RSS
Container Icon

അനാഥരാക്കപ്പെട്ടവര്‍



ഇവര്‍;
ചാരുകസേരയുടെ 
സ്നേഹക്കാലുകള്‍ തകരുമ്പോള്‍, 
പേരുകള്‍ നഷ്ടപ്പെട്ട് 
വെറും അക്കങ്ങളായവര്‍
ഉണര്‍ന്നുമുണരാത്തവരുടെ
ലോകത്ത് നിന്നും
ഉറങ്ങിയുമുറങ്ങാത്തവരുടെ
ലോകത്തിലെത്തിയവര്‍..
പേരിനു പോലും
സ്നേഹമില്ലാത്തിടത്തു നിന്നും,
പേ ചെയ്തയനുപാതങ്ങളില്‍ കാണാം
പേരുണ്ടതിനും "സ്നേഹഭവനം"..
പ്രതീക്ഷകളുടെ സ്നേഹക്കുമിളകള്‍
അപ്രതീക്ഷിതമായ് തകരുമ്പോള്‍
മക്കളില്‍ നിന്നുമെത്ര മറച്ചാലുമിവര്‍
മാറും നമ്മളായ്‌ - ഇത് നാളെയുടെ ചിത്രം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മള്‍ കാണുമ്പോള്‍



പൂക്കള്‍ എത്ര നിഷ്കളങ്കരാണ്.. 
നിരുപാധികമായ ആ സ്വീകാര്യത, 
അതെത്ര വശ്യമാണ്.. 
ഉരഗവേഗങ്ങളില്‍ ഒരു 
ഊഷ്മളഹൃദയത്തിന്‍റെ സൌന്ദര്യമാണ്, 
മൃദുലവികാരങ്ങളുടെ 
നിധിനിലവറവാതിലുകള്‍ തുറക്കുന്ന 
മന്ത്രങ്ങളാണ്.. 
സ്നേഹശയ്യയില്‍ എമ്പാടും വിതറിയ 
ചിത്രവര്‍ണ്ണങ്ങളാണ്. 
മഞ്ഞില്‍ തണുത്തു വിറച്ചുറങ്ങവേ 
മുഖത്തു വീഴുന്ന 
തണുത്ത വെള്ളത്തിലുണര്‍ന്നു 
മടിയാതെ ചിരിക്കുന്നവരാണ്.. 
മടുപ്പിക്കുന്ന മനുഷ്യ 
മാലിന്യങ്ങളണിഞ്ഞും 
സുഗന്ധികളായവരാണ്..

ഞെരിച്ചും കൊരുത്തും 
സങ്കരങ്ങള്‍ക്കായ് ഉടലറുത്തും 
പകുത്തുമിതെത്ര വട്ടം.. 
പതിവായുള്ള ചിരിയില്‍ 
പറയാത്തത് ഇനിയുമെത്ര...! 

കണ്ടെത്തിയാല്‍ 
ഞാന്‍ ഒരു വനപുഷ്പമാണ്.. 
ചെണ്ടുകള്‍ തീര്‍ക്കാന്‍ 
എന്നെ തിരഞ്ഞാരുമണഞ്ഞില്ലിത് വരെ.. 
ഏവര്‍ക്കും വേണ്ടത് 
ഒരു രക്തപനിനീര്‍ പുഷ്പം തന്നെയാവും .. 
പ്രിയനേ.. പ്രണയഗാനങ്ങള്‍ 
എനിക്കായ് എഴുതപ്പെടുമ്പോള്‍ 
ഞാനും പുഷ്പിക്കും... 
ശാഖികള്‍ നിറഞ്ഞ്... 
കാടിനെയും 
കാറ്റിനെയുമുന്മത്തരാക്കി.. 
വര്‍ണ്ണാന്ധത ബാധിച്ച നീ 
എങ്ങിനെ എന്നെ തിരിച്ചറിയും 
എന്നതാണ് ഇപ്പോഴെന്‍റെ ശങ്ക.. 
എന്നിലേക്കെത്തുവാന്‍ 
നിന്‍റെ നാസികത്തുമ്പ് 
ഏതെല്ലാം പൂക്കളില്‍ സുഗന്ധം തിരയും... 
കാട് കേറുമ്പോള്‍ നീ 
കാറ്റിനെ മാത്രം അഭയം പ്രാപിക്കുക... 
ഞാന്‍ തളര്‍ന്നു തളര്‍ന്നു 
കാറ്റിലലിയും മുന്‍പേ 
കണ്ടെത്തുക...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വലകള്‍, താങ്ങുന്നതും തകരുന്നതും



പ്രകൃതിയോടു കലഹിക്കുകയാണ് ഞാനിന്നും.. 
നിന്‍റെ അലസഗമനങ്ങളെ അനുധാവനം ചെയ്യുന്ന 
നിന്നെ ചുംബിക്കുന്ന കാറ്റിനോട്, 
നിന്നെ പുണരുന്ന പുലര്‍കാല രശ്മികളോട്, 
നിന്നെ പുതയ്ക്കുന്ന നിലാവിനോട്, 
നിന്നെ കൊതിപ്പിക്കുന്ന വര്‍ണ്ണശലഭങ്ങളോട്,
കിന്നാരം പറയുന്ന കിളികളോട്,
നീള്‍മിഴികളില്‍ വിടരുന്ന
പ്രണയത്തോടെ നിന്നെ നോക്കുന്ന ഈ ആകാശത്തോട്,
എല്ലാറ്റിനോടും എനിക്ക് അസൂയയാണ്..
എന്‍റെ അനുവാദമില്ലാതെ നിന്നെ നനയ്ക്കുന്ന വര്‍ഷവും
എന്‍റെ സാമീപ്യമില്ലാതെ നിന്‍റെ കവിളിലരുണിമ പടര്‍ത്തുന്ന വസന്തവും
ഇനി,
എന്നും എന്‍റെ ശത്രുക്കള്‍ ആണ്..
എന്‍റെ ഹൃദയവിചാരങ്ങള്‍ നിരാസത്തിന്റെ കൂടാരത്തില്‍ ചിരി പടര്‍ത്തുന്ന
ഒരു കോമാളി അമ്മാനമാടുന്ന ചെറുവളയങ്ങള്‍ മാത്രമാകുന്നുണ്ട് പലപ്പോഴും..
ഉയരങ്ങളില്‍ ഊയലാടുന്ന നിന്നെ
ഭീതിയോടെ നോക്കുന്ന ദുര്‍ബ്ബലമായ വലക്കണ്ണികള്‍ പോലെയാണ് എന്‍റെ മനസ്സ്..
നിന്‍റെ വീഴ്ച, അത് ഒന്നും ബാക്കി വയ്ക്കുകയില്ല..
കാഴ്ചക്കാരുടെ മുന്നിലെ പരവതാനി ചുവക്കാതിരിക്കട്ടെ...
അഭ്യാസികള്‍ അല്ലാത്തവര്‍ക്ക് സ്ഥാനമില്ലാത്ത ഈ കൂടാരത്തിന് പുറത്ത്
മൈതാനത്തിന്‍റെ, ആ ഇരുണ്ട കോണില്‍
കുഴി മൂടിയ നനഞ്ഞ മണ്ണില്‍
ഇളം മഞ്ഞ പൂവുകള്‍ വിടരും വരെയും
ഞാന്‍ കലഹിക്കുക തന്നെയായിരിക്കും....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചൂടാതെ പോയി നീ....



ഇവര്‍;
നിത്യവസന്തം തീര്‍ക്കും സുഗന്ധസൂനങ്ങള്‍
ഞെട്ടറ്റ മൊഴിയായ്
കൂടെ നടക്കുന്നവര്‍!
സ്വപ്നനങ്ങളുടെ കേള്‍വിക്കാര്‍... 
ചവുട്ടി മെതിച്ചാലും
വര്‍ദ്ധിത വീര്യത്തോടെ വീണ്ടും തഴയ്ക്കുന്നവര്‍
കത്തുന്ന വേനലിലും  
കൊടും ശൈത്യത്തിലും
നീറുന്ന വിരലിലെ 
പടരുന്ന ചോരയെ 
ദലങ്ങളില്‍ ആവാഹിക്കുന്നവര്‍. 
ഇരുണ്ട രഹസ്യങ്ങളെ 
ഇളംകാറ്റില്‍ താലോലിക്കുന്നവര്‍ 
ആയുധശേഖരത്തില്‍ 
ചതിയുടെ മുള്ളുകള്‍ പേറുമൊരു 'നിഷ്കളങ്ക'
ഒരേ സമയം 
സ്വാര്‍ത്ഥവും ത്യാഗിയുമാകുമൊരു നിത്യവിസ്മയം!
ഒരു മിന്നല്‍പ്പിണരില്‍ േഛദിക്കപ്പെടുമ്പോഴും 
മഴ മുകിലുമ്മകള്‍ തരും പോലെ, 
ഒരമാവാസിയില്‍ ഒതുക്കുകള്‍ താണ്ടാന്‍ കൂട്ട് വരുന്ന,
ഒരായിരം മിന്നാമിനുങ്ങുകളെ പോലെ,  
അമൂല്യമായത്...  
മദിപ്പിക്കുന്ന സാമീപ്യം കൊണ്ട് മടിയാറ്റുന്ന മാസ്മരികത!! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അശാന്തിയുടെ ചീട്ടുകൊട്ടാരങ്ങള്‍



മാലാഖമാര്‍ മരണപ്പെടുന്നതും
മഞ്ഞുതൂവല്‍ച്ചിറകുകള്‍ അരിയപ്പെടുന്നതും അവള്‍ക്കു കാണാം.
കാലൊടിഞ്ഞ ഒരു കുതിര, കരയുന്ന ഭൂമി?
ചത്ത മരത്തിന്‍റെ കൊമ്പുകളില്‍ തൂങ്ങിയാടുന്ന ചെറുത്തുനില്‍പ്പുകള്‍..
അനുശോചനപ്രകടനങ്ങളില്‍ മാത്രം ആശ്ലേഷിക്കപ്പെടുന്ന കുരുന്നുകള്‍..
കടലേ ഒരു കയ്യേറ്റത്തിന് നേരമായ്..
കഴുകിക്കളയുക ഈ കാപട്യങ്ങളുടെ ശേഷിപ്പുകള്‍..
ഈ അഴുക്ക്...  പകുതി കരിഞ്ഞ കളിപ്പാട്ടം,
അശാന്തിയുടെ പുക,
ചൂടാറാത്ത ജഡങ്ങളില്‍ ചേരുന്ന നിഴലുകള്‍,
എല്ലാം.. എല്ലാം നിനക്ക് സ്വന്തം..
പാപഗ്രസ്തമീ ലോകത്തില്‍ ഒരു ശാപശിലയായ്‌
അവള്‍ ഉറങ്ങിക്കൊള്ളട്ടെ..
മോക്ഷത്തിന്‍റെ പാദങ്ങളത്രയും വഴി മാറിപ്പോകുമ്പോള്‍,
കാത്തിരിപ്പിന്‍റെ കനല്‍ച്ചൂടില്‍
വിണ്ടു പോകാം ഈ വെറും കല്ല്‌..
പക്ഷെ അന്നതില്‍ നിന്ന് പിറക്കുന്നത്‌
കന്മദ ഗന്ധമുള്ള കവിതകള്‍ ആയിരിക്കും..
അത് കടലില്‍ അലകള്‍ തീര്‍ക്കുക തന്നെ ചെയ്യും

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രായം ചെന്ന ആ രാത്രിയില്‍...



അപ്രതീക്ഷിതമായ്...
എന്നെ ആലിംഗനം ചെയ്ത നിന്‍റെ ഓര്‍മ്മകളെ കുടഞ്ഞെറിഞ്ഞു ഞാനീ കടലിലേക്ക് ഊര്‍ന്നിറങ്ങുന്നു... ഉദ്വേഗസമ്പന്നമെങ്കിലും, ഈ അലസ സായാഹ്നത്തില്‍ നീ ഒരു ഗന്ധമായ് അവശേഷിക്കുക തന്നെ ചെയ്യും. ഈ നിഴലുകള്‍ക്കെല്ലാം അവിടവിടെ, നിന്‍റെ ഒരു ശപ്തരൂപസാമ്യം ഉണ്ട്. സമ്മതിക്കുന്നു, നിന്‍റെ ആശയങ്ങളുടെ ജ്വാലയും ആവിഷ്കാരത്തിലുള്ള ചിരിനുറുങ്ങുകളും നിദ്രയുടെ ആഴങ്ങളില്‍ പോലും എന്‍റെ പ്രാണവായുവാണ്!! അവസാനത്തെ മരത്തിന്‍, കത്തിയെരിയുന്ന ചില്ലകളില്‍ വച്ചാണ് നാം കാണുന്നത്... പക്ഷെ കടലില്‍ നിന്നുയര്‍ന്ന ഒരു മേഘം കടന്നു പിടിച്ചത് പോലെ ഞാന്‍ തണുത്തു വിറക്കുന്നുണ്ടായിരുന്നു... നിന്നിലെ മൗനം അത്......എന്റെ മൗനം! നിശബ്ദത! അലകള്‍.... അറിയാം, ഭ്രാന്ത് ചോദ്യങ്ങള്‍ അല്ലാതെ ഉത്തരങ്ങള്‍ ആവശ്യപ്പെടുന്നില്ലല്ലോ.. മനസ്സ് കോറിയതൊന്നും തിരകള്‍ തിരിച്ചു തരികയുമില്ലല്ലോ....


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുട്ടുവിന്‍ തുറക്കപ്പെടും... പക്ഷെ...



പുഴയില്‍ വീണു മരിച്ച താരകം 
ആറ്റുവഞ്ചികള്‍ക്കിടയില്‍ പുനര്‍ജ്ജനിക്കുന്ന ഒരു നാള്‍
മറച്ചു വയ്ക്കുവാന്‍ ഒന്നുമില്ലാതെ വണ്ണം 
നീ നഗ്നനായിപ്പോകും.. 
കുറച്ചു കദനസൂക്തങ്ങള്‍ ഉരുവിട്ട് 
നിനക്ക് വേണമെങ്കില്‍
ഒരു വിശ്ശുദ്ധന്റെ മേലങ്കി അണിയാം.
നുണകളുടെ പെരുമഴ പോലും
വിഡ്ഢികളുടെ പുസ്തകത്തില്‍
പുതിയ ഒരു നിയമമായ്
എഴുതി ചേര്‍ക്കപ്പെടും.
സൂര്യനും ചന്ദ്രനും ഉദിക്കാത്ത ഒരു നാള്‍
ഗ്രഹങ്ങള്‍ നിനക്ക് ചുറ്റും ഭ്രമണം നടത്തും.
രക്ഷകന്‍റെ ചിരിയോടെ നീ
കാറ്റിനെ കൈവെള്ളയിലൊതുക്കും..
മഴമേഘങ്ങളെ പകുത്തു
മരുഭൂമിയില്‍ എറിയും..
ആത്മാവിന്‍റെ സ്വര്‍ണ്ണധൂളികള്‍
കാണാന്‍ അന്ധരോട് ആവശ്യപ്പെടും...
"ഞാന്‍.. ഞാന്‍ തന്നെയാണ് പരബ്രഹ്മം"
എന്ന് ഉറക്കെ പ്രഖ്യാപിക്കും..
രാശികളെ കീഴടക്കി
സ്വര്‍ഗ്ഗം വില്‍പ്പനയ്ക്ക് വയ്ക്കും..
ആര്‍ക്കും നല്‍കാത്ത ചില കുറിമാനങ്ങള്‍,
ദൈവവുമായുള്ള /ചെകുത്തനുമായുള്ള?
രഹസ്യസംവേദനങ്ങളുടെ അടയാളങ്ങള്‍,
നീ സൂക്ഷിച്ചു വയ്ക്കും.
ഇരുളില്‍ തളര്‍ന്നുറങ്ങുന്ന
ആയിരങ്ങളെ അറിയാതെ
നിന്‍റെ ആട്ടവിളക്കിനു ചുറ്റും
പലരും ഭക്തിനൃത്തം ചവിട്ടും...
വിശപ്പും ഉറക്കവും തമ്മിലുള്ള യുദ്ധത്തില്‍
മനം മടുത്ത ഒരു വൃദ്ധന്‍, അന്നും
തന്‍റെ കുടുംബവുമായി തെരുവിലേക്ക് ഇറങ്ങും..
വാതിലുകള്‍ ഇല്ലാത്ത നഗരത്തില്‍
അയാള്‍ പകച്ചു നില്‍ക്കും.
കുറുകിയ കണ്ണുകള്‍ എങ്ങിനെ
വിശാലമായ ചക്രവാളം കാണും?
ഹൃദയരക്തം നിറയ്ക്കാത്ത തൂലിക
എങ്ങിനെ വരികള്‍ക്ക് ജീവന്‍ നല്‍കും?
കാഴ്ചയുടെ അനന്തസാധ്യതകളെ
വിരലുകള്‍ വഞ്ചിക്കുക തന്നെ ചെയ്യും.
നിജമറിയും മുന്‍പ് നീ മരിച്ച പോയാല്‍
എന്നെ പഴിക്കരുത്. ..കാരണം,
മുട്ടുവാന്‍ ഈ നഗരത്തില്‍
വാതിലുകള്‍ ഇല്ല..
വാതിലുകള്‍ ഇല്ല....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...