RSS
Container Icon

എനിക്കുമുണ്ടൊരു പേര്


നനുത്ത പ്രഭാതങ്ങള്‍ വിരുന്നെത്തും വരെ 
നിന്‍റെ വാക്കുകളുടെ കുളിര്‍മ്മയില്‍, 
നനഞ്ഞുറങ്ങുന്ന എന്‍റെ പുതിയ പേരുകള്‍
കവര്‍ന്നെടുക്കാന്‍ മാത്രമായ് 
കര കവിഞ്ഞതാണീ പുഴകള്‍..


നിന്‍റെ അസ്ഥിരചിന്തകളാല്‍
നിത്യവുമെന്നെ പ്രിയങ്കരിയാക്കി
നിന്‍റെ കലഹരേണുക്കള്‍
സ്നേഹമാപിനിയില്‍ തൂകി
നിറഞ്ഞ ചിരിയോടെ നീ ..

നിന്‍റെ സ്നേഹത്തിന്‍റെ മഞ്ഞുമലയ്ക്കുള്ളില്‍
ശിലാദ്രവ്യമായ് ഉറഞ്ഞു കിടക്കുന്നുണ്ടാവാം
എന്‍റെ ആദ്യത്തെ പേര്..
അലറുന്ന മലവെള്ളപ്പാച്ചിലിലും
അടിത്തട്ടില്‍ ഒഴുകാതെ കിടക്കുന്ന നക്ഷത്രം പോലെ..

തൂവലുകളുടെ മിടിപ്പുകളെ
ഭാരമില്ലാതെ ബലപ്പെടുത്താനും
ഏറെ പറയും മുമ്പേ, നിശബ്ദമാക്കാനും
നിലാവിനെ പകുത്തൊരു കനവ്‌
എല്ലാ നീലരാത്രികളിലും എത്തുന്നുണ്ട്..

മധുചഷകങ്ങള്‍ ഒഴിയും വരെ
ഞാന്‍ ഒരു സ്ഥിരം ക്ഷണിതാവ്....
പോറലുകള്‍ വീഴുകില്ലെങ്കിലും
സ്ഫടികപ്പാത്രങ്ങള്‍ ഉടഞ്ഞു പോകാറുണ്ട്;
ചിലപ്പോഴൊക്കെ..
ഭാവിയിലേക്ക് ചിതറിപ്പോവുന്ന ചിരികള്‍ പോലെ

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മനപ്പെയ്ത്ത്



ഒന്നു നനയാന്‍ കൊതിച്ച ഓര്‍മ്മകള്‍ 
ആകാശത്തു ഇടിമുഴക്കം തീര്‍ക്കുമ്പോഴും 
ഞാന്‍ ഉറങ്ങുക തന്നെയായിരുന്നു.. 
പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി 
ഭൂമിയെ തൊട്ടതിന്‍ മുഴക്കമെന്നെ ഉണര്‍ത്തി... 
വിരഹത്തിന്‍റെ മിന്നല്‍ വെളിച്ചമകറ്റാന്‍  
ഇറുകെ അടച്ച കണ്ണുകളെ   
ഒരു കുഞ്ഞു മിന്നാമിനുങ്ങിന്‍റെ 
ഇത്തിരി വെട്ടം മഞ്ഞളിപ്പിച്ചു
മഴയുടെ നിലയ്ക്കാത്ത താളങ്ങള്‍ 
എന്‍റെ കാതുകളെ ആര്‍ദ്രമാക്കുന്നു 
നിര്‍വ്വചിക്കാന്‍ കഴിയാത്ത ആ താളത്തില്‍  
നിറഞ്ഞു പെയ്യുന്ന വേനല്‍ മഴയുടെ കരുത്തില്‍,
ചൂടിന്‍റെ കണികകള്‍ പൊട്ടിപ്പടരുമ്പോള്‍
ഉയരുന്നു മണ്ണിന്റെ മണം;
ഒരു സ്നേഹപരിരംഭണത്തിനായ് 
നെഞ്ചു തുടിച്ചു ഞാന്‍ എഴുന്നേല്‍ക്കുകയാണ്.. 
മഴ കനത്തു തുടങ്ങിയിരിക്കുന്നു.. 
കുളിരോര്‍മ്മകളില്‍ ഒരു തലയിണയുടെ പതുപതുപ്പിനു മേല്‍ 
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ ഉണര്‍ന്നു തന്നെ നില്‍ക്കുന്നു... 
എന്‍റെ സ്നേഹമന്ത്രണങ്ങള്‍ വരികള്‍ തീര്‍ത്ത 
മഴനൂലുകള്‍ താളമിട്ട ഒരു പ്രിയരാഗം ഞാന്‍ മൂളാം.. . 
കാതോര്‍ത്താല്‍ നിനക്കതു കേള്‍ക്കാം.. 
ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍, 
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..  
അകലങ്ങളില്‍, 
നിന്‍റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!! 

  

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അദൃശ്യചാലകം



അകലങ്ങളില്‍ ഇരുന്നു അറിയുവാന്‍ കൊതിക്കുന്ന, 
ഓര്‍മ്മകള്‍ കൊണ്ട് ആര്‍ദ്രമാക്കുന്ന ആ പ്രതിഭാസം, 
അത് പരസ്പരം തിരിച്ചറിയുന്ന അത്ഭുതം.. 
ഒരു ചെറു ഇലയനക്കം പോലെ 
ഒരു ഹൃദയമര്‍മ്മരം പോലെ 
ഒരു കുളിര്‍കാറ്റു പോലെ മൃദുവെങ്കിലും 
കൊതിയോടെ കാത്തിരുന്ന എന്‍റെ മനസ്സ് 
അവയെ തിരിച്ചറിയുന്നുണ്ട്.. 
ഞാന്‍ കരുതി വച്ച, 
നീ പകര്‍ന്ന ഊര്‍ജ്ജമെല്ലാം 
ഏതു ചാലകത്തിലൂടെ ഞാന്‍ നിന്നിലേക്കെത്തിയ്ക്കും? 
നിഷ്കളങ്കരായ എന്‍റെ സഹവര്‍ത്തികള്‍, 
അറിയാതെ 
ആ ഊര്‍ജ്ജസ്ഫുലിംഗങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്, 
അതിശയം കൂറുന്ന ചില മിഴികളില്‍  
ഞാന്‍ അത് തിരിച്ചറിയുന്നുമുണ്ട്.. 
ദുര്‍ബ്ബലരായ ചിലര്‍ തകര്‍ന്നകന്നു പോകും മുന്നേ 
പ്രസരണനഷ്ടം കൂടാതെ നീയിതു ഏറ്റു വാങ്ങുക..  
കാരണം,
സ്വന്തമെന്നു കരുതി വച്ചതെല്ലാം 
വലിച്ചെറിഞ്ഞു കളയാന്‍ എന്നെ പ്രേരിപ്പിക്കുന്ന 
വിപ്ളവമാണല്ലോ നീ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്നേഹശോണിമ




അന്നാദ്യാനുരാഗം തന്‍ പ്രാണരക്തത്താല്‍
അധികാരമറിയിച്ചപ്പോള്‍ 
ഹൃദയധമനികള്‍ പിടഞ്ഞത് 
ഞാനിന്നുമോര്‍ക്കുന്നു.. 
ഒരു സ്പര്‍ശത്തില്‍ സ്നിഗ്ദ്ധമായ് 
എന്നുള്ളം പോലും ഉണര്‍ന്ന് 
ഒരുക്കിയോരായിരത്തിരികള്‍..
ആ നിമിഷങ്ങളിലാണ് 
നീ സൃഷ്ടികളിലേറ്റം സുന്ദരമായത് 
ഞാനും ഞാനും തമ്മില്‍ 
നടക്കാറുള്ള സംവാദങ്ങളില്‍ 
നീയും നീയും പങ്കു ചേരവേ 
ജയിക്കുന്നതെപ്പോഴും നമ്മള്‍..
ആത്മവഞ്ചനയുടെ ഒരംശവുമില്ലാതെ
നമുക്ക് സ്നേഹിക്കാന്‍ കഴിയട്ടെ; 
നിന്‍റെ ചുണ്ടുകള്‍ ചോപ്പിച്ച 
എന്‍റെ നെറുകയിലെ സിന്ദൂരത്തിനു 
സായന്തനസൂര്യനെക്കാള്‍ ഭംഗിയുണ്ട്
ഞാന്‍ കാണുന്നു നീ മുങ്ങിപ്പോകുന്നത്... 
എന്‍റെ കണ്ണുകളുടെ കടലാഴങ്ങളിലേക്ക്.. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വിഷു 2014




മേടച്ചൂടിലും 

സുഖമുള്ള ചിരിയോടെ 
സൂര്യനെ നോക്കുന്ന കൊന്നപ്പൂക്കള്‍ ,
ഒരു ആഘോഷത്തിന്റെ നിറവിലാണ് .



വിശാലമാകാശ നീലിമക്ക് താഴെ 
ഈ മഞ്ഞ ചന്തം
ഒരിക്കല്‍ കൂടി വിരുന്നു വരുമ്പോള്‍ 
ബാല്യത്തിന്നോര്‍മ്മകളില്‍ നിന്നൊരു 
വിഷുപക്ഷി പറന്നുയരുന്നു 

സമൃദ്ധിയുടെ കണിവട്ടങ്ങളില്‍
നറുനെയ്യാല്‍ തെളിയിക്കുന്ന
ഐശ്വര്യത്തിന്‍ വിളക്കുകള്‍ 
മത്താപ്പ് കമ്പിത്തിരി പടക്കങ്ങള്‍ 
സന്തോഷത്തിന്നകമ്പടിയാവുന്നു. 

ഈറനണിഞ്ഞ വിഷുപ്പുലരിയില്‍ 
വെള്ളിത്തുട്ടിന്‍ കിലുക്കം കേട്ട്,
കണ്ണടച്ചോടും മനസ്സുകളിതാ
കണ്ണന്‍റെ കാഴ്ചയിലേക്ക്,
നന്മയുടെ കൈനീട്ടത്തിനായ്... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മാറ്റമില്ലാതെ.....



എന്റെ വികാരങ്ങള്‍ 
ഈ സാഗരനീലിമയിലൂടെ 
നടത്തുന്നു സ്വപ്നാടനം 
കടലുകള്‍ക്കുമപ്പുറം അത് 
അവസാനിക്കുന്നത് ഒരു കാണാക്കരയില്‍...

കുരുങ്ങിപ്പോയ വാക്കുകള്‍ കൊണ്ട്
തുന്നിച്ചേര്‍ക്കപ്പെട്ട എന്റെ അധരങ്ങള്‍
തിരത്താളുകളില്‍ എഴുതുന്നു മണല്‍ച്ചിത്രം
മൊഴികള്‍ വഴി തേടി എത്തുന്നത്
എന്റെ നിതാന്തമൗനപര്‍വ്വത്തില്‍...

ഓരോ പുതിയ രാത്രിയും
എനിക്കായ് കരുതി വച്ച കാഴ്ചകള്‍
ഞാനെന്നോ കണ്ട പകല്‍ക്കിനാവ്
ആര്‍ദ്രമോരോ മോഹത്തെയും മൂടുന്നത്
ആവര്‍ത്തനങ്ങളുടെ തിരശ്ശീല..

തിരയുപേക്ഷിച്ച കാല്‍പ്പാടുകള്‍ കവര്‍ന്ന
നനവ്‌ തേടിയ മണല്‍ത്തരികള്‍
ഒഴിഞ്ഞ കൂട്ടിലെ പ്രതീക്ഷയുടെ തൂവല്‍
മഞ്ഞിന്‍റെ കമ്പിളിപ്പുതപ്പില്‍
മായുന്ന വിഹ്വലതകള്‍...

ഒരു രാത്രിക്കാഴ്ച്ച..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്നെ വിട്ട്...


മഞ്ഞു വീണ പുല്‍ക്കൊടികളുടെ 
ആലിംഗനത്തിലമര്‍ന്ന്‍ 
ആകാശവീഥിയിലെ 
ഓരോ നക്ഷത്രക്കണ്ണുകളുടെയും 
തിളക്കത്തിനെ പിന്തുടര്‍ന്ന് 
വെറുതെ കിടന്ന്‍.... 
എത്ര മനോഹരമായ ഒളിച്ചോട്ടം!!

രാത്രിയുടെ നിശ്ശബ്ദതയില്‍
ഒളിച്ചിരിക്കുന്ന ഇടിമുഴക്കങ്ങളും
രാപ്പാടികളുടെ വിഷാദഗാനവീചികളും
നിശബ്ദ തടാകത്തില്‍
അപ്രതീക്ഷിതമായ് കാണപ്പെട്ട
ഒരു അരയന്നവും,
ഒന്നും എന്നെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു...

ഹിമാലയത്തിന്‍റെ നെറുകയില്‍ നിന്നും
സൂര്യചുംബനത്തിലുതിരും
മഞ്ഞുത്തുള്ളികള്‍ പോലെ
കവിയുന്ന എന്റെ കണ്ണുകള്‍
കാണുന്നതു നിന്റെ മങ്ങിയ രൂപം..
എനിക്ക് ശബ്ദിക്കാന്‍ കഴിയാത്തതെന്തേ?
നിലച്ചു പോയ ഹൃദയത്തില്‍ നിന്ന് ഉത്ഭവിച്ചതാലോ
നിന്റെ നെഞ്ചിലുതിര്‍ന്ന നീര്‍മുത്തുകള്‍
ഉടനുറഞ്ഞു പോയത്..
ഞാന്‍ പോവുകയാണ്..
നിന്നെ വിട്ട്....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...