RSS
Container Icon

നമ്മള്‍ കവിതകളാകുന്ന കാലം



കെട്ടിവലിക്കുന്ന ഏകാന്തതയില്‍ 
അസംതൃപ്തിയുടെ വേനല്‍ക്കാല അടയാളങ്ങള്‍ 
കടലിനും, പക്ഷികള്‍ക്കും 
ആശയക്കുഴപ്പം  ഉണ്ടാക്കിയ ഒരു കാലം,  
നേരംതെറ്റി വിരിഞ്ഞതാല്‍ 
ചവിട്ടിമെതിക്കപ്പെട്ട  പൂക്കളെ നോക്കി 
പുല്‍മേടുകള്‍ വിയര്‍ത്തുനിന്ന  മറ്റൊരു കാലം.

ഋതുക്കള്‍ അക്ഷരങ്ങളാകുമ്പോള്‍  
നീയും  ഞാനും  
വാക്കില്‍  നിന്നും  മറ്റൊരു  വാക്കിലേക്ക് 
കുടിയേറുന്ന ഈ കാലത്ത്;
പ്രണയത്തിനു സാക്ഷ്യം വഹിച്ച  
വഴിയോരവിളക്കുകളും 
നമ്മെ ചേര്‍ത്ത കറുത്ത കുടയും 
നിന്റെ വെളുത്ത പ്രാവുകളുടെ കുറുകലും  
എന്‍റെ ആ സൈക്കിളും 
വിസ്മൃതിയിലേക്ക് വീഴാന്‍  മടിക്കുന്ന
വയലറ്റ് പൂക്കളും;  
ആ  പേനകളും; 
ചെറുചിരിയുടെ മടക്കുകള്‍ കയറി വരുന്നു!

യഥാര്‍ത്ഥ വീട്ടില്‍ എത്തിപ്പെട്ടതുപോല്‍
ഉടുപ്പുകള്‍  മാറുകയും, 
ജനലുകള്‍  തുറക്കുകയും 
ആളുകള്‍ ചരിക്കുന്നതും, 
ഇരുട്ടില്‍  വീഴുന്നതും കണ്ട്  
കാറ്റിന്റെ  തലോടലില്‍ 
ഒരു പിറന്നാള്‍ മധുരം  നുണഞ്ഞിരിക്കുന്നു... 

നാളെ, 
ഋതുക്കളുടെ ഭാഷകള്‍ മനസ്സിലാവാതെ
ദൂരെയൊരു മഴ ജനിക്കുന്നു, 
കെട്ടടങ്ങിയ നക്ഷത്രക്കണ്ണുകളില്‍ 
തുറന്നിട്ട  ജാലകങ്ങള്‍  തെളിയുന്നു 
തണുപ്പിന്റെ ചുരുള്‍ നിവരുകയും, 
നമ്മെയൊന്നായ് മൂടുകയും ചെയ്യുന്നു. 



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

1 comments:

Unknown said...

ഋതുക്കള്‍ അക്ഷരങ്ങളാകുമ്പോള്‍
നീയും ഞാനും
വാക്കില്‍ നിന്നും മറ്റൊരു വാക്കിലേക്ക്
നാളെ,
ഋതുക്കളുടെ ഭാഷകള്‍ മനസ്സിലാവാതെ
ദൂരെയൊരു മഴ ജനിക്കുന്നു,
കെട്ടടങ്ങിയ നക്ഷത്രക്കണ്ണുകളില്‍
തുറന്നിട്ട ജാലകങ്ങള്‍ തെളിയുന്നു
തണുപ്പിന്റെ ചുരുള്‍ നിവരുകയും,
നമ്മെയൊന്നായ് മൂടുകയും ചെയ്യുന്നു.

കൊള്ളാംട്ടോ.....

Post a Comment

Related Posts Plugin for WordPress, Blogger...