RSS
Container Icon

നവവര്ഷം*
ഒരു യാത്രയുടെ അന്ത്യത്തില്‍ 
നിന്നെ ഈ വിധം കാണുക-
ദുഖമാണ്.
ഒരാണ്ടിന്റെ തീര്‍പ്പുകള്‍ക്കൊടുവില്‍ 
തളര്‍ന്ന നിന്നില്‍, 
മരിച്ചു മറഞ്ഞൊരാ വെണ്‍താരകങ്ങളും, 
നിനവിലെ വസന്തം വെണ്ണീറാക്കിയ മധുരസ്മൃതികളും
പന്ത്രണ്ടു ദളമുള്ള പൂവില്‍ -
കൊഴിഞ്ഞു വീണൊരു ഓര്‍മയാവുന്നു.
നിഷ്ക്രിയരുടെ മൌനത്തിന്നിടയിലും,
അനുചിതമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും,
നര വീഴാത്ത സ്വപ്നങ്ങളുടെ നിറവില്‍
യുവത്വത്തിന്റെ പ്രസരിപ്പിനാല്‍,
തേജസ്സുള്ള നിന്റെ പ്രതീക്ഷകള്‍
ഈ ലോകത്തെ വീണ്ടും നയിക്കട്ടെ

നിനക്കായ്....
വിരുന്നുശാലകള് ഒരുങ്ങുന്നു....
പൊന്നിന്‍ പാദസരങ്ങള്‍ ചിരിക്കുന്നു .....
കത്തുന്ന കരള്‍പൂവിന്‍ മണമുയരുന്നു.....
ഇവിടെങ്ങും കാലിടറാതെ,പുത്തന്‍ പ്രതീക്ഷകള്‍
ഒരു നവ വര്‌ഷത്തിനായ് ആര്‍പ്പുവിളിക്കുന്നു.....
എങ്കില്‍, ഞാനും ചേരട്ടെ നിന്നോടൊപ്പം,
നിറമുള്ള സ്വപ്‌നങ്ങളില്‍,
ഒരു ചുവന്ന പനിനീര്‌പൂവുമായ്.....

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍ !!!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

സ്വപ്നവീഥി


വിട പറയുന്ന സൂര്യന്റെ തളര്ന്ന രശ്മികള്‍
ചൂഴ്ന്നിറങ്ങിയൊരു പകലന്തിയിലാണ്
ഞാന്‍ നിന്നെ തിരഞ്ഞിറങ്ങിയത്.
ഉയിര്‍ക്കുന്ന ഓര്‍മകളിലമരുന്ന-
നെടുവീപ്പുകള്‍ കണക്കെ തിരകള്‍-
പിന്‍വാങ്ങുന്ന കടലിന്റെ മനസ്സുമായി.
ഈ തീരങ്ങളിഴചേര്‍ത്ത കാല്‍പ്പാടുകള്‍-
നിന്റെതാണെന്ന് ഞാനറിയുന്നു
കൂടണയാത്ത ചെറുകിളികള്‍ കൂട്ടം-
കൂട്ടമായ്‌ ആകാശത്ത് വട്ടമിട്ടു നീങ്ങുന്നു
ഒരു കാറ്റില്‍ ആടിയുലയാത്ത
പ്രളയം തൊട്ടു തകര്‍ക്കാത്ത
ഒരു കൊച്ചുപ്രതീക്ഷയുടെ നാളം-
തിരഞ്ഞുള്ളയീ ഉയര്‍ന്നു പറക്കല്‍
മുറിവേറ്റ മനസ്സിന്നാഴങ്ങളില്‍ പതിക്കെ
വിദൂരങ്ങളില്‍ വലിച്ചെറിഞ്ഞ നമ്മുടെ സ്വപ്നങ്ങള്‍-
യാത്രാമൊഴിയെകാതെ ഒന്നിച്ചു കൂടണയാന്‍-
പുതിയൊരാകാശം തിരയുന്നു.
 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

"മുദ്ര വച്ച നീരുറവ"
ഒരു ഡിസംബറിന്റെ കുളിരിലാണ്
എന്റെ പ്രണയമെന്നെ തിരഞ്ഞെത്തിയത് .
വെളുത്ത പൂക്കളില്‍  ചുവന്ന അക്ഷരങ്ങളാല്‍,
പറയാതെ പറഞ്ഞ ഇഷ്ട്ടം.

തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
പ്രണയപര്‌വത്തിന്നേകാന്തതയില്‍-
ദിവാസ്വപ്നങ്ങള്‍ പുഞ്ചിരി തൂവിയതുമന്നാണ്.

തിളങ്ങിതുളുമ്പും അരുവികളും
പാദസരം കിലുക്കിയുണര്ത്തിയ പുല്‍ക്കൊടിയും
തഴുകിതലോടിയ തെന്നലും തപ്തമായ എന്റെ-
ഹൃദയം തൊട്ടൊരു പ്രേമകാവ്യം രചിച്ചതുമന്നാണ്.

കുറുനിരകൊണ്ട് കവിള്‍ത്തടം  ചുവന്നതും
തേന്‍കുടം ഉടച്ചിട്ട സ്നേഹമന്ത്രങ്ങളാല്‍-
മിഴിപൂക്കള്‍ മറന്ന ചിത്രശലഭങ്ങള്‍,
ഹരിതശയ്യയില്‍ വീണമര്‌ന്നതുമന്നാണ്.

സ്നേഹാകുലയായ് അലിഞ്ഞുതീരുമാ മഞ്ഞിന്റെ-
തീരത്ത് ഞാനൊരു മണവാട്ടിയായി.
പ്രേമമുണര്ത്തിയ  മോതിരവിരലില്‍
ഒരു തരി മഞ്ഞിനാലവന്‍ ‍ മുദ്ര വച്ചതുമന്നാണ്.
 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

"വീണ്ടും ഒരു ക്രിസ്തുമസ് "
തെരുവില്‍ പലവര്‍ണ്ണങ്ങളിലുള്ള-
നക്ഷത്രങ്ങള്‍ തിളങ്ങുമ്പോള്‍-
കരഞ്ഞുകലങ്ങിയ ആ കുഞ്ഞു-
കണ്ണുകളെനിക്കു കാണാം.

മദ്യത്തില്‍ മുങ്ങിയ ആഘോഷങ്ങളില്‍-
കലഹം വഴി ദുഖത്തിലാഴുന്ന മനസ്സുകള്‍.
അല്ലലില്‍ ആശകള്‍ പടിയിറങ്ങുന്ന പുലരികളില്‍,
ക്രിസ്തുമസ് കെട്ടടങ്ങുന്ന കുടുംബങ്ങള്‍!.

പാതിരാകുര്‍ബാനകളില്‍ കുഞ്ഞീശോയോടൊപ്പം,
ജനിക്കുന്ന പ്രതീക്ഷകളും പ്രാര്‍ഥനകളും
അവളോടൊപ്പം കാത്തിരുന്ന
കണ്ണുനീരൊഴിഞ്ഞ ഒരു ക്രിസ്തുമസ്!

അയല്‍വീട്ടിലെ നക്ഷ്ത്രവിളക്കില്‍-
കണ്ണുനട്ടിരിക്കുന്ന അവളില്‍
ക്രിസ്തുമസ് ഒരുക്കങ്ങള്‍ ഇന്നും
തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അമ്മമനസ്സ്ഒരു കവിതയുണ്ടെന്റെ മനസ്സില്‍
അറിഞ്ഞു തുടങ്ങിയപ്പോള്‍ കാണാന്‍ മറന്നതും 
അറിഞ്ഞപ്പോള്‍ എഴുതിപ്പിടഞ്ഞതും 
അമ്മയെന്ന നിത്യ സത്യം 

യൗവ്വനത്തില്‍  അരുതുകള്‍-
അറിവാക്കി പിന്തുടര്‍ന്ന ശബ്ദം.
ആ അരുതിന്നാകുലതയില്‍-
വെറുപ്പ്‌ നീട്ടിയെറിഞ്ഞതെന്‍ വിഡ്ഢിപ്രായം

പ്രാര്‍ഥനാശീലുകളാല്‍  പൊതിഞ്ഞ മാറില്‍ നിന്നും
എന്നിലേക്കുള്ള വളര്‍ച്ചയില്‍,‍
ഒരു പോരാട്ടത്തിന്റെ മറവ്,അവിടെ
പരിഭവം വിളര്‍ത്തു നിന്ന തുറന്ന സ്നേഹം

വേറിട്ട ബന്ധങ്ങളില്‍ തട്ടിതടഞ്ഞപ്പോഴെല്ലാം
വാക്കുകള്‍ നിറഞ്ഞൊഴുകും മുന്നേ
കണ്ണീരൊപ്പി ചേര്‍ത്തെന്നെയെന്നും
ആശ്വസിപ്പിച്ചൊരാശാ കിരണം

പെണ്ണിന്റെ പൂര്‍ണ്ണതയില്‍-
ഞാനുമൊരു അമ്മയായപ്പോള്‍
നുറുങ്ങിയ വേദനകള്‍ ഒരു ചുമല്‍ തേടവേ,
ഇടറാതെയെന്നെ കാത്ത ആശ്രയം

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍-
ഒരായിരം തിരുത്തലുകള്‍ക്കിടയില്‍,
തിരുത്തപ്പെടാതെ ഒന്ന് വേണം,
എന്റെ അമ്മ!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

"ഇന്ന് ഇങ്ങനെയാണ്"
മൂടികെട്ടിയ മാനം 
ചന്നം പിന്നം ചാറിയെങ്ങും നനഞ്ഞ നിരത്ത്.
കൈകവര്‍ന്നു സ്വയമടുപ്പിക്കും തണുപ്പ്,
സ്വപ്നമല്ല, ഇതിന്നിന്റെ ചിത്രമാണ്.
മോഹവലയത്തില്‍ മരുഭൂമിയിന്നൊരു മയിലുപോല്‍,
ഉറക്കത്തിന്നറയില്‍ മൂടിപുതച്ചു പ്രകൃതിയും,
അങ്ങിങ്ങായ്‌ തെളിഞ്ഞ വെള്ളമുത്തുപോല്‍-
സൂര്യനായ് തിരയുന്ന മേഘപൊട്ടുകളും.....
എന്റെ പ്രേയസീ,
സൌന്ദര്യത്തിന്നൊരു കണികയില്‍
ഈശ്വരന്‍ ഊരിയെറിഞ്ഞ പുടവയാണ് നീ!


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പേര് *സ്വപ്നങ്ങളില്‍, 
കലപിലപറഞ്ഞ് കളഞ്ഞുപോയ 
എന്റെ പേര് തിരഞ്ഞാണ്- 
ഞാന്‍ നിന്നിലേക്കെത്തിയത് .
മഞ്ഞു വീണൊരു സന്ധ്യയില്‍-
നിനക്ക് ഞാനൊരു പുല്‍ക്കൊടിയായി.
വാചാലമായ മഴയാണ് ഞാനെന്നും,
ആ നീലിമ നിന്റെ മനസ്സെന്നും പറഞ്ഞു.
എന്റെ ചിരിക്ക് വസന്തമാകാന്‍ കഴിയുമെന്നും-
ഞാനൊരു പൂവാണെന്നും നീ പറഞ്ഞു.
പ്രണയത്തിനു വില പേശിയ കാലമെല്ലാം-
നിന്റെ പ്രാണന്റെ നിഴല്‍ ഞാനെന്നോതി.
ചോരച്ച പനിനീര്പൂവിനാല്‍ ചുമ്പിച്ച-
കുറിമാനങ്ങളില്‍ അടര്‍ന്നു വീണ അക്ഷരങ്ങള്,
ഒരായിരം പേരുകള്‍ പറഞ്ഞു.
ഒടുവില്‍, കാതടപ്പിച്ച വിളികളില്‍ ഇറ്റു വീണ കണ്ണീരില്‍
ഉപ്പുണ്ടെന്നു ചൊല്ലി നീയെന്നെ ചുണ്ടോടടുപ്പിച്ചു.
അന്ന് ഞാനൊരു പൂമ്പാറ്റയായ്‌ മാറി.
പിന്നീട് , എന്റെ പേര് ചോദിച്ചപ്പോഴെല്ലാം,
ഞാന്‍, നിന്റെ പ്രണയമെന്നു പറഞ്ഞ് പറന്നുപോയി.

 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പ്രവാസംകണ്ണടച്ചു തുറക്കുമകലത്തില്‍ 
ഞാന്‍ കണ്ട കാഴ്ചകള്‍ എത്ര ഭിന്നമാണ്‌!
അടര്‍ന്ന തുള്ളിയില്‍ നിന്നും കാത്തിരിക്കുന്ന-
കണ്ണിലേക്കുള്ള ദൂരത്തില്‍ പരന്ന പച്ചപ്പിന്‍ കുളിര്‍ മങ്ങി.
ലോഹപക്ഷിക്കുള്ളില്‍ നീറുമേകാന്ത പറവയായ് ‍-
ജാലകവീഥിയില്‍ നിറമിഴികള്‍ നീട്ടി,
ചേലെഴും വെള്ളിമേഘങ്ങളിലമ്മതന്‍ ‍ -
ചേലതിരഞ്ഞു ഞാന്‍ മയങ്ങിപ്പോയി.
കത്തുന്നചൂടില് സ്വര്‍ണ്ണം പോല്‍ ‍തിളങ്ങുന്ന-
നിരന്ന മണല്പ്പാടത്തിനിടയില്‍ ‍ ,‍
വിരഹസ്മാരകങ്ങളായ് ഉയര്‍ന്ന കെട്ടിടങ്ങള്‍!
തെളിഞ്ഞ കണ്ണുകള്‍ നിലം തൊടാതെ തിരികെയെന്‍ മണ്ണിന്‍ -
മടിത്തട്ടില്‍ ഉണര്ന്നെങ്കിലെന്നൊരുമാത്ര മോഹിച്ചുപോയി.
രാത്രിയും പകലും വേര്‍പെടാത്ത മുറികള്‍,
വാതിലിനപ്പുറമുള്ള ലോകമെന്നില്‍ മടുത്തു നിന്നു ,
കണ്ട കൌതുകങ്ങളൊരു കത്തിന്നായുസ്സിലൊടുങ്ങി.
ഇണങ്ങാനും പിണങ്ങാനും ആരുമില്ലാതെ-
വിരസമായ പകലുകളെന്നില്‍ വിതുമ്പി,
നിരങ്ങി നീങ്ങിയ മാസങ്ങള്‍ വളര്‍ന്നൊരു വര്‍ഷത്തില്‍ -
വീണ്ടും എന്റെ മണ്ണിലേക്ക്,
അന്ന് വരെ കാണാത്ത കാഴ്ചകള്‍ കണക്കെ നാടിന്റെ
മാറ്റങ്ങളെ നോക്കികണ്ടു
പ്രവാസം നല്‍കിയ പെരുമയില്
ഉരുകുമീ മണ്ണ് കാണാത്ത മനസുകളില്‍ നിന്നും
വീണ്ടും ഒരു മടക്കം.....
പിന്നെ, ഓരോ തിരിച്ചു വരവിലും
ഞാനീ നാടിന്റെതായി!


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഗുല്‍മോഹര്‍

 
അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍
എനിക്കു നിന്നെ കാണാം
പഴയ സ്വപ്നത്തില്‍ പൂത്തുലഞ്ഞ വാകയുടെ തണലില്‍
ഒരിതള്‍ കവര്ന്നെന്‍ ഹൃദയവും കാണാം
അകാലങ്ങളില്‍,
അവസാനതിരിയും കെട്ടടങ്ങിയപ്പോള്‍ ,
ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍
ഞാനെന്റെ മനസ്സുമായെത്തി .
പറയാന്‍ മറന്ന പ്രണയത്തിന്‍-
ഓര്‍മകള്‍ക്ക് വഴികള്‍ നഷ്ടമായില്ല.
നിരന്തരം ഞാനറിഞ്ഞ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍ വിതുമ്പിയ-
പ്രാര്‍ത്ഥനയായ് നീയെന്നറിയെ,
വേനല്‍ തീയിലും തണുത്ത വിരല്‍തുമ്പിന്നെന്റെ-
വരികളില്‍ വിയര്‍ക്കുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

വ്രണിതസ്മിതം


 
 
 
 
നിഴല്‍ വീഴാത്ത വള്ളിക്കുടിലൊന്നില്‍-
തളിര്ത്തലപ്പുയര്‍ത്തി ചാഞ്ഞെന്റെ സ്വപ്നങ്ങളുണ്ട്.
ഇനിയും പെയ്തിറങ്ങാത്ത ഘനീഭവിച്ച-
മൌനത്തില്‍ ഒരു മഴയുടെ പ്രതീക്ഷ!
എരിഞ്ഞു തീരാത്ത വാക്കുകളെ
ഭൂതകാലം ഒറ്റുകൊടുക്കുന്നു.
തെളിഞ്ഞും മറഞ്ഞും, വിരിഞ്ഞും പൊഴിഞ്ഞും
നഷ്ട്ടവസന്തത്തില്‍ പേരുമറന്നപ്രണയപൂക്കള്,
തഴുകുന്നകാറ്റിനോട് ‍കള്ളം പറയുന്നതെന്തിന്!‍
വീണുചിതറിയ മഴവില്ലില്‍ പറഞ്ഞു തീരാത്ത‍ കഥകള്‍,
തന്‍ നിറം മറന്നു നില്‍ക്കുന്നു.
മുറിവേറ്റ ചിരിയിലീ രാവും വിസ്മൃതിയിലാഴുമ്പോള്‍,
നേര്‍ത്ത സ്പന്ദനമായ്‌ കരഞ്ഞുവിങ്ങുമെന്‍-
ഹൃദയം തിരഞ്ഞ ‍നിദ്രയിന്നും വഴിമാറുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

വിഹ്വലംനീയാണ്‌ ശരി.
യാത്ര പറഞ്ഞു പോയ വാക്കുകളെ സ്വരുക്കൂട്ടി -
ഹൃദയമേ നീ ആകുലപ്പെടുന്നതെന്തിന് ?
ആരുമാരെയും കാക്കാത്തയീ യാത്രയില്‍
ഏകാന്തമീ കാത്തിരിപ്പ് അനന്തമല്ലേ?
അക്ഷരപിശകുകളുടെ തിരുത്തലുകളില്‍ നിന്നും-
ശരിയെന്തെന്ന് നീ അറിയുന്നുണ്ടോ?
ചുവന്ന മഷിപുരണ്ട മുഖങ്ങളെ നോക്കി -
മൗനമായ് സ്വയം ‍ഭാരമേല്‍ക്കുന്നതെന്തിന് ?
വേട്ടനായ്ക്കളുടെ മുരള്ച്ചയില്‍ ഭയം നിഴലിക്കും
രാത്രിയുടെ മുറുമുറുപ്പുകള്‍ പകലോളം നീളുമ്പോള്‍,
നിങ്ങളേ ശരിയെന്നു ചൊല്ലിയൊഴിയാത്തതെന്ത് ?
എങ്കിലും ഒരു മറുപടിക്കായ് ചെവിയോര്‍ക്കേ,
ശരിതെറ്റുകള്‍ക്കിടയില്‍ നീ ആശ്രിതന്‍-
മറുവാക്ക് നഷ്ട്ടപ്പെട്ടവനെന്നു മറക്കാമോ?
 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഡിസംബര്

മഞ്ഞിന്റെ നിറമുള്ള ഇവള്‍,
ചുവപ്പിന്റെ ഇഷ്ട്ടക്കാരി
പുണ്യം പേറുമവളുടെ നിറവയറില്-‍
പ്രാര്‍ത്ഥന നിറയുമ്പോള്‍
എങ്ങും സന്തോഷത്തിന്റെ മിടുപ്പുകള്‍!
ഇവള്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരി.
ഒളിഞ്ഞിരിക്കും ദുഖത്തിന്‍ ചുവയിലും
വിടപറയുമ്പോള്‍
ഒരുക്കങ്ങളില്‍ തിളങ്ങി നില്‍ക്കുന്നവള്‍
പുതിയ പ്രതീക്ഷയുടെ നന്മയുടെ-
ആഘോഷങ്ങളുടെ ‍ തുടക്കക്കാരി.
നീയല്ലോ ,
എന്നെ കുളിരണിയിക്കുന്ന
എന്റെ പ്രിയപ്പെട്ട ഡിസംബര്‍
നീയെത്ര സുന്ദരി!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...