RSS
Container Icon

മാറ്റമില്ലാതെ.....എന്റെ വികാരങ്ങള്‍ 
ഈ സാഗരനീലിമയിലൂടെ 
നടത്തുന്നു സ്വപ്നാടനം 
കടലുകള്‍ക്കുമപ്പുറം അത് 
അവസാനിക്കുന്നത് ഒരു കാണാക്കരയില്‍...

കുരുങ്ങിപ്പോയ വാക്കുകള്‍ കൊണ്ട്
തുന്നിച്ചേര്‍ക്കപ്പെട്ട എന്റെ അധരങ്ങള്‍
തിരത്താളുകളില്‍ എഴുതുന്നു മണല്‍ച്ചിത്രം
മൊഴികള്‍ വഴി തേടി എത്തുന്നത്
എന്റെ നിതാന്തമൗനപര്‍വ്വത്തില്‍...

ഓരോ പുതിയ രാത്രിയും
എനിക്കായ് കരുതി വച്ച കാഴ്ചകള്‍
ഞാനെന്നോ കണ്ട പകല്‍ക്കിനാവ്
ആര്‍ദ്രമോരോ മോഹത്തെയും മൂടുന്നത്
ആവര്‍ത്തനങ്ങളുടെ തിരശ്ശീല..

തിരയുപേക്ഷിച്ച കാല്‍പ്പാടുകള്‍ കവര്‍ന്ന
നനവ്‌ തേടിയ മണല്‍ത്തരികള്‍
ഒഴിഞ്ഞ കൂട്ടിലെ പ്രതീക്ഷയുടെ തൂവല്‍
മഞ്ഞിന്‍റെ കമ്പിളിപ്പുതപ്പില്‍
മായുന്ന വിഹ്വലതകള്‍...

ഒരു രാത്രിക്കാഴ്ച്ച..

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

എന്നെ വിട്ട്...


മഞ്ഞു വീണ പുല്‍ക്കൊടികളുടെ 
ആലിംഗനത്തിലമര്‍ന്ന്‍ 
ആകാശവീഥിയിലെ 
ഓരോ നക്ഷത്രക്കണ്ണുകളുടെയും 
തിളക്കത്തിനെ പിന്തുടര്‍ന്ന് 
വെറുതെ കിടന്ന്‍.... 
എത്ര മനോഹരമായ ഒളിച്ചോട്ടം!!

രാത്രിയുടെ നിശ്ശബ്ദതയില്‍
ഒളിച്ചിരിക്കുന്ന ഇടിമുഴക്കങ്ങളും
രാപ്പാടികളുടെ വിഷാദഗാനവീചികളും
നിശബ്ദ തടാകത്തില്‍
അപ്രതീക്ഷിതമായ് കാണപ്പെട്ട
ഒരു അരയന്നവും,
ഒന്നും എന്നെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു...

ഹിമാലയത്തിന്‍റെ നെറുകയില്‍ നിന്നും
സൂര്യചുംബനത്തിലുതിരും
മഞ്ഞുത്തുള്ളികള്‍ പോലെ
കവിയുന്ന എന്റെ കണ്ണുകള്‍
കാണുന്നതു നിന്റെ മങ്ങിയ രൂപം..
എനിക്ക് ശബ്ദിക്കാന്‍ കഴിയാത്തതെന്തേ?
നിലച്ചു പോയ ഹൃദയത്തില്‍ നിന്ന് ഉത്ഭവിച്ചതാലോ
നിന്റെ നെഞ്ചിലുതിര്‍ന്ന നീര്‍മുത്തുകള്‍
ഉടനുറഞ്ഞു പോയത്..
ഞാന്‍ പോവുകയാണ്..
നിന്നെ വിട്ട്....

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മറുജന്മം കൊതിക്കുന്ന പ്രണയംഎന്നില്‍ നിന്നും നിന്റെ ഓര്‍മ്മകളെ
പറത്തിക്കളയുന്നു
വിഷാദം വില്‍ക്കുവാന്‍ വന്ന ഈ കാറ്റ്.. 
ചിലപ്പോള്‍ ഒരു നറുസുഗന്ധം
എന്നെ ഉന്മത്തയാക്കാന്‍ പോന്നത്... 
ഒരു ചെറു സ്പര്‍ശം 
എന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുന്നത്...
നിന്റെ പേരെഴുതിയ ഒരായിരം നിഴലുകള്‍ 
എന്റെ മനസ്സിന്റെ ചാരത്തില്‍ നിന്നും 
ഫീനിക്സ് പക്ഷികളെ പോലെ 
ചിറകടിച്ചുയിര്‍ക്കുന്നു... 
എന്റെ ശിരസ്സിനു ഭാരം നഷ്ടപ്പെട്ട്
ഞാന്‍ വീണു പോകുമ്പോള്‍ 
വിരുദ്ധ ധ്രുവങ്ങളുടെ ആകര്‍ഷണമാണോ
നിന്റെ കാന്തിക വലയത്തിലേക്ക് 
എന്നെ വലിച്ചടുപ്പിക്കുന്നത്.. 
അതിന്നുമെനിക്ക് വിശദീകരിക്കാനാവാത്ത
വിസ്മയം ആണ്..

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മണലാരണ്യത്തിലെ മഴവിരലുകള്‍എത്ര തനിച്ചാണിന്നു ഞാന്‍.. 
ഒരു പാട്ടിനൊടുവില്‍ 
ഈണം തെറ്റി വീണൊരു 
പാതിരാമഴയില്‍ കൊഴിഞ്ഞ 
മാമ്പൂവിന്‍ തേങ്ങലാണ് 
ഈ മുറി നിറയെ!

വിറയ്ക്കുന്ന വിരല്‍ത്തുമ്പില്‍
നിന്നൂര്‍ന്നു വീണു മരിച്ച
അനാഘ്രാത കുസുമങ്ങള്‍ക്ക്
പറഞ്ഞു തീരാത്ത കഥകളുടെ
നൊമ്പരം നെഞ്ചിലേറ്റുന്ന
ശാഖിയുടെ മിഴിനീര്‍ തര്‍പ്പണം..

മരവിക്കുന്ന തണുപ്പില്‍ ഒരു
ഊഷ്മളമൃദു സ്പര്‍ശത്തിനെ
വരവേല്‍ക്കാന്‍ കാതോര്‍ത്ത
വാതില്‍പ്പാളികള്‍ക്കിടയിലൂടെ
ഇക്കിളിയിട്ടടര്‍ന്ന പോല്‍
പാറി നിറയുന്ന മഴപ്പാറ്റകള്‍..

എന്നിലും നിന്നിലുമായി
ഏറെ പങ്കുവയ്ക്കപ്പെട്ട
കുരുന്നോര്‍മ്മകളുടെ നനവില്‍
എന്നോ അന്യമായ ഗന്ധം തേടുന്നു
ഇന്നുമോരോ മഴവിരലും
ഈ മണല്‍ക്കാട്ടില്‍ പോലും ...

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...