RSS
Container Icon

ഓര്‍മ്മയുടെ പടവുകള്‍
ഹൃദയം പിടയുമ്പോള്‍ മാത്രം 

ഉതിരുന്ന ചില സ്ഫടിക ചിരികളുണ്ട്; 
തിരികെ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ 
മാത്രമാവണം ചില 
നോവുകളുടെ ഉയരമറിയുന്നത്!

ഇടയ്ക്കിടെ 
കണ്ണാടി നോക്കി മിനുക്കി,
ചുംബിച്ച് മുഖം മൂടി അണിയിക്കുന്ന
ഭൂതകാലത്തിന്‍ പരിചിത പടവുകള്‍
ഓര്‍മ്മിപ്പിക്കുന്നതാവണം
നിന്റെ മനസ്സ്!
വന്ന വഴിയെ,
വ്യര്‍ത്ഥം ഓടിക്കയറുന്ന
ഭ്രാന്താവണം ചിന്തകള്‍!
ശ്വസിക്കുമ്പോള്‍ കത്തിപ്പടരുന്ന
ലഹരിയുടെ താഴ്‌വരയില്‍
മുന്തിരിവള്ളികള്‍ ചുരത്തുന്ന
വീഞ്ഞാവണം നീ!
മനപൂര്‍വ്വം ധിക്കരിച്ച്
നിന്നില്‍ നൃത്തം ചെയ്തു മദിക്കുന്ന
ചിലങ്കയിട്ട കാവ്യശില്‍പം
മാത്രമാവണം ഈ ക്ഷണികജീവിതം !


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

നിലാക്കുറുമ്പി
ചിന്തകളും സ്വപ്നങ്ങളും 

ഒന്നിച്ചൊരു പൂവായ്‌ വിടരില്ലെന്ന്
അറിയുമ്പോഴും , 
ആശകളത്രയും 
നിശബ്ദതയുടെ ഇതളുകളില്‍

മായ്ച്ചു മായ്ച്ചെഴുതി 
നീറിക്കരഞ്ഞൊരു
പേരറിയാപ്പൂവ്..

വ്യഥയുടെ വേലിപ്പടര്‍പ്പില്‍
പരിഭവ പടവുകള്‍
ഒന്നൊന്നായ് ഇറങ്ങിയ വെളിച്ചം,
അവളെ തഴുകവേ
ഒരു ചിത്രശലഭം പോലുയിര്‍ത്ത്
പിന്നെ ചിറകൊതുക്കി
വീണ്ടും തിരഞ്ഞെത്തിയ
അതിഥിയുടെ മാറോടണഞ്ഞു..

കതിരവവിരലുകളവളെ
നിലാവിന്നിഴ ചേര്‍ത്ത
പുതപ്പാല്‍ മൂടി
ഹൃദയത്താല്‍ വിളിച്ചു
അര്‍ത്ഥമറിയാപ്പൂവേ,
നീ "നിലാക്കുറുമ്പി!"

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഈയാംപാറ്റകള്‍

എത്ര നിറങ്ങളാണീ
പ്രണയത്തിന്
പുലര്‍വെട്ടം തഴുകിയെന്‍ 
മനസ്സുണര്‍ന്നപ്പോള്‍ 
നിന്നെ മഴവില്ലെന്ന്‍
വിളിക്കണമെന്ന് തോന്നി! 
സ്നേഹിക്കപ്പെട്ട
നിമിഷങ്ങളിലൊന്നില്‍
പെറ്റ് പെരുകിയ
മയില്‍പ്പീലി കുഞ്ഞുങ്ങളെ
സ്വതന്ത്രമാക്കാതെ ചേര്‍ത്തുവച്ച
നിഷ്കളങ്കതയില്‍ നിന്നും
അനുയോജ്യ നിറമണിഞ്ഞു
അവസരങ്ങള്‍ക്കായ്
മനസ്സ് ഒരുങ്ങി നില്‍ക്കെ,
നിനക്കായ് തീറെഴുതിയ
ഈ ഹൃദയത്തിന്‍റെ ഇറയത്ത്‌
കണ്‍തടങ്ങളിലെ കറുപ്പിനും
നിന്റെ ചുവപ്പിനുമിടയില്‍
സ്നേഹപ്പാറ്റകള്‍ ചിരിച്ചു കൊണ്ട്
ഈ ഭൂമിയിലേക്ക്‌ പിറന്നു വീഴും!
പരസ്പരമവര്‍ ദാഹത്തോടെ
വിളിക്കും "എന്റെ വാലന്റൈന്‍!"
 


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ജ്വലനം,


നനഞ്ഞു കുതിര്‍ന്ന 
കൊച്ചു പിണക്കങ്ങളെ 
വീണ്ടും തൊട്ടു വിളിച്ച്
കണ്ണ്പൊത്തി, ആ കൗമാരം
ഓടിയൊളിക്കുന്നതെങ്ങോട്ടാണ്? 

സ്വപ്നങ്ങളെക്കുറിച്ച്
വാചാലമാകുമ്പോഴെല്ലാം
എന്തേ ആ കണ്ണുകളിലിത്ര വിഷാദമെന്ന്
വായിക്കാന്‍ ശ്രമിച്ചിരുന്നു.
എന്റെ തോന്നലുകളെയെല്ലാം
ഭ്രാന്തെന്നോതി തളച്ചിടുന്ന
നിന്നിലെ നിസ്സഹായത ഞാന്‍ തന്നെയോ?

കൈവെള്ളയില്‍ കോറിയിട്ട
ഏതോ അക്ഷരങ്ങളില്‍ ഒളിപ്പിച്ച
നിന്റെ ചിരിയില്‍
വേദന ചേര്‍ന്നിരുന്നു
നിന്നില്‍ നിന്നൊളിക്കുവാനോ
കണ്ണുകള്‍ ഇറുക്കിയടച്ചത്?

മുറിവേറ്റ നീര്‍ത്തുള്ളിയെ
തുടച്ചു നീക്കി
വെറുതെ നിന്നോടിനിയും
മനസ്സില്‍ വഴക്കിടുക വയ്യ !
ശബ്ദമില്ലെന്നറിഞ്ഞും
എന്താണ് ഞാന്‍
കേള്‍ക്കാന്‍ ശ്രമിക്കുന്നത്?

ഞാന്‍ എന്ത് ചെയ്യണം?
ഒരു കുറിപ്പ് പോലും
അവശേഷിപ്പിക്കാതെ,
സമാധാനത്തിന്റെ കൊമ്പില്‍
തൂങ്ങി മരിച്ച, ആ തണുത്ത
മുഖത്തെ തേടിപ്പോവണോ?

ഒരു അലസമായ തിരച്ചിലില്‍
കണ്ടെത്താതെ നഷ്ടമാക്കിയത്,
കാത്തിരുന്നു തളര്‍ന്ന വേളയില്‍
കാതുകളറിയാതെ പോയത്,
നിന്റെ പ്രേമനാദമൊളിഞ്ഞിരുന്ന
വെണ്ശംഖ് തന്നെയായിരുന്നോ??.


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...