skip to main |
skip to sidebar

എത്ര നിറങ്ങളാണീപ്രണയത്തിന്പുലര്വെട്ടം തഴുകിയെന്‍ മനസ്സുണര്‍ന്നപ്പോള്‍ നിന്നെ മഴവില്ലെന്ന്വിളിക്കണമെന്ന് തോന്നി!
സ്നേഹിക്കപ്പെട്ട
നിമിഷങ്ങളിലൊന്നില്‍
പെറ്റ് പെരുകിയ
മയില്‍പ്പീലി കുഞ്ഞുങ്ങളെ
സ്വതന്ത്രമാക്കാതെ ചേര്‍ത്തുവച്ച
നിഷ്കളങ്കതയില്‍ നിന്നും
അനുയോജ്യ നിറമണിഞ്ഞു
അവസരങ്ങള്‍ക്കായ്
മനസ്സ് ഒരുങ്ങി നില്‍ക്കെ,
നിനക്കായ് തീറെഴുതിയ
ഈ ഹൃദയത്തിന്റെ ഇറയത്ത്
കണ്‍തടങ്ങളിലെ കറുപ്പിനും
നിന്റെ ചുവപ്പിനുമിടയില്‍
സ്നേഹപ്പാറ്റകള്‍ ചിരിച്ചു കൊണ്ട്
ഈ ഭൂമിയിലേക്ക് പിറന്നു വീഴും!
പരസ്പരമവര്‍ ദാഹത്തോടെ
വിളിക്കും "എന്റെ വാലന്റൈന്‍!"
നനഞ്ഞു കുതിര്‍ന്ന കൊച്ചു പിണക്കങ്ങളെ വീണ്ടും തൊട്ടു വിളിച്ച്കണ്ണ്പൊത്തി, ആ കൗമാരംഓടിയൊളിക്കുന്നതെങ്ങോട്ടാണ്?
സ്വപ്നങ്ങളെക്കുറിച്ച്
വാചാലമാകുമ്പോഴെല്ലാം
എന്തേ ആ കണ്ണുകളിലിത്ര വിഷാദമെന്ന്
വായിക്കാന്‍ ശ്രമിച്ചിരുന്നു.
എന്റെ തോന്നലുകളെയെല്ലാം
ഭ്രാന്തെന്നോതി തളച്ചിടുന്ന
നിന്നിലെ നിസ്സഹായത ഞാന്‍ തന്നെയോ?
കൈവെള്ളയില്‍ കോറിയിട്ട
ഏതോ അക്ഷരങ്ങളില്‍ ഒളിപ്പിച്ച
നിന്റെ ചിരിയില്‍
വേദന ചേര്‍ന്നിരുന്നു
നിന്നില്‍ നിന്നൊളിക്കുവാനോ
കണ്ണുകള്‍ ഇറുക്കിയടച്ചത്?
മുറിവേറ്റ നീര്‍ത്തുള്ളിയെ
തുടച്ചു നീക്കി
വെറുതെ നിന്നോടിനിയും
മനസ്സില്‍ വഴക്കിടുക വയ്യ !
ശബ്ദമില്ലെന്നറിഞ്ഞും
എന്താണ് ഞാന്‍
കേള്‍ക്കാന്‍ ശ്രമിക്കുന്നത്?
ഞാന്‍ എന്ത് ചെയ്യണം?
ഒരു കുറിപ്പ് പോലും
അവശേഷിപ്പിക്കാതെ,
സമാധാനത്തിന്റെ കൊമ്പില്‍
തൂങ്ങി മരിച്ച, ആ തണുത്ത
മുഖത്തെ തേടിപ്പോവണോ?
ഒരു അലസമായ തിരച്ചിലില്‍
കണ്ടെത്താതെ നഷ്ടമാക്കിയത്,
കാത്തിരുന്നു തളര്‍ന്ന വേളയില്‍
കാതുകളറിയാതെ പോയത്,
നിന്റെ പ്രേമനാദമൊളിഞ്ഞിരുന്ന
വെണ്ശംഖ് തന്നെയായിരുന്നോ??.
പഴയ പുസ്തകക്കെട്ടുകളില്‍ വില്പ്പനക്കൊരുങ്ങിയ നിരയൊത്ത വരികളില്‍ നിര്‍മ്മലമായ നിന്റെ ഹൃദയവും, മോചനം നേടിയ എന്റെ സ്വപ്നങ്ങളും കണ്ടുമുട്ടുന്നു ....
ഞാനെഴുതുന്ന ഫലിതപംക്തിയിലെ
ആദ്യ തമാശയില്‍
നിന്റെ പേരാണ് ചേര്‍ക്കുക,
ദുരാഗ്രഹങ്ങള്‍ക്ക് വില പറഞ്ഞ,
താടി വച്ച വിരഹ നായകന്റെ
മുഖം നിനക്ക് നന്നേ ഇണങ്ങുന്നുണ്ട്..
ഞാന്‍ നിന്നെ സ്നേഹിക്കുന്നു!
എന്റെ ആത്മാര്‍ത്ഥ
പ്രണയത്തിലേക്കുള്ള
ചിരിവഴിയില്‍
നിന്നോട് പറഞ്ഞ,
ഏറ്റവും മനോഹരമായ നുണ!
അത് കേള്‍ക്കെ ,
വസന്തനിബിഡമായ
വികാരങ്ങളില്‍ നിന്നുമുയിര്‍ത്ത്
ഒരിക്കലും നീയെന്നെ
ചുംബിക്കേണ്ടിയിരുന്നില്ല,
വളരുന്ന വര്‍ഷങ്ങള്‍
വാചാലമാക്കിയ ദിവ്യപ്രേമം
അന്യമായരോചകമായ്,
തകര്‍ന്നു വീണതന്നല്ലേ !
നീ എനിക്കാരായിരുന്നു?
സിനിമാ ഗാനരംഗങ്ങളിലെ
മരം ചുറ്റി പ്രേമി!!
ഹാ, അതാവും ഞാനിപ്പോള്‍
പാട്ടുകള്‍ പോലും വെറുക്കുന്നത്.
"നിന്നെ എനിക്കിഷ്ടമാണ്",
ഇന്നത് എന്നോ കേട്ടൊരു കഥയിലെ
പ്രിയപ്പെട്ട ഒരു വരി മാത്രം,
വീണ്ടും ഒരു വേള,
അതെന്നിലേക്ക് നീളുമോയെന്നു ഭയന്ന്
കാതുകളടച്ച്, ഞാന്‍ അകന്നു നില്ക്ക്ന്നു !
ഞാന്‍ പറയട്ടെ ,എന്നെ നിന്റെ ഹൃദയമെന്ന് വിളിക്കരുത്, കാരണം, മറു നിമിഷം അസ്ഥിരമായ ചിന്തയുടെ
നെറുകയില്‍ ഞാന്‍ നിന്നെ
മറന്ന് വെച്ചാലോ?
ഒരു തരി വെളിച്ചത്തിൽ
മുഖം മിനുക്കും
രാത്രിയുടെ അലുക്കുകളില്‍
ഞാന്‍ മനസ്സിലാക്കി
നിന്റെ കണ്ണുകളില്‍
മാറി മാറി വരുന്ന
പകലിനും രാത്രിക്കുമാണ്
വാര്‍ദ്ധക്യം പിടിപെടുന്നതെന്ന് !
അത് പറഞ്ഞപ്പോള്‍,
എന്റെ ഭാവിയുടെ
പേരു പോലെ നീ ചിരിച്ചു ,
സ്വയമുരുകിയൊരു
തുള്ളിയായ്
ജീവിതവെളിച്ചമേകും
യൌവനമെന്നു പ്രവചിച്ചു..
ഇനി
നിനക്കെന്നെ
ഓർമ്മയെന്നു വിളിക്കാം
ചേർത്തു നിർത്താൻ തീരമില്ലാതെ
വെറുതെയൊഴുകുമൊരു
ഓര്‍മ്മ വള്ളം
അലകളിലാറാടി
നിന്നില്‍ നിന്നും
നിന്നിലേക്ക്
തെന്നി തെന്നി
ഒഴുകി ഒഴുകി
സ്നേഹസാഗരത്തിലേക്ക്.....
വിരൽതുമ്പുകൾ കണ്ടെടുത്ത
പ്രണയത്തിൻ
കൂട്ടുകാരീ,
എന്നോട് മത്സരിക്കാൻ
മാത്രമായ്
എന്റെ പേര് പോലുമിനിയും
നിനക്ക് മുന്നിൽ
വെളിപ്പെടുത്തിയില്ലല്ലോ !!
ചമഞ്ഞു നിന്നപ്പോഴെല്ലാം
വരികൾക്കിടയിൽ
വിടര്‍ന്നു നിന്ന നിന്റെ
കണ്ണുകളോടല്ലേ ഞാന്‍
മിണ്ടിയത് !!
ഒന്ന് തൊട്ടു നിന്നെ
അലോസരപ്പെടുത്താൻ പോലും
തുനിഞ്ഞില്ലല്ലോ പെണ്ണെ !
മുഖപുസ്തക താളുകളില്‍
മറഞ്ഞിരുന്ന
നീ മൂകയായൊരു
പ്രണയിനിയെ മാത്രമാണ്
കാണിച്ചു തന്നത് !!
അന്ന്
ഒരു മുഖം മൂടിയുടെ മറവില്‍
ഒളിച്ചിരുന്ന നീ
എനിക്കപരിചിതയായിരുന്നു
ഇന്നീ പൊയ്മുഖങ്ങളെ
താങ്ങുന്ന നിന്റെ കൈകൾ
അത്,
നീ തന്നെയെന്ന്
വീണ്ടും വീണ്ടും
ഓര്‍മ്മിപ്പിക്കുന്നതെന്ത് !!
വാനിലെ നക്ഷത്രങ്ങൾ ഇളം കാറ്റിലാടിയാടി ഭൂമിയിലിറങ്ങി പല വർണ്ണ കൂടുകളിൽഉണര്വിന്
പുതുവഴിയില്‍
പഴയ താളത്തില്‍
കരോൾ ശീലുകൾ
ഓര്‍മ്മകളുടെ ചുരുൾ
നിവര്‍ത്തവേ
പാതിരാ കുർബാനയുടെ
നിലാ വെളിച്ചം
ഹൃദയങ്ങളിലേക്ക്
സമന്വയിക്കുന്ന
മാൻ പേടകളുടെ
ചലനവേഗം
ചുവപ്പിനും
വെളുപ്പിനുമിടയില്‍
ചിരി മൂടിയ
സമ്മാനങ്ങള്‍
വീണ്ടുമതേ ദിനം
നിന്റെ സ്നേഹത്തില്‍
ചരിക്കുന്ന ചുണ്ടുകള്‍
ഒരു താരാട്ടിലൂടെ....
നിന്നിലേക്കുള്ള
മടക്കയാത്രയില്‍
ഞാന്‍ വീണ്ടും
ജനിച്ചിരിക്കും
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
"ക്രിസ്തുമസ് ആശംസകള്‍ "
എന്റെ ചില്ലു ജാലകങ്ങൾ ഒപ്പിയെടുത്ത മഞ്ഞുകണങ്ങള്‍ ഈ വിരൽതുമ്പിനൊരു, കുളിര് പകരം നല്‍കാതെ, ഒരു പുകമറയിലേക്ക് നഷ്ടമാകുന്നുവല്ലോ !
ഓ അനുരാഗമേ
എന്നിൽ പ്രതിഫലിക്കും
നിന്റെ വെളിച്ചത്തിൽ
ഒരിക്കലെങ്കിലും
കൈകളെ വിരിച്ച്
ആ മാറിൽ മുഖമുയർത്തി
നിന്റെ നിശ്വാസമേറ്റുലയുമെൻ
മുടിയിഴകൾക്കൊപ്പം
സ്വതന്ത്രമാവണമെനിക്കും..
നീയപ്പോൾ,
വീണ്ടുമെന്നെ വായിക്കുകയും
പലകുറി എഴുതി മായ്ച്ച
എന്റെ പേര്
നിന്റെ ചുണ്ടിനാലെന്നിൽ
എഴുതുകയും ചെയ്യും...
അന്ന്,
ഒരു മഞ്ഞുമഴയാല്
ഈ ഭൂമി നിറയും !