RSS
Container Icon

തിര, തിരയുന്നത്...



ആഴിയുടെ അടിത്തട്ടില്‍ 
ആരുമറിയാതുറങ്ങുന്നൊരു പേടകം
അതില്‍, 
കടലിലും കലരാത്ത 
കണ്ണുനീരുറഞ്ഞതിന്‍ ഘനമുണ്ട്. 
അതിനാലൊരിക്കലും,
ഉയര്‍ന്ന് വരികയില്ലെന്നുറപ്പുള്ളൊരു ഹൃദയം

കണ്ണെതിരെ നിന്നും 
കണ്ണതിരിലേക്ക് 
കടല്‍ നിറയെ താരകക്കുഞ്ഞുങ്ങള്‍....
അതിനിടയിലങ്ങു ദൂരെയൊരു കപ്പല്‍ച്ചാലില്‍
അടയാള വിളക്ക് തെളിച്ചവളുടെ 
ആത്മാവും പേറി 
ആഴങ്ങള്‍ പുല്‍കിയവന്‍!

അവളുടെ അപ്രാപ്യവാഞ്‌ഛകളെ 
അതിജീവിക്കാനാവാതെ
ഈ അനന്ത സാഗരം...
നനഞ്ഞ പാദങ്ങളെ തഴുകി 
മണല്‍മുത്തി ഓടുന്ന കാറ്റ് നുകര്‍ന്നത് 
കടലിലെ ഉപ്പോ, കണ്ണു നീരോ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"അനാഥരാക്കപ്പെടുന്നവര്‍"



സൗമ്യമായ ഒരു ശുഭരാത്രിയോതുവാന്‍ 
കഴിയാത്തത്ര, വാര്‍ദ്ധക്യം അതിന്‍റെ 
പൊള്ളുന്ന ഉന്മാദങ്ങളില്‍ 
ഉലഞ്ഞു പോയിരിക്കുന്നു. 
അന്ധകാരമാണ് പരമസത്യമെന്ന 
തിരിച്ചറിവിന്‍റെ ഉള്‍ക്കരുത്ത് 
ക്ഷണദ്യുതികള്‍ കോര്‍ത്ത
പുലമ്പലുകളായ് നിങ്ങള്‍ക്കൊരു 
ഒരശുഭരാത്രി നേര്‍ന്നേക്കാം 
ഇരുത്തം വന്ന അഭിനയമികവ്; 
അതാണ്‌ ചിലപ്പോള്‍, ഇരുട്ടിനെ 
ഭ്രാന്തമായ് ആട്ടിയകറ്റുന്നത്, 
അകന്നു പോകുന്ന വെളിച്ചത്തിന് 
ഒരു ദുര്‍ബ്ബല പ്രതിരോധം തീര്‍ക്കുന്നത്.
വെളിച്ചമകന്ന മിഴികള്‍ 
താളത്തിലടച്ചും തുറന്നും 
ഗദ്ഗദത്തോടെ അവര്‍ 
മരിച്ച സൂര്യന്‍റെ പാട്ടുകള്‍ പാടും. 
അവര്‍ക്കായ് അടയാളപ്പെടുത്തിയ 
ആറടി ദീര്‍ഘചതുരത്തില്‍ 
അരുമയായ് വളര്‍ത്തിയ കുഞ്ഞുങ്ങള്‍ 
ആര്‍ത്തു ചിരിക്കും.. 
മാവിന് ചുവട്ടില്‍ വച്ച് 
മഴു മൂര്‍ച്ചപ്പെടുത്തുന്നതു പോലെ 
മതി മരിച്ചു കിടക്കുന്നവന്‍റെ ചുറ്റും നിന്നാ 
മക്കള്‍ മണ്ണിനു പോരടിക്കും.. 
ചരമ വാര്‍ത്തയില്‍, 
നാട് വിട്ടു പോയ മകന്‍റെ 
പേര് ചേര്‍ക്കുന്നതിനെ ചൊല്ലി 
മരുമക്കള്‍ പ്രതിഷേധമുയര്‍ത്തും.. 
ദൂരെയെങ്ങോ ഒരു പട്ടണത്തില്‍ 
ക്ഷീണിച്ച കട്ടിലില്‍ 
താടി വളര്‍ത്തിയ ഒരു രൂപം 
ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയുണരും. 
ഒരടര്‍ന്ന നക്ഷത്രത്തുണ്ട് ജാലകപ്പഴുതിലൂടെ,
അവന്‍റെ നെഞ്ചിലേക്ക് വീഴും. 
അടുത്ത പകലില്‍ 
ആഴിയുടെ അനന്തത അശ്രുവിലാവാഹിച്ചു 
അവന്‍ തര്‍പ്പണം നടത്തും. 
ബലിച്ചോറുണ്ട കാക്കകള്‍ 
പറന്നു പോയിടത്തേക്ക് 
ശൂന്യമായ കണ്ണുകള്‍ പതിപ്പിച്ചു 
അവന്‍ കുറെ നേരമിരിക്കും.. 
അനാഥരെ ദഹിപ്പിക്കുന്ന സ്മശാനത്തിലേക്ക് 
വഴി ചോദിച്ച അവനോടു 
വെറുതെ ഒരു വൃദ്ധ കയര്‍ക്കും.. 
അവകാശികള്‍ ഇല്ലാത്തവരുടെ ലോകത്തിനു 
മേല്‍വിലാസം ഇല്ലെന്നു അവന്‍ മനസ്സിലാക്കും.. 
ഇനി ഒന്നുമറിയേണ്ട, 
അഞ്ചു ദിവസമായി 
അവന്‍റെ ആത്മാവ് നോക്കിയിരിക്കുന്നത് 
അത് തന്നെയാണ്.. 
ഉത്സാഹത്തോടെ തന്‍റെ 
ഉടല്‍ തിന്നു തീര്‍ക്കുമുറുമ്പുകളെ.. 
പിന്നെ, അവസരം നഷ്ടമായ 
ബലിക്കാക്കകള്‍ക്ക് മുഖം കൊടുക്കാതെ 
അവനും യാത്രയാവും..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...