RSS
Container Icon

തീരം തേടുന്ന താരം



മേഘങ്ങളോട് കളി പറഞ്ഞ്
പുഴയും വയലും  കടന്നൊഴുകുന്ന
ഇരുട്ടിലെഴുതിയ കീര്‍ത്തനങ്ങള്‍,
പ്രഭാതത്തിലേക്ക് പറന്നടുക്കുന്ന
ശലഭങ്ങള്‍ പരിണയം ചെയ്യുന്ന
പൂക്കളെക്കുറിച്ചായിരുന്നു..

വയലറ്റ് നിറമുള്ള ആകാശത്തിനു കീഴെ
അതിവര്‍ഷത്തില്‍ കവിഞ്ഞ കണ്ണാടിയിൽ
പകല്‍ വിഴുങ്ങി മരിച്ചുമടയാതെ
ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...

നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ക്ഷണികം എല്ലാം....... ക്ഷമിക്കൂ !!



അപൂര്‍ണ്ണമായ കഥകളിൽ 
മാറ്റമില്ലാതെ മാറും മണല്ക്കൂനകൾ 
കണ്‍കളിൽ സ്വപ്നത്തിൻ തരികളെറിഞ്ഞു 
മണ്മറഞ്ഞ ആത്മാവുകൾ 
ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം 
ശാഖകൾ തളിര്ക്കുകയും 
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് .

ഇതെന്റെ മനസ്സാണ്
നിന്റെ രൂപരേഖയിൽ പൂര്‍ത്തിയാവുകയും
അഹന്തയെ അലങ്കരിക്കുകയും ചെയ്യുന്ന
ഭാഷയില്ലാത്തൊരു മന്ത്രം
ത്യജിക്കാൻ കഴിയാത്തതും
ആളിക്കത്തി ദിനങ്ങൾ
അണഞ്ഞു പോവുകയും ചെയ്യുന്നത് .

നീലനിറമുള്ള
മിനുമിനുത്ത പരവതാനികൾ
ചിത്രത്തുന്നലുകളുള്ള ജന്നൽവിരികൾ
നീ മറക്കുന്ന അവസാന നിമിഷം വരെ
ജീവിച്ചിരിക്കുന്ന സുന്ദരമായ പ്രാണൻ
ഇത്രയേ ഉള്ളു
അന്ത്യം വരെ ദർശിക്കാവുന്നതും
എങ്കിലോ നിനക്കും എനിക്കും
ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മൗനം, ശരി ദൂരം



ഒരു ക്ഷണത്തില്‍ 
ജനിച്ചോരെന്‍ കോപത്തില്‍ 
അകലം വളരുന്നതറിയാതെ,
തളര്‍ന്ന സ്നേഹവുമായി
ഞാനിന്നും നിന്നില്‍ തന്നെയാണ്.

മോചനം നേടിയ വാക്കുകള്‍
സംശയം മാത്രം ശേഷിപ്പിച്ച്
എവിടേയ്ക്കാണ്‌ നടന്നകന്നത് !
കഥയറിയാത്ത കണ്ണുകളിന്നും‍,
കാലം മറന്നു
നിന്‍റെ വാക്കിന്‍ വക്കുകള്‍
തേച്ചു മിനുക്കുകയാണ് .

ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്
ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന്‍ മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?

നീയെന്‍റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മനസ്സ് തോരുമ്പോൾ


കണ്ട മഴയത്രയും 
ഹൃദയത്തിന്നടിത്തട്ടിൽ 
കുഞ്ഞോളങ്ങൾ തീർത്ത് 
ഒരു താളിലും ചായാതെ 
തിടുക്കപ്പെട്ട് 
യാത്രക്കൊരുങ്ങി 

ഏറ്റ കുളിരത്രയും
ജാതിയും റബ്ബറും മറച്ച
കുരിശുപള്ളിയെയും,
അഴിഞ്ഞപുടവപോൽ
അലസമായ പാതകളെയും കാണാതെ
കുഞ്ഞുപൂക്കളെ ചുംബിച്ച്
മഴക്കാറ്റിൽ ലയിച്ചു

മയിൽക്കാടുകൾ കടന്ന്,
പച്ചപ്പിന്റെ സമൃദ്ധിയിൽ നിന്നും
മോചിതയാവാതെ
മിഴികൾ ഉടഞ്ഞു ചിതറിയപ്പോഴും,
നീണ്ട കാത്തിരിപ്പിനൊടുവിൽ
എനിക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നത്
സമുദ്രങ്ങളുടെ അധിനിവേശത്തെ അതിജീവിച്ച
മണൽത്തിട്ടിൽ കുറിച്ചിട്ട
ഒളിമങ്ങാത്ത പ്രണയചിന്ത മാത്രമായിരുന്നു.

മണലിൽ കൊതിച്ച്
മനസ്സില് പെയ്ത്
മതിയാവാതെ........

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...