നിലയ്ക്കാതെ നിന്റെ വിരലുകള്‍...

പിന്നെ ഏതോ യാമത്തില്‍
നിനക്ക് രൂപമില്ലെന്നും
ച്യുതിയുടെ നിഴലില്‍
മറഞ്ഞിരിക്കുന്ന എന്റെ ഹൃദയം
തിരിച്ചറിയുന്നുവെങ്കിലും
നീ എന്നെയും ഞാന്‍ നിന്നെയും
തിരഞ്ഞു കൊണ്ടേയിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തീരം തേടുന്ന താരം



മേഘങ്ങളോട് കളി പറഞ്ഞ്
പുഴയും വയലും  കടന്നൊഴുകുന്ന
ഇരുട്ടിലെഴുതിയ കീര്‍ത്തനങ്ങള്‍,
പ്രഭാതത്തിലേക്ക് പറന്നടുക്കുന്ന
ശലഭങ്ങള്‍ പരിണയം ചെയ്യുന്ന
പൂക്കളെക്കുറിച്ചായിരുന്നു..

വയലറ്റ് നിറമുള്ള ആകാശത്തിനു കീഴെ
അതിവര്‍ഷത്തില്‍ കവിഞ്ഞ കണ്ണാടിയിൽ
പകല്‍ വിഴുങ്ങി മരിച്ചുമടയാതെ
ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...

നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ക്ഷണികം എല്ലാം....... ക്ഷമിക്കൂ !!



അപൂര്‍ണ്ണമായ കഥകളിൽ 
മാറ്റമില്ലാതെ മാറും മണല്ക്കൂനകൾ 
കണ്‍കളിൽ സ്വപ്നത്തിൻ തരികളെറിഞ്ഞു 
മണ്മറഞ്ഞ ആത്മാവുകൾ 
ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം 
ശാഖകൾ തളിര്ക്കുകയും 
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് .

ഇതെന്റെ മനസ്സാണ്
നിന്റെ രൂപരേഖയിൽ പൂര്‍ത്തിയാവുകയും
അഹന്തയെ അലങ്കരിക്കുകയും ചെയ്യുന്ന
ഭാഷയില്ലാത്തൊരു മന്ത്രം
ത്യജിക്കാൻ കഴിയാത്തതും
ആളിക്കത്തി ദിനങ്ങൾ
അണഞ്ഞു പോവുകയും ചെയ്യുന്നത് .

നീലനിറമുള്ള
മിനുമിനുത്ത പരവതാനികൾ
ചിത്രത്തുന്നലുകളുള്ള ജന്നൽവിരികൾ
നീ മറക്കുന്ന അവസാന നിമിഷം വരെ
ജീവിച്ചിരിക്കുന്ന സുന്ദരമായ പ്രാണൻ
ഇത്രയേ ഉള്ളു
അന്ത്യം വരെ ദർശിക്കാവുന്നതും
എങ്കിലോ നിനക്കും എനിക്കും
ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...