RSS
Container Icon

നീലക്കുറിഞ്ഞികള്‍ പൂക്കാതെയായത്




ആഴിയും ആകാശവും
അലസമായ് വരച്ചിട്ട  ചിത്രം പോലെ
സ്നേഹനിറമുള്ള നീലക്കുറിഞ്ഞികള്‍
സുഗന്ധ നാളമായ്  വിരുന്നു വന്നു...

ആടിയുലഞ്ഞൊരു
മഴയ്ക്കും വേനലിനുമൊടുവിൽ
സൌന്ദര്യം പുതച്ചിറങ്ങുന്ന ഗിരിനിരകളിൽ
കാലത്തിന്റെ ദിക്കുകൾ താണ്ടി
പൂത്തിറങ്ങിയ ഒരു  സ്വപ്നം  പോലെ...

മോതിരവിരല്‍ തഴുകിയെന്‍
ഹൃദയത്തിന്‍ മിടിപ്പറിഞ്ഞു,
മുഗ്ദ്ധമധരങ്ങളെ പൊള്ളിച്ച്,
ഇരു കണ്ണുകളെയും കടമെടുത്തു...

ഇറുകെപുണര്‍ന്ന നിദ്രയുടെ കോണിലവ
കളയാതെ സൂക്ഷിച്ച നിറങ്ങള്‍ നെയ്തു
ഇമയറിയാതെ, ഇരവിന്നിതളറിയാതെ
എപ്പൊഴോ ഉറങ്ങിപ്പോയി...









  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മരം പറയാഞ്ഞത്

ഞാവൽ പൊഴിഞ്ഞു കൊണ്ടേയിരുന്നു.. 
വേനൽ വറുതിയിൽ ചിതറിത്തെറിച്ച 
ലാവണ്ടർ നിറമുള്ള പഴങ്ങളിൽ 
ഒരു ചുവപ്പ് പടരുന്നുവോ? 
തന്നെ ചുറ്റിനടന്നൊരു കൊച്ചുപയ്യന് 
ചില്ലകളിൽ ചാടിക്കേറി തൂങ്ങിയാടി 
കരുത്തറിയിച്ച ഇന്നലെകളിലെ അവധിക്കാലങ്ങളുടെ
ഓർമ്മകൾ വർഷിക്കുന്നു രക്തബിന്ദുക്കൾ..

ഞാൻ പൂക്കാൻ മറന്ന ഒരു വസന്തത്തിലാണോ
ഇലപ്പഴുതിലൂടെയവനെ പ്രണയം തൊട്ടത്
എന്റെ ചുമലിൽ ചാരിയവൻ കോറിയിട്ട
ശീതള സല്ലാപങ്ങളും തേൻ നുറുങ്ങുകളും
വിരഹവും കണ്ണീരും ഞാനും അറിഞ്ഞതല്ലേ
പുതുവസ്ത്രമണിഞ്ഞ് പള്ളിമേടയിൽ തന്റെ
പ്രേയസിക്കൊപ്പം അവൻ നടന്നു നീങ്ങിയപ്പോഴും
പുതുജീവന് അവകാശിയായപ്പോഴും
മൂകയായ് അവനായ് ഞാനിലകൾ പൊഴിച്ചുകൊണ്ടേയിരുന്നു.

ഇന്നെന്റെ ധമനികൾ ത്രസ്സിച്ച് തകരുന്ന വേദനയിൽ
തളിർ ഇലകൾ പോലും കരഞ്ഞു വീഴുന്നു
കൂട്ടമണികൾ ഒച്ചവച്ച് വിറങ്ങലിച്ച ആ ജീവൻ
എന്നെ വല്ലാതെ തളർത്തുന്നു
മരിക്കുവാൻ വയ്യ,
ഓരോ ഋതുവിലും ഞാൻ നിന്നെ തൊടും
ഓരോ ഇളം കാറ്റും നിന്നിലെത്തിക്കും
കാണാൻ ബാക്കി വച്ച സ്വപ്ങ്ങൾ
എന്നിൽ വല്ലികളായ് പടര്ന്നു കയറുന്നത്
ഒരുണര്ച്ചയുടെ ഭംഗമില്ലാതെ നീ കാണും

ഒടുവിൽ നിന്റെ പ്രിയപ്പെട്ടവർക്ക് നീ
ഒരോർമ പോലുമല്ലാതാവുമ്പോഴും
ഞാനിവിടെയുണ്ടാകും ഒരു തേങ്ങലായ്..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അപ്പൂപ്പന്‍ താടി പോല്‍




മങ്ങിയ ചിരാതുകൾ എന്തിനോ 
ഇരുട്ടിന്റെ മരവിച്ച കവിൾ 
തൊടുന്നത് കണ്ടിരിക്കുമ്പോഴാണ് 
നീ എന്റെ നഷ്ടങ്ങളെകുറിച്ച് ചോദിച്ചത്

കരൾ കീറിയെത്തിയ മിന്നൽപ്പിണരിലും 
നിശബ്ദം ഒഴുകിയിറങ്ങിയ രാത്രിമഴയെ
തൊട്ടറിയുമ്പോഴാണ് എന്റെ മോഹഭംഗങ്ങളുടെ
പട്ടികയിൽ നീ നിന്നെ തിരഞ്ഞത്

അനിവാര്യതയില്‍ മരണം കവര്ന്നവരും
അവിവേകത്തിലവനെ പുണര്ന്നവരും
നിഴലുകളായെന്നെയുണർത്തിയപ്പോഴാണ്
ഞാൻ നിനക്ക് ആരെന്ന് അറിഞ്ഞത്.

കാഴ്ചയും കണ്ണീരും ആത്മാവും മിടിപ്പുകളും
സര്‍വവ്യാപിയാമവന്‍‍ നിയന്ത്രിക്കുവതറിയവെയാണ്
പ്രണയവും സ്പര്ശവും മൗനവും
നിത്യസംഗീതമായ് എന്‍ പ്രാണനിൽ നിറഞ്ഞത്‌..

ബാല്യത്തില്‍ കൈമോശം വന്ന മഞ്ചാടി മണികള്‍ പോലെ
വിസ്മ്രുതിയിലേക്കുരുണ്ട് പോകുന്ന
മുറിവേറ്റ ഇന്നലെകള്‍ മാത്രമാണ് ഇന്ന്‍ നീയെനിക്ക്..
നീ എന്റെ നഷ്ടമാകുന്നതെങ്ങിനെ?
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മേഘാരൂഢന്‍




ഒരിക്കൽ , ഒരു തലോടലിൽ
ഉരുകിതീരുന്ന ഭൂമിയുടെ കാതിൽ 
കിന്നരിക്കുന്ന നിന്റെ 
വിറങ്ങലിച്ച ചുണ്ടുകൾ 
പറയാതെ പറഞ്ഞതെല്ലാം 
എന്നെക്കുറിച്ചായിരുന്നു .
കരഞ്ഞുറങ്ങിയ ഇന്നലെകളിൽ
അലസമായ് പടര്ന്നൊരു
പ്രണയചിന്തയിൽ
ആയുസ്സിന്റെ പകുതിയും
അടർത്തിയെടുത്തതും നീയാണ്.
എപ്പോഴോ,
എഴുത്ത് വേരോടാൻ
മടിച്ചു നിന്ന എന്നിൽ
ഹൃദയവർഷത്താൽ ഒരു
തൂലിക മുളപ്പിച്ചതും നീയാണ്..
കാലങ്ങൾക്കിപ്പുറം
ആത്മപീഡനമുടച്ച വഴിയിൽ
എന്റെ പ്രാണനെ വീണ്ടെടുക്കുവാനോ
ഇരുണ്ടു മൂടിയ മേഘങ്ങളായ്
വരുന്നത് പിന്നെയും നീ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഉന്മാദപർവ്വം



എന്നോ ചതിയുടെ ചിരിയിൽ
ചിതറിതൂവിയ അരിമുല്ലക്കാടുകളിലൊന്നിൻ
മറവിലെ കൊഴിഞ്ഞുണങ്ങിയ
ഇതളുകൾ പെറുക്കി മുടിയിലണിഞ്ഞു
കാത്തിരിക്കുകയാണവൾ..

പണ്ടേയ്ക്ക് പണ്ടേ
പ്രണയമെന്ന ഭ്രാന്തിൽ
കാലം തളച്ചിട്ട ചങ്ങലയിലൊരടർന്ന
കണ്ണി കിലുങ്ങിത്തളർന്നതാണീ ചിരിയെന്നു
മറന്നിരിക്കുന്നവൾ..

പ്രണയം വിറ്റ കൽബെഞ്ചുകളിൽ
വെളിപ്പെടാത്ത നിരത്തുകളിൽ
ഇരിപ്പിടമൊരുക്കി തിരയുകയാണ്
നിമിഷങ്ങളുടെ നിറം നഷ്ടപെട്ട
അനുരഞ്ജനത്തിൻ നാണയത്തുട്ടുകൾ !

മൗനം  പ്രഹരമേല്പ്പിച്ച പാടുകൾ  കാണാം,
എങ്കിലും അവൻ അധരം ചേർത്ത്
നുകര്ന്ന പ്രണയകഥയുടെ
ബാക്കിയായ്  അവളുടെ
സിരകളിൽ കത്തുന്ന ലഹരി !

വിളറിയ പുസ്തകച്ച്ചുരുളുകൾ
അലറിയടുക്കുന്ന കാറ്റിനു നല്കാതെ
അവൾ ചിരിച്ചുകൊണ്ടേയിരുന്നു
സൌന്ദര്യം നഷ്ടപെട്ട ഒരു ഹൃദയം
ഇതാ ഇവിടെ എന്നവളാർക്കുന്നുണ്ടായിരുന്നു..


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...