RSS
Container Icon

“ഹൃദയങ്ങള്‍ മുളയ്ക്കുമ്പോള്‍ ”സൂചനാതീത സാഹചര്യങ്ങളില്‍  
ജീവിതം എന്തെന്നറിയാന്‍ 
ഭാഷ പോലും അശക്തമാണ് . 
ശുഭപ്രതീക്ഷകള്‍ നിറച്ച വരികളില്‍
തുണ വരുന്ന ഭാഗ്യവും ദൈവവും..  
ആഘോഷങ്ങള്‍ക്ക് വിലങ്ങണിഞ്ഞ്   
നിസ്സഹായത പറയുന്ന കഥയോ വിധി?

മനസ്സ് തൊടുന്ന ഒരു കുഞ്ഞുചിരി, 
നനഞ്ഞു ചിതറാനൊരു നെഞ്ചകം, 
മനസ്സ് മറന്നോടിയെടുക്കാന്‍ 
മധുരിതമൊരു കുടന്ന സ്നേഹം, 
ഒടുവിലെല്ലാമേകുന്നത് നിരാശ മാത്രം 
പകര്‍ന്നു നല്‍കാത്ത പ്രകാശം 
സ്വന്തമെന്നു എന്തിന് അഹങ്കരിക്കുന്നു? 

നിരര്‍ത്ഥക വ്യക്തിബന്ധങ്ങള്‍, 
കളങ്കിത ചിന്തകള്‍, ചകിതരാക്കി, യവ    
നമ്മെ നിശ്ശബ്ദം കീഴ്പ്പെടുത്തുന്നു. 
മറിഞ്ഞു പോയ താളുകളിലെ വെറും 
പേരുകള്‍ മാത്രമായ് നാം മാറും മുന്നെ 
ഹൃദയത്തിന്‍റെ സ്ഥാനത്തു നല്ലൊരു 
ഹൃദയം തന്നെ ഉള്ള ഒരു അപൂര്‍വത 
അങ്ങിനെയും ഒന്ന് സംഭവിച്ചേക്കാം..  

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

യുദ്ധം.....ബാക്കിയാവുന്നത്പ്രലപനങ്ങളില്‍ മതി മറന്ന് 
ഏകാന്തമായിരുന്നാത്മാവിന്നൊരു 
ഗതി മറന്ന തിര പോലെ
സ്തവങ്ങളില്‍ അരുണിമയാര്‍ന്നു
ഒരു നവോഢയെപ്പോലെ അവള്‍
അവന്‍റെ പാദങ്ങളില്‍
തിരഞ്ഞത് നിഴല്‍പ്പുഞ്ചിരി.
ഒന്നൊഴിയാതെ  കണ്‍കളില്‍
വന്നു വീണു തിളങ്ങുകയാണ്
ഇന്നോളം വിണ്ണില്‍ ഒളിച്ചു കളിച്ച
വെണ്‍താരകപ്പൂക്കളെല്ലാം..

നീലനിഴല്‍നൂലില്‍ കൊരുത്തൊരു
ചാരുനിലാഹാരമണിഞ്ഞവള്‍
നിടിലമതിലലസമെങ്കിലും ആ 
കുറുനിരയോടേറ്റു തളര്‍ന്നു
നമ്രമുഖിയായ് മന്ദമാരുതനും.
അധീശത്വം ഉറപ്പിക്കാനുതകും 
ആ പുരികക്കൊടികളേതു 
കരുത്തിലും കനലുടലിലും..

പരശ്ശതം നിശ്വാസങ്ങളില്‍ 
പലവുരു പ്രണയം ഉലയൂതിക്കാച്ചിയ
പടവാള്‍ നീട്ടിയവളുരച്ചു
"പ്രിയനേ ഇത് നിനക്ക്.. 
പടയോട്ടം കഴിഞ്ഞു 
വിജിഗീഷുവായ് നീ വരും നാള്‍
അശ്മകവുമുയിര്‍ക്കും അനുരാഗം 
എന്നില്‍ കൊരുക്കും മിഴിത്തിളക്കം..
അത് മതിയെനിക്ക്"

അവനി അനന്തതയിലലിയുന്ന   
ഈ ചുവന്ന പരവതാനി
ഇവിടെ എനിക്ക് അവന്‍റെ 
സാമീപ്യം തിരിച്ചറിയാം..
വിജനതയില്‍ കാതരയാകവെ 
വേദനയുടെ യാഥാര്‍ഥ്യം 
എന്നെ വാരിപ്പുണരുന്നു

യുദ്ധത്തിന്‍റെ ഇരമ്പം .. 
വിവേചനമില്ലാത്ത പൈശാചികത
ഖഡ്‌ഗങ്ങള്‍ ദ്വാരങ്ങളിട്ട
അസ്ഥികളുപകരണങ്ങളായ്‌  
അകമ്പടിയേകും വിലാപ ഗാനം 
ശാദ്വലങ്ങളും ശൈലങ്ങളും കടന്നു 
അത് എന്നിലേക്കെത്തുന്നുണ്ട്  
ഇരുള്‍മഴയില്‍ ഇന്ദ്രിയങ്ങള്‍, അറിയാതെ 
കൊതിക്കുമിരുമിഴിത്തിളക്കം.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

കടല്‍ കാണേ....


കടല്‍തീരങ്ങള്‍, 
എപ്പോഴും കണ്ണുകളെ അതിശയിപ്പിക്കുന്നു 
നോക്കി നില്‍ക്കേ
രണ്ട് ലോകങ്ങള്‍ ഒന്നുചേരുമിടം

കാലങ്ങളോളം 
മനുഷ്യന്‍റെ അസ്തിത്വത്തെ 
അഹംഭാവത്തെ 
ചോദ്യം ചെയ്യുന്ന അതിര്‍ത്തികള്‍

രണ്ടു ധ്രുവങ്ങള്‍ 
ജലരേഖയുടെ ചാഞ്ചാട്ടത്തില്‍
കൈകോര്‍ക്കാന്‍ ശ്രമിക്കുന്ന മാന്ത്രിക കാഴ്ച

തികച്ചും വ്യത്യസ്തമായ 
കരയുടെ നിയമങ്ങളെ 
കടല്‍ അനുസരിക്കുമിടം

എണ്ണമറ്റ അതീന്ദ്രിയ ശക്തികള്‍ 
ഒന്നാകുന്ന വൈകാരിക തലം 
അവിടെ 
നമ്മളും നിസ്സാരതയുടെ നിശ്ചിതമായ 
ഒത്തുതീര്‍പ്പുകള്‍ക്ക് കീഴടങ്ങുന്നു. 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...