RSS
Container Icon

ചിറകോ ചിതയോ നിന്‍ ചിതമെന്ത്?ഇരയുടെ വേഷം മടുത്തപ്പോഴാണ് 
അവള്‍ കളം മാറിച്ചവിട്ടിയത്!
രക്ഷക ഒരു മിഥ്യയായിരുന്നെന്ന്
സ്വയം തിരിച്ചറിഞ്ഞ ദിവസം.

ഇഹലോക വേദനകള്‍ 
അപരന്‍റെയെങ്കിലും
ഇമകള്‍ നീറുവതെ
നിന്‍ വരമെന്നറിയുക..

കാത്തിരുന്ന, കളഞ്ഞുപോയ 
ദിനങ്ങളെയോര്‍ത്ത് കരയേണ്ട 
കാലമേറെയുണ്ടാം  
കരുത്തോടെ  ഗമിക്ക  നീ....

ഒരിക്കലുമണയാത്ത 
അമാനുഷികതയെ കാക്കാതെ 
മാനുഷികമാവുക തന്നെയാണഭികാമ്യം 

ചിറകോ
ചിതയോ 
നിന്‍ ചിതമെന്ത് പെണ്ണേ?

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മനോമഥനംഇന്ന് 
ഉറ്റവര്‍ തിരയുന്നുണ്ടാവാം 
ഉള്‍വലിഞ്ഞുപോയ എന്നെ
മനസ്സിന്‍റെ പിന്നാമ്പുറങ്ങളില്‍ 
ഏകാന്തത തേടിയുള്ള 
എന്റെ യാത്രയിലെങ്ങും 
അവരില്ല തന്നെ...
തിരസ്കരണത്തിന്‍റെ ചായമടിച്ച
മനസ്സിന്‍റെ വാതിലില്‍ ഒന്ന് മുട്ടാതെ 
അവര്‍ തിരിച്ചു പോയേക്കാം...
പക്ഷെ
ഒരു നീണ്ട ഇടവേള ഉണ്ടാവില്ല
പ്രിയതരമായ സ്വകാര്യതയും 
വൈകാരിക സുരക്ഷിതത്വവും 
അണിയറയില്‍ ഒതുക്കിവച്ച് 
ഞാന്‍ വരും, എന്‍റെ വേദിയിലേക്ക്.. 
ഉറ്റുനോക്കുന്നൊരായിരം കണ്ണുകളെ 
കാണാതെയെന്നോണം 
എനിക്ക് മാത്രമായ് ആടിതിമിര്‍ക്കും 
അത്  ലാസ്യമാവില്ല...
ഉഗ്രതാണ്ഡവം!! അതിനൊടുവില്‍ 
കാപട്യമില്ലാത്തത് മാത്രം ബാക്കിയാവട്ടെ..... 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

നിരന്തരം
ആത്മാവിന്‍റെ അഭൌമസൌന്ദര്യം ആസ്വദിക്കും മനസ്സുകള്‍ 
അനുഗ്രഹങ്ങളായ് ഗതി മാറുന്ന ചില പങ്കുവയ്ക്കലുകള്‍
അമിതശുഭാപ്തിവിശ്വാസമില്ല തെല്ലും എനിക്കതിനാലിന്നു 
അതിശയോക്തികള്‍ ഒന്നും തന്നെ പ്രതീക്ഷിക്കരുത് പ്രിയനേ 
അനുനിമിഷം അകതാരിലറിയുന്നു ആര്‍ദ്രമീയിരുമിഴികള്‍ 
അനസ്യൂതമെയ്യും സ്നേഹബാണങ്ങ,ളൊഴിയുന്നില്ലാവനാഴി..

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മനസ്സ് നിറഞ്ഞ പ്രഭാതംമഞ്ഞുതുള്ളികള്‍ നുകര്‍ന്നുറങ്ങിന്നിപ്പോഴും മരുക്കള്‍
മന്ദമാരുതന്റെ ഉണര്‍ത്തുപാട്ടുകള്‍ കേള്‍ക്കാതെ മിഴികളടച്ച്

മൗനമായ് പറന്നുപോകുന്നതാ ഒരു കിളിക്കൂട്ടം
മനോഹരിയീ പ്രകൃതിയെ കണ്ട് മൊഴികള്‍ മറന്നെന്ന പോല്‍

മരിച്ചുപോയ ഇന്നലെകളുടെ മറവിടങ്ങളില്‍
മഞ്ഞനിശ്വാസമുതിര്‍ത്തുണരുന്നു പൊന്‍പുലരി
 
മണലില്‍ മുത്തമിട്ടുണര്‍ത്തുന്നു ചെറുതിരകള്‍
മറക്കാനാക്കാത്ത മറ്റൊരു പ്രിയദിനത്തിന്നോര്‍മ്മകള്‍

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

കാഴ്ച്ചപ്പാടുകള്‍ മാറുന്നത്സ്വയം വിലയിരുത്തലുകളില്‍ 
പ്രത്യേകതകളില്ലാതെ 
കടന്നു പോകുന്ന ദിനങ്ങളിലും 
വ്യവസ്ഥിതികള്‍ കണ്ടെത്തുന്ന 
വ്യത്യസ്ത തലങ്ങള്‍ 
നമ്മെ അലോസരപ്പെടുത്തിയേക്കാം 

ചെയ്തികള്‍ 
നിര്‍ണ്ണായകം തന്നെയെങ്കിലും 
അടിസ്ഥാന വ്യാഖ്യാനങ്ങള്‍ ഇല്ലയെങ്കില്‍
വ്യര്‍ത്ഥം തന്നെ... 

അതിനാല്‍, 
അപ്രധാനമെങ്കിലും 
വിശദീകരണ യോഗ്യമായ ചെറുകാര്യങ്ങളില്‍
സന്തോഷം കണ്ടെത്താന്‍ കഴിയുമെങ്കില്‍ 
അത് തന്നെ മേല്‍...

ഫലങ്ങള്‍ 
വ്യാഖ്യാനങ്ങളേക്കാള്‍ 
മെച്ചമാണെന്നത് കൊണ്ടുതന്നെ... . 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പിന്‍വഴികളില്‍ നിന്നും പറന്നെത്തുന്നത്...ഈ ആള്‍ക്കൂട്ടമെന്നെ  
അതിവേഗം പിന്നിലാക്കിക്കൊണ്ടിരിക്കുന്നു 
അനഭിലഷണീയമായ വഴിത്തിരിവുകളില്‍ 
ഒരിത്തിരി തിരക്കുകുറയാന്‍ 
ഈ ഗതിവേഗമെന്നെ സഹായിച്ചേക്കാം 
പരിത്യക്തമായ ഈ പാതകളില്‍ നിന്ന് 
ഭയം വഴിമാറുന്നതും 
സ്വീകാര്യമായ അവസരങ്ങളുടെ 
ദിശാസൂചികകളും ഞാന്‍ കണ്ടു 
കാത്തുനില്‍ക്കാം 
ഒരു നിഴല്‍പക്ഷിയണയും  
നീളന്‍ കാല്‍നഖങ്ങളി, ലെന്നെയുമെടുത്ത്‌
പറക്കും, ഒരു കടലിനും കൊടുക്കാതെ,  
ആ ഒറ്റത്തുരുത്തിലേക്ക്.... 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

സ്വപ്നങ്ങള്‍ അത്, നീ തന്നെയാവുമ്പോള്‍
ചിലപ്പോഴൊക്കെ
പ്രകാശമാനമായ പാതകളുപേക്ഷിച്ച്
നിഴല്‍ വഴികള്‍ താണ്ടേണ്ടി വന്നേക്കാം
അശാന്തിയുടെ ഒരു കരിമേഘതുണ്ട്
തലയ്ക്കു മീതേ തൂങ്ങി കിടക്കുന്നുണ്ടെന്നും
ഏതുനിമിഷവും, എല്ലാം
ഒരു വെള്ളിടിയില്‍ അവസാനിക്കുമെന്നും
രക്ഷാമാര്‍ഗം ഏതുമില്ലെന്നും
നമുക്ക്  തോന്നാം
പക്ഷെ...
സത്യത്തില്‍  അതൊരു
വികാരവിക്ഷോഭമുയിര്‍ക്കൊണ്ട
ദു:സ്വപ്നസഞ്ചാരമായിരിക്കാം
ഒരു നിലവിളി കുരുങ്ങിയുണരുമ്പോള്‍
ഇരുളിനോട് പടവെട്ടാതെ
ആ മിഴികളടയ്ക്കുക..  
വൈകാതെ
നേരം പുലരുമെന്നും
പുതിയ സൂര്യന്‍ നിനക്കായുദിക്കുമെന്നും
മേഘങ്ങള്‍ പെയ്തൊഴിയേണ്ടവയാണെന്നും
മനോഹരമായ
മഴവില്‍ക്കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടതാണെന്നും
മനസ്സിലാക്കുക!
ഹൃദയങ്ങള്‍ക്ക്‌ സ്വപ്നങ്ങളല്ലാതെ
മറ്റാരു കാവല്‍ ?

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...