RSS
Container Icon

വെറുമൊരു സ്വപ്നജീവി
"നിന്‍റെ യുദ്ധമല്ലിത്" എന്ന് 
ഉള്ളിലിരുന്നു ആരോ പറയുന്നുണ്ട്..
ആവര്‍ത്തനങ്ങളുടെ അഗാധതകളില്‍ നിന്ന് 
ഉപരിതലത്തിന്‍റെ അപാരതയില്‍ വന്നു 
കുറച്ചു ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 
കണ്‍‌തുറന്നു നോക്കുമ്പോള്‍
ആകാശത്തിന്‍റെ ഏതു കോണിലേക്കാണ്
പറക്കേണ്ടത് എന്ന് തീരുമാനിക്കും..
എനിക്ക് ചിറകുകള്‍ ഇല്ലെന്നും
ഞാന്‍ ഒരു കുഞ്ഞു മത്സ്യമാണെന്നും
അപ്പോള്‍ ഞാന്‍ മറക്കും...

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഞാന്‍ =നീ ?പിണക്കം..
തൊടിയിലെ കരിയിലക്കലപിലകളില്‍ ഞാന്‍ 
തിരഞ്ഞും കേള്‍ക്കാതെ പോകുന്ന എന്‍റെ പേര്..

മൌനം..
എന്നോ നിന്‍റെ സ്വപ്നങ്ങളിലേക്ക് എത്തി നോക്കി 
എന്നെ കണ്ട എന്നില്‍ നഷ്ടമായ മൊഴികള്‍..

വേദന..
വിരല്‍ത്തുമ്പുകള്‍ കോറിയ ഒരു വിരസചിത്രത്തില്‍
വിരഹം മനസ്സിലവശേഷിപ്പിച്ച ഒരു ചുവന്ന വര..

കാലം..
എനിക്കും നിനക്കും മനസ്സിലാവാത്ത അളവുകോലുകള്‍
എന്തിനെന്നറിയാതെ തിട്ടപ്പെടുത്തുന്ന നാളുകള്‍..

ഞാന്‍..
ഇഷ്ടമാണെന്നും അല്ലെന്നും ചൊല്ലി നീ അടര്‍ത്തിയ
ഇതളുകള്‍ക്കൊടുവില്‍ ബാക്കിയായ ഒറ്റയിതള്‍..
നീ..
കൈ നിറയെ പൂത്ത പ്രണയപ്പൂവാകയുടെ നിഴലില്‍
കാറ്റെടുത്ത ഒരു പൂവിനെ കാത്തു നില്‍ക്കുന്നവന്‍..

ഞാന്‍..
ഇരുളിന്‍റെ മറവില്‍ പുഴയിലേക്ക് അലിയാന്‍
ഇന്ദ്രിയങ്ങളെയൊരുക്കി എന്നും കാത്തിരുന്നവള്‍..
നീ..
ഒരു ചേമ്പിലക്കുമ്പിളില്‍ പ്രിയമോടെ തടഞ്ഞു നിര്‍ത്തി
ഒരു വെയില്‍നാളത്താല്‍ എന്നില്‍ തിളക്കം നിറച്ചവന്‍..

ഞാന്‍..
ഒടുവിലെ മെഴുകുതിരിയില്‍ നിന്നുരുകിയ തുള്ളികളില്‍
ഒരിറ്റു മിഴിനീര്‍ കലര്‍ത്തി നിന്നെ കുളിര്‍പ്പിച്ചവള്‍..
നീ..
പതറാത്ത ചുവടുകള്‍ വച്ചു എന്നെ നെഞ്ചോടു ചേര്‍ത്തു
പതിയെ പുലരിവെളിച്ചത്തിലേക്ക് നടന്നു കയറിയവന്‍..

ഞാനും നീയും..
പരശ്ശതം ബിംബങ്ങളില്‍ കാലാതീതം പ്രേമത്തിന്‍റെ
പരസ്പര പൂരകങ്ങള്‍ ആയി നിലകൊള്ളേണ്ടവര്‍ 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

“ഇത് എന്‍റെ മഴ – നിനക്കായ്”

ഓരോ മഴയും  നിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്
ആ ഓര്‍മ്മകളില്‍ ഒരായിരം കിളിനോവുകളില്‍ 

അനസ്യൂതം എന്നെ ആഗിരണം ചെയ്യുന്ന 
ഈ മഴത്തുള്ളികളില്‍... 
ഇടയ്ക്കിടെ, നനഞ്ഞൊട്ടിയ ചിറകുകളില്‍
പ്രിയമുള്ള ഒരു കൊക്കുരുമ്മുന്ന സുഖം!!
എനിക്ക് ചുറ്റും കനത്ത
നിശ്ശൂന്യ നിശബ്ദത
നീ കൊണ്ട് വന്നത്
നിനക്കായ് പൊഴിച്ചെങ്ങോ നഷ്ടമായെന്നു
ഞാന്‍ കരുതിയൊരു വര്‍ണ്ണത്തൂവല്‍!!
അറിയാമെനിക്കു...
നിനക്ക് കൂട്ടിനു കന്യയാം മരുഭൂമിയും
പതിതയാം കടലും തപ്തനിശ്വാസങ്ങളും ഉണ്ടെന്ന്..
മുറിയാത്ത മഴനൂലുകളില്‍ 
ഞാന്‍ കൊരുത്ത് അയച്ചോരീറന്‍ കൊഞ്ചലുകള്‍
നിന്‍റെ മാനം കുലുക്കി മനസ്സുലച്ച്
പെയ്യട്ടെ വിരഹമഴയായ്!!
ആ മഴയില്‍, ഇലഭാരത്തില്‍ 
കുനിഞ്ഞ് പോയൊരു ചില്ലയുടെ തുമ്പത്തെ
ഇത്തിരിപ്പൂവിന്റെ നെഞ്ചില്‍
കരുതി വയ്ക്കാം നിനക്കായ്
എന്റെ മഴ..
പ്രണയം ചിതറുന്ന തൂലികത്തുള്ളികളില്‍
നിന്‍ മിഴിയൊളി തെളിയിക്കുന്ന ഓര്‍മ്മവില്ല്!!
ഊഷരതയിലും വസന്തം വിരിയിക്കുന്ന
നിന്‍റെ മായാജാലം.. 
അതിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്
പ്രാണന്‍ കൊളുത്തുന്ന വേദനയിലാണ്
നിന്‍റെ വാക്കുകള്‍ അപൂര്‍ണ്ണമാകുന്നതും
എന്നിലേതോ ആഴങ്ങളിലേക്ക്
ഒരു അശ്രവ്യ മുഴക്കമായ്
അതലിഞ്ഞു പോകുന്നതും!!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...