RSS
Container Icon

തിര, തിരയുന്നത്...



ആഴിയുടെ അടിത്തട്ടില്‍ 
ആരുമറിയാതുറങ്ങുന്നൊരു പേടകം
അതില്‍, 
കടലിലും കലരാത്ത 
കണ്ണുനീരുറഞ്ഞതിന്‍ ഘനമുണ്ട്. 
അതിനാലൊരിക്കലും,
ഉയര്‍ന്ന് വരികയില്ലെന്നുറപ്പുള്ളൊരു ഹൃദയം

കണ്ണെതിരെ നിന്നും 
കണ്ണതിരിലേക്ക് 
കടല്‍ നിറയെ താരകക്കുഞ്ഞുങ്ങള്‍....
അതിനിടയിലങ്ങു ദൂരെയൊരു കപ്പല്‍ച്ചാലില്‍
അടയാള വിളക്ക് തെളിച്ചവളുടെ 
ആത്മാവും പേറി 
ആഴങ്ങള്‍ പുല്‍കിയവന്‍!

അവളുടെ അപ്രാപ്യവാഞ്‌ഛകളെ 
അതിജീവിക്കാനാവാതെ
ഈ അനന്ത സാഗരം...
നനഞ്ഞ പാദങ്ങളെ തഴുകി 
മണല്‍മുത്തി ഓടുന്ന കാറ്റ് നുകര്‍ന്നത് 
കടലിലെ ഉപ്പോ, കണ്ണു നീരോ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"അനാഥരാക്കപ്പെടുന്നവര്‍"



സൗമ്യമായ ഒരു ശുഭരാത്രിയോതുവാന്‍ 
കഴിയാത്തത്ര, വാര്‍ദ്ധക്യം അതിന്‍റെ 
പൊള്ളുന്ന ഉന്മാദങ്ങളില്‍ 
ഉലഞ്ഞു പോയിരിക്കുന്നു. 
അന്ധകാരമാണ് പരമസത്യമെന്ന 
തിരിച്ചറിവിന്‍റെ ഉള്‍ക്കരുത്ത് 
ക്ഷണദ്യുതികള്‍ കോര്‍ത്ത
പുലമ്പലുകളായ് നിങ്ങള്‍ക്കൊരു 
ഒരശുഭരാത്രി നേര്‍ന്നേക്കാം 
ഇരുത്തം വന്ന അഭിനയമികവ്; 
അതാണ്‌ ചിലപ്പോള്‍, ഇരുട്ടിനെ 
ഭ്രാന്തമായ് ആട്ടിയകറ്റുന്നത്, 
അകന്നു പോകുന്ന വെളിച്ചത്തിന് 
ഒരു ദുര്‍ബ്ബല പ്രതിരോധം തീര്‍ക്കുന്നത്.
വെളിച്ചമകന്ന മിഴികള്‍ 
താളത്തിലടച്ചും തുറന്നും 
ഗദ്ഗദത്തോടെ അവര്‍ 
മരിച്ച സൂര്യന്‍റെ പാട്ടുകള്‍ പാടും. 
അവര്‍ക്കായ് അടയാളപ്പെടുത്തിയ 
ആറടി ദീര്‍ഘചതുരത്തില്‍ 
അരുമയായ് വളര്‍ത്തിയ കുഞ്ഞുങ്ങള്‍ 
ആര്‍ത്തു ചിരിക്കും.. 
മാവിന് ചുവട്ടില്‍ വച്ച് 
മഴു മൂര്‍ച്ചപ്പെടുത്തുന്നതു പോലെ 
മതി മരിച്ചു കിടക്കുന്നവന്‍റെ ചുറ്റും നിന്നാ 
മക്കള്‍ മണ്ണിനു പോരടിക്കും.. 
ചരമ വാര്‍ത്തയില്‍, 
നാട് വിട്ടു പോയ മകന്‍റെ 
പേര് ചേര്‍ക്കുന്നതിനെ ചൊല്ലി 
മരുമക്കള്‍ പ്രതിഷേധമുയര്‍ത്തും.. 
ദൂരെയെങ്ങോ ഒരു പട്ടണത്തില്‍ 
ക്ഷീണിച്ച കട്ടിലില്‍ 
താടി വളര്‍ത്തിയ ഒരു രൂപം 
ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയുണരും. 
ഒരടര്‍ന്ന നക്ഷത്രത്തുണ്ട് ജാലകപ്പഴുതിലൂടെ,
അവന്‍റെ നെഞ്ചിലേക്ക് വീഴും. 
അടുത്ത പകലില്‍ 
ആഴിയുടെ അനന്തത അശ്രുവിലാവാഹിച്ചു 
അവന്‍ തര്‍പ്പണം നടത്തും. 
ബലിച്ചോറുണ്ട കാക്കകള്‍ 
പറന്നു പോയിടത്തേക്ക് 
ശൂന്യമായ കണ്ണുകള്‍ പതിപ്പിച്ചു 
അവന്‍ കുറെ നേരമിരിക്കും.. 
അനാഥരെ ദഹിപ്പിക്കുന്ന സ്മശാനത്തിലേക്ക് 
വഴി ചോദിച്ച അവനോടു 
വെറുതെ ഒരു വൃദ്ധ കയര്‍ക്കും.. 
അവകാശികള്‍ ഇല്ലാത്തവരുടെ ലോകത്തിനു 
മേല്‍വിലാസം ഇല്ലെന്നു അവന്‍ മനസ്സിലാക്കും.. 
ഇനി ഒന്നുമറിയേണ്ട, 
അഞ്ചു ദിവസമായി 
അവന്‍റെ ആത്മാവ് നോക്കിയിരിക്കുന്നത് 
അത് തന്നെയാണ്.. 
ഉത്സാഹത്തോടെ തന്‍റെ 
ഉടല്‍ തിന്നു തീര്‍ക്കുമുറുമ്പുകളെ.. 
പിന്നെ, അവസരം നഷ്ടമായ 
ബലിക്കാക്കകള്‍ക്ക് മുഖം കൊടുക്കാതെ 
അവനും യാത്രയാവും..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വിയോഗങ്ങളിലൂടെ



ഭാവി ജീവിതത്തില്‍ 
ഒരു ചുവര്‍ ചിത്രം മാത്രമായി നീ! 
ഭയന്നു പോയ ഹൃദയം 
അനിയന്ത്രിതമായി, മിഴികളിലൂടെ 
തിളച്ചു തൂവുന്നു ഞാനറിയാതെ..

ചിരി നിറഞ്ഞ ചങ്ക് കീറി, 
നിന്നെയുമെടുത്ത് മറഞ്ഞതാണ് 
അന്നവസാനമായി ദൈവം!
നീയാം പാതിയില്ലാതെ 
അലറിക്കരയുന്ന മറുപാതിയായി ഞാന്‍!

നീറുന്ന നിശബ്ദതകളില്‍ 
കവിളിലുപ്പൂറും നനവില്‍ 
തണുപ്പു തൂകുന്നിളം കാറ്റ് നീയെന്നറിയാം
വിട എന്നൊരു വാക്കിനിട തരാതെ 
പിരിഞ്ഞതെന്തെന്നു നിനക്ക് മാത്രമേയറിയൂ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചെറുനാക്ക്



ധൈര്യം
പതിനെട്ട് ചക്രങ്ങളില്‍
പലതായ് ചിതറുന്ന 
പുഞ്ചിരി. 

മരണം
അപരനുമവനവനും 
അറിയാത്തിടമെങ്കില്‍ ഒരു 
മോചനം 

ജഡം  
ഒടുവിലെ മുഖംമൂടി 
അഴിഞ്ഞുപേക്ഷിക്കപ്പെട്ട   
അനാഥഗളം.

മൌഡ്യം
പ്രയാണവേഗങ്ങളില്‍
പ്രാണനോര്‍ക്കുന്നുവെന്ന  
പ്രതീക്ഷ. 

പ്രണയം 
പരിഭവങ്ങളെ തകര്‍ന്ന 
പാളത്തിലേറ്റിയോടും 
തീവണ്ടി.. 

നഷ്ടം
നിനക്കായരികില്‍ 
ഇന്നുമൊഴിച്ചിട്ടിരിക്കുന്ന
ഇടം..  


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചെറുനാക്ക്



ഉത്തരം 
ഉടനടിയരം ചേര്‍ത്തു 
ഉയിരിറുത്തവന്‍ തന്ന
മറുചോദ്യം.. 

തോല്‍വി
കളഞ്ഞു പോയതല്ല 
കരുതിയെറിഞ്ഞതെന്ന 
തിരിച്ചറിവ്.

മിഥ്യ  
നീങ്ങിയകന്ന നിഴല്‍ 
നെഞ്ചോരം ചായുമെന്ന 
കാത്തിരിപ്പ്.

അറിവ് 
അറിയുവാനിനിയുമേറെയെന്നു
അറിഞ്ഞാലുലയാത്ത 
തലം..  

നിരാസം 
നഷ്ടബോധങ്ങളിലപരന്
നിറയെ വിളമ്പുന്ന
സദ്യ.  

വീട്  
ചൊല്‍കളില്ലാത്ത 
കല്‍ച്ചുവരുകളുടെ 
കൂട്ടായ്മ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മള്‍ കവിതകളാകുന്ന കാലം



കെട്ടിവലിക്കുന്ന ഏകാന്തതയില്‍ 
അസംതൃപ്തിയുടെ വേനല്‍ക്കാല അടയാളങ്ങള്‍ 
കടലിനും, പക്ഷികള്‍ക്കും 
ആശയക്കുഴപ്പം  ഉണ്ടാക്കിയ ഒരു കാലം,  
നേരംതെറ്റി വിരിഞ്ഞതാല്‍ 
ചവിട്ടിമെതിക്കപ്പെട്ട  പൂക്കളെ നോക്കി 
പുല്‍മേടുകള്‍ വിയര്‍ത്തുനിന്ന  മറ്റൊരു കാലം.

ഋതുക്കള്‍ അക്ഷരങ്ങളാകുമ്പോള്‍  
നീയും  ഞാനും  
വാക്കില്‍  നിന്നും  മറ്റൊരു  വാക്കിലേക്ക് 
കുടിയേറുന്ന ഈ കാലത്ത്;
പ്രണയത്തിനു സാക്ഷ്യം വഹിച്ച  
വഴിയോരവിളക്കുകളും 
നമ്മെ ചേര്‍ത്ത കറുത്ത കുടയും 
നിന്റെ വെളുത്ത പ്രാവുകളുടെ കുറുകലും  
എന്‍റെ ആ സൈക്കിളും 
വിസ്മൃതിയിലേക്ക് വീഴാന്‍  മടിക്കുന്ന
വയലറ്റ് പൂക്കളും;  
ആ  പേനകളും; 
ചെറുചിരിയുടെ മടക്കുകള്‍ കയറി വരുന്നു!

യഥാര്‍ത്ഥ വീട്ടില്‍ എത്തിപ്പെട്ടതുപോല്‍
ഉടുപ്പുകള്‍  മാറുകയും, 
ജനലുകള്‍  തുറക്കുകയും 
ആളുകള്‍ ചരിക്കുന്നതും, 
ഇരുട്ടില്‍  വീഴുന്നതും കണ്ട്  
കാറ്റിന്റെ  തലോടലില്‍ 
ഒരു പിറന്നാള്‍ മധുരം  നുണഞ്ഞിരിക്കുന്നു... 

നാളെ, 
ഋതുക്കളുടെ ഭാഷകള്‍ മനസ്സിലാവാതെ
ദൂരെയൊരു മഴ ജനിക്കുന്നു, 
കെട്ടടങ്ങിയ നക്ഷത്രക്കണ്ണുകളില്‍ 
തുറന്നിട്ട  ജാലകങ്ങള്‍  തെളിയുന്നു 
തണുപ്പിന്റെ ചുരുള്‍ നിവരുകയും, 
നമ്മെയൊന്നായ് മൂടുകയും ചെയ്യുന്നു. 



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വസന്തത്തിന്‍റെ വിലാപം



കാലത്തിന്‍റെ കൈവഴികളില്‍ 
പടരുന്ന വള്ളികള്‍
മെല്ലെ, വറ്റാത്തൊരു 
കുളിരിനെ തൊടുന്നു
പഴങ്കഥകള്‍ പിന്നിട്ട് 
പാദമറിയാത്ത 
കാടുകള്‍ കണ്ടെത്തുന്നു 
കവിതകള്‍ ചോരുന്ന 
കണ്ണുകള്‍ മുദ്ര വയ്ക്കപ്പെടുന്നു 
നെഞ്ച് നിറക്കാതെ 
പൊടുന്നനെ ലില്ലികള്‍ പൂക്കുന്നു!
ചുംബനം, മരണത്തിന്‍റെ 
ചവര്‍പ്പ്..
ദാഹം, ഇരുട്ടിന്‍റെ 
തഴുകല്‍!
ഒത്തുതീര്‍പ്പുകളിലേക്ക് 
കണ്‍തുറക്കുന്ന 
പുലരികള്‍! 
സ്വപ്നത്തില്‍ പെറ്റ് പെരുകിയ 
രാത്രി മുല്ലകള്‍...
പരിമളം ഇല്ലാത്ത 
പ്രേമഭാഷണങ്ങള്‍... 
ചാറ്റല്‍മഴയുടെ ചതി 
മണ്ണ് തൊട്ട പൂക്കള്‍, 
അകാലങ്ങളില്‍ അസ്തമിക്കുന്നു 
വസന്തം! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...