RSS
Container Icon

തിരുമുറിവുകള്‍


നീ
അക്ഷരങ്ങളാല്‍ തീര്‍ത്ത മുറിവുകള്‍,
അത്,
കെട്ടുപിണഞ്ഞുകിടക്കുന്ന -
സത്യത്തിന്റെ
വേദനിപ്പിക്കുന്ന ശകലം!

ഒളിക്കാനറിയാത്ത,
ചരടറ്റ നാവുള്ള നിന്റെ-
നീറുന്ന നെഞ്ചകം
കടഞ്ഞൊഴുക്കുന്ന വാക്കുകളെ-
എനിക്ക് ഭയമാണ്!
തീക്ഷ്ണമായ നിന്റെ
നോട്ടം കൊണ്ട്
കത്തിക്കരിയുന്ന ചിന്തകളെ
മണ്ണിട്ടു മൂടി,
നേരുള്ള നിന്നിലേക്കുള്ള-
നടത്തം കഠിനം !!!

എഴുത്തില്‍ മറഞ്ഞുപോയ -
നിഷ്-പ്രഭമായ രൂപം
അതിനി കാണണമെന്നില്ല!
ഒരുക്കമുള്ളോരു ഹൃദയം-
നിന്നില്‍ വിശിഷ്ടമായത്.
അതിന്‍ പാതി ചോദിച്ചു നിന്നെ,
അലോസരപ്പെടുത്താന്‍-
ഞാനൊരുക്കമല്ല.

ആ ജ്വലിക്കുന്ന വിരലുകള്‍!
അവയെ,
ഞാന്‍ പ്രണയിക്കുന്നു!
വിരസമായ നിമിഷങ്ങള്‍,
നിന്നെ തിരഞ്ഞ്,
നിന്റെ തിരുമുറിവുകള്‍ തേടിയിറങ്ങുന്നു!!!
 


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഉത്തമഗീതം
വശ്യമാര്‍ന്നൊരു പുലരി. 
മറുപുറം മറച്ചെന്നെ പുണര്‍ന്നു നിന്ന-
മഞ്ഞിന്റെ സുന്ദരി. 
അവളുടെ കവിളില്‍ ‍,
വൈകി ഉണര്‍ന്നു ദേവന്റെ തലോടല്‍!
പതിയെ ‌തെന്നി നീങ്ങുമവളുടെ സുഗന്ധം
എന്നെ ഉത്തമഗീതത്തിലേക്ക് നടത്തി.
വീഥിയിലെങ്ങും പൂത്തുലഞ്ഞ ലില്ലിപൂക്കള്‍
അവനെനിക്കായ് ഒരുക്കിയ-
സ്വപങ്ങളുടെ താഴ്വാരമെന്നു തോന്നിച്ചു,
ഇവിടെ ഞാനൊരു മണവാട്ടി;
ബൈബിള്‍ പ്രണയ കാവ്യം
സിരകളില്‍ ഈണമായ് അലിയവെ,
നിരത്തുകളാലാപനത്തില്‍ മയങ്ങി നിന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അന്വേഷി
ഇഴഞ്ഞു നീങ്ങുന്ന സമയരഥത്തിലിരുന്നു 
ഞാനെന്നെ തിരഞ്ഞു നോക്കി. 
എന്റെ ചിന്തകളെ മറികടന്നു പോവുന്ന 
കാലത്തിനു പിന്നെയും പരിഹാസം, 
കുറിച്ചിട്ട എന്റെ പേരിനപ്പുറം 
ഞാനാരാണ്?!!
ഞാനെന്റെ പ്രിയര്‍ക്ക് ആരെല്ലാമോ ആണ് ?
സ്നേഹത്തോടെ വിളിച്ചയനേകം പേരുകളില്‍
ഞാനില്ല,
വാക്കുകള്‍ മാത്രം!
എന്നെ എഴുതി തുടങ്ങിയ കഥയില്‍ നിന്ന്,
വരയും വാക്കുമംഗങ്ങളും സമാനമാം
നിഴലുകള്‍ കടം കൊണ്ടതിന്,
മൂകസാക്ഷിയായ എന്‍ ആത്മാവ് ബാക്കി!
സ്വത്വമന്വേഷിച്ചു ഞാനെത്തി നിന്നത്
എന്നില്‍ അഥവാ നിന്നിലാണ്!
നമ്മുടെ ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിച്ചു,
തുടങ്ങിയപ്പോള്‍ ദൂരേക്ക് പറന്ന താളുകളില്,
ഞാനെന്റെ പേരും നീയെന്റെ ചോദ്യവും
എന്നെന്നേക്കുമായി മറന്നു പോയി!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ജീവസ്സ്
എനിക്കിന്ന് തനിച്ചിരിക്കണം.
ഈ കുളിരുന്ന പുതപ്പിലൂടെ നോവായെന്നെ-
നിറക്കുന്ന നിന്റെയാശാകിരണങ്ങള്‍! 
ഈവിധം പ്രകാശിച്ച്. 
എനിക്കവന്‍ നല്‍കിയ മഞ്ഞുകണങ്ങളെ , 
നീ അലിയിക്കാതിരിക്ക!
ആ കണ്ണുനീര്‍, അവന്റെ ഏകാന്തതയെ
തുടലിലാക്കുന്ന മൌനം , അത്
എനിക്കുവേണം!
ചിന്തകളാല്‍ കാറ്റിനെ ‍വിസ്മയിപ്പിക്കുമവന്‌,
നിനക്കൊക്കുമുല്ക്കടമായ സ്പര്‍ശത്താല്‍-
തീര്‍ത്തിതെന്‍ തൂലികയെ മിനുങ്ങുമൊരു ചുരിക!
അവനെ തടയരുതേ,
സ്വപ്നങ്ങള്‍ക്കു ചിറകേകി,
എന്നിലേക്ക്,
കവിതയായ് പറന്നിറങ്ങാനനുവദിക്ക!!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അഹംതണുത്ത പകലില്‍ ഉറങ്ങുമെന്നെ 
നീയാണ് തൊട്ടുണര്‍ത്തിയത് 
അക്ഷരങ്ങളാല്‍ ശിലകള്‍ തീര്‍ത്ത 
നിന്റെ വിരലുകള്‍ പറയുന്നതെന്താണ് ?
അര്‍ത്ഥമുള്ള പൂവാണ് നീ?
ബഹുവര്‍ണ്ണങ്ങളില്‍ പല പേരുകളില്‍ 
അവന്‍ തെളിയിച്ച ജീവനാളം!
പ്രകൃതിയുടെ മോഹവീഥിയിലെ വസന്തം
നിന്റെ പ്രതീക്ഷയുടെ സ്വരമാണ്.
വാടുന്നതിനു മുന്‍പേതോ ദാസിതന്‍ മുടിചൂടി
മോഹിത ഗന്ധര്‍വനെ ഉറ്റുനോക്കവെ
വാക്കുകളിടറി അവന്‍ തീര്‍ത്ത മൌനം-
നിന്റെ അലങ്കാരം!

നീ
രാപകലുകളിലെന്നും
സ്നേഹത്തിന്റെ നിറമുള്ളവള്‍
ഒരു മൃദു സ്പര്‍ശത്തില്‍ ‍ അടര്‍ന്നു,
വീഴുമുദ്വേഗത്തിന്നിതളുകള്‍ !
ഹൃദയം തേടും പ്രണയത്തിന്‍
നഗ്നമാം ബാക്കിപത്രം !

 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

* രാഗ നിരാസം *
ഈ ദിനം വെള്ളെഴുത്തില് മങ്ങിപ്പോയ-
വാക്കുപോല്‍ വായിക്കപെടാതെ പോവട്ടെ.
ഇനിയും 
ഞാന്‍ നിന്റെ ഓര്‍മ്മയാണെന്നും 
നിനക്കെന്നോട് പ്രണയമാണെന്നും പറയരുത്. 
ഉറഞ്ഞുകൂടുന്ന മൌനത്തിനു മുകളിലിരുന്ന്-
കളിവാക്കുകള്‍ ചൊല്ലേണ്ട
കാണുമ്പോള്‍,
കരിമേഘങ്ങളിഴയുന്നോരെന്‍ കണ്ണുകള്‍
നിനക്കായ് തിളങ്ങാറില്ല
ഉയരുന്ന നെഞ്ചിടിപ്പില്‍ എന്റെ-
കവിളുകളില്‍ ചെന്നിണം ഇരയ്ക്കാറില്ല,
വേഗം കുറഞ്ഞീ കാലടികള്‍ ചിറഞ്ഞ-
സ്വസ്ഥമാവാറില്ല!
ക്ഷണികവും, അസ്ഥിരവുമായ നിന്റ ചിന്തകള്‍
അന്ധമായ് കോറിയിട്ട പ്രണയം
അതിപ്പോഴും, രക്തം കിനിഞ്ഞെന്റെ-
വരികളില്‍ ചുവക്കുന്നതു നീ കാണുന്നില്ലേ

  • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

എകാകി

വിടര്‍ന്ന മിഴികളില്‍
പുഞ്ചിരിതൂകും സ്വപങ്ങള്‍ തന്‍-
മര്‍മ്മരം മടുത്തൊരെന്‍ ജനലോരം
തേടിടുന്ന മൗനമേ !
മിഴിനീരകന്ന പ്രാണനിലെ
വിരഹത്തിന്‍ തേങ്ങലുകള്‍-
നിലയ്ക്കാത്ത ഹൃദയത്തിന്‍ ‍
പിടച്ചിലൊന്നു കാണുമോ നീ?
വരികളില്ലാത്ത പാട്ടിന്റെ -
വിതുമ്പുമീണത്തില്‍ കാറ്റിന്-
സിരകള്‍ തീര്‍ത്ത നൊമ്പര,
മഴയുമിന്നു വ്യര്‍ത്ഥമോ ?
നിദ്ര മറന്ന മിഴികള്‍ ‍
ഉതിര്‍ത്ത വ്യഥകളെ ‍
ഒറ്റച്ചരടില്‍ ബന്ധിച്ച പ്രണയമേ
നിന്റെ പേരോ ദുഃഖം ?!!!.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അളവറ്റ സ്നേഹം
ഓടികിതച്ച് വിയര്ത്തുവന്നൊരു ദിനം 
മറുപടിയില്ലാതെ പടിവാതില്‍ തൊട്ടുപോകെ,
സദാ ധ്യാനിച്ചിരുന്നൊരാത്മാവ്, 
ഇന്നും മൌനത്തിലാണ് !!
വിതുമ്പും നൊമ്പരങ്ങള്‍ നിന്‍ നെഞ്ചകം എല്ക്കെ-
ഒന്നു തലോടിയ മാത്രയിലിറ്റ് വീഴും കണ്ണുനീര്‍ -
കരഞ്ഞുറങ്ങവെയൊന്നു പിടയുന്നു,
ഞാന്‍ നിനക്ക് ആരെന്ന് ?
മഞ്ഞു പെയ്യുന്ന മലകള്‍ മൂടിയ താഴ്വാരങ്ങള്‍ -
കടും വെളിച്ചത്തില്‍ കണ്ണു പൊള്ളിക്കെ
മതിയാവാതെ പോയ ഒരു ഉത്തരത്തിന്നായ്,
വലിയ വാക്കുകള്‍ തിരഞ്ഞ് നീയെന്‍
നെറുകയില്‍ പടര്‍ത്തിയ കുങ്കുമ-
ചുവപ്പില്‍ വിടര്‍ന്ന വദനം മറച്ച്,
പിന്നെയുമൊരു മറുപടിക്ക് കാതോര്‍ത്തോ !!
ആലിപ്പഴം പൊഴിച്ചതും ദേവദാരു പൂത്തതും
ഇന്നും ഇന്നലേയുമെന്നപോലെ-
ഋതു മറന്നു ചോദ്യമുയര്‍ക്കുമൊരു കഥയില്‍
നീയെന്റെ സ്നേഹത്തെ വരച്ചു തുടങ്ങി!
ഒടുവില്‍, നമ്മുടെ നിയോഗം ഒന്നു ചേര്‍ന്ന,
പുഞ്ചിരിയില്‍ യാത്ര തുടരെ
നിരന്തരം അറിഞ്ഞ സ്നേഹത്തിന്നളവുകോല്‍
അതിന്നാഴം തിരഞ്ഞെന്നെ അസ്വസ്ഥമാക്കുന്നു !!!


 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...