RSS
Container Icon

വായിക്കപ്പെടാത്തത്...



അക്ഷരങ്ങള്‍ എനിക്കായ് 
ഒരു നഷ്ടവും പേറുന്നില്ല. 
ഹൃദയത്തില്‍ കോറിയ, 
പൊള്ളിയടരുന്ന, 
നാമധേയങ്ങള്‍ ഒന്നുമില്ല ... 
ഇന്നിന് വിരഹമില്ല 
ഈ നിമിഷങ്ങളില്‍ 
എനിക്കുമാ 
മിഴികള്‍ക്കുമിടയില്‍
വെറുതെ വിങ്ങും, 
മൗനം തീര്‍ക്കുമൊരു 
മാത്രനൊമ്പരം മാത്രം..... 
മറുനിമിഷം എന്റേതെന്നു 
വിരലുകള്‍ വരച്ചിടുന്ന 
വിലോല വിസ്മയം, 
വേഗമിഴയുന്ന സമയത്തില്‍ 
വേറിടാത്ത സ്പന്ദനങ്ങള്‍ 
കേള്‍വിക്കുമപ്പുറം
നിറയുന്ന സംഗീതം, 
തുടര്‍തെന്നലായ് 
തഴുകുന്ന ജീവിതം !! 
അതെ, ഇരു ഹൃദയങ്ങള്‍ 
പങ്കുവയ്ക്കുന്നത്‌ ഇതാണ്.... 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മഴ നനഞ്ഞ മലര്‍




സാമീപ്യം കൊണ്ട് ഉച്ഛസ്ഥായിയിലാവുന്ന 
സ്പന്ദനങ്ങളുടെ താളക്കൊഴുപ്പില്‍ 
ഹൃദയങ്ങള്‍ നൃത്തമാടുന്നതും 
സ്നേഹത്തിന്‍റെ പ്രകാശവേഗങ്ങളില്‍
മിഴികള്‍ അന്ധമാകുന്നതും 
അവര്‍ക്കിടയില്‍ ഒരത്ഭുതമായിരുന്നില്ല.. 
സമാനതകളില്ലാത്ത 
സമര്‍പ്പണം മാത്രം മതിയായിരുന്നു 
എല്ലാ ആശങ്കകളെയും ദൂരീകരിക്കാന്‍.. 
അപ്പോള്‍ 
പ്രണയത്തിന്‍റെ മാലാഖമാര്‍ 
മനസ്സിന്‍റെ മണിയറവാതില്‍ മലര്‍ക്കെ തുറന്നു 
അനുഭൂതിയുടെ അനന്തവിഹായസ്സിലേക്ക്‌ 
അവരെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോകും..    
അവിടെ അവന്‍ മഴയും അവള്‍ മലരുമാവും..
കണ്ണുകള്‍ കൊണ്ട് പ്രണയിക്കാനും 
മനസ്സ് കൊണ്ട് മന്ദഹസിക്കുവാനും 
അവര്‍ പ്രതിജ്ഞയെടുക്കും.. 
ആത്മാവുകള്‍ ആവാഹിച്ച 
ഒരു ചൊരിമണല്‍ ഘടികാരത്തിനുള്ളില്‍  
അവര്‍ അവരുടെ നാഴികകളെ മറന്ന് വെക്കും.. 
സ്നേഹത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാകും.. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വെറുമൊരു സ്വപ്നജീവി




"നിന്‍റെ യുദ്ധമല്ലിത്" എന്ന് 
ഉള്ളിലിരുന്നു ആരോ പറയുന്നുണ്ട്..
ആവര്‍ത്തനങ്ങളുടെ അഗാധതകളില്‍ നിന്ന് 
ഉപരിതലത്തിന്‍റെ അപാരതയില്‍ വന്നു 
കുറച്ചു ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 
കണ്‍‌തുറന്നു നോക്കുമ്പോള്‍
ആകാശത്തിന്‍റെ ഏതു കോണിലേക്കാണ്
പറക്കേണ്ടത് എന്ന് തീരുമാനിക്കും..
എനിക്ക് ചിറകുകള്‍ ഇല്ലെന്നും
ഞാന്‍ ഒരു കുഞ്ഞു മത്സ്യമാണെന്നും
അപ്പോള്‍ ഞാന്‍ മറക്കും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഞാന്‍ =നീ ?



പിണക്കം..
തൊടിയിലെ കരിയിലക്കലപിലകളില്‍ ഞാന്‍ 
തിരഞ്ഞും കേള്‍ക്കാതെ പോകുന്ന എന്‍റെ പേര്..

മൌനം..
എന്നോ നിന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി നോക്കി 
എന്നെ കണ്ട എന്നില്‍ നഷ്ടമായ മൊഴികള്‍..

വേദന..
വിരല്‍ത്തുമ്പുകള്‍ കോറിയ ഒരു വിരസചിത്രത്തില്‍
വിരഹം മനസ്സിലവശേഷിപ്പിച്ച ഒരു ചുവന്ന വര..

കാലം..
എനിക്കും നിനക്കും മനസ്സിലാവാത്ത അളവുകോലുകള്‍
എന്തിനെന്നറിയാതെ തിട്ടപ്പെടുത്തുന്ന നാളുകള്‍..

ഞാന്‍..
ഇഷ്ടമാണെന്നും അല്ലെന്നും ചൊല്ലി നീ അടര്‍ത്തിയ
ഇതളുകള്‍ക്കൊടുവില്‍ ബാക്കിയായ ഒറ്റയിതള്‍..
നീ..
കൈ നിറയെ പൂത്ത പ്രണയപ്പൂവാകയുടെ നിഴലില്‍
കാറ്റെടുത്ത ഒരു പൂവിനെ കാത്തു നില്‍ക്കുന്നവന്‍..

ഞാന്‍..
ഇരുളിന്‍റെ മറവില്‍ പുഴയിലേക്ക് അലിയാന്‍
ഇന്ദ്രിയങ്ങളെയൊരുക്കി എന്നും കാത്തിരുന്നവള്‍..
നീ..
ഒരു ചേമ്പിലക്കുമ്പിളില്‍ പ്രിയമോടെ തടഞ്ഞു നിര്‍ത്തി
ഒരു വെയില്‍നാളത്താല്‍ എന്നില്‍ തിളക്കം നിറച്ചവന്‍..

ഞാന്‍..
ഒടുവിലെ മെഴുകുതിരിയില്‍ നിന്നുരുകിയ തുള്ളികളില്‍
ഒരിറ്റു മിഴിനീര്‍ കലര്‍ത്തി നിന്നെ കുളിര്‍പ്പിച്ചവള്‍..
നീ..
പതറാത്ത ചുവടുകള്‍ വച്ചു എന്നെ നെഞ്ചോടു ചേര്‍ത്തു
പതിയെ പുലരിവെളിച്ചത്തിലേക്ക് നടന്നു കയറിയവന്‍..

ഞാനും നീയും..
പരശ്ശതം ബിംബങ്ങളില്‍ കാലാതീതം പ്രേമത്തിന്‍റെ
പരസ്പര പൂരകങ്ങള്‍ ആയി നിലകൊള്ളേണ്ടവര്‍ 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

“ഇത് എന്‍റെ മഴ – നിനക്കായ്”





ഓരോ മഴയും  നിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്
ആ ഓര്‍മ്മകളില്‍ ഒരായിരം കിളിനോവുകളില്‍ 

അനസ്യൂതം എന്നെ ആഗിരണം ചെയ്യുന്ന 
ഈ മഴത്തുള്ളികളില്‍... 
ഇടയ്ക്കിടെ, നനഞ്ഞൊട്ടിയ ചിറകുകളില്‍
പ്രിയമുള്ള ഒരു കൊക്കുരുമ്മുന്ന സുഖം!!
എനിക്ക് ചുറ്റും കനത്ത
നിശ്ശൂന്യ നിശബ്ദത
നീ കൊണ്ട് വന്നത്
നിനക്കായ് പൊഴിച്ചെങ്ങോ നഷ്ടമായെന്നു
ഞാന്‍ കരുതിയൊരു വര്‍ണ്ണത്തൂവല്‍!!
അറിയാമെനിക്കു...
നിനക്ക് കൂട്ടിനു കന്യയാം മരുഭൂമിയും
പതിതയാം കടലും തപ്തനിശ്വാസങ്ങളും ഉണ്ടെന്ന്..
മുറിയാത്ത മഴനൂലുകളില്‍ 
ഞാന്‍ കൊരുത്ത് അയച്ചോരീറന്‍ കൊഞ്ചലുകള്‍
നിന്‍റെ മാനം കുലുക്കി മനസ്സുലച്ച്
പെയ്യട്ടെ വിരഹമഴയായ്!!
ആ മഴയില്‍, ഇലഭാരത്തില്‍ 
കുനിഞ്ഞ് പോയൊരു ചില്ലയുടെ തുമ്പത്തെ
ഇത്തിരിപ്പൂവിന്റെ നെഞ്ചില്‍
കരുതി വയ്ക്കാം നിനക്കായ്
എന്റെ മഴ..
പ്രണയം ചിതറുന്ന തൂലികത്തുള്ളികളില്‍
നിന്‍ മിഴിയൊളി തെളിയിക്കുന്ന ഓര്‍മ്മവില്ല്!!
ഊഷരതയിലും വസന്തം വിരിയിക്കുന്ന
നിന്‍റെ മായാജാലം.. 
അതിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്
പ്രാണന്‍ കൊളുത്തുന്ന വേദനയിലാണ്
നിന്‍റെ വാക്കുകള്‍ അപൂര്‍ണ്ണമാകുന്നതും
എന്നിലേതോ ആഴങ്ങളിലേക്ക്
ഒരു അശ്രവ്യ മുഴക്കമായ്
അതലിഞ്ഞു പോകുന്നതും!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആര് നീ ?



എന്‍റെ മനക്കോട്ടകള്‍ കീഴടക്കി 
ഹൃദയവഴികളില്‍ കാവല്‍ നില്‍ക്കുന്ന നീ!
പക്ഷെ എന്‍റെ നിശ്ശബ്ദ സ്വപ്നങ്ങളുടെ 
ലഹരിയാല്‍ ഉന്മത്തനാണ്.
അവ്യക്തമായ നിന്‍റെ കാഴ്ചയില്‍ 
അല്‍പനേരം ഞാനുമൊരുല്‍കൃഷ്‌ടസൃഷ്ടി! 
പകലുകളില്‍ കേട്ട കളകൂജനങ്ങള്‍, 
ഉറങ്ങാതിരിക്കുന്ന ഒരു രാപ്പാടി,
ഒന്നും 
ഈ ഇരുട്ടിന്‍റെ തിരക്കില്‍ 
എനിക്ക് കൂട്ട് വരുന്നില്ല... 
വെളിച്ചമെല്ലാം പൊലിഞ്ഞ 
ഈ ഏകാന്തയാത്രയില്‍ 
എനിക്ക് കൂട്ടായുള്ളത് 
ഈ ഭയത്തിന്‍റെ പാദചക്രങ്ങള്‍ മാത്രമോ! 
നിരാസത്തിന്‍റെ കരിനാഗങ്ങള്‍ 
കാലങ്ങള്‍ക്കപ്പുറത്തു നിന്നും 
പുറപ്പെടുവിക്കുന്ന 
സീല്‍ക്കാരം ഞാന്‍ കേള്‍ക്കുന്നുണ്ട് 
വരുന്ന ജന്മങ്ങളിലും 
എന്നെ നിഗ്രഹിക്കുവാന്‍ പോന്നത്ര 
വിഷം ഉണ്ട് ആ ദംശനങ്ങളില്‍..
എന്‍റെ ഇടതു കാല്‍മുട്ടിന് മുകളിലായ് 
ഞാന്‍ ഒരു കൈലേസ് ഇറുക്കി  കെട്ടട്ടെ, 
നീ സമ്മാനിച്ച ചിത്രത്തുന്നലുകളുള്ള 
വെളുത്ത നിറമുള്ള ആ തുണിക്കഷ്ണം.. 
കരിനീല നിറമാര്‍ന്ന ദേഹത്ത് 
അത് ഒരു ശുഭ്രവഞ്ചനമുദ്ര..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എനിക്കുമുണ്ടൊരു പേര്


നനുത്ത പ്രഭാതങ്ങള്‍ വിരുന്നെത്തും വരെ 
നിന്‍റെ വാക്കുകളുടെ കുളിര്‍മ്മയില്‍, 
നനഞ്ഞുറങ്ങുന്ന എന്‍റെ പുതിയ പേരുകള്‍
കവര്‍ന്നെടുക്കാന്‍ മാത്രമായ് 
കര കവിഞ്ഞതാണീ പുഴകള്‍..


നിന്‍റെ അസ്ഥിരചിന്തകളാല്‍
നിത്യവുമെന്നെ പ്രിയങ്കരിയാക്കി
നിന്‍റെ കലഹരേണുക്കള്‍
സ്നേഹമാപിനിയില്‍ തൂകി
നിറഞ്ഞ ചിരിയോടെ നീ ..

നിന്‍റെ സ്നേഹത്തിന്‍റെ മഞ്ഞുമലയ്ക്കുള്ളില്‍
ശിലാദ്രവ്യമായ് ഉറഞ്ഞു കിടക്കുന്നുണ്ടാവാം
എന്‍റെ ആദ്യത്തെ പേര്..
അലറുന്ന മലവെള്ളപ്പാച്ചിലിലും
അടിത്തട്ടില്‍ ഒഴുകാതെ കിടക്കുന്ന നക്ഷത്രം പോലെ..

തൂവലുകളുടെ മിടിപ്പുകളെ
ഭാരമില്ലാതെ ബലപ്പെടുത്താനും
ഏറെ പറയും മുമ്പേ, നിശബ്ദമാക്കാനും
നിലാവിനെ പകുത്തൊരു കനവ്‌
എല്ലാ നീലരാത്രികളിലും എത്തുന്നുണ്ട്..

മധുചഷകങ്ങള്‍ ഒഴിയും വരെ
ഞാന്‍ ഒരു സ്ഥിരം ക്ഷണിതാവ്....
പോറലുകള്‍ വീഴുകില്ലെങ്കിലും
സ്ഫടികപ്പാത്രങ്ങള്‍ ഉടഞ്ഞു പോകാറുണ്ട്;
ചിലപ്പോഴൊക്കെ..
ഭാവിയിലേക്ക് ചിതറിപ്പോവുന്ന ചിരികള്‍ പോലെ

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...