RSS
Container Icon

അഴക്

സ്വപ്നത്തിലെന്നപോൽ
ഒടുക്കം കണ്ടെത്തിയതാണ് നിന്നെ.
പാഴ്വള്ളികൾ ചുറ്റിവരിഞ്ഞ്
പടര്‍ന്നൊരീ പൊറ്റയിൽ
കുപ്പിവള ചീളുകള്‍ക്കിടയിൽ
എന്നെ നീ പ്രതീക്ഷിച്ചിരുന്നുവോ???

അറിഞ്ഞിരുന്നില്ല
നിന്റെ കാത്തിരിപ്പിന്റെ
എണ്ണമറ്റ ദിനരാത്രങ്ങള്‍
അതാവാം ഒരു നോക്കിൽ,
ഞാനൊന്നു   തൊട്ട മാത്രയിൽ
കനത്ത മേഘം കിലുങ്ങി
പരിഭവനാളമേറ്റുലഞ്ഞടര്‍ന്നു
വീണിതിതളുകൾ
എന്നെ അമ്പരിപ്പിച്ചത്!!!    

തെളിഞ്ഞ സിരകളിൽ
നിന്റെ നിശ്വാസതാളം,
എന്റെ ചുണ്ടുകളുടെ ദാഹമറിയവേ
ഒരു തുമ്പി പോൽ പാറുന്നു പിന്നെയും
ആ നിമിഷത്തിന്റെ പതർച്ചയിൽ
വസന്തമായ്‌ നീ തഴുകിയോ
ഞാനുണർന്നു നിത്യസുഗന്ധിയായത്??? • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

സൗഹൃദങ്ങൾ വിൽപ്പനയ്ക്ക്
ഇപ്പോൾ,
സൗന്ദര്യം ഒട്ടുമില്ല പോലും.....
പൊയ്മുഖങ്ങളുടെ
പൊരുളറിയാപ്പൊയ്കയിൽ
മനസ്സ് മുങ്ങിപ്പൊങ്ങുന്നത്  കണ്ട്
വെറുതെ കരയുന്നതെന്തേ ?

കറുത്തതെന്തോ
അത്, കരൾ ആണെന്നും
ചുവന്ന ചായം പുരട്ടിയ വാക്കുകൾ
കോടിയൊതുങ്ങുന്നതൊരു
ചിരിയിലേക്കെന്നും
തലങ്ങും വിലങ്ങും
തളച്ചിട്ട മഞ്ഞ തലകൾ
പറയാതെ പറയുന്നുവത്രേ ....

കഥയറിയാതെ കാതോർത്തെന്നോ
ഒരു നോക്കിൽ മൊട്ടിട്ട്
മറു നാളിൽ വില പേശും
കയ്ക്കുന്ന കപട സൗഹൃദം
മുഖപുസ്തക കൽബെഞ്ചുകളിൽ
മൊത്തമായും ചില്ലറയായും
വില്പ്പനയ്ക്കെന്ന് ...... • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മോഹശലഭം


ഇതാ
പകലുകൾ പിൻവാങ്ങുന്നു
തണുത്ത കാറ്റിനകമ്പടിയായ്
എത്ര കാലടികളാണ് കടന്നുപോവുന്നത്
ഇന്നലെയും നീ പറഞ്ഞു
ഒരു സായാഹ്നം
എന്നിലൂടെ നടന്നു നീങ്ങണമെന്ന്
ആ മോഹത്തിൻ കൈപിടിച്ച്
ഞാനെത്ര ദൂരം
പിന്നിട്ടെന്നോ !

നഷ്ടമായൊരു പകലറുതിയുടെ
വ്യഥയുണ്ട് ഈ കാറ്റിനു
എവിടേക്കെന്നില്ലാതെ  തൊടുത്തു
താളം തെറ്റി തകർന്ന
ഒരു വിരസയാത്ര !

ഈ ദിവസങ്ങളിൽ
നിഴൽ പകുത്ത മോഹവീഥിയിലൂടെ
നിനക്കൊപ്പം നിലം തൊടാൻ
നിനച്ചയീ സ്വപ്‌നങ്ങൾ
പരിഭവച്ചരടിലെന്നെയും കൊരുത്ത്
നിന്നിലേക്ക് പറക്കുന്നു • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ദേവപഥംഅറിഞ്ഞിരുന്നില്ല,
നിൻ മിഴിയൊളി കണവുമായ്‌
വഴി പിരിയവേ,  
നമ്മുടെ സമാന്തര പാതകൾ
ഒരനിശ്ചിത  ബിന്ദുവിൽ
ഒന്ന് ചേരുമെന്ന്!

എത്ര തടുത്താലും
നീ എന്നരികിലെത്തുമെന്ന്
അകലങ്ങളിൽ നിന്നും
ഒഴുകിയെത്തി
നിനയാതെയെന്നെ തൊട്ടുണർത്തുമെന്ന്

എന്നിലൂടെ,
നീ കടന്നുപോയ യുഗങ്ങളിൽ
ഓരോ മനോഹര പ്രഭാതത്തിലും
വെള്ളികെട്ടിയ മേഘക്കീറിൽ
വിസ്മയത്തിൻ വെളുപ്പുണ്ടായിരുന്നു!

ഏകാന്തതയിൽ,
നീ ചിലപ്പോൾ
എന്റെ കണ്ണുകളോട് മത്സരിക്കാറുണ്ട്
അസ്വസ്ഥനായ ഒരു പോരാളിയെ പോലെ.
നീയറിയുന്നുവോ,
നിനക്ക് ജയിക്കാനായി
ഞാനിപ്പോൾ
ഇരുട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...