RSS
Container Icon

നിറം, നിത്യസത്യം


ശരത്കാലത്തിന്‍ ഒപ്പീസുകള്‍ കേട്ട്  
ഹേമന്ത ശിശു കരഞ്ഞുണര്‍ന്നു 
ഭൂമിതന്‍ മാര്‍ ചുരന്നമൃത് പോല്‍ 
പനി പുതച്ചു പടലവും പുല്‍നാമ്പുകളും 
പൈതല്‍ മിഴി തുളുമ്പി വിതുമ്പിയുറങ്ങുമ്പോള്‍  
കനം തൂങ്ങിയ മിഴികള്‍ തുറന്നുമടച്ചും 
കാത്തിരുന്നാ നാളുമിങ്ങണഞ്ഞുവോ 

ഇത് തന്നെയോ ആ സ്ഥലം 
വസന്തത്തിനെയെതിരേല്‍ക്കാന്‍ 
ഞാന്‍ തിരഞ്ഞെടുക്കേണ്ടിടം
ഒരു തെളിഞ്ഞ പകലില്‍ നീല ക്യാന്‍വാസില്‍ 
കത്തിയെരിയുന്ന സൂര്യനെ നോക്കി
ഞാന്‍ തളര്‍ന്നു പോകേണ്ടിടം

എന്‍റെ അലസഗമനങ്ങള്‍ക്ക് ഹരിതാഭയേകാന്‍ 
എന്നും അവിടെയാ പുല്‍ത്തകിടിയില്‍ 
നീയുമുണ്ടാകുമോ? 
ഇളം മാരുതന്‍ ഇന്ദ്രിയങ്ങളെയുണര്‍ത്തി 
ഇവിടെയീ 
ചരല്‍പ്പാതകളില്‍ നിഴല്‍ വീഴ്ത്തിപ്പോകും വരെ?

ഹാ!
എന്‍റെ പേക്കിനാവുകളില്‍ അനന്തതയുടെ 
നിറമായ്‌ വന്നണഞ്ഞത് നീലയോ പച്ചയോ 
അതോ കണ്ണഞ്ചിപ്പിക്കുന്ന വെള്ളി വെളിച്ചമോ 
ഈ മൂന്നു നിറങ്ങളും ഇപ്പോള്‍ എനിക്ക് കാണാം 
ഇന്നാണ് ഞാന്‍ മരിക്കേണ്ടത്
നിറമേതില്‍ അലിയേണമെന്നറിയാതെ 
നില്‍ക്കുകയാണ് ഞാന്‍.. 
ഇനി നീ തീരുമാനിക്കുക, 
എന്‍റെ മരണത്തിന്‍റെ നിറം ഏതാവണമെന്ന്...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...