RSS
Container Icon

നമ്മള്‍ കവിതകളാകുന്ന കാലം



കെട്ടിവലിക്കുന്ന ഏകാന്തതയില്‍ 
അസംതൃപ്തിയുടെ വേനല്‍ക്കാല അടയാളങ്ങള്‍ 
കടലിനും, പക്ഷികള്‍ക്കും 
ആശയക്കുഴപ്പം  ഉണ്ടാക്കിയ ഒരു കാലം,  
നേരംതെറ്റി വിരിഞ്ഞതാല്‍ 
ചവിട്ടിമെതിക്കപ്പെട്ട  പൂക്കളെ നോക്കി 
പുല്‍മേടുകള്‍ വിയര്‍ത്തുനിന്ന  മറ്റൊരു കാലം.

ഋതുക്കള്‍ അക്ഷരങ്ങളാകുമ്പോള്‍  
നീയും  ഞാനും  
വാക്കില്‍  നിന്നും  മറ്റൊരു  വാക്കിലേക്ക് 
കുടിയേറുന്ന ഈ കാലത്ത്;
പ്രണയത്തിനു സാക്ഷ്യം വഹിച്ച  
വഴിയോരവിളക്കുകളും 
നമ്മെ ചേര്‍ത്ത കറുത്ത കുടയും 
നിന്റെ വെളുത്ത പ്രാവുകളുടെ കുറുകലും  
എന്‍റെ ആ സൈക്കിളും 
വിസ്മൃതിയിലേക്ക് വീഴാന്‍  മടിക്കുന്ന
വയലറ്റ് പൂക്കളും;  
ആ  പേനകളും; 
ചെറുചിരിയുടെ മടക്കുകള്‍ കയറി വരുന്നു!

യഥാര്‍ത്ഥ വീട്ടില്‍ എത്തിപ്പെട്ടതുപോല്‍
ഉടുപ്പുകള്‍  മാറുകയും, 
ജനലുകള്‍  തുറക്കുകയും 
ആളുകള്‍ ചരിക്കുന്നതും, 
ഇരുട്ടില്‍  വീഴുന്നതും കണ്ട്  
കാറ്റിന്റെ  തലോടലില്‍ 
ഒരു പിറന്നാള്‍ മധുരം  നുണഞ്ഞിരിക്കുന്നു... 

നാളെ, 
ഋതുക്കളുടെ ഭാഷകള്‍ മനസ്സിലാവാതെ
ദൂരെയൊരു മഴ ജനിക്കുന്നു, 
കെട്ടടങ്ങിയ നക്ഷത്രക്കണ്ണുകളില്‍ 
തുറന്നിട്ട  ജാലകങ്ങള്‍  തെളിയുന്നു 
തണുപ്പിന്റെ ചുരുള്‍ നിവരുകയും, 
നമ്മെയൊന്നായ് മൂടുകയും ചെയ്യുന്നു. 



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വസന്തത്തിന്‍റെ വിലാപം



കാലത്തിന്‍റെ കൈവഴികളില്‍ 
പടരുന്ന വള്ളികള്‍
മെല്ലെ, വറ്റാത്തൊരു 
കുളിരിനെ തൊടുന്നു
പഴങ്കഥകള്‍ പിന്നിട്ട് 
പാദമറിയാത്ത 
കാടുകള്‍ കണ്ടെത്തുന്നു 
കവിതകള്‍ ചോരുന്ന 
കണ്ണുകള്‍ മുദ്ര വയ്ക്കപ്പെടുന്നു 
നെഞ്ച് നിറക്കാതെ 
പൊടുന്നനെ ലില്ലികള്‍ പൂക്കുന്നു!
ചുംബനം, മരണത്തിന്‍റെ 
ചവര്‍പ്പ്..
ദാഹം, ഇരുട്ടിന്‍റെ 
തഴുകല്‍!
ഒത്തുതീര്‍പ്പുകളിലേക്ക് 
കണ്‍തുറക്കുന്ന 
പുലരികള്‍! 
സ്വപ്നത്തില്‍ പെറ്റ് പെരുകിയ 
രാത്രി മുല്ലകള്‍...
പരിമളം ഇല്ലാത്ത 
പ്രേമഭാഷണങ്ങള്‍... 
ചാറ്റല്‍മഴയുടെ ചതി 
മണ്ണ് തൊട്ട പൂക്കള്‍, 
അകാലങ്ങളില്‍ അസ്തമിക്കുന്നു 
വസന്തം! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഒരു യാത്ര കൂടി ...



വഴി കാട്ടി നക്ഷത്രമേ
വിസ്മയവീഥിയാകെ ഹൃദയത്തുടിപ്പുകള്‍ അടയാളപ്പെടുത്തി വരുന്നുണ്ട് ഞാന്‍
പുതുചക്രവാളങ്ങള്‍ പകര്‍ന്നേക്കാവുന്ന മദങ്ങള്‍ തേടി..
അലക്ഷ്യമായ ജീവിതയാത്രയിലെ ആസുരനിമിഷങ്ങളെ ഉപേക്ഷിച്ചു
അനന്തതയില്‍ അലയുന്നൊരു ആത്മാവാകണമിനി.. 
മനസ്സ് കൊണ്ട് ഒരു നൂറു വട്ടമെങ്കിലും നടന്നു തീര്‍ത്ത വഴികള്‍
മടിയില്ലാതെ ഉപേക്ഷിച്ചു വരികയാണ് ഞാന്‍..
അനന്തമെങ്കിലും ആവേശം അണുവിട ചോരാതെ കാക്കുന്നുണ്ട് ഉദ്വേഗം..
വാഗ്ദത്തഭൂമിയിലേക്ക്‌ യാത്ര ചെയത്
സ്വപ്നങ്ങള്‍ നരച്ചു മടുത്തു പോയതില്‍
ആത്മഹത്യ ചെയ്ത ഭാഗ്യദേവതയുടെ കഥയുണ്ട്!
അത്, നിങ്ങളോട് പറയാം ഇനിയൊരിക്കല്‍..
ഒരു മടങ്ങി വരവുണ്ടെങ്കില്‍...
യാത്രകള്‍.. മാത്രകളിലൂടെ..
മടക്കയാത്രകള്‍ മരുഭൂമിയിലൂടെ,
മറന്നു പോയ വഴികള്‍ മനസ്സുകളിലൂടെ..
ജനിമൃതികള്‍ക്കിടയില്‍ പരന് ജയം നല്‍കി പ്രാന്ത് പിടിച്ച യാത്രകള്‍..
മേഘങ്ങളിലൂടെ യാത്ര ചെയ്യവേ
എന്‍റെ ഭാണ്ഡങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു..
എന്‍റെ ഓര്‍മ്മകള്‍ക്ക് ഒരല്‍പം ചൂട് പകരുവാന്‍
ശ്വാസം നിറയുന്ന മഞ്ഞുമ്മകള്‍ക്ക് എങ്ങനെ കഴിയും??
കുസൃതിയില്‍ കണ്ണ് ചിമ്മുന്ന ഒറ്റനക്ഷത്രമേ
എന്നെ തിരിച്ചറിയാന്‍ നിനക്ക് ഈ കണ്ണുകളിലെ തിളക്കം മാത്രം ബാക്കി വയ്ക്കാം..
പ്രകാശനൂലില്‍ മനസ്സ് കൊരുത്തിട്ടുണ്ട്..
തളര്‍ന്നാല്‍ എന്നെ വലിച്ചെടുത്താലും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അനാഥരാക്കപ്പെട്ടവര്‍



ഇവര്‍;
ചാരുകസേരയുടെ 
സ്നേഹക്കാലുകള്‍ തകരുമ്പോള്‍, 
പേരുകള്‍ നഷ്ടപ്പെട്ട് 
വെറും അക്കങ്ങളായവര്‍
ഉണര്‍ന്നുമുണരാത്തവരുടെ
ലോകത്ത് നിന്നും
ഉറങ്ങിയുമുറങ്ങാത്തവരുടെ
ലോകത്തിലെത്തിയവര്‍..
പേരിനു പോലും
സ്നേഹമില്ലാത്തിടത്തു നിന്നും,
പേ ചെയ്തയനുപാതങ്ങളില്‍ കാണാം
പേരുണ്ടതിനും "സ്നേഹഭവനം"..
പ്രതീക്ഷകളുടെ സ്നേഹക്കുമിളകള്‍
അപ്രതീക്ഷിതമായ് തകരുമ്പോള്‍
മക്കളില്‍ നിന്നുമെത്ര മറച്ചാലുമിവര്‍
മാറും നമ്മളായ്‌ - ഇത് നാളെയുടെ ചിത്രം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മള്‍ കാണുമ്പോള്‍



പൂക്കള്‍ എത്ര നിഷ്കളങ്കരാണ്.. 
നിരുപാധികമായ ആ സ്വീകാര്യത, 
അതെത്ര വശ്യമാണ്.. 
ഉരഗവേഗങ്ങളില്‍ ഒരു 
ഊഷ്മളഹൃദയത്തിന്‍റെ സൌന്ദര്യമാണ്, 
മൃദുലവികാരങ്ങളുടെ 
നിധിനിലവറവാതിലുകള്‍ തുറക്കുന്ന 
മന്ത്രങ്ങളാണ്.. 
സ്നേഹശയ്യയില്‍ എമ്പാടും വിതറിയ 
ചിത്രവര്‍ണ്ണങ്ങളാണ്. 
മഞ്ഞില്‍ തണുത്തു വിറച്ചുറങ്ങവേ 
മുഖത്തു വീഴുന്ന 
തണുത്ത വെള്ളത്തിലുണര്‍ന്നു 
മടിയാതെ ചിരിക്കുന്നവരാണ്.. 
മടുപ്പിക്കുന്ന മനുഷ്യ 
മാലിന്യങ്ങളണിഞ്ഞും 
സുഗന്ധികളായവരാണ്..

ഞെരിച്ചും കൊരുത്തും 
സങ്കരങ്ങള്‍ക്കായ് ഉടലറുത്തും 
പകുത്തുമിതെത്ര വട്ടം.. 
പതിവായുള്ള ചിരിയില്‍ 
പറയാത്തത് ഇനിയുമെത്ര...! 

കണ്ടെത്തിയാല്‍ 
ഞാന്‍ ഒരു വനപുഷ്പമാണ്.. 
ചെണ്ടുകള്‍ തീര്‍ക്കാന്‍ 
എന്നെ തിരഞ്ഞാരുമണഞ്ഞില്ലിത് വരെ.. 
ഏവര്‍ക്കും വേണ്ടത് 
ഒരു രക്തപനിനീര്‍ പുഷ്പം തന്നെയാവും .. 
പ്രിയനേ.. പ്രണയഗാനങ്ങള്‍ 
എനിക്കായ് എഴുതപ്പെടുമ്പോള്‍ 
ഞാനും പുഷ്പിക്കും... 
ശാഖികള്‍ നിറഞ്ഞ്... 
കാടിനെയും 
കാറ്റിനെയുമുന്മത്തരാക്കി.. 
വര്‍ണ്ണാന്ധത ബാധിച്ച നീ 
എങ്ങിനെ എന്നെ തിരിച്ചറിയും 
എന്നതാണ് ഇപ്പോഴെന്‍റെ ശങ്ക.. 
എന്നിലേക്കെത്തുവാന്‍ 
നിന്‍റെ നാസികത്തുമ്പ് 
ഏതെല്ലാം പൂക്കളില്‍ സുഗന്ധം തിരയും... 
കാട് കേറുമ്പോള്‍ നീ 
കാറ്റിനെ മാത്രം അഭയം പ്രാപിക്കുക... 
ഞാന്‍ തളര്‍ന്നു തളര്‍ന്നു 
കാറ്റിലലിയും മുന്‍പേ 
കണ്ടെത്തുക...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വലകള്‍, താങ്ങുന്നതും തകരുന്നതും



പ്രകൃതിയോടു കലഹിക്കുകയാണ് ഞാനിന്നും.. 
നിന്‍റെ അലസഗമനങ്ങളെ അനുധാവനം ചെയ്യുന്ന 
നിന്നെ ചുംബിക്കുന്ന കാറ്റിനോട്, 
നിന്നെ പുണരുന്ന പുലര്‍കാല രശ്മികളോട്, 
നിന്നെ പുതയ്ക്കുന്ന നിലാവിനോട്, 
നിന്നെ കൊതിപ്പിക്കുന്ന വര്‍ണ്ണശലഭങ്ങളോട്,
കിന്നാരം പറയുന്ന കിളികളോട്,
നീള്‍മിഴികളില്‍ വിടരുന്ന
പ്രണയത്തോടെ നിന്നെ നോക്കുന്ന ഈ ആകാശത്തോട്,
എല്ലാറ്റിനോടും എനിക്ക് അസൂയയാണ്..
എന്‍റെ അനുവാദമില്ലാതെ നിന്നെ നനയ്ക്കുന്ന വര്‍ഷവും
എന്‍റെ സാമീപ്യമില്ലാതെ നിന്‍റെ കവിളിലരുണിമ പടര്‍ത്തുന്ന വസന്തവും
ഇനി,
എന്നും എന്‍റെ ശത്രുക്കള്‍ ആണ്..
എന്‍റെ ഹൃദയവിചാരങ്ങള്‍ നിരാസത്തിന്റെ കൂടാരത്തില്‍ ചിരി പടര്‍ത്തുന്ന
ഒരു കോമാളി അമ്മാനമാടുന്ന ചെറുവളയങ്ങള്‍ മാത്രമാകുന്നുണ്ട് പലപ്പോഴും..
ഉയരങ്ങളില്‍ ഊയലാടുന്ന നിന്നെ
ഭീതിയോടെ നോക്കുന്ന ദുര്‍ബ്ബലമായ വലക്കണ്ണികള്‍ പോലെയാണ് എന്‍റെ മനസ്സ്..
നിന്‍റെ വീഴ്ച, അത് ഒന്നും ബാക്കി വയ്ക്കുകയില്ല..
കാഴ്ചക്കാരുടെ മുന്നിലെ പരവതാനി ചുവക്കാതിരിക്കട്ടെ...
അഭ്യാസികള്‍ അല്ലാത്തവര്‍ക്ക് സ്ഥാനമില്ലാത്ത ഈ കൂടാരത്തിന് പുറത്ത്
മൈതാനത്തിന്‍റെ, ആ ഇരുണ്ട കോണില്‍
കുഴി മൂടിയ നനഞ്ഞ മണ്ണില്‍
ഇളം മഞ്ഞ പൂവുകള്‍ വിടരും വരെയും
ഞാന്‍ കലഹിക്കുക തന്നെയായിരിക്കും....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചൂടാതെ പോയി നീ....



ഇവര്‍;
നിത്യവസന്തം തീര്‍ക്കും സുഗന്ധസൂനങ്ങള്‍
ഞെട്ടറ്റ മൊഴിയായ്
കൂടെ നടക്കുന്നവര്‍!
സ്വപ്നനങ്ങളുടെ കേള്‍വിക്കാര്‍... 
ചവുട്ടി മെതിച്ചാലും
വര്‍ദ്ധിത വീര്യത്തോടെ വീണ്ടും തഴയ്ക്കുന്നവര്‍
കത്തുന്ന വേനലിലും  
കൊടും ശൈത്യത്തിലും
നീറുന്ന വിരലിലെ 
പടരുന്ന ചോരയെ 
ദലങ്ങളില്‍ ആവാഹിക്കുന്നവര്‍. 
ഇരുണ്ട രഹസ്യങ്ങളെ 
ഇളംകാറ്റില്‍ താലോലിക്കുന്നവര്‍ 
ആയുധശേഖരത്തില്‍ 
ചതിയുടെ മുള്ളുകള്‍ പേറുമൊരു 'നിഷ്കളങ്ക'
ഒരേ സമയം 
സ്വാര്‍ത്ഥവും ത്യാഗിയുമാകുമൊരു നിത്യവിസ്മയം!
ഒരു മിന്നല്‍പ്പിണരില്‍ േഛദിക്കപ്പെടുമ്പോഴും 
മഴ മുകിലുമ്മകള്‍ തരും പോലെ, 
ഒരമാവാസിയില്‍ ഒതുക്കുകള്‍ താണ്ടാന്‍ കൂട്ട് വരുന്ന,
ഒരായിരം മിന്നാമിനുങ്ങുകളെ പോലെ,  
അമൂല്യമായത്...  
മദിപ്പിക്കുന്ന സാമീപ്യം കൊണ്ട് മടിയാറ്റുന്ന മാസ്മരികത!! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...