RSS
Container Icon

എനിക്കുമുണ്ടൊരു പേര്


നനുത്ത പ്രഭാതങ്ങള്‍ വിരുന്നെത്തും വരെ 
നിന്‍റെ വാക്കുകളുടെ കുളിര്‍മ്മയില്‍, 
നനഞ്ഞുറങ്ങുന്ന എന്‍റെ പുതിയ പേരുകള്‍
കവര്‍ന്നെടുക്കാന്‍ മാത്രമായ് 
കര കവിഞ്ഞതാണീ പുഴകള്‍..


നിന്‍റെ അസ്ഥിരചിന്തകളാല്‍
നിത്യവുമെന്നെ പ്രിയങ്കരിയാക്കി
നിന്‍റെ കലഹരേണുക്കള്‍
സ്നേഹമാപിനിയില്‍ തൂകി
നിറഞ്ഞ ചിരിയോടെ നീ ..

നിന്‍റെ സ്നേഹത്തിന്‍റെ മഞ്ഞുമലയ്ക്കുള്ളില്‍
ശിലാദ്രവ്യമായ് ഉറഞ്ഞു കിടക്കുന്നുണ്ടാവാം
എന്‍റെ ആദ്യത്തെ പേര്..
അലറുന്ന മലവെള്ളപ്പാച്ചിലിലും
അടിത്തട്ടില്‍ ഒഴുകാതെ കിടക്കുന്ന നക്ഷത്രം പോലെ..

തൂവലുകളുടെ മിടിപ്പുകളെ
ഭാരമില്ലാതെ ബലപ്പെടുത്താനും
ഏറെ പറയും മുമ്പേ, നിശബ്ദമാക്കാനും
നിലാവിനെ പകുത്തൊരു കനവ്‌
എല്ലാ നീലരാത്രികളിലും എത്തുന്നുണ്ട്..

മധുചഷകങ്ങള്‍ ഒഴിയും വരെ
ഞാന്‍ ഒരു സ്ഥിരം ക്ഷണിതാവ്....
പോറലുകള്‍ വീഴുകില്ലെങ്കിലും
സ്ഫടികപ്പാത്രങ്ങള്‍ ഉടഞ്ഞു പോകാറുണ്ട്;
ചിലപ്പോഴൊക്കെ..
ഭാവിയിലേക്ക് ചിതറിപ്പോവുന്ന ചിരികള്‍ പോലെ

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മനപ്പെയ്ത്ത്ഒന്നു നനയാന്‍ കൊതിച്ച ഓര്‍മ്മകള്‍ 
ആകാശത്തു ഇടിമുഴക്കം തീര്‍ക്കുമ്പോഴും 
ഞാന്‍ ഉറങ്ങുക തന്നെയായിരുന്നു.. 
പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി 
ഭൂമിയെ തൊട്ടതിന്‍ മുഴക്കമെന്നെ ഉണര്‍ത്തി... 
വിരഹത്തിന്‍റെ മിന്നല്‍ വെളിച്ചമകറ്റാന്‍  
ഇറുകെ അടച്ച കണ്ണുകളെ   
ഒരു കുഞ്ഞു മിന്നാമിനുങ്ങിന്‍റെ 
ഇത്തിരി വെട്ടം മഞ്ഞളിപ്പിച്ചു
മഴയുടെ നിലയ്ക്കാത്ത താളങ്ങള്‍ 
എന്‍റെ കാതുകളെ ആര്‍ദ്രമാക്കുന്നു 
നിര്‍വ്വചിക്കാന്‍ കഴിയാത്ത ആ താളത്തില്‍  
നിറഞ്ഞു പെയ്യുന്ന വേനല്‍ മഴയുടെ കരുത്തില്‍,
ചൂടിന്‍റെ കണികകള്‍ പൊട്ടിപ്പടരുമ്പോള്‍
ഉയരുന്നു മണ്ണിന്റെ മണം;
ഒരു സ്നേഹപരിരംഭണത്തിനായ് 
നെഞ്ചു തുടിച്ചു ഞാന്‍ എഴുന്നേല്‍ക്കുകയാണ്.. 
മഴ കനത്തു തുടങ്ങിയിരിക്കുന്നു.. 
കുളിരോര്‍മ്മകളില്‍ ഒരു തലയിണയുടെ പതുപതുപ്പിനു മേല്‍ 
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ ഉണര്‍ന്നു തന്നെ നില്‍ക്കുന്നു... 
എന്‍റെ സ്നേഹമന്ത്രണങ്ങള്‍ വരികള്‍ തീര്‍ത്ത 
മഴനൂലുകള്‍ താളമിട്ട ഒരു പ്രിയരാഗം ഞാന്‍ മൂളാം.. . 
കാതോര്‍ത്താല്‍ നിനക്കതു കേള്‍ക്കാം.. 
ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍, 
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..  
അകലങ്ങളില്‍, 
നിന്‍റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!! 

  

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അദൃശ്യചാലകംഅകലങ്ങളില്‍ ഇരുന്നു അറിയുവാന്‍ കൊതിക്കുന്ന, 
ഓര്‍മ്മകള്‍ കൊണ്ട് ആര്‍ദ്രമാക്കുന്ന ആ പ്രതിഭാസം, 
അത് പരസ്പരം തിരിച്ചറിയുന്ന അത്ഭുതം.. 
ഒരു ചെറു ഇലയനക്കം പോലെ 
ഒരു ഹൃദയമര്‍മ്മരം പോലെ 
ഒരു കുളിര്‍കാറ്റു പോലെ മൃദുവെങ്കിലും 
കൊതിയോടെ കാത്തിരുന്ന എന്‍റെ മനസ്സ് 
അവയെ തിരിച്ചറിയുന്നുണ്ട്.. 
ഞാന്‍ കരുതി വച്ച, 
നീ പകര്‍ന്ന ഊര്‍ജ്ജമെല്ലാം 
ഏതു ചാലകത്തിലൂടെ ഞാന്‍ നിന്നിലേക്കെത്തിയ്ക്കും? 
നിഷ്കളങ്കരായ എന്‍റെ സഹവര്‍ത്തികള്‍, 
അറിയാതെ 
ആ ഊര്‍ജ്ജസ്ഫുലിംഗങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ട്, 
അതിശയം കൂറുന്ന ചില മിഴികളില്‍  
ഞാന്‍ അത് തിരിച്ചറിയുന്നുമുണ്ട്.. 
ദുര്‍ബ്ബലരായ ചിലര്‍ തകര്‍ന്നകന്നു പോകും മുന്നേ 
പ്രസരണനഷ്ടം കൂടാതെ നീയിതു ഏറ്റു വാങ്ങുക..  
കാരണം,
സ്വന്തമെന്നു കരുതി വച്ചതെല്ലാം 
വലിച്ചെറിഞ്ഞു കളയാന്‍ എന്നെ പ്രേരിപ്പിക്കുന്ന 
വിപ്ളവമാണല്ലോ നീ!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...