RSS
Container Icon

എനിക്കുമുണ്ടൊരു പേര്


നനുത്ത പ്രഭാതങ്ങള്‍ വിരുന്നെത്തും വരെ 
നിന്‍റെ വാക്കുകളുടെ കുളിര്‍മ്മയില്‍, 
നനഞ്ഞുറങ്ങുന്ന എന്‍റെ പുതിയ പേരുകള്‍
കവര്‍ന്നെടുക്കാന്‍ മാത്രമായ് 
കര കവിഞ്ഞതാണീ പുഴകള്‍..


നിന്‍റെ അസ്ഥിരചിന്തകളാല്‍
നിത്യവുമെന്നെ പ്രിയങ്കരിയാക്കി
നിന്‍റെ കലഹരേണുക്കള്‍
സ്നേഹമാപിനിയില്‍ തൂകി
നിറഞ്ഞ ചിരിയോടെ നീ ..

നിന്‍റെ സ്നേഹത്തിന്‍റെ മഞ്ഞുമലയ്ക്കുള്ളില്‍
ശിലാദ്രവ്യമായ് ഉറഞ്ഞു കിടക്കുന്നുണ്ടാവാം
എന്‍റെ ആദ്യത്തെ പേര്..
അലറുന്ന മലവെള്ളപ്പാച്ചിലിലും
അടിത്തട്ടില്‍ ഒഴുകാതെ കിടക്കുന്ന നക്ഷത്രം പോലെ..

തൂവലുകളുടെ മിടിപ്പുകളെ
ഭാരമില്ലാതെ ബലപ്പെടുത്താനും
ഏറെ പറയും മുമ്പേ, നിശബ്ദമാക്കാനും
നിലാവിനെ പകുത്തൊരു കനവ്‌
എല്ലാ നീലരാത്രികളിലും എത്തുന്നുണ്ട്..

മധുചഷകങ്ങള്‍ ഒഴിയും വരെ
ഞാന്‍ ഒരു സ്ഥിരം ക്ഷണിതാവ്....
പോറലുകള്‍ വീഴുകില്ലെങ്കിലും
സ്ഫടികപ്പാത്രങ്ങള്‍ ഉടഞ്ഞു പോകാറുണ്ട്;
ചിലപ്പോഴൊക്കെ..
ഭാവിയിലേക്ക് ചിതറിപ്പോവുന്ന ചിരികള്‍ പോലെ

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Unknown said...

ഒരു നല്ല കവിത ....... ആശംസകൾ.

സൗഗന്ധികം said...

'സ്നേഹമാപിനി' യെന്നൊരു സാധനം സത്യത്തിലുണ്ടോ ? :) പറയാൻ പറ്റില്ല. മനുഷ്യൻ അതും കണ്ടുപിടിച്ചേക്കും. തെർമോമീറ്റർ വയ്ക്കും പോലെ അപരന്റെ നാവിനടിയിലേക്ക്‌ സ്നേഹമാപിനി വച്ചിട്ട്‌, അയാൾക്കു തന്നോടുള്ള സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ ആകാംക്ഷയോടെ, സൂക്ഷ്മതയോടെ കൺപാർത്തു നിൾക്കുന്ന ഭാവിമനുഷ്യരെക്കുറിച്ചോർക്കുമ്പൊത്തന്നെ രസം തോന്നുന്നു. :) ചിലർ അത്‌ ആത്മവിശ്വാസത്തോടെ ഉപയോഗിച്ചേക്കും. പലരും മാപനഫലം നൽകുന്ന പ്രത്യാഘാതമോർത്ത്‌, മാപിനി തന്നെ കടിച്ചു പൊട്ടിച്ചേക്കാനും മതി. ഹ...ഹ...ഹ...


കവിത നന്നായിരുന്നു. :)



ശുഭാശംസകൾ.......

സലീം കുലുക്കല്ലുര്‍ said...

പുറമേ വെറുക്കുമ്പോഴും അകമേ അതിനു കഴിയാത്ത ചിലതുണ്ട് .ഒരു മാസ്മരികതക്ക് കീഴ്പ്പെടുന്ന ചിന്തകളെ നന്നായി പ്രതിഫലിപ്പിച്ചു ...നൈസ് ..!

ajith said...

നല്ല വരികള്‍

Unknown said...

വരികള്‍ നന്നായിരിക്കുന്നു,,വിരഹത്തിന്‍റെ മുനമ്പില്‍ പ്രണയത്തിന്‍റെയും ഓര്‍മ്മകളുടെ സംസര്‍ഗങ്ങളാല്‍ ഇനിയും അടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഒരു താലവുമായ് നില്‍ക്കുന്ന ആരോ ഒരാളെ ഈ കവിതയില്‍ കാണാം.............

Post a Comment

Related Posts Plugin for WordPress, Blogger...